Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ എല്ലാ തുനീഷ്യക്കാര്‍ക്കും അനുഗ്രഹമായിത്തീരണം – നൂറുദ്ദീന്‍ ബുഹൈരി

(തുനീഷ്യന്‍ നീതിന്യായ വകുപ്പ് മന്ത്രി നൂറുദ്ദീന്‍ ബുഹൈരി അല്‍ മുസ്‌ലിം ലേഖകന്‍ അബ്ദുല്‍ ബാഖി ഖലീഫക്ക് നല്‍കിയ പ്രത്യേക അഭിമുഖം)

തുണീഷ്യയിലെ നീതിന്യായ വകുപ്പ് മന്ത്രി എന്ന നിലക്ക് ഈ ഉത്തരവാദിത്തത്തെ എങ്ങനെ വീക്ഷിക്കുന്നു?

– ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുകയാണെങ്കില്‍ നീതിയോടെ വിധികല്‍പിക്കണം എന്നാണ് അല്ലാഹു നമ്മോട് കല്‍പിച്ചിരിക്കുന്നത്. ‘ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്'(അല്‍ മാഇദ : 8) എന്നാണ് ഖുര്‍ആനിന്റെ ആഹ്വാനം. നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങളാണ് ഈ രണ്ട് സൂക്തങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും നീതി ലഭ്യമാകുക എന്നത് ഭരണകൂടത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ്. മത, വര്‍ഗ, വര്‍ണ ദേശ വ്യത്യാസമില്ലാതെ എല്ലാവരോടും സമത്വത്തോടെ പെരുമാറാന്‍ കഴിയണം. ന്യായാധിപന്റെ മുന്നില്‍ തങ്ങളുടെ പ്രശ്‌നം ഉന്നയിക്കാനും ന്യായം ബോധിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ‘നാഗരികതയുടെ അടിസ്ഥാനം നീതിയാണ്’ എന്നത് ഇബ്‌നു ഖല്‍ദൂന്റെ ശ്രദ്ദേയമായ പ്രസ്താവനയാണ്. നീതി സാക്ഷാല്‍ക്കരിക്കപ്പെടുകയാണെങ്കില്‍ അവിടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സംസ്‌കരണവും പുരോഗതിയും നവോഥാനവും കൈവരും. നീതി സാക്ഷാല്‍കൃതമാകുന്നില്ലെങ്കില്‍ അവിടെ നവോഥാനത്തിന്റെ എല്ലാ സാധ്യതകളും അടഞ്ഞുപോകും. അറബ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ കാണപ്പെടുന്ന ധാര്‍മികവും സാമ്പത്തികവുമായ അധപ്പതനത്തിനും സേഛ്വാധിപത്യത്തിനും പ്രധാന കാരണം ജനങ്ങള്‍ക്കിടയില്‍ നീതിയും സമത്വവും സ്ഥാപിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതാണ്.

മുന്‍ഗാമികളെ പോലെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന നിങ്ങളും തെരഞ്ഞെടുപ്പൊന്നും കൂടാതെ വര്‍ഷങ്ങളോളം ഇതില്‍ തന്നെ തുടരുമെന്ന വിമര്‍ശനത്തെ കുറിച്ച്?
– ഞങ്ങള്‍ അധികാര മോഹികളല്ല, ഭരണത്തിന് വേണ്ടി ഭരിക്കുക എന്നത് ഞങ്ങളുടെ അജണ്ടയുമല്ല. തുണീഷ്യയെ ഒരു പുതിയ അടിത്തറയില്‍ രൂപപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പരിശ്രമം. രാഷ്്ട്രീയമായ അധികാരം അതിന് അത്യന്താപേക്ഷിതമാണ്. ഇത് ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ മാത്രം പരിശ്രമം മൂലം സാധ്യമാകുന്നതല്ല. മുഴുവന്‍ തുനീഷ്യക്കാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയുളളൂ.

മുന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി പള്ളിയുടെ നിയമം നടപ്പിലാക്കണമെന്നും മറ്റും ആവശ്യപ്പെടുന്നവരുണ്ട്. ഏത് രീതിയിലുള്ള നിയമങ്ങളാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്?
– ഒരു നിയമവും ആരുടെ മേലിലും അടിച്ചേല്‍പിക്കുകയില്ല. മറിച്ച് ബോധവല്‍ക്കരണമാണ് നടത്തുക. ഈ നാട് എല്ലാ തുനീഷ്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. ജനാധിപത്യ പരിഷ്‌കരണങ്ങളിലൂടെ എല്ലാവരുടെയും നന്മയാണ് നാം ഉദ്ദേശിക്കുന്നത്. ഏതു രീതിയിലാകണമെന്നതിനെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളുണ്ടാകും. ഈ അഭിപ്രായ വ്യത്യാസങ്ങളും വൈവിധ്യങ്ങളും നമ്മുടെ പുരോഗതിയുടെ അടിസ്ഥാന ബിന്ദുവാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരെയും ഒരൊറ്റ സമൂഹമാക്കുമായിരുന്നു എന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ജനങ്ങള്‍ക്കിടയിലെ വൈവിധ്യങ്ങളെ ഇസ്‌ലാം ഉള്‍ക്കൊള്ളുകയാണ് ചെയ്തത്. എല്ലാം പരിശോധിച്ച് ജനങ്ങള്‍ക്ക് കൂടുതള്‍ പ്രയോജനപ്പെടുന്ന രീതിയിലുള്ള ഇടപെടലുകളാണ് ഉണ്ടാകുക. നാം മനുഷ്യരാണ്. നമ്മുടെ അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ തെറ്റാകാനും ശരിയാകാനും സാധ്യതകളുണ്ട്. അതിനാല്‍ തന്നെ ചിലരുടെ അഭിപ്രായം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതിന് ന്യായീകരണമൊന്നുമില്ല. ജനങ്ങളുടെ ഉപദേശ നിര്‍ദ്ദേശങ്ങളും നിരൂപണങ്ങളും നമുക്കാവശ്യമുണ്ട്. നമ്മെ അവര്‍ ശക്തമായി നിരൂപണം ചെയ്യുന്നത് രാഷ്ട്രത്തിന്റെ സേവനത്തിന്റെ ഭാഗമാണ്. ഖലീഫ ഉമര്‍ (റ) പറഞ്ഞതു പോലെ ‘നിങ്ങള്‍ അത് പറഞ്ഞില്ലെങ്കില്‍ നിങ്ങളില്‍ ഒരു നന്മയുമില്ല, ഞങ്ങള്‍ അത് ശ്രദ്ധാപൂര്‍വം കേട്ടില്ലെങ്കില്‍ ഞങ്ങളില്‍ ഒരു നന്മയുമില്ല’ എന്നതാണ് ഇസ്‌ലാമിക അടിസ്ഥാനം.

ഒരു പ്രത്യേക ജനവിഭാഗത്തിനെതിരെ ഭരണകൂടം പരുഷമായ നടപടികള്‍ സ്വീകരിക്കുന്നു എന്ന ആക്ഷേപത്തെ എങ്ങനെ വിലയിരുത്തുന്നു?
– ചിലരുടെ അഭിപ്രായത്തില്‍ ഭരണകൂടം വളരെ സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. നമുക്ക് അവരോട് പറയാനുള്ളത്, അതിന് വേണ്ടിയാണ് ഞങ്ങള്‍ ഭരണത്തില്‍ വന്നത്, അല്ലാതെ ബിന്‍ അലി ജനങ്ങളോട് പെരുമാറിയത് പോലെ ക്രൂരമായി പെരുമാറാനല്ല. മതേതരരും സലഫികളും ബിന്‍അലിയുടെ പക്ഷക്കാരുമായ എല്ലാവരോടും സംവാദത്തിന്റെ ശൈലി സ്വീകരിക്കാനാണ് നാം ഉദ്ദേശിക്കുന്നത്. ഒരു വിഭാഗത്തോടും അക്രമം പ്രവര്‍ത്തിക്കുക ഞങ്ങളുടെ ലക്ഷ്യമല്ല, കാരണം എല്ലാ അക്രമങ്ങളും നാളെ പരലോകത്ത് അന്ധകാരങ്ങളായി നമുക്ക് അനുഭവപ്പെടും എന്നാണ് ഇസ്‌ലാമിക അധ്യാപനം. ഒരാളോടുള്ള വിട്ടുവീഴ്ചയില്‍ തെറ്റുപറ്റുന്നതിനേക്കാള്‍ ഗുരുതരമാണ് ശിക്ഷാനടപടിയില്‍ വീഴ്ച സംഭവിക്കുക എന്നത്. എന്നാല്‍ പൊതു നിയമങ്ങള്‍ ലംഘിക്കുന്നവര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും സുരക്ഷക്കും ജീവനും അഭിമാനത്തിനുമാണ് ക്ഷതം വരുത്തുന്നത് എന്ന് നാം തിരിച്ചറിയണം. അതിനാല്‍ അത്തരം പ്രവണതകളെ നാം പ്രതിരോധിക്കുക തന്നെ ചെയ്യും.

തുനീഷ്യയെ ഏത് ദിശയിലേക്ക് നയിക്കാനാണ് ഉദ്ദേശിക്കുന്നത്?
– രക്തരൂക്ഷിതമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുവന്നത്. ഇത്തരം അരാചകത്വങ്ങളില്ലാത്ത നിയമവ്യവസ്ഥകളുള്ള ഒരു ഘട്ടത്തിലേക്കാണ് നാം സഞ്ചരിക്കുന്നത്. ഈ ഘട്ടത്തില്‍ രക്തപ്പുഴ ഒഴുകുകയില്ല. പരസ്പര ധാരണയോടും വിട്ടുവീഴ്ചയോടുമാണ് മുന്നോട്ട് പോകുക, വിപ്ലവത്തിനൊരുങ്ങിയ ജനതയുടെ അഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തുണീഷ്യന്‍ വിപ്ലവം അത്യത്ഭുതകരവും വിജയകരമായ വിപ്ലവങ്ങള്‍ക്കുള്ള മാതൃകയുമായിരുന്നു. ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും കൈവരുകയും ജീവിതത്തിന് സുരക്ഷ ലഭ്യമാകുന്ന ഒരു തുണീഷ്യയെയാണ് ഞങ്ങള്‍ സ്വപ്‌നം കാണുന്നത്. തുണീഷ്യയിലേക്ക് ബിന്‍ അലി മടങ്ങുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അഭിമാനത്തിനും സമ്പത്തിനും എല്ലാം ഇവിടെ സുരക്ഷ നല്‍കപ്പെടുന്നതാണ്. തുണീഷ്യ എല്ലാ തുണീഷ്യന്‍ നിവാസികള്‍ക്കും അനുഗ്രഹമായിത്തീരണം എന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. തലമുറകള്‍ക്ക് നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു പുതിയ തുനീഷ്യയെ രൂപപ്പെടുത്തുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles