Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ ബുദ്ധി ഉപയോഗിച്ചാണ് നാം തോക്കെടുക്കുന്നത്

ശക്തി സംഭരിക്കുക എന്നത് ഉല്‍കൃഷ്ട ഗുണങ്ങളില്‍ പെട്ടതും ഇസ്‌ലാം വിശ്വാസികളില്‍ നിന്ന് ആവശ്യപ്പെടുന്ന ഒന്നുമാണ്. പക്ഷെ,  അത് സത്യത്തിന്റെ മാര്‍ഗത്തിലുള്ള പ്രതിരോധത്തിനും മര്‍ദ്ധിതനെ സഹായിക്കാനും വേണ്ടിയായിരിക്കണം. വിശ്വാസത്തിന്റെ സമഗ്ര തലങ്ങളായ ധാര്‍മികവും മാനുഷികവും ആത്മീയവുമായ ഉയര്‍ച്ച ലക്ഷ്യം വെക്കുന്ന വ്യക്തിയിലേ അതുണ്ടാകൂ. എന്നാല്‍ മനുഷ്യത്വം നഷ്ടപ്പെട്ടാല്‍ കാരുണ്യം മനസ്സാക്ഷി തടുങ്ങിയ ബോധങ്ങള്‍ അവനില്‍ നിന്ന്് നഷ്ടപ്പെടുകയും തിന്മക്കും നാശത്തിനും ആപത്തുകള്‍ക്കുമുള്ള ആയുധമായി അത് മാറുകയും ചെയ്യും. തീ പോലെ അതുപയോഗിച്ച് ഒരു വീട് വേണമെങ്കില്‍ കരിച്ചുകളയാം. അതോടൊപ്പം ആവശ്യമായ ഭക്ഷണം പാകം ചെയ്യുകയും ചെയ്യാം. അപ്രകാരം തന്നെയാണ് ശക്തിയുടെ എല്ലാ മാധ്യമങ്ങളും. വിമാനം ഉപയോഗിച്ച് നീ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിനക്ക് പറന്നെത്താം : ‘ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു'(നഹല്‍ 7). മറിച്ച് നിരപരാധിയായ ജനങ്ങളെയും കൃഷിയെയും ബോംബെറിഞ്ഞു നശിപ്പിക്കാനും ഇതുപയോഗിക്കാം. ഈ ഖരവസ്തുക്കള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ യാതൊരു കുറ്റവുമുണ്ടാകില്ല, കാരണം മനുഷ്യന്‍ അവന്റെ ഇഛക്കനുസൃതമായി ഇവയെ കീഴ്‌പെടുത്തുകയായിരുന്നു. അതിനെ നന്മക്കു വേണ്ടിയായിരിക്കും കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ മനുഷ്യന്‍ അവന്റെ തെറ്റായ സമീപനങ്ങളുടെയും ശിക്ഷണങ്ങളുടെയും ഫലമായി തെറ്റായ രീതിയിലേക്ക് അതിന്റെ ഉപയോഗത്തെ മാറ്റുകയാണ് ചെയ്യുന്നത്.

മനുഷ്യ നാഗരികതയുടെ പുരോഗതിക്കനുസരിച്ച് വിജ്ഞാനത്തിന്റെയും കണ്ടു പിടുത്തങ്ങളുടെയും കാര്യത്തില്‍ നാം വളരെ വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. നാഗരികവും സാംസ്‌കാരികവുമായി അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു. എന്നാല്‍ സാങ്കേതിക വളര്‍ച്ചയുടെയും നൂതനമായ കണ്ടുപിടുത്തങ്ങളുടെയും ഫലങ്ങള്‍ ധാര്‍മികവും ആത്മീയവുമായ അധപ്പതനത്തിന്റെ ഫലമായി നാശോന്മുഖമായിട്ടാണ് ഇന്ന് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പൂര്‍വീക ചരിത്രത്തിലെ ഇത്തരം ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് കാണാം. ‘അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട.് തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം. താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും. നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍. അതിനാല്‍ നിന്റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്’. (ഫജര്‍ 7-14)

പശ്ചാത്യന്‍ നാഗരികതയുടെ ഇത്തരം ദുരവസ്ഥയെ കുറിച്ച് നിരവധി ഗവേഷകന്മാര്‍ നിരീക്ഷണം നടത്തുകയും അതിനെ കുറിച്ച് ജാഗ്രത നല്‍കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രൊഫസര്‍ ജോദ് എഴുതുന്നു :’പ്രകൃതി വിജ്ഞാനങ്ങളിലൂടെ അത്യധികം ശക്തിയുള്ള അപൂര്‍വമായ ഉപകരണങ്ങള്‍ നാം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, നാം അതിനെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് കുട്ടികളുടെയും വന്യമൃഗങ്ങളുടെയും ബുദ്ധിഉപയോഗിച്ചുകൊണ്ടാണ്’. അദ്ദേഹം തുടരുന്നു .’വൈജ്ഞാനികമായ നമ്മുടെ അത്ഭുതകരമായ പുരോഗതിയും സാമൂഹികമായ മേഖലയിലെ ലജ്ജാവഹമായ അധോഗതിയും തമ്മിലുള്ള അന്തരം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും കീഴടക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ദരിദ്രരായ നമ്മുടെ അയല്‍വാസികളെ കുറിച്ച് അറിയാനും അവരുടെ ജീവിതത്തിലേക്കെത്തിനോക്കാനും നമുക്ക് സാധിക്കുന്നില്ല. വൈദ്യുതി ഉപയോഗിച്ച് കൃഷിനടത്താനും ചലിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താനും നമ്മുടെ വീട്ടകങ്ങള്‍ വ്യത്യസ്ത ഉല്ലാസോപകരണങ്ങള്‍ കൊണ്ട് നിറക്കാനും നമുക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്താനും ഹൃദയങ്ങളില്‍ സന്തോഷം പകരാനും നമുക്കാവുന്നില്ല, പണം കൊണ്ട് ഖജനാവ് നിറക്കാനും ബാങ്കുഡെപ്പോസിറ്റുകള്‍ ഇരട്ടിയാക്കാനും നമ്മുടെ അധിക ഉല്‍പന്നങ്ങള്‍ കടലിലില്‍ കൊണ്ടുപോയി തള്ളാനും നമുക്ക് കഴിയുന്നുണ്ട്.  വിശപ്പകറ്റാനാകാതെ പട്ടിണിമരണത്തിനു കീടഴങ്ങുന്ന പതിനായിരങ്ങളെ രക്ഷിക്കാന്‍ നമുക്കാവുന്നില്ല. ആയുധങ്ങള്‍ വിറ്റഴിക്കപ്പെടാന്‍ വേണ്ടി ജനസമൂഹങ്ങള്‍ക്കിടയില്‍ കലാപങ്ങളുടെയും പ്രശ്‌നങ്ങളുടെയും വിത്തെറിഞ്ഞുകൊണ്ട് അവരുടെ രക്തം നാം ഊറ്റിക്കുടിച്ചുകൊണ്ടേയിരിക്കുകയാണ്.

