Current Date

Search
Close this search box.
Search
Close this search box.

ആശയപാപ്പരത്തം ഫാഷിസത്തിന്റെ കൈമുതല്‍: കെ.കെ സുഹൈല്‍

കുവൈത്ത് സിറ്റി: ആശയപാപ്പരത്തമാണ് രാജ്യഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിന്റെ ഏക കൈമുതലെന്ന് പ്രമുഖ യുവആക്റ്റിവിസ്റ്റും സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) മുന്‍ അഖിലേന്ത്യാ പ്രസിഡന്റും ക്വില്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കെ.കെ സുഹൈല്‍ പറഞ്ഞു. റൗദ ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ കെ.ഐ.ജി വെസ്റ്റ് മേഖല സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ‘സമകാലിക ഇന്ത്യ: പ്രതിസന്ധിയും പ്രത്യാശയും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടം മുസ്‌ലിംകളെ മാത്രമല്ല രാഷ്ട്രീയ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്യുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണു ഫാഷിസ്റ്റ് ഭരണകൂടം ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളം മതസ്പര്‍ദ്ധ വളര്‍ത്തുവാന്‍ ചരിത്രത്തെ വളച്ചൊടിച്ച് സംഘ്പരിവാര്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കാന്മാരും ഹൈന്ദവ നാട്ടുരാജാക്കന്മാരും ഹിന്ദു മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ത്തത് രാഷ്ട്രീയ കാരണങ്ങള്‍ മൂലമായിരുന്നു, മതപരമായ കാരണങ്ങളാലായിരുന്നില്ല. ഹിന്ദു ഭരണാധികാരിയായി പരിചയപ്പെടുത്തപ്പെടുന്ന ശിവജിയുടെ സുരക്ഷാജീവനക്കാരില്‍ എഴുപത് ശതമാനവും മുസ്‌ലിംകള്‍ ആയിരുന്നു. മുസ്‌ലിം ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വലംകൈ ആയിരുന്ന പൂര്‍ണയ്യ ബ്രാഹ്മണനായിരുന്നു. ഇത്തരം ചരിത്ര വസ്തുതകളെ വളച്ചൊടിച്ചു കൊണ്ടാണ് ആര്‍.എസ്. എസ് മതധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ രാജ്യത്ത് അഭയാര്‍ത്ഥിയായി എത്തിയ വിഭീഷണനു അഭയം നല്‍കിയ ശ്രീരാമന്റെ പാരമ്പര്യം മറച്ചു പിടിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചിരിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ പുറത്താക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും സുഹൈല്‍ പറഞ്ഞു.
സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുന്ന മുസ്‌ലിം യുവാക്കളെ പിടികൂടുമ്പോള്‍ ആഘോഷിക്കുന്ന ഒരു മീഡിയയും വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ നിരപരാധികളായി വിട്ടയക്കപ്പെടുമ്പോള്‍ അത് വാര്‍ത്തയാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് നടന്നിട്ടുള്ള മുഴുവന്‍ സ്‌ഫോടങ്ങളൂം ഇലക്ഷനോടനുബന്ധിച്ച് ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മൊത്തം ഭീകരാക്രമണങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് തീവ്ര ഇസ്‌ലാമിക സംഘടനകളില്‍ കുറ്റമാരാപിക്കപ്പെടുന്നത്. അതില്‍ പ്രതിചേര്‍ക്കപ്പെടുന്നവരില്‍ തന്നെ എണ്‍പത്തഞ്ച് ശതമാനവും ഇരുപതും ഇരുപത്തഞ്ചും വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റം തെളിയിക്കപ്പെടാതെ കുറ്റവിമുക്തരാക്കപ്പെടുകയാണു ചെയ്തു പോരുന്നത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മുസ്‌ലിം സംഘടനകള്‍ക്കെതിരെ പോലീസും സര്‍ക്കാരും കോടതിയില്‍ നിരത്തിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം യുവാക്കള്‍ ഒരു സന്ദര്‍ഭത്തിലും ഭയത്തിലും ആത്മവിശ്വാസമില്ലായ്മയിലും അകപ്പെട്ടുപോകരുത്. ആധുനിക ലോകത്തിന് ഇസ്‌ലാമും മുസ്‌ലിംകളും നല്‍കിയ സംഭാവനകളായ അല്‍ഗരിതം, ആല്‍ക്കെമി, അല്‍ജിബ്ര മുതലായവയുടെ മാതൃകയും അവയില്‍ നിന്ന് ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് രാജ്യത്തിനും ലോകത്തിനും കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മുസ്‌ലിം യുവാക്കള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇതര സമൂഹങ്ങളുമായി പരസ്പര സഹകരണത്തിന്റെയും ഐക്യത്തിന്റെയും പാത സ്വീകരിക്കുക. കോടതികള്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളെയും മുസ്‌ലിം സമൂഹം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വ്യക്തികള്‍ക്ക് വാര്‍ത്താ സംപ്രേക്ഷണ സാധ്യതകള്‍ തുറന്നു തരുന്ന സോഷ്യല്‍ മീഡിയയുടെ നല്ല വശങ്ങളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.
കെ.ഐ.ജി ആക്റ്റിംഗ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് അധ്യക്ഷത വഹിച്ചു മുഹമ്മദ് യാസീന്‍ ഖിറാഅത്തും കെ വി മുഹമ്മദ് ഫൈസല്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എന്‍ പി അബ്ദുറസാഖ് നന്ദി പറഞ്ഞു. ഖലീല്‍ അടൂര്‍, ഹാരിസ് ഐദീദ്, റാഫി (എം.ഇ.എസ് ) ഷബീര്‍ മണ്ടോളി എന്നിവര്‍ പങ്കെടുത്തു.

Related Articles