Current Date

Search
Close this search box.
Search
Close this search box.

ശുഐബ് നബിയുടെ പെണ്‍മക്കള്‍

pray.jpg

‘മദ്‌യനിലെ കിണറിനടുത്തെത്തിയപ്പോള്‍, കുറെയാളുകള്‍ കാലികള്‍ക്ക് വെള്ളം കൊടുക്കുന്നതായി കണ്ടു. അവരില്‍നിന്ന് വേറിട്ട്, ഒരിടത്ത് രണ്ട് സ്ത്രീകള്‍ അവരുടെ കാലികളെ തടുത്തുനില്‍ക്കുന്നതും കണ്ടു. മൂസാ ആ സ്ത്രീകളോട് ചോദിച്ചു: `നിങ്ങളുടെ പ്രയാസമെന്താകുന്നു?` അവര്‍ പറഞ്ഞു: `ഇടയന്മാര്‍ അവരുടെ കാലികളെ തെളിച്ചുകൊണ്ടുപോകുന്നതുവരെ ഞങ്ങളുടെ കാലികള്‍ക്ക് വെള്ളം കൊടുക്കാന്‍ സാധിക്കുകയില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ പടുവൃദ്ധനുമാകുന്നു.` ഇതുകേട്ട് മൂസാ അവരുടെ കാലികള്‍ക്ക് വെള്ളം കൊടുത്തു. അനന്തരം ഒരു തണലില്‍ ചെന്നിരുന്നിട്ട് പ്രാര്‍ഥിച്ചു: `നാഥാ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതു നന്മയും എനിക്കിപ്പോള്‍ ആവശ്യമാകുന്നു.` ആ സ്ത്രീകളിലൊരുവള്‍ നാണിച്ച് നാണിച്ച് അദ്ദേഹത്തിന്റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: `എന്റെ പിതാവ് താങ്കളെ വിളിക്കുന്നു; താങ്കള്‍ ഞങ്ങളുടെ കാലികള്‍ക്ക് വെള്ളം കൊടുത്തതിന് കൂലി തരാന്‍.` ശുഐബ് നബിയുടെ പെണ്‍മക്കളെ കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശമാണിത്. കാലികള്‍ക്ക് വെള്ളം കൊടുക്കാന്‍ എത്തിയ പുരുഷന്‍മാരായ ഇടയന്‍മാരോടൊപ്പം കൂടിക്കലരുന്നത് ഒഴിവാക്കുന്നതിനായി മാറി നില്‍ക്കുകയാണവര്‍ രണ്ടു പേരും. അതിന് വേണ്ടി ശക്തമായ ചൂട് ഏറ്റ് കാത്ത് നില്‍ക്കാന്‍ അവര്‍ തയ്യാറാണ്. ദാഹം കൊണ്ട് ക്ഷമ നശിച്ച ആടുകളെ തടഞ്ഞു വെക്കാനും വളരെയധികം അവര്‍ പണിപ്പെടുന്നു. പുരുഷന്‍മാരെല്ലാം കാലികള്‍ക്ക് വെള്ളം കൊടുത്ത് പോകുന്നതിനായി കാത്തു നില്‍ക്കുകയാണവര്‍ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അന്യപുരുഷന്‍മാരുമായുള്ള കൂടിക്കലരല്‍ ഇല്ലാതാക്കാന്‍ എന്ത് പ്രയാസവും സഹിക്കാന്‍ അവര്‍ തയ്യാറാണ്. കൂടികലരലുകള്‍ ഉണ്ടാക്കുന്ന ദോഷങ്ങളെല്ലാം ബോധ്യപ്പെടുത്തിയാണ് പ്രവാചകനായ ശുഐബ്(അ) അവരെ വളര്‍ത്തിയത്. എക്കാലത്തെയും സ്ത്രീകള്‍ക്ക് ഉത്തമ മാതൃക കൂടിയാണ് അവര്‍.

