Current Date

Search
Close this search box.
Search
Close this search box.

മുര്‍സി ഭരണകൂടത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍

മുഹമ്മദ് മുര്‍സിയെ അട്ടിമറിയിലൂടെ പുറത്താക്കിയപ്പോള്‍ നിലവില്‍ വന്ന അട്ടിമറി ഭരണകൂടം സാമ്പത്തിക വിദഗ്ദന്‍മാരടങ്ങുന്ന നല്ല ഒരു ടീം ആണെന്ന് പൊതുവെ പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല, പ്രധാനമന്ത്രി ഹാസിം അല്‍ ബബ്‌ലാവി തന്നെ സാമ്പത്തിക രംഗത്ത് നല്ല വൈദഗ്ദ്യം നേടിയ വ്യക്തിയും അക്കാദമികവും പ്രായോഗികവുമായി കഴിവുതെളിയിച്ചതുമായ വ്യക്തിത്വവുമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ ഹിഷാം ഖിന്‍ദീല്‍ മുന്നോട്ട് വെച്ച അതേ സാമ്പത്തിക നയങ്ങളുമായാണ് നിലവിലെ ഭരണകൂടം മുന്നോട്ടുപോകുന്നത് എന്നു കാണുമ്പോള്‍ അത് നമ്മെ അത്ഭുതപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ പിന്നെ എന്തിനാണ് ഇത്തരത്തില്‍ ഒരു അട്ടിമറി നടത്തിയത്? ., സാമ്പത്തിക വിദഗ്ദരടങ്ങുന്ന പുതിയ ഭരണകൂടത്തിന്റെ കാഴ്ചപ്പാടുകള്‍ എവിടെ പോയി? ….

പരാജയത്തിന്റെ നിദാനങ്ങള്‍ :
സാമ്പത്തിക രംഗത്ത് നിലവിലെ അട്ടിമറി ഭരണകൂടം തീര്‍ത്തും നിഷേധാത്മമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ജനജീവിതം പരിശോധിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളും സുരക്ഷാ സന്നാഹങ്ങളും കഴിഞ്ഞ ദശകങ്ങളില്‍ ഈജിപ്ത് സഞ്ചരിച്ച അതേ ദുര്‍ഗതിയിലേക്ക് തന്നെയാണ് സാമ്പത്തിക രംഗത്തെ നയിക്കുന്നത്. അട്ടിമറി ഭരണകൂടത്തിന്റെ പ്രധാന പരാജയങ്ങള്‍ നമുക്ക് പരിശോധിക്കാം.

ഭീഷണി നേരിടുന്ന ഈജിപ്തിലെ നിക്ഷേപ സാഹചര്യം
ഇന്‍വെസ്റ്റ് രംഗത്ത് വിദേശീയരെ ആകര്‍ഷിക്കണമെന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഈജിപ്ത് സ്വപ്‌നം കണ്ടിരിക്കുകയായിരുന്നു. എന്നാല്‍ രാഷ്ട്രത്തെ കലാപകലുഷിതമായ അവസ്ഥ അതിന് മുഖ്യതടസ്സമായി നിലകൊണ്ടു. എന്നാല്‍ ഏകാധിപതികളെ തൂത്തെറിഞ്ഞു ജനുവരി 25-ന് ജനകീയ വിപ്ലവം അരങ്ങേറിയപ്പോള്‍ ഈജിപ്തില്‍ പ്രാദേശികവും വൈദേശികവുമായ ശക്തികള്‍ ഇന്‍വെസ്റ്റ്‌മെന്റിലൂടെ സാമ്പത്തിക രംഗത്ത് വലിയ ഉണര്‍വേകുകയുണ്ടായി.
പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ഹിഷാം ഖിന്‍ദീലിന്റെ മന്ത്രിസഭ ഈജിപ്തില്‍ പുതിയപ്രൊജക്ടുകള്‍ ആരംഭിക്കുന്നതിനായി വിദേശ പ്രതിനിധി സംഘങ്ങളുമായി നിരവധി ചര്‍ച്ചകളിലേര്‍പ്പെട്ടു. മുഹമ്മദ് മുര്‍സിയുടെ ചൈന സന്ദര്‍ശനം കഴിഞ്ഞയുടന്‍ ഈജിപ്ത് സന്ദര്‍ശിച്ച അമേരിക്കന്‍ ബിസിനസ് സംഘം സാമ്പത്തികവും കച്ചവടപരവുമായ മേഖലയില്‍ രണ്ടുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ചരിത്രപരമായ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു. ഇതിനു പുറമെ ചൈന, ദക്ഷിണ കൊറിയ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള സംരംഭകരെയും ഈജിപ്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു.

എന്നാല്‍ 2013 ജൂലൈ 3ന് അട്ടിമറി നടന്നതോടെ എല്ലാവരും തങ്ങളുടെ നിക്ഷേപത്തെ കുറിച്ച് വീണ്ടുവിചാരം തുടങ്ങി. അവരുടെ നിക്ഷേപം അന്താരാഷ്ട്ര നാണയനിധിയിയിലേക്ക് മാറ്റാന്‍ കഴിയും. ഇടക്കാല ഭരണകൂടമായതിനാല്‍ ഐ എം എഫ് ഇടപാടുകളിലേര്‍പ്പെടുകയുമില്ല. കലാപം വ്യാപിച്ചതോടെ അഴിമതിയും ദുര്‍വ്യയവുമെല്ലാം സാമ്പത്തിക രംഗത്ത് വലിയ ക്ഷീണം വരുത്തുകയുണ്ടായി. അസ്ഥിരത സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കാരണം തദ്ദേശീയരും വൈദേശീയരുമായ നിക്ഷേപര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി തീര്‍ക്കുന്നു.

നാണയപ്പെരുപ്പവും വിലക്കയറ്റവും
നാണയപ്പെരുപ്പവും വര്‍ധിച്ചതോതിലുള്ള വിലക്കയററവും ഈജിപ്ഷ്യന്‍ മാര്‍ക്കറ്റിനെ പിടിച്ചുലക്കുകയാണ്. ഇതുതന്നെ ഒരു വിഭാഗം ഈജിപ്ഷ്യന്‍ ജനതയെ മുര്‍സി അനുകൂല ദേശീയ സഖ്യത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയുണ്ടായി. ഈജിപ്ഷ്യരുടെ മുഖ്യആഹാരത്തിന് തന്നെ ഇന്ന് തീവിലയാണ്. അത് ഒരു കിലോഗ്രാമിന് ഏകദേശം ഒരു ഡോളറിനടുത്ത് വിലവരും. ഇതുതന്നെയാണ് മറ്റുചരക്കുകളുടെയും അവസ്ഥ. മാര്‍ക്കറ്റ് വില നിയന്ത്രിക്കാനുള്ള യാതൊരു ക്രിയാത്മക നിലപാടും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് കാരണം വിതരണക്കാരും വാഹനങ്ങളും അനിയന്ത്രിതമായി വിലകൂട്ടുകയാണ് ചെയ്യുന്നത്.
സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് മൊബിലൈസേഷന്‍ ആന്റ് സ്റ്റാറ്റിറ്റിക്‌സിന്റെ റിപ്പോര്‍ട്ടനുസരിച്ച് അട്ടിമറി ഭരണകൂടം വന്നതിനു ശേഷമുള്ള ഒരു മാസം മുര്‍സി അധികാരത്തിലുള്ള മാസത്തേക്കാള്‍ 11.5 %പണപ്പെരുപ്പമുണ്ടായിട്ടുണ്ട്. മുഹമ്മദ് മുര്‍സിയുടെ കാലത്തുള്ളതിന്റെ ഇരട്ടിയാണ് ഈജിപ്തിലെ നിലവിലെ പണപ്പെരുപ്പത്തിന്റെ അവസ്ഥ.

ടൂറിസത്തിന്റെ തകര്‍ച്ച
ഈജിപ്തിലെ ടൂറിസം ആക്ടിവിറ്റീസിന്റെ 70%വരുന്ന യൂറോപ്പിലെ ടൂറിസ്റ്റുകള്‍ തങ്ങളുടെ പാക്കേജുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സൈനിക ഭരണകൂടം നടത്തിവരുന്ന അടിച്ചമര്‍ത്തലുകള്‍ ടൂറിസം മേഖലക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പത്തു മുതല്‍ ഇരുപത് ശതമാനം വരെയാണ് ഹോട്ടലുകള്‍ക്ക് ലഭിക്കുന്ന വരുമാനങ്ങള്‍. വരുന്ന ശൈത്യകാലത്ത് ഈജിപ്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ഈജിപ്ഷ്യന്‍ നൈറ്റ് പാക്കേജും പരാജയത്തിലാണ്. ജര്‍മനിയിലെയും ഇറ്റലിയിലെയും ടൂറിസ്റ്റ് കമ്പനികള്‍ ഈജിപ്തിലേക്കുള്ള യാത്ര റദ്ദാക്കി മറ്റു രാഷ്ട്രങ്ങളിലേക്ക് ടൂറിസ്റ്റുകളെ അയച്ചുകൊണ്ടിരിക്കുന്നു.

മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്തെ സാമ്പത്തിക ഉണര്‍വിനെ പറ്റി രാഷ്ട്രത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ വിസ്മരിച്ചതില്‍ അത്ഭുതമില്ല. ടൂറിസത്തിന്റെയും കയററുമതിയുടെയുമെല്ലാം തോതനുസരിച്ചാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. കര്‍ഷകരുടെ ഭീമമായ കടം എഴുതിത്തള്ളിയത്, സബ്‌സിഡി ലഭ്യമാകാനുള്ള കാര്‍ഡുകള്‍ നല്‍കിയത്, തുടങ്ങിയ പരിഷ്‌കാരങ്ങളോടൊപ്പമാണ് ഇതെല്ലാം സാധ്യമായത്. ഇതിന്റെ മുമ്പില്‍ അട്ടിമറി ഭരണകൂടവും ഭരണകൂട മാധ്യമങ്ങളും പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്.

ടൂറിസം മുര്‍സിയുടെ ഭരണത്തില്‍
മുഹമ്മദ് മുര്‍സി ഭരിച്ച ഒരു വര്‍ഷത്തിനിടയില്‍ ടൂറിസം മേഖലയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 16.5% വളര്‍ച്ചയുണ്ടായതായി ഈജിപ്ഷ്യന്‍ പത്രങ്ങളായ മിസരി അല്‍ യൗം, അല്‍ വതന്‍ തുടങ്ങിയ പത്രങ്ങള്‍ ആഗസ്‌ററ് 19,20 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇത് സവിസ്തരം വ്യക്തമാക്കുന്നുണ്ട്. സെന്‍ട്രല്‍ ഏജന്‍സി ഓഫ് പബ്ലിക് മൊബിലൈസേഷന്‍ ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് എന്ന ഔദ്യോഗിക സംവിധാനത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പത്രങ്ങള്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മുഹമ്മദ് മുര്‍സിയുടെ കാലയളവില്‍ ടൂറിസം മേഖലയില്‍ ഈജിപ്തിന് വലിയ വളര്‍ച്ചായണ് സാധ്യമായത്. മുബാറക് ഭക്തന്മാരായ പത്രങ്ങളും മാധ്യമങ്ങളും ഇസ് ലാമിക ശക്തികള്‍ ടൂറിസ്റ്റുകളുടെ മേലില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ട് ടൂറിസം മേഖലയെ തകര്‍ക്കുന്നു എന്ന പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തുന്നതിനിടയിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് നാം മനസ്സിലാക്കണം.

കയറ്റുമതി വര്‍ധിച്ചു
ജൂലൈ 21ന് അല്‍ മിസരി അല്‍യൗം പത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പെട്രാളിയം ഒഴികെയുള്ള കയറ്റുമതി മേഖലയില്‍ 21% വളര്‍ച്ചയാണ് മുര്‍സി ഭരണത്തില്‍ ഈജിപ്തിലുണ്ടായിട്ടുണ്ട്. അത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ 17% വര്‍ധനവാണുള്ളത്. ആഗസ്റ്റ് 15-ന് അല്‍അഹ്‌റാം പുറത്തുവിട്ട വാണിജ്യ വ്യാപാര മന്ത്രാലയത്തിന്റെ കണക്കിലും ഈ വര്‍ധനവ് കാണാവുന്നതാണ്. അതേ സമയം ഈ വര്‍ധനവ് മുര്‍സിയുടെ ഭരണനേട്ടങ്ങളാണെന്നത് പത്രങ്ങളെല്ലാം ബോധപൂര്‍വം മറച്ചുവെക്കുകയും ചെയ്തു.

കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍
തെരഞ്ഞെടുപ്പ് പത്രികയില്‍ അധികാരത്തിലേറിയാല്‍ കടം വീട്ടാന്‍ പ്രയാസപ്പെടുന്ന കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് മുര്‍സി വാഗ്ദാനം നല്‍കിയിരുന്നു. അധികാരത്തിലേറിയപ്പോള്‍ പതിനായിരം പൗണ്ടില്‍ താഴെ  കടബാധ്യതയുള്ള 45000 കര്‍ഷകര്‍ക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നും തങ്ങളുടെ കടം മുര്‍സി ഭരണകൂടം എഴുതിത്തള്ളുകയുണ്ടായി.

സ്മാര്‍ട്ട് കാര്‍ഡ് സിസ്റ്റം
ഹിഷാം ഖിന്ദീലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സബ്‌സിഡികള്‍ യുക്തിപരമായി വിതരണം ചെയ്യാനുള്ള സ്മാര്‍ട്ട് കാര്‍ഡ് സിസ്റ്റം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഐ എം എഫിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയും എണ്ണവില വര്‍ധനവിനുള്ള പദ്ധതിയാണിതെന്ന് നിരവധി ആരോപണങ്ങളുയര്‍ത്തിയ സന്ദര്‍ഭത്തിലാണ് ഇത് പ്രായോഗിക വല്‍കരിച്ചത്.

ഈജിപ്തിലെ സാമ്പത്തിക രംഗത്തെ എല്ലാ പ്രശ്‌നങ്ങളും മുര്‍സിയുടെ ഗവണ്‍മെന്റ് പരിഹരിച്ചു എന്ന് നമുക്ക് പറയാന്‍ സാധിക്കുകയില്ല. പക്ഷെ സാമൂഹിക നീതിയിലധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചു നല്ലചില ചുവടുവെപ്പുകളില്‍ ദീര്‍ഘവീക്ഷണത്തോടെ മുര്‍സി ഭരണകൂടം ഏര്‍പ്പെടുകയുണ്ടായി എന്നതില്‍ സംശയമില്ല. ഈജിപ്ഷ്യന്‍ മാധ്യമങ്ങളും അട്ടിമറി ഭരണകൂടവും മുഹമ്മദ് മുര്‍സി അനുയായികളോടും മുര്‍സിയോടും തന്നെ കടുത്ത അനീതിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നാം ചില യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കാനിടവരരുതെന്ന ബോധ്യമാണ് ഈ ലേഖനത്തിലൂടെ പ്രകാശിപ്പിക്കാന്‍ ആഗ്രഹിച്ചത്. വൈജ്ഞാനികമായ അന്വേഷണത്തില്‍ നിന്നും മുര്‍സിയുടെ ഭരണകാലത്ത് ഈജിപ്തില്‍ സാമ്പത്തിക അഭിവൃദ്ധിയാണ് കൈവരിച്ചത് എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
അവലംബം : അല്‍ജസീറ . നെറ്റ്
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles