Current Date

Search
Close this search box.
Search
Close this search box.

അഹദ് തമീമിക്കു വേണ്ടി ന്യൂയോര്‍ക്കില്‍ ബഹുജന പ്രക്ഷോഭം

ന്യൂയോര്‍ക്ക്: സൈന്യത്തിന്റെ മുഖത്തടിച്ചെന്നാരോപിച്ച് ഇസ്രായേല്‍  അറസ്റ്റു ചെയ്ത് ജയിലിലടച്ച പതിനാറുകാരി അഹദ് അല്‍ തമീമിക്കു വേണ്ടി ന്യൂയോര്‍ക്കില്‍ ബഹുജന പ്രതിഷേധം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൂറുകണക്കിനാളുകള്‍ ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ടെര്‍മിനലില്‍ റാലി നടത്തിയത്. ഫല്‌സതീന്‍ ആക്റ്റിവിസ്റ്റ് തമീമിയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടായിരുന്നു റാലി.

‘തമീമിയെ ഉടന്‍ വിട്ടയക്കുക’,’ ഇസ്രായേലിനെ സഹായിക്കുന്നത് യു.എസ് അവസാനിപ്പിക്കുക’,’ഫലസ്തീന്‍ തടവുകാര്‍ മോചിക്കപ്പെടണം’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധ റാലി. റാലിയില്‍ സ്ത്രീകളും യുവതികളുമടക്കം നിരവധി പേരാണ് പങ്കാളികളായത്.

ഇസ്രായേലിനെതിരേ സമരം ചെയ്‌തെന്നാരോപിച്ചാണ് തമീമിയെയും ബന്ധുക്കളെയും അറസ്റ്റു ചെയ്തതെന്നും അനധികൃതമായാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. മാര്‍ച്ച് പൊലിസ് തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും അരങ്ങേറിയില്ല.

യു.എസിന്റെ ജറൂസലം വിഷയത്തില്‍ പ്രതിഷേധം നടത്തുന്നതിനിടെ വെസ്റ്റ് ബാങ്കില്‍ വച്ചാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ചെകിട്ടത്തടിച്ചെന്നാരോപിച്ച് തമീമിയെയും കുടുംബാംഗങ്ങളെയും ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തത്.

15 ദിവസത്തിലധികമായി തമീമി ജയിലില്‍ കഴിയുകയാണ്. തമീമിയുടെ കൂടെ അറസ്റ്റു ചെയ്ത സഹോദരിയെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. കഴിഞ്ഞ മൂന്നു തവണയായി അഹദിന്റെ തടവ് കോടതി നീട്ടുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങൡ തമീമിക്കു വേണ്ടിയുള്ള റാലികളും ക്യാംപയിനുകളും സജീവമാണ്.

 

Related Articles