നമ്മുടെ സമൂഹത്തില്‍ അശ്ലീലതയും ഒളിച്ചോട്ടങ്ങളും അധാര്‍മിക പ്രവര്‍ത്തനങ്ങളും വ്യാപകമായതിന്റെ മുഖ്യ കാരണം യാതൊരു നിയന്ത്രണവുമില്ലാത്ത സ്ത്രീ പുരുഷ ഇടപെടലുകളാണ്. അന്യ സ്ത്രീ പുരുഷന്‍മാര്‍ കൂടികലരുമ്പോള്‍ അവര്‍ക്കുള്ളിലെ ലോല വികാരങ്ങളെ പിശാച്ച് ഇളക്കി വിടുന്നു. അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനത് കാരണമാകുന്നു. സാമൂഹികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കത് കാരണമാകുന്നുവെന്നത് വളരെ വ്യക്തമാണ്.

നമുക്ക് കഥയിലേക്ക് തന്നെ മടങ്ങാം. പെണ്‍കുട്ടികള്‍ കാത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇന്ന് സാധാരണ യുവാക്കള്‍ ചെയ്യുന്നത് പോലെ തനിക്ക് കിട്ടിയ ഇരയായി കണ്ട് അതിന് വലവിരിക്കുകയല്ല മൂസാ(അ) ചെയ്തത്. മറിച്ച് അവരുടെ ദയനീയാവസ്ഥ കണ്ട് വളരെ കാരുണ്യത്തോടും അനുകമ്പയോടും ‘നിങ്ങളുടെ പ്രയാസമെന്താണ്?’ എന്നന്വേഷിക്കുകയാണ് ചെയ്തത്. അവരോട് വേറെ വിശദീകരണം ഒന്നും അദ്ദേഹം തേടിയില്ലെന്നത് വളരെ ശ്രദ്ധേയമാണ്. എന്തുകൊണ്ട് നിങ്ങള്‍ തിരക്കികൊണ്ട് ആടുകള്‍ക്ക് വെള്ളം കൊടുക്കുന്നില്ല? നിങ്ങള്‍ സഹോദരന്‍മാരോ പിതാവോ ഇല്ലേ? തുടങ്ങിയ ചോദ്യങ്ങളൊക്കെ അദ്ദേഹത്തിന് ചോദിക്കാമായിരുന്നു. എന്നാല്‍ പിശാചിന് വാതില്‍ തുറന്നു കൊടുക്കാതെ ചുരുങ്ങിയ വാക്കുകളില്‍ തന്റെ സംസാരം അവസാനിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ നല്‍കുന്ന മറുപടിയും വളരെ ചുരുക്കി എല്ലാ മര്യാദകളും പാലിച്ചു കൊണ്ടുള്ളതാണ്. ‘ഇടയന്മാര്‍ അവരുടെ കാലികളെ തെളിച്ചു കൊണ്ടുപോകുന്നതു വരെ ഞങ്ങളുടെ കാലികള്‍ക്ക് വെള്ളം കൊടുക്കാന്‍ സാധിക്കുകയില്ല.’ അതോടൊപ്പെ ചോദ്യകര്‍ത്താവിനുണ്ടായേക്കാവുന്ന സ്വാഭാവിക സംശയത്തെ ഇല്ലാതാക്കുന്നതിന് ‘ഞങ്ങളുടെ പിതാവ് പടുവൃദ്ധനാണെന്നും’ കൂടിച്ചേര്‍ക്കുന്നു. വൃദ്ധനായ പിതാവല്ലാതെ സഹോദരന്‍മാരോ ഭര്‍ത്താവോ അവര്‍ക്കില്ലെന്ന് ഈ മറുപടിയില്‍ നിന്ന് വ്യക്തമാകും. അവരോട് കൂടുതല്‍ സംസാരിച്ച് നില്‍ക്കാതെ മൂസാ(അ) ആടുകളെ വെള്ളം കുടിപ്പിക്കുയാണ് പിന്നെ ചെയ്തത്. അതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് നന്ദി പ്രകടിപ്പിക്കാന്‍ മുതിരാതെ അവര്‍ വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.

