Current Date

Search
Close this search box.
Search
Close this search box.

ആഫ്രിക്കന്‍ അഭയാര്‍ത്ഥികളോട് രാജ്യം വിടണമെന്ന് ഇസ്രായേല്‍

ജറൂസലം: ആഫ്രിക്കന്‍ അഭയാര്‍ത്ഥികളോട് രാജ്യം വിടണമെന്ന് ഇസ്രായേല്‍. രാജ്യത്തു തങ്ങുന്ന ആയിരക്കണക്കിനു ആഫ്രിക്കന്‍ വംശജരോടാണ് മാര്‍ച്ച് അവസാനത്തോടെ നിര്‍ബന്ധമായും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. ഇതനുസരിക്കാത്തവരെ അറസ്റ്റു ചെയ്ത് ജയിലിലടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുതിയ ഉത്തരവിട്ടത്.

അനധികൃതമായി 38000ത്തോളം അഭയാര്‍ത്ഥികളാണ് രാജ്യത്തുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരില്‍ അധികവും എറിത്രിയയില്‍ നിന്നുള്ളവരും സുഡാനില്‍ നിന്നുള്ളവരുമാണ്. പുതിയ തീരുമാനപ്രകാരം അടുത്ത മാസത്തോടെ സ്വയം സന്നദ്ധരായി രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അല്ലെങ്കില്‍ തടവില്‍ കഴിയേണ്ടി വരുമെന്ന ഭീഷണിയുമുണ്ട്. നെതന്യാഹുവിന്റെ ഉത്തരവ് ഇതിനോടകം വിവാദമായിട്ടുണ്ട്. ഉത്തരവിനെതിരെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന രംഗത്തെത്തിയിട്ടുണ്ട്. നിയമപ്രകാരമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് 60 ദിവസത്തെ സമയം അനുവദിക്കേണ്ടതുണ്ടെന്നാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന പറയുന്നത്.

അതേസമയം, കുടുംബം കൂടെയില്ലാത്ത പുരുഷന്മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്തിടെ രാജ്യത്തു നിന്നും ഇത്തരത്തില്‍ 5000-2000ത്തിനുമിടയില്‍ ആളുകളെ നാടുകടത്തിയിരുന്നു. രാജ്യം വിടുന്നവര്‍ക്ക് യാത്രാപ്പടിയും വിമാന ടിക്കറ്റും മറ്റു സഹായവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നുള്ള ഇത്തരക്കാരെ നുഴഞ്ഞുകയറ്റക്കാര്‍ എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്.

 

Related Articles