Current Date

Search
Close this search box.
Search
Close this search box.

ഹിറ്റ്‌ലര്‍ ഇന്ത്യയിലേക്ക് വരുന്ന വഴി

ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയായിരുന്നു ഹിറ്റ്‌ലര്‍. ഇടുങ്ങിയ ദേശീയബോധത്തിന്റെ വക്താവായ ഹിറ്റ്‌ലറുടെ സ്വപ്നം ആര്യവംശത്തിന്റെ ലോകാധിപത്യമായിരുന്നു. ആര്യാധിപത്യം സ്ഥാപിക്കാന്‍ അധമവംശങ്ങളെന്ന് താന്‍ കരുതിയവയെല്ലാം ഉന്മൂലനം ചെയ്യുക എന്ന വഴിയാണ് ഹിറ്റ്‌ലറെന്ന ഫാഷിസ്റ്റ് കണ്ടെത്തിയത്. പുതുനൂറ്റാണ്ടില്‍ ഫാഷിസത്തിന്റെ ഏറ്റവും പ്രമുഖമായ കര്‍മഭൂമി ഇന്ത്യയാണ്. ഹിറ്റ്‌ലര്‍ മുന്നോട്ട് വെച്ച കര്‍മരേഖ തന്നെയാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകളും പിന്തുടരുന്നതെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാകും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പിലാക്കിയ ഫാഷിസം ഇന്ത്യയില്‍ ആധ്യപത്യം നേടുന്നതെങ്ങനെയെന്ന് അന്തരിച്ച ഇടുതപക്ഷ ചിന്തകന്‍ എം.എന്‍ വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു :

നിങ്ങള്‍ക്ക് ജീവിക്കാനുള്ള ക്രൂരമായ, പ്രാകൃതമായ ഒരു വഴി നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയാണെന്നാണ് അന്നും ഇന്നും ഫാഷിസ്റ്റ് വിശ്വസിക്കുന്നത്. വെറുക്കുക, കൊല്ലുക എന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞത്. വെറുക്കുക, കൊല്ലുക എന്നതുതന്നെയാണ് ഇന്ത്യന്‍ ഫാഷിസ്റ്റും പറയുന്നത്.

ഹിറ്റ്‌ലര്‍, അക്കാലത്ത് ജനങ്ങളെ ഏറ്റവും ആകര്‍ഷിച്ച പ്രസംഗകനായിരുന്നു. ഹിറ്റ്‌ലരുടെ പ്രസംഗം കേള്‍ക്കുവാന്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടുമായിരുന്നു. സൂപ്പര്‍മാനായ ഒരു നേതാവുണ്ടാകുമ്പോള്‍ അയാള്‍ക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും തയ്യാറാവുന്ന ഒരു ആള്‍ക്കൂട്ടം ഉണ്ടായിത്തീരും. തന്റെ ജീവന്‍ നല്‍കി റാണി ഈച്ചയെ സംരക്ഷിക്കുന്ന തേനീച്ചകളെപ്പോലെ. ഇങ്ങനെ ഹിറ്റ്‌ലറെ ഹീറോ ആക്കി മാറ്റാനും ഫാഷിസ്റ്റ് ആശയ പ്രചാരണത്തിനും വേണ്ടി ഒരു മന്ത്രി തന്നെയുണ്ടായിരുന്നു, ഗീബല്‍സ്.*

പ്രസംഗം പോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊരു മാര്‍ഗം വികസനമാണ്. പഴയ വികസനത്തിന് സാമ്രാജ്യത്വം എന്നാണു പറയുക. ഒരു രാജ്യം ഏറ്റെടുത്തിട്ട്, ആ രാജ്യം ഏറ്റെടുത്ത വലുപ്പത്തില്‍ രാജാവ് മരിച്ചു പോയാല്‍ അദ്ദേഹത്തെ നല്ല രാജാവ് എന്നാരും പറഞ്ഞിരുന്നില്ല. തന്റെ രാജ്യത്തിന്റെ വലുപ്പം കൂട്ടിക്കൊണ്ടേയിരിക്കണം എന്നു ചുരുക്കം. ഇങ്ങനെ കുന്നുകൂട്ടുന്നതിനെ, വെട്ടിപ്പിടിക്കുന്നതിനെ വിപുലീകരണം (Expansionism) എന്ന് പറയുന്നു. ഇന്ന് രാഷ്ട്രീയമായ വെട്ടിപ്പിടിത്തമില്ല, വാണിജ്യപരമായ വെട്ടിപ്പിടിത്തമാണ്.

