Current Date

Search
Close this search box.
Search
Close this search box.

അലപ്പോയില്‍ നിന്നും ഒഴിപ്പിക്കല്‍ തുടരുന്നു; മൂന്നാമത്തെ സംഘം എത്തി

അലപ്പോ: കിഴക്കന്‍ അലപ്പോയില്‍ നിന്നുള്ള പരിക്കേറ്റവരുടെയും സിവിലിയന്‍മാരുടെയും മൂന്നാമത്തെ സംഘം വെള്ളിയാഴ്ച്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ അലപ്പോയിലെ ഗ്രാമത്തില്‍ എത്തി. പരിക്കേറ്റവും വിമത പോരാളികളും സിവിലിയന്‍മാരും അക്കൂട്ടത്തിലുണ്ടെന്നും ഒഴിപ്പിക്കലിന്റെ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അല്‍ജസീറ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായിട്ടാണ് ഉപരോധിക്കപ്പെട്ടിരിക്കുന്ന അലപ്പോയില്‍ നിന്നും ആളുകളെ പുറത്തെത്തിച്ചിരിക്കുന്നത്. സിറിയന്‍ റെഡ് ക്രസന്റിന്റെ ബസ്സുകളിലാണ് 2300 ഓളം പേരെ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
അതേസമയം മൂന്നാമത്തെ സംഘത്തില്‍ 1198 പേരാണുള്ളതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലുദ് ജാവേശ് ഓഗ്‌ലു പറഞ്ഞിരുന്നു. 320 സ്ത്രീകളും 301 കുട്ടികളും അക്കൂട്ടത്തിലുണ്ടെന്നും തുര്‍ക്കിയുടെ സന്നദ്ധ സഹായം അവര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കരച്ചിലോടെ ‘ഞങ്ങള്‍ മടങ്ങിവരും’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ആദ്യ സംഘത്തിലെത്തിയ മിക്കവരും കിഴക്കന്‍ അലപ്പോയില്‍ നിന്നും പോന്നിട്ടുള്ളതെന്ന് എ.എഫ്.പി റിപോര്‍ട്ടറെ ഉദ്ധരിച്ച് അല്‍ജസീറ പറഞ്ഞു. 951 പേരാണ് ആദ്യ സംഘത്തിലുള്ളതെന്നും അതില്‍ ഇരുന്നൂറില്‍ പരം പേര്‍ സായുധരാണെന്നും സിറിയന്‍ സൈനിക കേന്ദ്രം പറഞ്ഞു. അലപ്പോയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ വരും ദിവസങ്ങളിലും തുടരുമെന്നും ഒഴിപ്പിച്ചവരെ കൊണ്ടുവന്നിട്ടുള്ള ആമിരിയ പ്രദേശത്ത് എങ്ങും ഹൃദയഭേദകമായ കാഴ്ച്ചകളാണെന്നും റെഡ് ക്രോസ് ഡയറക്ടര്‍ മാരിയാന്‍ ഗാസ്സെര്‍ പറഞ്ഞു.

Related Articles