Current Date

Search
Close this search box.
Search
Close this search box.

ആക്രമണം നടത്തിയ ഫലസ്തീനിയുടെ പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്തു

ഖുദ്‌സ്: കഴിഞ്ഞ ദിവസം രാവിലെ പടിഞ്ഞാറന്‍ ഖുദ്‌സിലെ ഹാര്‍ അദാര്‍ കുടിയേറ്റ കേന്ദ്രത്തിന്റെ കവാടത്തില്‍ വെടിവെച്ച് മൂന്ന് ഇസ്രയേല്‍ സൈനികരെ കൊലപ്പെടുത്തിയ നിംറ് മഹ്മൂദ് അല്‍ജമല്‍ എന്ന ഫലസ്തീന്‍ യുവാവിന്റെ പിതാവിനെയും സഹോദരനെയും ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് ഫലസ്തീനികളെ കൂടി അധിനിവേശ സൈനികര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ ഗ്രാമമായ ബൈത്ത് സൂരികിലേക്കുള്ള റോഡുകളും ഇസ്രയേല്‍ അടച്ചിട്ടിരിക്കുകയാണ്.
ആക്രമണം നടത്തിയ വ്യക്തിയുടെ വീട് തകര്‍ക്കുമെന്നും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും വര്‍ക്കിംഗ് പെര്‍മിറ്റ് റദ്ദാക്കുകയും ഗ്രാമം ഉപരോധിക്കുകയും ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസും അല്‍ജിഹാദുല്‍ ഇസ്‌ലാമിയും അഭിനന്ദനം അറിയിക്കുകയും ഫതഹ് പാര്‍ട്ടി ന്യായീകരിക്കുകയും ചെയ്ത ഈ ആക്രമണത്തെ അപലപിക്കാന്‍ നെതന്യാഹു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനക്കായി തടഞ്ഞു നിര്‍ത്തിയപ്പോഴാണ് നിംറ് ഇസ്രയേലി സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ രണ്ട് ഇസ്രയേലി സൈനികരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. അതോടൊപ്പം ഒരു ഇസ്രയേല്‍ സൈനികന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയ ഫലസ്തീനി നാല് കുട്ടികളുടെ പിതാവാണെന്നും ഇസ്രയേല്‍ ഇന്റലിജന്‍സ് പറഞ്ഞു.
ഖുദ്‌സിലെ ആക്രമണം ഫലസ്തീന്‍ രക്തത്തിന്റെ വിജയവും ഫലസ്തീന്‍ ജനതക്കും അവരുടെ പവിത്ര പ്രദേശങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്ക് ശത്രുവിനെ കൊണ്ട് വിലകൊടുപ്പിക്കുന്നതിന്റെ ഉദാഹരണമാണെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം വക്താവ് അബൂഉബൈദ പ്രതികരിച്ചു. ഹമാസ് രാഷ്ട്രീയ സമിതിയംഗം ഹുസ്സാം ബദ്‌റാന്‍ സംഭവത്തെ ധീരമായ പ്രവര്‍ത്തനം എന്നാണ് വിശേഷിപ്പിച്ചത്. ഖുദ്‌സിലെ സംഭവം ഫലസ്തീനികളുടെ മുന്‍ഗണനാ ക്രമത്തെ വീണ്ടെടുത്തിരിക്കുകയാണെന്ന് അല്‍ജിഹാദുല്‍ ഇസ്‌ലാമി പ്രസ്താവിച്ചു. ഖുദ്‌സിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും അധിനിവേശകരുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള ഫലസ്തീനികളുടെ മറുപടിയാണിതെന്നും ഫതഹ് പാര്‍ട്ടി വക്താവ് മുനീര്‍ ജാഗൂത്വ് അഭിപ്രായപ്പെട്ടു.

Related Articles