‘ജര്‍മ്മനി അതിന്റെ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി സെമിറ്റിക് വംശങ്ങളെ -ജൂതന്മാരെ – ഉച്ഛാടനം ചെയ്തുകൊണ്ടു ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയില്‍ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. അടിവേരോളം ഭിന്നതകളുള്ള മതങ്ങളേയും സംസ്‌കാരങ്ങളേയും ഒരു ഐക്യപൂര്‍ണിമയില്‍ ഏകീഭവിപ്പിക്കുക എത്രകണ്ട് അസാധ്യമാണെന്നു ജര്‍മനി കാണിച്ചു തന്നിരിക്കുന്നു. അത് ഹിന്ദുസ്ഥാനിലെ നമുക്ക് പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്’ എന്ന് ഗോള്‍വാള്‍ക്കര്‍ എഴുതിയിട്ടുണ്ട്.

സംശയിക്കരുത് എന്നത് ഫാഷിസത്തിന്റെ മുഖ്യമായ മുദ്രാവാക്യമാണ്. ന്യൂനപക്ഷങ്ങള്‍ തങ്ങളെ സ്വന്തം പാര്‍ട്ടിയായി കാണണമെന്നും ഇന്ത്യയിലെ മുസ്‌ലിമിനും ക്രിസ്ത്യാനിക്കും തങ്ങളാണ് യഥാര്‍ഥ അഭയമെന്നും പറയുന്നത് ഏതാനും വോട്ടിനുവേണ്ടി മാത്രമാണെന്നു കരുതിപ്പോകരുത്. തങ്ങളെ സംശയിക്കരുതെന്നും തങ്ങളെ ഉപാധികളില്ലാതെ, സന്ദേഹങ്ങളില്ലാതെ സ്വീകരിക്കണമെന്നുമുള്ള ഉത്തരവു തന്നെയാണത്. തെരഞ്ഞെടുപ്പുകളുടെ കാലത്ത് അതു വളരെ സ്വീകാര്യമായ, സൗമ്യമായ ഭാഷയിലാണു പറയുക. നമ്മളതു സ്വീകരിക്കുകയും മൂന്നില്‍ രണ്ട് എന്നൊക്കെപ്പറയുന്ന ഭൂരിപക്ഷക്കണക്കുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്താല്‍ പിന്നെ അപേക്ഷകള്‍ ആജ്ഞകളായി മാറും.

ഗുജറാത്ത് ഒരു പരീക്ഷണമാണെന്നും അത് ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനുള്ളതാണെന്നും ഇന്ത്യന്‍ ഫാഷിസ്റ്റ് പറയുമ്പോള്‍, അത് വെറുമൊരു വീരവാദമായി തള്ളിക്കളയേണ്ട. ഭയത്തെ നിങ്ങളുടെ തലക്കുമുകളില്‍ ഒരൊറ്റ നൂലില്‍ കെട്ടിനിര്‍ത്തുകയാണവര്‍. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ആഹ്ലാദം ഒരനുഷ്ഠാനമാക്കി, ഓരോ ഡിസംബര്‍ ആറിനും വിജയദിവസമാഘോഷിക്കുന്നതും കേവലമായ ആഹ്ലാദത്തിനല്ല. അതു നിങ്ങളെ പേടിപ്പിക്കാനാണ്.

എതിരാളിയില്‍ ഭയം ജനിപ്പിച്ച് കീഴടക്കുക എന്നത് ഒരു ഫാഷിസ്റ്റ് തന്ത്രമാണ്. പേടിയുണ്ടാകുമ്പോള്‍ നമ്മള്‍ പതുക്കെ നടക്കും. സൗമ്യമായ ഭാഷയില്‍ സംസാരിക്കും. നാളെ ഞാന്‍ എന്റെ താടിയും കൃതാവുകളും എടുത്തുമാറ്റും. ഞാന്‍ വിപ്ലവമൊന്നും സംസാരിക്കാതിരിക്കും. അതായത് നിങ്ങളുടെ പിന്നില്‍ ഒരു പോലീസുകാരനെ നടത്താതെതന്നെ ഒരു പോലീസുകാരനെ നടത്താന്‍ കഴിയും.

* ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 5827 പൊതുയോഗങ്ങളിലാണ് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തത്. മൂന്നുലക്ഷത്തില്‍പരം കിലോമീറ്റര്‍ അദ്ദേഹം യാത്ര ചെയ്തു. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ 437 റാലികള്‍ നടത്തി.

കടപ്പാട് : ‘പാപ്പിയോണ്‍’ പ്രസിദ്ധീകരിച്ച ഹിറ്റ്‌ലറുടെ ആത്മകഥയായ ‘മെയിന്‍ കാഫി’ന്റെ തുടക്കത്തില്‍ ചേര്‍ത്ത എം.എന്‍ വിജയന്റെ ലേഖനത്തില്‍ നിന്നും എടുത്തതാണ് മേല്‍ പറഞ്ഞ വരികള്‍.

Related Articles