Current Date

Search
Close this search box.
Search
Close this search box.

ദൈവിക സന്ദേശം കൈമാറുക എന്നത് മുസ്‌ലിമിന്റെ ബാധ്യതയാണ്

‘അന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ മത പ്രചാരണത്തിന് പോയ ഒരാളെ അവിടുത്തെ ജനത കൊന്നു കളഞ്ഞ വാര്‍ത്ത താങ്കള്‍ വായിച്ചു എന്നു കരുതുന്നു. ഒരു മതവും അറിയാത്ത ആളുകള്‍ ഈ ഭൂമിയില്‍ ഇപ്പോഴുമുണ്ട്. ഇസ്ലാം അറിയാത്തവര്‍ വേറെയുമുണ്ട്. താങ്കളുടെ വിശ്വാസ പ്രകാരം ഇവരുടെ ഭാവി ജീവിതം (മരണത്തിനു ശേഷം) എന്തായിരിക്കും.’

ഒരു സഹോദരന്‍ ഇങ്ങിനെ ഒരു സംശയം ഉന്നയിക്കുന്നു. മനുഷ്യ ജീവിതത്തെ കുറിച്ച് കൃത്യമായ നിലപാടുള്ള ദര്‍ശനമാണ് ഇസ്ലാം. മനുഷ്യന്റെ മരണ ശേഷമുള്ള ജീവിതം മാത്രമല്ല ഈ ലോകത്തെ ജീവിതവും ഇസ്ലാമിന്റെ ഭാഗമാണ്. എല്ലാ മനുഷ്യര്‍ക്കും ദൈവം നേരിട്ട് ബോധനം നല്‍കുക എന്നത് അസംഭവ്യമാണ്. അതിനു പകരമായി ഓരോ സമൂഹത്തിലേക്കും പ്രവാചകരെ അയച്ചു കൊണ്ടിരുന്നു എന്നതാണ് ഇസ്ലാം പറയുന്നത്. അവര്‍ തങ്ങളുടെ സമുദായങ്ങളെ ദൈവിക മതം പഠിപ്പിച്ചു. മുഹമ്മദ് നബി ഈ പരമ്പരയിലെ അവസാനത്തെ പ്രവാചകന്‍ എന്നും മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഇനി ഒരു പ്രവാചകനും വേദഗ്രന്ഥവും വരാനില്ല എന്നത് കൊണ്ട് തന്നെ പ്രവാചകര്‍ ചെയ്തിരുന്ന ദൈവിക സന്ദേശം എത്തിക്കുക എന്നത് മുസ്ലിം സമുദായത്തിന്റെ ഉത്തരവാദിത്വമായി ഇസ്ലാം പറയുന്നു.

മക്കയിലാണ് മുഹമ്മദ് നബി (സ) ജനിച്ചത്. പ്രവാചകന്‍ ആയതിനു ശേഷം മുഹമ്മദ് നബി മദീന, ത്വായിഫ് എന്നീ സ്ഥലങ്ങളിലേക്കല്ലാതെ മറ്റൊരു യാത്ര പോയതായി നമുക്കറിയില്ല. എന്നിട്ടും ഇസ്ലാം ലോകത്തിന്റെ പല ഭാഗത്തും എത്തിയത് മുസ്ലിംകള്‍ കാരണം തന്നെയാണ്. ഒരിക്കല്‍ യൂറോപ്പില്‍ അവര്‍ ഭരണം നടത്തിയിരുന്നു എന്നതും ചരിത്രമാണ്. ദൈവിക നിര്‍ദ്ദേശം എത്താത്ത ജനതയ്ക്ക് അത് എത്തിച്ചു കൊടുക്കുക എന്നത് മുസ്ലിംകളുടെ ബാധ്യത എന്ന് വരികില്‍ ലോകത്തില്‍ എവിടെയൊക്കെ അത്തരം ആളുകളുണ്ടോ അവരെ കണ്ടെത്തി വിവരം കൈമാറുക എന്നത് അവരുടെ ചുമലില്‍ വന്ന ഉത്തരവാദിത്വമാണ്. അതില്‍ നിന്നും മുസ്ലിം സമൂഹം പിറകോട്ടു പോയിട്ടുണ്ട്. കേവലം വാക്കു കൊണ്ട് ചെയ്യേണ്ട ഒന്നല്ല ഇസ്ലാമിക പ്രബോധനം. അത് അവരുടെ ജീവിതത്തിലൂടെ ജനത്തിനു ബോധ്യമാകണം.

ലോകത്തു ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യര്‍ ധാരാളമുണ്ട്. അവര്‍ക്കു ദൈവിക സന്ദേശം എത്തിയിട്ടില്ല എന്നത് അവരുടെ കുറ്റമായി പറയാന്‍ കഴിയില്ല. വിശ്വാസം മാത്രമല്ല ആധുനിക ലോകത്തിന്റെ ഒരു ഗുണവും അവരിലേക്ക് എത്തിയിട്ടില്ല. ലോകത്തു നടക്കുന്ന ഒന്നും അവര്‍ അറിയാറില്ല അല്ലെങ്കില്‍ അതെല്ലാം അറിയുക എന്നത് അവരുടെ വിഷയമല്ല. ദൈവിക സന്ദേശം എത്തിയതിനു ശേഷം മാത്രമേ ഒരാള്‍ നിഷേധി എന്ന പദവിയിലേക്കു വരൂ. പല കാരണങ്ങള്‍ കൊണ്ടും അത്തരം ജനതയ്ക്ക് ദൈവിക സന്ദേശം എത്താതെ പോയിരിക്കാം.

ഈ വിഷയത്തില്‍ നമുക്ക് പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. ദൈവിക സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിക്കുക എന്നത് വിശ്വാസികളുടെ കടമയാണ്. പ്രവാചകന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്ന അനുചരന്മാര്‍ പ്രസ്തുത ഉദ്ദേശം വെച്ച് പല നാടുകളിലേക്കും തിരിഞ്ഞു. അവരില്‍ പലരും പിന്നീട് മരണപ്പെട്ടത് മദീനക്കും മക്കക്കും പുറത്താണ്. ഒരാളുടെ മരണ ശേഷം അവസ്ഥ എന്താകും എന്ന് പറയാനുള്ള അവകാശം നമുക്കില്ല. അത് ദൈവവും അയാളും തമ്മിലുള്ള കാര്യമാണ്. ഇതേ ചോദ്യം ഒരിക്കല്‍ മൂസ പ്രവാചകനോട് ഫറോവ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞ മറുപടിയെ നമുക്കും പറയാന്‍ കഴിയൂ. ഒരാളുടെ പരലോകം നമ്മുടെ കയ്യിലല്ല. എന്റെ പരലോകം എന്റെ കയ്യിലാണ്. അതിനു ഞാന്‍ കടമകള്‍ നിര്‍വഹിക്കണം.

Related Articles