Current Date

Search
Close this search box.
Search
Close this search box.

അപേക്ഷകരുടെ എണ്ണം പരിഗണിച്ച് ഹജ്ജ് ക്വാട്ട അനുവദിക്കണം: കേരള ഹജ്ജ് കമ്മറ്റി

കൊണ്ടോട്ടി: ഓരോ സംസ്ഥാനത്തെയും അപേക്ഷകരുടെ എണ്ണം പരിഗണിച്ചായിരിക്കണം പുതിയ ഹജ്ജ് നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട അനുവദിക്കേണ്ടതെന്ന് കേരള ഹജ്ജ് കമ്മറ്റി. നിലവില്‍ മുസ്‌ലിം ജനസംഖ്യ അടിസ്ഥാനത്തിലാണ് ക്വോട്ട വീതിച്ചുനല്‍കുന്നത്. ഇത്തരത്തില്‍ വീതിക്കുമ്പോള്‍ കേരളത്തിലെ അപേക്ഷകരില്‍ ഭൂരിപക്ഷം പേര്‍ക്കും അവസരം ലഭിക്കാറില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയനയം തയാറാക്കുമ്പോള്‍ ക്വോട്ട അപേക്ഷയുടെ മാനദണ്ഡത്തിലാകണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടത്. ഏപ്രില്‍ രണ്ടിന് മുംബൈയില്‍ ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ സംസ്ഥാന കമ്മറ്റിയുടെ ഈ നിലപാടറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു.
പുതിയ ഹജ്ജ് നയത്തിന് നിര്‍ദേശം നല്‍കാന്‍ രൂപം നല്‍കിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, നാസിറുദ്ദീന്‍, ഡോ. ഇ.കെ. അഹമ്മദ് കുട്ടി എന്നിവരാണ് സമിതിയംഗങ്ങള്‍. മെഹ്‌റം മരിച്ചാല്‍ നിലവില്‍ കൂടെയുള്ളവര്‍ക്ക് യാത്ര ചെയ്യാനാകില്ല. ഇത്തരം സാഹചര്യത്തില്‍ പുതിയ മെഹ്‌റമിനെ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും നയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉന്നയിക്കും. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂരിലേക്ക് മാറ്റിയത് സംബന്ധിച്ച് കേന്ദ്രത്തില്‍നിന്ന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. 300-350 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് സര്‍വിസ് നടത്താം. കൃത്യമായ മറുപടി ലഭിച്ചാല്‍ കോടതിയില്‍ പോകുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles