Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ്: സാധ്യമാകുന്നത്ര വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്

തെരഞ്ഞെടുപ്പ് പ്രക്രിയ നീട്ടിവെക്കാനുള്ള തീരുമാനത്തിന് ഉചിതമായ കാരണങ്ങളൊന്നുമില്ലെന്ന് ഇസ് ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റെ്(ഹമാസ്) പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഇസ്മാഈൽ ഹനിയ. തെരെഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തന്റെ പ്രസ്ഥാനം പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തിരുന്നു. പക്ഷെ, നിർഭാഗ്യവശാൽ അത് തെരെഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായില്ല.
“ഹമാസ് അങ്ങേയറ്റം വഴങ്ങിയിട്ടുണ്ട്. പലസ്ഥീൻ ഐക്യം കൈവരിക്കുന്നതിനായി ദേശീയവും ചരിത്രപരവുമായ ഉത്തരവാദിത്തത്തിന്റെ ഉയർന്ന തലം തന്നെയാണ് ഹമാസ് കൈകൊണ്ടത്’, കഴിഞ്ഞ വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത ടെലിവിഷൻ പ്രഭാഷണത്തിൽ ഹനിയ പറഞ്ഞു.

പ്രയാസങ്ങളെ ഞങ്ങൾ മറികടന്നു

തെരെഞ്ഞെടുപ്പ് നടത്താൻ ഹമാസ് സമ്മതിച്ചിരുന്നതായി സംഭാഷണത്തിന് മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. 2011ലെ കയ്റോ കരാറിന് വിരുദ്ധമാണെങ്കിൽ പോലും ആനുപാതിക പ്രാതിനിധ്യ നിയമത്തിനും ഹമാസ് സമ്മതിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമനിർമ്മാണ തെരെഞ്ഞെടുപ്പിലെക്കും പിന്നെ പ്രസിഡന്റ് പതിത്തിലേക്കും തുടർന്ന് ദേശീയ കൗൺസിലിലേക്കും എത്തിച്ചേരാൻ എല്ലാ പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും മറികടന്ന് തെരെഞ്ഞെടുപ്പിലെ സമന്വയ വ്യവസ്ഥയെ ഒഴിവാക്കി. കയ്റോയും ഇസ്താംബൂളും അംഗീകരിച്ച വ്യവസ്ഥ അടിസ്ഥാനമാക്കി തെരെഞ്ഞെടുപ്പ് പ്രക്രിയ ആറു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഹനിയ വ്യക്തമാക്കുന്നു: ഹമാസ്, ഫതഹ് തുടങ്ങി എല്ലാ ഫലസ്ഥീൻ പ്രാസ്ഥാനിക നേതൃത്വങ്ങളുമായുള്ള കൂടുക്കാഴ്ചകളുടെ ഫലമായാണ് രാഷ്ട്രീയ ഇച്ഛാശക്തി നേടിയെടുക്കാവുന്ന ഇത്തരം ക്രിയാത്മകവും വിപുലവുമായ ഘട്ടത്തിലേക്ക് എത്തിച്ചേർന്നത്.

ഈ നേട്ടം കൈവരിക്കാനുണ്ടായ രണ്ടാമത്തെ കാരണം അദ്ദേഹം പറയുന്നു: ബാലറ്റ് പേപ്പർ വഴി രാഷ്ട്രീയ വിഭജനം ഇല്ലായ്മ ചെയ്ത് ഉചിതമായ നേതൃത്വത്തെ തെരെഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അതിയായ ആഗ്രഹവും അവരുടെ ഇച്ഛാശക്തിയുമാണ് ഈ നേട്ടിത്തിന് പിന്നിലെ രണ്ടാമത്തെ കാരണം. സ്ഥാനാർത്ഥിത്വ നിർണ്ണയത്തിലും രജിസ്ട്രേഷനിലുമുള്ള ഉയർന്ന പങ്കാളിത്ത നിരക്ക് ഇതിന് തെളിവാണ്.

ഖുദ്സിലെ തെരെഞ്ഞെടുപ്പ്

റാമല്ലയിൽ നടന്ന കൺവെൻഷനുകൾ, ബെയ്റൂട്ടിലെ കക്ഷികളടുെ ജനറൽ സെക്രട്ടിമാരുടെ യോഗം, ഇസ്താംബൂൾ ധാരണകൾ, കയ്റോ ഉടമ്പടി സംഭാഷണങ്ങൾ എന്നിവ രാഷ്ട്രപതി ഉത്തരവ് അനുസരിച്ച് തെരെഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിരുന്നതായി ഹനിയ വ്യക്തമാക്കുന്നു. ആറുമാസത്തിനുള്ളിൽ തെരെഞ്ഞെടുപ്പ് നടത്തുന്നത് ഹമാസ് ഔദ്യോഗികമായി തന്നെ അംഗീകരിച്ചതായി അബ്ബാസിന് അയച്ച സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കയ്റോ സംഭാഷണത്തിൽ ഹനിയ പറയുന്നു: ഖുദ്സിനെ സംബന്ധിച്ചെടുത്തോളം, അധിനിവേശം ഖുദ്സിലെ തെരെഞ്ഞെടുപ്പ് തടയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നൂറ്റാണ്ടുകളായി സയണിസ്റ്റ് ഭരണകൂടം അവരുടെ തീരുമാനത്തിനുമേൽ ഉറച്ചു നിൽക്കുകയാണ്. ഖുദ്സ് അവരുടെ ഏകീകൃത തലസ്ഥാനമാക്കി മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാ വിഭാഗങ്ങളും ചേർന്ന് ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകും. ഖുദ്സ് ഒരു ദേശീയ പോരാട്ടവും രാഷ്ട്രീയ സമരവുമാണ്. എത്ര വലിയ വെല്ലുവിളിയും പ്രതിസന്ധിയും നേരിട്ടാലും ഖുദ്സിൽ ഞങ്ങൾ തെരെഞ്ഞെടുപ്പ് നടത്തും. ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ പോലെ ഖുദ്സിലും എല്ലാവരും തെരെഞ്ഞെടുപ്പിൽ സജീവ പങ്കാളികളാകും.

ഹനിയ തുടരുന്നു: ഖുദ്സിൽ തെരെഞ്ഞെടുപ്പ് നടത്തുമെന്ന് ഹമാസ് ഉറപ്പിച്ചു പറയുന്നു. ഖുദ്സില്ലാതെ ഫലസ്ഥീനില്ല. കാരണം, ഫലസ്ഥീനിന്റെ രാഷ്ട്രീയ, സാമൂഹിക, മത, സാംസ്കാരിക തലങ്ങളോടെല്ലാം അങ്ങേയറ്റം ബന്ധപ്പെട്ട് കിടക്കുന്ന ഭൂമിയാണ് ഖുദ്സ്. ഫലസ്ഥീൻ രാഷ്ട്രീയത്തിന്റെ തലസ്ഥാനമാണതെന്ന് തന്നെ പറയാം. ഹമാസിന് ഫത്ഹുമായി അഭിപ്രായ ഭിന്നതയില്ല. ഖുദ്സിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റേത് ഫലസ്ഥീൻ പാർട്ടികളുമായും ഹമാസിന് വിയോജിപ്പില്ല. പകരം, ഞങ്ങളുടെ തീരുമാനത്തെയും ഫലസ്ഥീൻ ജനതയുടെ ഇച്ഛാശക്തിയെയും ഇസ്രയേൽ അധിനിവേശത്തിന് പണയം വെച്ച, അധിനിവേശക്കാരുടെ ഇഷ്ടത്തിനൊപ്പം നിന്ന, അവരുടെ ആഗ്രഹങ്ങൾക്കൊത്ത് കുഴലൂത്ത് നടത്തുന്ന അബ്ബാസുമായാണ് ഞങ്ങൾക്ക് വിയോജിപ്പുള്ളത്.

നമുക്കിനിയും സമയമുണ്ട്

ഖുദ്സിൽ തെരെഞ്ഞെടുപ്പ് നടത്താൻ നമുക്ക് ഇനിയും ആവശ്യത്തിലധികം സമയമുണ്ടെന്ന് ഹനിയ വ്യക്തമാക്കുന്നു: ഇൗ അവകാശം നേടിയെടുക്കാൻ പ്രാപ്തരായ ഒരു ജനത ഖുദ്സിലുണ്ട്. ബാബുൽ ഉമൂദിലും ബാബു റഹ്മയിലും ഇലക്ട്രോണിക് ഗേറ്റുകളിലും തങ്ങളുടെ അവകാശം നേടിയെടുത്തവരാണവർ. തെരെഞ്ഞെടുപ്പ് നടത്താൻ ഇസ്രയേലിനെതിരെ ഒത്തൊരുമിച്ചൊരു ഏറ്റുമുട്ടലിന് എല്ലാ വിഭാഗവും ഒരുക്കമാണ്.

തീരുമാനം പിന്തിപ്പിക്കുന്നത് അധിനിവേശക്കാർക്ക് വേണ്ടിയാണ്

തെരെഞ്ഞെടുപ്പ് തുടരേണ്ടതിന്റെ ആവശ്യകതയും അധിനിവേശം വിലങ്ങു തടിയാകുമ്പോൾ തന്നെ ഖുദ്സിൽ തെരെഞ്ഞെടുപ്പ് നടക്കേണ്ടതിന്റെ അനിവാര്യതയും ഹാനി അബ്ബാസിനെ ബോധ്യപ്പെടുത്തുന്നുണ്ട്. മസ്ജിദു അഖ്സാ, ചർച്ച് ഓഫ് ഹോളി സെപൽച്ചർ, വഖ്ഫ് സ്കൂളുകൾ എന്നിവിടങ്ങളിൽ ബാലറ്റ് ബോക്സുകൾ സ്ഥാപിക്കണം. അധിനിവേശക്കാർ രാഷ്ട്രീയ മോശണത്തിന് ശ്രമിക്കുകയാണെങ്കിൽ അതിനെതിരെ സാമൂഹിക രാഷ്ട്രീയ പോരാട്ടം ശക്തമാക്കണം. അവരുടെ കള്ളത്തരങ്ങൾ ലോകം മുഴുവൻ അറിയട്ടെ.

ഫലസ്ഥീൻ അധിനിവേശവുമായി ബന്ധപ്പെട്ട ഉടമ്പടിയുടെയും ഓസ്ലോ പ്രോട്ടോകോളുകളുടെയും അടിസ്ഥാനത്തിൽ തെരെഞ്ഞെടുപ്പ് നീട്ടിവെച്ചതിൽ ഹനിയ ഖേദം പ്രകടിപ്പിച്ചു. നീട്ടിവെക്കുകയെന്നതിനർത്ഥം തെരെഞ്ഞെടുപ്പ് റദ്ദ് ചെയ്യുകയെന്നതാണ്. മാത്രമല്ല ഫലസ്ഥീൻ ജനതക്ക് അവരുടെ നേതാക്കളെ തെരെഞ്ഞെടുക്കാനുള്ള അവകാശങ്ങളെ നിഷേധിക്കലുമാണത്. ഹനിയ തുടരുന്നു: ഫലസ്ഥീൻ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് റാമല്ലയിലെ ഒത്തുചേരലിൽ ഞങ്ങൾ ആവശ്യപ്പെട്ടത്. ഖുദ്സിൽ തെരെഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാർഗമാണ് അന്വേഷിക്കേണ്ടത്. തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കരുത്. തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഖുദ്സിനെ മാറ്റിനിർത്തുകയുമരുത്.
പ്രസംഗത്തിനിടെ താൻ സംസാരിച്ച അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കാൻ അബ്ബാസിനോട് ഹനിയ ആവശ്യപ്പെട്ടു. വിഷയം പുതിയതാണെന്നും അതിനാൽ തന്നെ കൂടുതൽ വ്യക്തത അനിവാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാത്രമല്ല, മുമ്പ് ഈ വിഷയത്തെക്കുറിച്ച് യാതൊരു ചർച്ചയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അബ്ബാസിനെ ഓർമ്മപ്പെടുത്തി. തെരെഞ്ഞെടുപ്പുകളെയും അധികാര പങ്കാളിത്തത്തെയും കുറിച്ചുള്ള ഒരു സംഭാഷണത്തിലും അന്താരാഷ്ട്ര വ്യവസ്ഥകളോട് ഹമാസിന് യോജിക്കാൻ സാധ്യമല്ലെന്നും നമ്മുടെ ജനതയുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഈ വ്യവസ്ഥകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഫലസ്ഥീൻ പക്ഷത്തോട് ചേർന്നുനിൽക്കുന്നു

