Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലുമായുള്ളത് തകരാത്ത സുഹൃദ്ബന്ധം: ട്രംപ്

ഖുദ്‌സ്: അമേരിക്കയും ഇസ്രയേലും രണ്ട് സുഹൃദ്‌രാഷ്ട്രങ്ങള്‍ എന്നതിലുപരിയായി പ്രധാന സഖ്യകക്ഷികളാണെന്ന് അമേരിക്ക – ഇസ്രയേല്‍ ബന്ധത്തിന്റെ ആഴം വ്യക്തമാക്കി കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തകരാത്ത സൗഹൃദത്തിന്റെ ബന്ധമാണ് ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസം അധിനിവിഷ്ട ഖുദ്‌സില്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തോടുള്ള ഇരു കക്ഷികളുടെയും സ്‌നേഹത്തിന്റെയും മനുഷ്യാന്തസ്സിലുള്ള വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ് ഈ സൗഹൃദമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സമാധാനം സാക്ഷാല്‍കരിക്കാന്‍ സാധിക്കുമെന്നതിന്റെ സൂചനകളാണ് സന്ദര്‍ശനത്തിലൂടെ ലഭിച്ചതെന്നും ട്രംപ് കൂട്ടിചേര്‍ത്തു. സമാധാനം സാക്ഷാല്‍കരിക്കാനുള്ള ട്രംപിന്റെ പ്രതിജ്ഞാബദ്ധതയോട് ഇസ്രയേല്‍ യോജിക്കുന്നതായി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു.
അതേസമയം ഇറാന്‍ പ്രദേശത്തിന് വലിയ അപകടമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ വെല്ലുവിളിയെ നേരിടുന്നതിന് കൈകോര്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആണയിട്ടു.

ബുറാഖ് മതില്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മധ്യേ ഡോണള്‍ഡ് ട്രംപും മരുമകന്‍ ജാരേജ് കുഷ്‌നറും മസ്ജിദുല്‍ അഖ്‌സയിലെ ബുറാഖ് മതില്‍ സന്ദര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കെ ബുറാഖ് മതില്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന സ്ഥാനത്തിന് അതിലൂടെ അര്‍ഹനായിരിക്കുകയാണ് അദ്ദേഹം. അവിടത്തെ ആചാരരീതിയനുസരിച്ച് വലതു കൈ മതിലില്‍ വെച്ച് മതിലിന്റെ കല്ലുകള്‍ക്കിടയില്‍ ഒരു കടലാസ് അദ്ദേഹം വെച്ചു. സാധാരണയായി പ്രാര്‍ഥനകളും ആഗ്രഹങ്ങളുമാണ് ആ കടലാസില്‍ ഉണ്ടാവാറുള്ളത്. ഇസ്രയേല്‍ രാഷ്ട്രീയ നേതാക്കള്‍ ആരുടെയും അകമ്പടിയില്ലാതെയായിരുന്നു ട്രംപിന്റെ ഈ സന്ദര്‍ശനം. മതിലിന്റെ ചുമതലയുള്ള ശമുവേല്‍ റബിനോവിച്ച് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മതിലിന്റെ പുരുഷന്‍മാര്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ട്രംപ് സന്ദര്‍ശനം നടത്തിയപ്പോള്‍ സ്ത്രീകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഭാഗത്ത് ട്രംപിന്റെ ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും സന്ദര്‍ശിച്ചു. ജൂതന്‍മാര്‍ വിലാപ മതില്‍ (Wailing Wall) എന്ന് വിളിക്കുന്ന ബുറാഖ് മതില്‍ സന്ദര്‍ശനത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ട്രംപിനെ അനുഗമിക്കാതിരുന്നത് അമേരിക്ക വിലക്കിയതു കൊണ്ടാണെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാരണം, അമേരിക്കയും മിക്ക ലോകരാഷ്ട്രങ്ങളും ഫലസ്തീന്‍ ഭൂപ്രദേശമായി കണക്കാക്കുന്ന കിഴക്കന്‍ ഖുദ്‌സിലാണത് സ്ഥിതി ചെയ്യുന്നത്.

ബുറാഖ് മതില്‍ ജൂതശേഷിപ്പിന്റെ ഭാഗമോ?

Related Articles