ജീവിതത്തിന്റെ ശരിയായ അടിസ്ഥാനങ്ങളും മാനദണ്ഡങ്ങളും നഷ്ടപ്പെടുത്തുകയും നന്മയിലും സംസ്‌കരണത്തിലുമുള്ള താല്‍പര്യം ഈ നാഗരികതയുടെ വക്താക്കളില്‍ നിന്ന് ചോര്‍ന്നുപോവുകയും ചെയതപ്പോള്‍ ഹൃദയങ്ങള്‍ വ്യതിചലിക്കുകയും ഈ കണ്ടുപിടുത്തങ്ങളെല്ലാം ലോകര്‍ക്ക് വിനാശം വിതക്കാനായി ഉപയോഗിക്കുകയുമായിരുന്നു. അവരുടെ വിജ്ഞാനവും സാങ്കേതിക വിദ്യയുമെല്ലാം ദുര്‍ബലരെ അടിച്ചമര്‍ത്താനും നശീകരണത്തിന് വേഗത കൂട്ടാനും മാത്രമേ ഉപകരിച്ചുള്ളൂ.
ആധുനിക നാഗരികതയുടെ വിത്ത് പാകിയത് തന്നെ നാശത്തിലാണ്. അതിന്റെ വെള്ളവും വളവും വളര്‍ന്ന പ്രകൃതിയും മലീമസമാണ്. പിന്നീട് അതിന്റെ ഫലം മാത്രം ഉത്തമമാകുക എന്നത് സാധ്യമല്ല. ‘നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്‌ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍ മുളച്ച് വരികയില്ല'(അഅ്‌റാഫ് : 58). പശ്ചാത്യന്‍ നാഗരികത ഇസ്‌ലാമിക നാഗരികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷെ, അത് ശുദ്ധമായ ഉറവിടത്തിലല്ല നട്ടുപിടിപ്പിച്ചത്. ദൈവികമായ മാര്‍ഗദര്‍ശനമോ പ്രവാചന്‍മാരുടെ നേര്‍വഴിയോ അതിന് ലഭിച്ചിട്ടില്ല. മതങ്ങളുടെ അന്ധവിശ്വാസങ്ങളും പുരോഹിതന്മാരുടെ വഴികേടുകളുമെല്ലാമാണ് അതിന് അഭിമുഖീകരിക്കേണ്ടിവന്നത്. നിരീശ്വരത്വത്തിന്റെയും ഭൗതികതയുടെയും അടിത്തറയില്‍ നിന്നാണ് അത് കെട്ടിപ്പെടുക്കപ്പെട്ടത്. പ്രപഞ്ചത്തെയും ചക്രവാളങ്ങളെയും ശരീരങ്ങളെയുമെല്ലാം ഭൗതികമായിട്ട് മാത്രമാണ് അവര്‍ വീക്ഷിച്ചിട്ടുള്ളത്. ദൈവിക പ്രതിഭാസങ്ങളോ നിയമങ്ങളോ അവര്‍ ശ്രദ്ധിച്ചതുമില്ല. അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്നതില്‍ നിന്നും തെന്നി മാറി ദേഹേഛകളെയാണ് അവര്‍ പിന്തുടര്‍ന്നത്.

കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശത്തിന്റെ വാഹകരായി മുസ്‌ലിംകള്‍ മാറേണ്ടതുണ്ട്. പക്ഷെ അവര്‍ക്കിത് എവിടെ നിന്നാണ് ലഭിക്കുക! ദൈവിക സന്ദേശത്തില്‍ നിന്നവര്‍ അകന്നിരിക്കുന്നു, ദൈവികമായ അമാനത്തിനെ അവര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇഛകളെ പിന്‍പറ്റുകയും ഇസ്‌ലാമിന് പകരമായി ജാഹിലിയ്യത്തില്‍ ജീവിക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ നിന്നും മനോദാര്‍ഢ്യവും ബുദ്ധിശക്തിയും ചോര്‍ന്നുപോയിരിക്കുന്നു. രക്ഷകര്‍ക്ക് തന്നെ രക്ഷ തേടേണ്ട അവസ്ഥയാണുള്ളത്. യുദ്ധത്തിന്റേതല്ലാത്ത സമാധാനത്തിന്റെയും ശാന്തിയുടെയും ചക്രവാളം മിഴിതുറക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ അന്തസ്സിനും അഭിമാനത്തിനും വിലകല്‍പിക്കുന്ന സുന്ദരമായ ആ ലോകമാണ് കാലം തേടുന്നത്.    
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്                                                                                                            

Related Articles