ഹമാസ് എന്നും ഫലസ്ഥീൻ ജനതയുടെ അവകാശത്തിനൊപ്പമാണെന്നും അതിന്റെ വീക്ഷണത്തിലും തന്ത്രത്തിലും ആശങ്കാകുലരാകേണ്ടതില്ലെന്നും ഹനിയ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വ്യവസ്ഥകൾക്ക് അതീതമായി ഹമാസിന്റെ അംഗീകാരത്തോടെ തെരെഞ്ഞെടുപ്പ് നടത്തുന്നതിന് പകരം ഫലസ്ഥീൻ ബന്ധികളുടെ സ്വാതന്ത്ര്യത്തെയും ഖുദ്സ് ജനതയുടെ അവകാശത്തെയും ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശത്തെയും ബലികൊടുക്കാൻ ഞങ്ങളൊരിക്കലും തയ്യാറല്ല. ഹനിയ വ്യക്തമാക്കുന്നു: നിർഭാഗ്യകരമായ നീട്ടിവെക്കൽ തീരുമാനത്തിന് ശേഷം ഇപ്പോൾ ഫലസ്ഥീൻ തെരുവുകളെല്ലാം ശൂന്യമായ ഇടങ്ങളെപ്പോലെ ആയിട്ടുണ്ട്. തെരെഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കപ്പെടുന്ന സ്ഥാപനങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ടി നിരവധി വലിയ പ്രശ്നങ്ങൾ നമുക്ക നേരിടാനുണ്ട്. അദ്ദേഹം തുടരുന്നു: ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ വിഭജനം അവസാനിപ്പിക്കുകയെന്ന വലിയ പ്രശ്നം നമുക്ക് മുമ്പിലുണ്ട്. സമഗ്രമായ ഒരു കാഴ്ചപ്പാടിലേക്ക് നമ്മുടെ വിഭിന്നമായ രാഷ്ട്രീയ വിയോജിപ്പുകളെ പരിവർത്തിപ്പിക്കേണ്ടതുണ്ട്. ദേശീയ ഐക്യം തെരെഞ്ഞെടുപ്പിലൂടെ മാത്രമല്ല, മറിച്ച് അതിനുശേഷമുള്ള ഏകീകൃത നേതൃത്വം, ജനകീയ പ്രതിരോധം, ഫലസ്ഥീനിന്റെ എല്ലാ രാഷ്ട്രീയ വ്യവസ്ഥിതിയിലുള്ള പങ്കാളിത്തം എന്നിവയിലൂടെ കൂടിയാണ് അത് രൂപപ്പെട്ടുവരിക.

ഐക്യം തെരെഞ്ഞെടുപ്പിലൂടെ മാത്രമല്ല സാധ്യമാകുന്നത്

ദേശീയ ഐക്യത്തിന്റെ പാത തെരെഞ്ഞെടുപ്പിൽ മാത്രം നിക്ഷിപ്തമല്ല. ഏകീകൃത നേതൃത്വം, ഫലസ്ഥീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നിവയും അതിന്റെ ഭാഗമാണ്. ഹനിയ പറയുന്നു: വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ രാഷ്ട്രീയാവകാശങ്ങൾ ഉൾപ്പെടെ ജനങ്ങൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് സാധ്യമായിട്ടുണ്ട്. ഈ നേട്ടങ്ങൾ സംരക്ഷിക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ചെടുത്തോളം അനിവാര്യമാണ്. അവ വീണ്ടും ദുർബലപ്പെടുത്താൻ ഞങ്ങൾ ഒരുക്കമല്ല. കാരണം, ഫലസ്ഥീൻ ജനതയുടെ അടിസ്ഥാന അവകാശങ്ങളിൽ പെട്ടാതണിതെല്ലാം, വിശിഷ്യാ വെസ്റ്റ് ബാങ്കിൽ.

തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനം നിലവിലെ ഫല്സഥീൻ സാഹചര്യത്തെ കൂടുതൽ കലഹത്തിലേക്ക് നയിക്കും എന്നാണ് ഹനിയയുടെ അഭിപ്രായം. അതൊരിക്കലും ഒരു ആഭ്യന്തര ഫലസ്ഥീൻ പ്രശ്നമാക്കി മാറ്റാൻ ഹമാസ് ആഗ്രഹിക്കുന്നില്ല, മറിച്ച് എല്ലാ ഫലസ്ഥീനികളുമായും സംഭാഷണവും ആശയവിനിമയവും നടത്താൻ തങ്ങൾ ആഗ്രഹിക്കുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്യുന്നു. ഈയൊരു ഘട്ടത്തെ എങ്ങനെ മറികടക്കാമെന്നും അടുത്തൊരു ഘട്ടത്തിൽ നമുക്കെങ്ങനെ മുന്നോട്ട് പോകാമെന്നും പഠിക്കാൻ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന സമഗ്രമായ ഒരു ദേശീയ മീറ്റിംഗിന് ഹനിയ ആഹ്വാനം ചെയ്യുന്നുണ്ട്. തെരെഞ്ഞെടുപ്പ് അതിന്റെ കൃത്യസമയത്ത് തന്നെ നടത്താനാകുമെന്ന്, വിശിഷ്യാ ഖുദ്സിൽ, ഞങ്ങളിപ്പോഴും വിശ്വാസിക്കുന്നുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പങ്കുവെക്കുന്നുമുണ്ട്.

തീക്കളി അവസാനിപ്പിക്കാറായിട്ടുണ്ട്

മസ്ജിദുൽ അഖ്സ ആക്രമിക്കുമെന്നുള്ള അധിനിവേശക്കാരുടെ ഭീഷണിയുടെ അടിസ്ഥാനത്തിൽ ഹനിയ പറയുന്നു: റമദാൻ ഇരുപത്തിയെട്ടിന് മസ്ജിദുൽ അഖ്സ തകർക്കുമെന്നാണ് സയണിസ്റ്റുകൾ വെല്ലുവിളിക്കുന്നത്. ഇൗ തീക്കളി അവസാനിപ്പിക്കാറായിട്ടുണ്ടെന്നാണ് നമുക്ക് അവരോട് പറയാനുള്ളത്. നിങ്ങളുടെ ഗൂഢാലോചന അംഗീകരിക്കാൻ സാധ്യമല്ലെന്ന് മാത്രമല്ല ഞങ്ങളുടെ ജനതയെ പോരാട്ടഭൂമിയിൽ ഉപേക്ഷിച്ച് കളയാനും ഞങ്ങൾ തയ്യാറല്ല. ഗാസ, വെസ്റ്റ് ബാങ്ക് തുടങ്ങി 1948ൽ ആരംഭിച്ച മറ്റു ഫലസ്ഥീൻ അധിനിവിശ്ട പ്രദേശത്തെയും നിവാസികളോടും പ്രവാസികളോടും ഞങ്ങൾക്ക് പറയാനുള്ളത്, ഇതിന്റെ ഉത്തരവാദിത്തമെല്ലാം ഏറ്റെടുക്കാൻ നിങ്ങളും ബാധ്യസ്ഥരാണ്. ഖുദ്സിനൊപ്പം നിൽക്കുകയും അതിന് വേണ്ടിയുള്ള പോരാട്ടത്തിൽ നമുക്ക് ഒന്നിച്ച് പോരാടി വിജയിക്കുകയും വേണം.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles