Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്നതിന് തടയിടാനുള്ള നടപടികള്‍ക്കെതിരെ ബ്രിട്ടീഷ് കോടതി

ലണ്ടന്‍: ഇസ്രയേലിനെ ബഹിഷ്‌കരിക്കാനും അവിടത്തെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും നടക്കുന്ന കാമ്പയിന് തടയിടുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റീസ് ആന്റ് ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറി സാജിദ് ജാവിദ് സ്വീകരിച്ച നടപടികള്‍ക്ക് നിയമസാധുതയില്ലെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു. ധാര്‍മികതയുടെ പേരില്‍ ഇസ്രയേലിലെ ബ്രിട്ടീഷ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിര്‍ദേങ്ങളാണ് കോടതി റദ്ദാക്കിയത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും ഫലസ്തീന്‍ ഭൂമിയിലെ അനധികൃത കുടിയേറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള തങ്ങളുടെ പണം ഇസ്രയേലില്‍ നിക്ഷേപിക്കുന്നതിനെ എതിര്‍ക്കാനുള്ള അവകാശം ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വീണ്ടെടുത്തു നല്‍കുന്നതാണ് ഉത്തരവ്.
അധിനിവേശ ഇസ്രയേലിനെതിരെ ബഹിഷ്‌കരണ കാമ്പയിനുകള്‍ നടത്തുന്ന കൂട്ടായ്മകളുടെ വിജയമായിട്ടാണ് യൂറോപ്യന്‍ ഫലസ്തീനിയന്‍ കമ്മ്യൂണിക്കേഷന്‍ ഫോറം പ്രസിഡന്റ് സാഹില്‍ അല്‍ബൈറാവി കോടതി വിധിയെ കാണുന്നത്. അതിന്റെ ഫലം ബ്രിട്ടനില്‍ മാത്രമല്ല യൂറോപ്പില്‍ ഒന്നടങ്കം ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന അധിനിവേശ രാഷ്ട്രം എന്ന അടിസ്ഥാനത്തില്‍ ഇസ്രയേലില്‍ നിക്ഷേപങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെടുകയും ബഹിഷ്‌കരണ കാമ്പയിനുകള്‍ നടത്തുകയും ചെയ്യുന്നതിന് പൗരന്‍മാര്‍ക്ക് മേല്‍ വിലക്കേര്‍പ്പെടുത്തി കൊണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടീഷ് ഭരണകൂടം കൈകൊണ്ട തീരുമാനത്തിനെതിരെ ഏഴ് മാസത്തോളം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് കോടതിയുടെ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. ആ സമയത്ത് ബഹിഷ്‌കരണത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് ഭരണകൂടം പ്രാദേശിക ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇസ്രയേല്‍ അധിനിവേശ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ വായ മൂടിക്കെട്ടാനാണ് ഭരണകൂടം ഇതിലൂടെ ശ്രമിച്ചതെന്നും അല്‍ബൈറാവി കൂട്ടിചേര്‍ത്തു.

Related Articles