Current Date

Search
Close this search box.
Search
Close this search box.

അറേഞ്ച്ഡ് മാരേജും ഇസ്‌ലാമും

arranged.jpg

മാതാപിതാക്കളും കുടുംബക്കാരും നിശ്ചയിച്ചുറപ്പിക്കുന്ന ‘അറേഞ്ചഡ് മാരേജ്’ രീതി പിന്തുടരുന്നവരാണ് ലോകത്താകമാനമുള്ള മുസ്‌ലിംകളില്‍ അധികവും. കുടുംബത്തിന് ചേര്‍ന്ന രീതി എന്നൊക്കെ പലരും ഇതിനെ കുറിച്ച് പറയാറുണ്ട്. കുടുംബക്കാരുടെ സമ്മതത്തോടെ ചെറുക്കനും പെണ്ണും കണ്ട് ഇഷ്ടപ്പെട്ട് നടത്തുന്ന വിവാഹമായത് കൊണ്ട് തന്നെ എല്ലാവര്‍ക്കും തൃപ്തിയാവും എന്നാണ് ഇതിന്റെ മേന്മയായി അവര്‍ പറയുന്നത്. ചെറുക്കനും പെണ്ണിനും പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും മനസ്സ് തുറക്കാനുമൊക്കെ അവസരവും ലഭിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ കുടുംബക്കാര്‍ നിശ്ചയിക്കുന്ന ചെറുക്കനെയോ പെണ്ണിനെയോ വിവാഹം കഴിക്കുക എന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി പുരുഷനും സ്ത്രീക്കും കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ ഇക്കാലത്ത് ലഭിക്കുന്നു. എന്റെ അമ്മാവന്റെ മകളുടെ കല്യാണം തീര്‍ത്തും അറേഞ്ച്ഡ് ആയിരുന്നു. എന്നാല്‍ എന്റേത് ശുദ്ധ അറേഞ്ച്ഡ് ആണെന്ന് പറയാനാവില്ല. കാരണം, ഞാന്‍ എന്റെ ഭര്‍ത്താവിനെ ആദ്യമായി കാണുന്നത് കോളേജില്‍ വെച്ചാണ്. എന്നാല്‍ കുടുംബക്കാരുടെ സമ്മതത്തോടെയും സാന്നിധ്യത്തിലുമാണ് ഞങ്ങള്‍ വിവാഹിതരായത്. എല്ലാ അറേഞ്ച്ഡ് മാരേജുകളും ശുദ്ധ അറേഞ്ച്ഡ് തന്നെ ആവണമെന്നില്ല. മുസ്‌ലിംകള്‍ക്ക് വിവാഹിതരാവാന്‍ അറേഞ്ച്ഡ് മാരേജ് തന്നെ വേണമെന്ന് നിര്‍ബന്ധവുമില്ല. പക്ഷേ, വിവാഹം ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുളളവയായിരിക്കണം. വിവാഹത്തിനപ്പുറത്തേക്ക് നമ്മുടെ ബന്ധങ്ങള്‍ വളരാനും പാടില്ല.

ആണിനെയോ പെണ്ണിനെയോ നിര്‍ബന്ധിതമായി വിവാഹത്തിന് പ്രേരിപ്പിക്കുന്നതും ഇസ്‌ലാമിക രീതിയല്ല. ഇസ്‌ലാമില്‍ വിവാഹത്തിന് ഈജാബും ഖുബൂലും(അഭ്യര്‍ത്ഥനയും മറുപടിയും) ആവശ്യമാണ്. തങ്ങള്‍ ഇഷ്ടപ്പെടുന്ന പുരുഷനെ തന്നെ വിവാഹം ചെയ്യണമെന്ന് സ്ത്രീയോടോ തങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ത്രീയെ തന്നെ വിവാഹം ചെയ്യണമെന്ന് പുരുഷനോടോ മാതാപിതാക്കള്‍ ആവശ്യപ്പെടാന്‍ പാടില്ല. മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശിക്കാം, പക്ഷേ, ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് ചെറുക്കനും പെണ്ണും തന്നെയാണ്. കാരണം, അവരാണല്ലോ വിവാഹിതരാവുന്നത്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ല. തങ്ങള്‍ നിര്‍ദേശിച്ച ആണിനെയോ പെണ്ണിനെയോ വിവാഹം കഴിക്കാന്‍ മക്കള്‍ താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ അവരോട് വഴക്കിടുന്നതും മിണ്ടാതിരിക്കുന്നതും ഒരിക്കലും ഇസ്‌ലാമിക രീതിയല്ല. മാതാപിതാക്കളെ അനുസരിക്കാനും ബഹുമാനിക്കാനും മക്കള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഏത് കാര്യത്തിലും അത് അന്തമാവരുത്. വിവാഹത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്, തന്റെ മകനോ മകള്‍ക്കോ ചേരുമെന്ന് തോന്നുന്ന ബന്ധങ്ങള്‍ അവരോട് നിര്‍ദ്ദേശിക്കുക എന്നതാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. സമൂഹത്തിലെ പദവിയോ സമ്പത്തോ ആഗ്രഹിച്ചുകൊണ്ട് നിശ്ചിത ബന്ധങ്ങള്‍ക്കായി അവരെ നിര്‍ബന്ധിക്കരുത്.

ഇസ്‌ലാമിക രീതി
സമ്മതമില്ലാതെയുള്ള വിവാഹം: ശാഫിഈ മദ്ഹബിലും ഹമ്പലി മദ്ഹബിലും സ്ത്രീയുടെ സമ്മതമില്ലാതെ നടന്ന വിവാഹം അസാധുവാണ്. ഹനഫീ മദ്ഹബിലും വിവാഹത്തിന്റെ സാധൂകരണം സ്ത്രീയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ്. അവള്‍ക്ക് സമ്മതമല്ലാത്തിടത്തോളം കാലം വിവാഹവും സാധുവാകുകയില്ല.
ഇബ്‌നു മുഫ്‌ലിഹ് അല്‍-ഹമ്പലി പറയുന്നു: ‘മകന് ഇഷ്ടമില്ലാത്തവരെ കൊണ്ട് അവനെ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ല.’
ശൈഖ് ഇബ്‌നു തൈമിയ്യ പറയുന്നു: ‘തങ്ങളുടെ മകന്റെ താല്‍പര്യത്തിന് വിരുദ്ധമായി അവനെ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ല. അവന്‍ അവരുടെ കല്‍പനകള്‍ ധിക്കരിക്കുകയാണെങ്കില്‍ അവന്‍ തെറ്റുകാരനല്ല. കാരണം, അവന് ഇഷ്ടമില്ലാത്ത ഭക്ഷണം അവന്‍ നിരസിക്കുന്നത് തെറ്റല്ലാത്തത് പോലെ അവന് ഇഷ്ടമില്ലാത്ത വിവാഹം നിരസിക്കുന്നതും തെറ്റല്ല.’

ഖന്‍സാഅ് ബിന്‍ത് ഖിസാം അല്‍-അന്‍സ്വാരിയ്യ പറയുന്നു: ”എന്റെ പിതാവ് എന്നെ അദ്ദേഹത്തിന്റെ അനന്തിരവനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. പക്ഷേ, എനിക്ക് ആ ബന്ധം ഇഷ്ടമായിരുന്നില്ല. ഞാന്‍ പ്രവാചകന്‍(സ)യോട് ചെന്ന് പരാതി പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നിന്റെ പിതാവ് കണ്ടെത്തിയത് നീ സ്വീകരിക്കുക. ഞാന്‍ പറഞ്ഞു: എനിക്ക് അതിനോട് താല്‍പര്യമില്ല പ്രവാചകരേ. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: എന്നാല്‍ ഈ വിവാഹം സാധുവല്ല, നീ ഇഷ്ടപ്പെടുന്നവരെ വിവാഹം കഴിച്ചുകൊള്ളുക” (ഫത്ഹുല്‍ ബാരി)

അവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ മാതാപിതാക്കളുടെ ശാപപ്രാര്‍ഥനകളെ ഭയക്കേണ്ടതില്ലെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അല്ലാഹു അവരുടെ പ്രാര്‍ത്ഥനകളെ സ്വീകരിക്കുകയില്ല. കാരണം, മക്കള്‍ക്ക് ഇണകളെ നിശ്ചയിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കില്ല. അതുപോലെ വിവാഹത്തിനു മുമ്പ് സ്ത്രീക്കും പുരുഷനും പരസ്പരം കാണാന്‍ അനുവാദമില്ല എന്നൊരു തെറ്റിദ്ധാരണയും നിലവിലുണ്ട്. എന്നാല്‍ പുരുഷന് സ്ത്രീയെ കാണാന്‍ അനുവാദമുണ്ടെന്ന് റസൂല്‍(സ) പഠിപ്പിക്കുന്നു. അവിടുന്ന് പഠിപ്പിച്ചു: ”നീ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയെ പോയി കണ്ടുകൊള്ളുക, അത് നിങ്ങളുടെ ഭാവി ജീവിതത്തെ ശക്തിപ്പെടുത്തും”(അഹ്മദ്). കണ്ണുകളാണ് നമ്മുടെ ഹൃദയത്തിലേക്കുള്ള വഴിയെങ്കില്‍, സ്രഷ്ടാവിനെങ്ങനെ നമ്മുടെ ഭാവി ജീവിത്തിലെ അടുത്ത വ്യക്തിയെ കാണുന്നതില്‍ നിന്ന് നമ്മെ തടയാനാകും.

ഇന്ന വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്നവരെയോ സ്വാധീനമുള്ളവരെയോ മാതാപിതാക്കളുമായി സംസാരിപ്പിക്കാം. തന്റെ സുഹൃദ് വലയത്തില്‍ പെട്ട പക്വതയുള്ളവരോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. മഹല്ലിലെയോ മസ്ജിദിലെയോ ഇമാമിനോട് കാര്യങ്ങല്‍ അവതരിപ്പിക്കാം. എല്ലാറ്റിലുമുപരിയായി ഇസ്തിഖാറത്ത്  നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയും നിരന്തരമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വിവ: അനസ് പടന്ന

Related Articles