ആടുകളെ വെള്ളം കുടിപ്പിച്ച് കഴിഞ്ഞ ശേഷം വേഗം അവര്‍ പിതാവിന്റെ അടുക്കലേക്ക് മടങ്ങുകയാണ്. പിതാവിനോട് സംഭവിച്ച കാര്യം അവര്‍ വിശദീരിച്ചു കൊടുക്കുകയും ചെയ്തു. അവരെ സഹായിച്ച യുവാവിനെ വിളിക്കാന്‍ അവരിലൊരാളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുന്നു: ‘ആ സ്ത്രീകളിലൊരുവള്‍ നാണിച്ച് നാണിച്ച് അദ്ദേഹത്തിന്റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: `എന്റെ പിതാവ് താങ്കളെ വിളിക്കുന്നു; താങ്കള്‍ ഞങ്ങളുടെ കാലികള്‍ക്ക് വെള്ളം കൊടുത്തതിന് കൂലി തരാന്‍.’ അങ്ങേയറ്റത്തെ ലജ്ജയോട് കൂടിയായിരുന്നു അവള്‍ മൂസായുടെ അടുത്തേക്ക് വന്നത്. അവള്‍ നാണത്താല്‍ മുഖം മറച്ചിരുന്നു എന്ന് ഉമര്‍(റ) പറഞ്ഞതായി തഫ്‌സീര്‍ ഇബ്‌നു കഥീര്‍ ഉദ്ധരിക്കുന്നുണ്ട്. തുടര്‍ന്ന് സ്ത്രീകളുടെ നടത്തത്തിന്റെ വിശേഷണം എങ്ങനെയായിരിക്കണമെന്നും ഇബ്‌നു കഥീര്‍ വിശദീകരിക്കുന്നു. കൃത്രിമത്വം ഇല്ലാത്ത നടത്തമായിരിക്കണം, ചാഞ്ഞു ചെരിഞ്ഞും ആയിരിക്കരുത് അത്, ശരീരത്തിന്റെ മറക്കേണ്ട ഭാഗങ്ങള്‍ മറച്ചിരിക്കണം, ശരീരം മാത്രമല്ല, മുഖവും മറക്കണം എന്നൊക്കെയാണ് അതില്‍ വിശദീകരിക്കുന്നത്. സംസ്‌കരണ പ്രവര്‍ത്തകരും യുവതികളും ഇതില്‍ നിന്നാണ് ഗുണപാഠമുള്‍ക്കൊള്ളേണ്ടത്. അവള്‍ അദ്ദേഹത്തോട് നിങ്ങളെ പിതാവ് വിളിക്കുന്നുണ്ടെന്ന് പറയുമ്പോള്‍ മറ്റ് സംശയങ്ങള്‍ക്ക് ഇടവരാതിരിക്കുന്നതിന് എന്തിനാണ് വിളിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

അതിന് മൂസാ(അ) നല്‍കിയ മറുപടി ചില തഫ്‌സീറുകള്‍ പറയുന്നുണ്ട്. അവളോട് തന്റെ പുറകെ നടക്കാനും വഴി പറഞ്ഞു തരാനുമാണ് അദ്ദേഹം പറഞ്ഞത്. ഏറ്റവും ഉന്നതമായ മാന്യതയുടെ രൂപമാണ് നമുക്കതില്‍ കാണാന്‍ കഴിയുന്നത്. തന്റെ ഒപ്പം നടക്കാന്‍ പറയുകയോ തന്റെ മുന്നില്‍ നടത്തുകയോ അല്ല അദ്ദേഹം ചെയ്തത്. പിശാചിന് തെറ്റായ ചിന്തകള്‍ മനസ്സില്‍ ഇടാന്‍ അവസരം ഒരുക്കാതിരിക്കുന്നതിനാണ് അദ്ദേഹം ഇത്രത്തോളം സൂക്ഷ്മത പുലര്‍ത്തിയതെന്ന് മനസ്സിലാക്കാം. പിശാച് കടന്നു വരാന്‍ സാധ്യതയുള്ള എല്ലാ വാതിലുകളും അടക്കുകയാണ് അതിലൂടെ ചെയ്തിരിക്കുന്നത്.

വിവ : അഹ്മദ് നസീഫ്‌

Related Articles