Current Date

Search
Close this search box.
Search
Close this search box.

അബൂദാബി ജയിലിലെ രാഷ്ട്രീയ തടവുകാര്‍ നിരാഹാര സമരത്തില്‍

അബൂദാബി: റസീന്‍ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരിക്കുന്ന യു.എ.ഇയിലെ രാഷ്ട്രീയ തടവുകാര്‍ നിരാഹാര സമരത്തിലേര്‍പ്പെടുന്നതായി ആക്ടിവിസ്റ്റുകളുടെ വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ലോകത്തെ ഏറ്റവും മോശം ജയിലുകളില്‍ ഒന്നായി എണ്ണിയിട്ടുള്ള ജയിലാണ് അബൂദാബിയിലുള്ള റസീന്‍ തടവറ. ജയില്‍ അധികൃതരുടെയും യു.എ.ഇ സുരക്ഷാവിഭാഗത്തിന്റെയും ഭാഗത്തു നിന്നും ജയില്‍ അന്തേവാസികള്‍ അനുഭവിക്കുന്ന കടുത്ത അവകാശ നിഷേധങ്ങളുടെ പേരിലാണ് ‘ഒഴിഞ്ഞ വയറുമായുള്ള പോരാട്ടം’ എന്ന പേരില്‍ അവര്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. വിചാരണയില്ലാതെ അഞ്ച് വര്‍ഷം വരെ തടവനുഭവിക്കുന്നവരും അക്കൂട്ടത്തിലുണ്ടെന്നും അതും നിരാഹാരത്തിന്റെ പ്രചോദനമാണെന്ന് റിപോര്‍ട്ട് അഭിപ്രായപ്പെട്ടു.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പ്രിസണ്‍ സ്റ്റഡീസ് കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവും മോശം പത്ത് ജയിലുകളിലാണ് റസീന്‍ ജയിലിനെ എണ്ണിയിട്ടുള്ളത്. ‘എമിറേറ്റ്‌സിലെ ഗ്വാണ്ടനാമോ’ എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അതിനെ വിശേഷിപ്പിക്കാറുള്ളത്. അബൂദാബി ജയിലിലെ തടവുകാരുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എ.ഇയിലെ ചില ട്വിറ്റര്‍ ഉപയോക്താക്കളും രംഗത്ത് വന്നിട്ടുണ്ട്.
ശാരീരികവും മാനസികവുമായ പീഡനങ്ങളും കൊടും തണുപ്പനുഭവിപ്പിക്കലും ഉറക്കം നിഷേധിക്കലും അടക്കമുള്ള പീഡനങ്ങള്‍ക്കാണ് റസീനിലെ തടവുകാര്‍ വിധേയരാക്കപ്പെടുന്നതെന്ന് മുഹമ്മദ് അല്‍ഖായിദിയെ ഉദ്ധരിച്ച് റിപോര്‍ട്ട് സൂചിപ്പിച്ചു. 2012 മുതല്‍ ജയില്‍വാസം അനുഭവിക്കുന്ന ഉമര്‍ റിദ്‌വാന് മേലുള്ള കുറ്റം മുസ്‌ലിം ബ്രദര്‍ഹുഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നതാണ്. ജയിലിനകത്തെ പീഡനങ്ങളെയും ലൈംഗികാതിക്രമങ്ങളെയും തുടര്‍ന്ന് അദ്ദേഹം നിരാഹാരം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരാഹാരം മൂന്നാം ആഴ്ച്ചയിലേക്ക് കടന്നിരിക്കുകയാണെന്ന് നാസിര്‍ ബിന്‍ ഫാദില്‍ ട്വീറ്റ് ചെയ്യുന്നു.

Related Articles