Current Date

Search
Close this search box.
Search
Close this search box.

മന:സ്സമാധാനം ലഭിക്കാൻ പത്ത് നിർദ്ദേശങ്ങൾ

മന:സ്സമാധാനം നൽകുന്ന പത്ത് നിർദ്ദേശങ്ങൾ, താഴെ പറയുന്ന ചോദ്യംകൊണ്ട് തുടങ്ങാം: നിത്യജീവിതത്തിൽ അധിക ആളുകളെ ഏറ്റവും കൂടുതലായി അലട്ടുന്ന പ്രശ്നങ്ങൾ എന്താണ്? കട ബാധ്യത, നല്ലൊരു സുഹൃത്തിനെ കണ്ടത്തെൽ, മറ്റുള്ളവരുമായി ഇടപെടൽ, വേണ്ടത്ര സമയമില്ലായ്മ, അമിതമായ ജോലി, തുടങ്ങിയവ ഉൾപ്പടെ ആളുകൾക്ക് പലതരം അസ്വാസഥ്യങ്ങൾ ഉണ്ട്. ഇവക്കോരോന്നിനും പരിഹാരവുമുണ്ട്. താഴെ പറയുന്ന കാര്യങ്ങൾ നമുക്ക് മന:സ്സമാധാനവും ആന്തരിക ശാന്തിയും ലഭിക്കാൻ സഹായിക്കുന്ന ഓർമ്മപ്പെടുത്തലുകളാണ്:

1.കട ബാധ്യതയിൽ നിന്ന് മുക്തനാവുക.
നമ്മിൽ പലരേയും ഏറ്റവും കൂടുതൽ അലട്ടുന്ന അസ്വസ്ഥതയാണ് കടബാധ്യത. അടുത്ത കടത്തിൻറെ ഘടു എപ്പോൾ വീട്ടാൻ കഴിയുമെന്നതിനെ കുറിച്ച് നീറിപുകയുന്നവരാണ് പലരും. അത് ബാങ്ക് ലോണാ മറ്റുള്ളവരിൽ നിന്ന് അവധി പറഞ്ഞ് വായ്പ വാങ്ങിയതൊ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടുത്തതൊക്കെ ആവാം. ഇന്നത്തെ ഉപഭോഗ്തൃ സമൂഹത്തിൽ നവംനവങ്ങളായ ഉദ്പന്നങ്ങൾ വാങ്ങാൻ നിരന്തരമായ പ്രേരണ ഉണ്ടാവാറുണ്ടു. വിവിധ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ നമ്മുടെ ഉപഭോഗ്ത്വര വർധിപ്പിക്കുകയും സാധനങ്ങൾ വാങ്ങികൂട്ടുന്നു. ഈ പ്രവണത കുടുംബ ബജറ്റിൻറെ താളം തെറ്റിക്കുകയും മന:സ്സമാധാനം നഷ്ടപ്പെടുത്തുകുയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

ഒരാൾ കടത്തിലകപ്പെട്ടാൽ അയാളുടെ പകുതി സ്വാതന്ത്ര്യം എടുത്തു കളഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ, ധാരാളം കട ബാധ്യത തീർക്കാനുണ്ടായാൽ, പ്രതിമാസ ചിലവ് വരുമാനവുമായി അസന്തുലിതമായാൽ, അയാളുടെ സ്വസ്ഥ്യം നഷ്ടപ്പെടുന്നു. മന:സ്സമാധാനം ധൂമയായിപോവുന്നു. ഒരു നബി വചനത്തിൽ വ്യക്തമാക്കിയത് പോലെ: “ഒരാൾ കട ബാധ്യതയിലകപ്പെട്ടാൽ, അയാൾ സംസാരിക്കുന്നതും പറയുന്നതും കളവാണ്. അയാൾ വാഗ്ദാനം ചെയ്തിട്ട് അത് ലംഘിക്കുന്നു.”

