Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ഥികള്‍ക്കുള്ള പിന്തുണയാണ് തുര്‍ക്കിയെ അട്ടിമറിയില്‍ സംരക്ഷിച്ചത്: യൂസുഫ് ഇസ്‌ലാം

അങ്കാറ: തുര്‍ക്കിയുടെ അഭയാര്‍ഥി അനുകൂല നിലപാടിനെ പ്രശംസിച്ച് പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകന്‍ യൂസുഫ് ഇസ്‌ലാം. തുര്‍ക്കി അഭയാര്‍ഥികളെ സംരക്ഷിക്കുന്ന എന്ന കാരണത്താലാണ് ഫത്ഹുല്ല ഗുലന്റെ ഭീകരസംഘടന ജൂലൈ 15ന് നടത്തിയ അട്ടിമറി ശ്രമത്തില്‍ നിന്ന് അതിനെയും അതിന്റെ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനെയും അല്ലാഹു സംരക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കി തലസ്ഥാനത്തെത്തിയ യൂസുഫ് ഇസ്‌ലാം അനദോലു ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് ആസ്ഥാനത്ത് വെച്ച് അദ്ദേഹം പ്രസിഡന്റ് എര്‍ദോഗാനുമായി ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
തുര്‍ക്കിക്ക് പിന്തുണ അറിയിക്കലും അഭയാര്‍ഥികള്‍ക്ക് ആതിഥ്യമരുളുന്ന അതിന്റെ നന്മയെ പ്രശംസിക്കലുമാണ് തന്റെ സന്ദര്‍ശനത്തിന്റെ പ്രധാന പ്രേരകമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മാസം മുമ്പ് അദ്ദേഹം ഗാസി അന്‍താബ് സന്ദര്‍ശിച്ചിരുന്നുവെന്നും അഭയാര്‍ഥി കുട്ടികള്‍ക്കായി അവിടെ ഒരുക്കിയിരിക്കുന്ന സേവനങ്ങള്‍ ലോകത്ത് മറ്റൊരിടത്തും കാണാനാവാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു. തുര്‍ക്കി സാക്ഷ്യം വഹിച്ച ഗൗരവപ്പെട്ട ആ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ പിന്തുണ അറിയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ജനാധിപത്യത്തിനും ജനഹിതത്തിനും ഒപ്പമാണ് ഞങ്ങള്‍ എന്നതില്‍ ഒരു സംശയവുമില്ല. ജനതയുടെ അസാമാന്യ ശക്തിയാണ് എര്‍ദോഗാന്‍ പുറത്തെടുത്തത്. അല്ലാഹു അദ്ദേഹത്തെയും തുര്‍ക്കിയെയും സംരക്ഷിച്ചു. ഇത്രത്തോളം അഭയാര്‍ഥികള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടതായിരിക്കാം ഒരുപക്ഷേ അതിന്റെ കാരണം. എന്ന് യൂസുഫ് ഇസ്‌ലാം പറഞ്ഞു.
ബ്രിട്ടനില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന മസ്ജിദിനും അവിടത്തെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും എര്‍ദോഗാനും അദ്ദേഹത്തിന്റെ ഭരണകൂടവും നല്‍കുന്ന സഹായങ്ങള്‍ക്കും യൂസുഫ് ഇസ്‌ലാം നന്ദി പ്രകടിപ്പിച്ചു. ബ്രിട്ടീഷ് സമൂഹത്തിന്റെ മസ്തിഷ്‌കത്തിന്റെ സ്ഥാനമാണ് കേംബ്രിഡ്ജിനുള്ളത്. സാംസ്‌കാരിക കേന്ദ്രവുമാണത്. അവിടെയൊരു മസ്ജിദുണ്ടാവുന്നത് സുപ്രധാനമായ കാര്യമാണ്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തുര്‍ക്കിയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന കേംബ്രിഡ്ജിലെ മസ്ജിദ് 2018 നവംബറില്‍ തുറന്നു പ്രവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാറ്റ് സ്റ്റീവന്‍സ് എന്ന പേരില്‍ ബ്രിട്ടീഷ് പോപ് സംഗീത ലോകത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം 1977ലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. പിന്നീട് യൂസുഫ് ഇസ്‌ലാം എന്ന പേരിലാണ് അറിയപ്പെട്ടത്.

Related Articles