2. ഉത്തമ കൂട്ടുകാരെ സ്വീകരിക്കുക
സാമൂഹ്യമായ ഒത്തുകൂടുന്ന സന്ദർഭങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും മറ്റ് ഒഴിവ്വേളകളിലും സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും കണ്ടുമുട്ടുന്നത് മനസ്സിന് ആനന്ദവും സന്തോഷവും നൽകുന്ന കാര്യമാണ്. പക്ഷെ ഒരുകാര്യം ശ്രദ്ധിക്കുക. നല്ല സുഹൃത്തു അല്ലാഹുവിലേക്കുള്ള മാർഗ്ഗം കാണിച്ചുതരാൻ സഹായിക്കുന്നു. അതുകൊണ്ടു നിങ്ങൾ ആരെ സുഹൃത്തായി സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്. ഉത്തമ സുഹൃത്തുക്കൾ നിങ്ങൾ മറന്നുപോയാൽ അല്ലാഹുവിനെ ഓർമ്മിപ്പിക്കുന്നവനും മറ്റുള്ളവർക്ക് നല്ലത് ചെയ്യാൻ പ്രേരിപ്പിക്കുന്നവനുമാണ്. അങ്ങനെ ജീവിക്കുന്നതകട്ടെ അല്ലാഹുവിനെ സന്തോഷിപ്പിക്കുന്നു. ദുശിച്ച കൂട്ടുകെട്ട് ഒഴിവാക്കുക.

3. കാരുണ്യപുർവ്വമായ സമീപനം.
അപരന് സമയം നീക്കിവെക്കാൻ കഴിയാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ചുറ്റുപാടാകട്ടെ ഇന്ന് സംഘർഷഭരിതമാണ്. അവിടെ അക്രമവും കുറ്റകൃത്യവും സ്വാർത്ഥതയും നിലനിൽക്കുന്നു. അത്തരമൊരു ചുറ്റുപാടിൽ, അതൊന്നും നമ്മെ നേരിട്ടൊ അല്ലാതേയൊ ബാധിക്കാതെ ജീവിക്കുക എളുപ്പമല്ല. എന്നാൽ ഏത് അവസ്ഥയിലും ഒരു മുസ്ലിം, നല്ല ഉപചാരങ്ങൾ പാലിക്കുകയും ജനങ്ങളോട്, എന്തിന് ശത്രുക്കളോട് പോലും, കാരുണ്യപരമായ സമീപനമാണ് സ്വീകരിക്കേണ്ടതു. ഇതിന് ധാരാളം ക്ഷമ ആവശ്യമാണ്. ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

4. കോപിക്കാതിരിക്കുക
ആന്തരിക സമാധാനത്തിന് അനുപേക്ഷണീയമായ മറ്റൊരു കാര്യമാണ് ജനങ്ങളോട് കോപിക്കാതിരിക്കുക എന്നത്. പ്രതിലോമകരമായ പ്രതികരണങ്ങൾ ഒഴിവാക്കുക. കോപം നമ്മുടെ സമാധാനം എടുത്തുകളയുന്നു. നിരുത്തരവാതിത്വത്തോടെ പ്രവർത്തിക്കാൻ അത് ആളുകളെ നിർബന്ധിക്കുകയും ചെയ്യും. ക്ഷമാശീലരേയും കോപം അടിച്ചമർത്തുന്നവരേയും മാപ്പ്കൊടുക്കുന്നവരേയും അല്ലാഹു ഖുർആനിൽ പ്രശംസിച്ചിട്ടുണ്ട്. പ്രവാചകൻറെ പ്രകൃതി തന്നെയും ശാന്തനും പ്രത്യൂൽപന്നമതിത്വവുമായിരുന്നുവല്ലോ ? കോപിക്കരുത് എന്ന് അനുചരന്മാരെ ഉപദേശിക്കുകയും ചെയ്തു. കോപമുണ്ടായാൽ അംഗസ്നാനം ചെയ്യാനൊ നിൽക്കുകയാണെങ്കിൽ ഇരിക്കുവാനൊ നിർദ്ദേശിച്ചു. അല്ലാഹുവിൽ അഭയം തേടാനും.

5. മാപ്പ് നൽകൂ… അനീതി പ്രവർത്തിക്കരുത്
ജനങ്ങളുമായി ഇടപെടുമ്പോൾ ഒരു പടികൂടുതലായി ക്ഷമപാലിക്കുക. കഴിവിൻറെ പരമാവധി നിങ്ങൾ മാപ്പ് നൽകൂ. ഒരിക്കലും അനീതി പ്രവർത്തിക്കരുത്. അനീതിയുടെ പാതയുണ്ടല്ലോ , അത് ഒരു വ്യക്തിയെ ദൈവത്തിൻറെ പാതയിൽ നിന്ന് ബഹുദൂരം അകറ്റി നിർത്തുന്നതാണ്. മന:സമാധാനമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, മാപ്പ് നൽകുകയും ജനങ്ങളുടെ തെറ്റുകൾ അഗവണിക്കുകയും ചെയ്യുക. വ്യക്തിപരമായ സംതൃപ്തിക്കായി പ്രതികാരം ചെയ്യരുത്. ക്ഷമിക്കുക നീതി പാലിക്കുക. അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും അവനോട് അടുപ്പിക്കുകയും ചെയ്യും. അതിലൂടെ മന:സമാധാനം വർധിക്കും.

6. അമിത ഉത്തരവാദിത്വം ഏറ്റെടുക്കരുത്
ജീവിതത്തിൽ നമുക്ക് എല്ലാവർക്കും ഉത്തവരാദിത്വങ്ങളുണ്ട്. ആധുനിക ലോകത്ത് ഓരോ ദിവസവും ജീവിതം, വേഗതയിലും നവംനവങ്ങളായ സാങ്കേതികവിദ്യയിലും, സങ്കീർണ്ണമാവുകയാണ്. അധിക ആളുകളുടേയും മന:സംഘർഷവും വർധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സമാധാനത്തോടെ ജീവിക്കാൻ സന്തുലിതത്വം ആവശ്യമാണ്. ധൃതി ആവശ്യമില്ല. കുറഞ്ഞ കാര്യങ്ങൾ ഭംഗിയോടെ നിർവ്വഹിക്കുകയാണ് കുറേ കാര്യങ്ങൾ അപൂർണ്ണതയോടെയും മന:സംഘർഷത്തോടെയും നിർവ്വഹിക്കുന്നതിനെക്കാൾ ഉത്തമം.

ഓർക്കുക. ഈ ജീവിതം കേവലം ഒരു പരിവർത്തന ദശ മാത്രം. പരലോക ജീവിതത്തിലേക്ക് നാം നമ്മുടെ സമ്പത്ത് കൊണ്ടുപോവുന്നില്ല. അതിനാൽ സമാധാനം അന്വേഷിക്കുന്നുവെങ്കിൽ, സന്തുലിത ജീവിതം നയിക്കുക. ജീവിതം തിരക്ക്പിടിക്കുമ്പോൾ, നിങ്ങൾക്ക് സമാധാനം ലഭിക്കുന്നില്ല. നമ്മുടെ ധൃതി അൽപം കുറക്കാം. സമാധാനത്തോടെ വാഹനമോടിക്കുന്നതും മനോസംഘർഷത്തിൽ വാഹനമോടിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ജീവിതത്തിനും ആ നിയമം ബാധകമാണ്. സമാധാനമാണ് അന്വേഷിക്കുന്നതെങ്കിൽ, ധൃതിയില്ലാതെ ജീവിക്കാൻ ശ്രമിക്കുക.

7. അവധി എടുക്കാം
മന:സ്സമാധാനം ആവശ്യമാണെന്ന് തോന്നുമ്പോൾ അവധി എടുക്കുക. തിരക്ക് പിടിച്ച ജോലിക്ക് ശേഷം അല്ലെങ്കിൽ പഠനത്തിനൊ പരീക്ഷക്കൊ ശേഷം, ബാറ്ററി റിചാർജ്ജ് ചെയ്യാൻ, ആത്മീയമായും ശാരീരികമായും, ഒരു അവധി പ്രധാനമാണ്. അത് ഒരു പുനർ വിചിന്തനത്തിനും ആഴത്തിലുള്ള ചിന്തക്കും നമുക്ക് അവസരം നൽകുന്നു. അത്തരം ഏകാഗ്രതയോടെയുള്ള ചിന്തകൾ, അല്ലാഹുവിനോട് നമ്മെ കൂടുതൽ അടുപ്പിക്കുന്നതാണ്.

8. ഒരു സമയം ഒരു കാര്യം ചെയ്യുക
ഈയാഴ്ച, അല്ലെങ്കിൽ അടുത്ത മാസമൊ വർഷമൊ പരിഹരിക്കേണ്ട കുറേ പ്രശ്നങ്ങൾ ഉണ്ടാവാമല്ളൊ എന്ന് തോന്നിപോവും. പക്ഷെ ഓരോ പ്രശ്നത്തിനും ഒരു പരിഹാരമുണ്ടെന്ന കാര്യം നാം വിസ്മരിച്ചുപോവുന്നു. എന്നിട്ടും അവിടെ എത്തിച്ചേരാൻ നാം പാലം മുറിച്ചുകടക്കുകയില്ല. ഭാവി പ്രശ്നങ്ങൾ കാരണം മന:സംഘർഷം അനുഭവപ്പെടുമ്പോൾ, ഒരു സമയത്ത് ഒരു പ്രശ്നത്തിന് പരിഹരം കാണുകയാണ് ബുദ്ധി. അഥവാ മുൻകൂട്ടി ആസുത്രണം ചെയ്യുകയും നന്നായി പ്രവർത്തിക്കുകയും ചെയ്യുക. പക്ഷെ അവസാനം എന്താണ് സംഭവിക്കുക എന്ന് അല്ലാഹുവാണ് തീരുമാനിക്കുക. അത്കൊണ്ട് ഈ ലോകത്തും പരലോകത്തും നമുക്ക് എറ്റവും നല്ലതിന് വേണ്ടി അവനോട് മാർഗ്ഗദർശനത്തിനായി പ്രാർത്ഥിക്കാം.

9. പോസിറ്റിവ് വശം കാണുക
അധിക സമയവും പോസിറ്റിവായിരിക്കുക എന്നത് മന:സ്സമാധാനത്തിലേക്ക് നയിക്കുന്ന വഴികളിൽ ഒന്നാണ്. നമ്മൾ അനുഭവിക്കുന്ന ഏത് കാര്യത്തിനും പോസിറ്റിവും നെഗറ്റിവും വശങ്ങളുണ്ട്. ചിലപ്പോൾ പോസിറ്റിവായിരിക്കും നെഗറ്റിവിനെക്കാൾ മഹത്തരം. മറ്റു ചിലപ്പോൾ നേരെ മറിച്ചുമാവാം. ഒരു വിശ്വാസിക്ക് നെഗറ്റിവ് അനുഭവം ഉണ്ടാവുകയാണെങ്കിൽ പോലും അതിൻറെ പോസിറ്റിവ് വശത്തിലേക്ക് നോക്കാനാണ് ഉപദേശിക്കപ്പെട്ടിരിക്കുന്നത്. നെഗറ്റിവ് വശത്തിലേക്ക് മാത്രം നോക്കുന്നത് ഒരാളുടെ പ്രതീക്ഷ നഷ്ടപ്പെടാൻ ഇടയാക്കും.

എപ്പോഴും പ്രതീക്ഷയെ കുറിച്ച് ഓർമ്മയുണ്ടായിരിക്കണം. നാം അഭിമുഖീകരിക്കുന്ന പ്രശ്നത്തിൻറെ പോസിറ്റിവ് വശം പെട്ടെന്ന് ബോധ്യമാവുന്നില്ലെങ്കിൽ, ചിന്തിച്ചും മനനം ചെയ്തും അത് അവിടെയുണ്ട് എന്ന് കരുതണം. ചിലപ്പോൾ ആഴ്ചകളൊ മാസങ്ങളൊ എടുത്തു കൂടുതൽ അനുഭവം നേടി എന്നു വരാം. അതിനാൽ പോസിറ്റിവാകുക. ക്ഷമിക്കുക നിങ്ങൾ സമാധാനം കാംക്ഷിക്കുന്നുണ്ടെങ്കിൽ.

10. സംതൃപ്തനായി ജീവിക്കുക
ബാഹ്യമായ ചുറ്റുപടുകൾ ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ പോലും ഒരു വിശ്വാസി അപ്പോഴും സന്തോഷവാനായിരിക്കും. എന്ത്കൊണ്ട്? കാരണം സന്തോഷം ഹൃദയാന്തരാളത്തിൽ നിന്നാണ് നിർഗളിക്കുന്നത്. ബാഹ്യ ഘടകങ്ങൾ നല്ലതാണെങ്കിൽ, അത് സന്തോഷം വർധിക്കാൻ ഇടയക്കും. നിങ്ങൾ യഥാർത്ഥ സമാധാനവും സന്തോഷവുമാണ് അന്വേഷിക്കുന്നതെങ്കിൽ, താൽകാലിക ആനന്ദമല്ല, നിങ്ങൾ ഹൃദയത്തെ ശുദ്ധീകരിച്ച് അല്ലാഹുവിനോട് സമീപ്യം കരസ്ഥമാക്കുക. അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ നിങ്ങൾ സംതൃപ്തനാവുമ്പോൾ നിങ്ങൾക്ക് ആന്തരിക സമാധാനം ലഭിക്കും.

മാനസിക സമാധാനം ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഐഹിക കാര്യങ്ങളെ സംബന്ധിച്ച് ചുരുങ്ങിയ പ്രതീക്ഷകൾ മാത്രം പുലർത്തുകയും നിങ്ങളെക്കാൾ താഴെയുള്ളവരിലേക്ക് നോക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹു കനിഞ്ഞരുളിയ അനേകം അനുഗ്രഹങ്ങൾക്ക് നന്ദിരേഖപ്പെടുത്തുക.

 

വിവ: ഇബ്റാഹീം ശംനാട്

Related Articles