Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്നത്…

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ വന്‍ പ്രക്ഷോഭം നടക്കുകയുണ്ടായല്ലോ ഡല്‍ഹിയില്‍. അത്‌പോലുള്ള ഒരു മുറവിളി യൂറോപ്യന്‍ വനിതകളും ഉയര്‍ത്തുകയുണ്ടായി. പക്ഷെ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എല്ലാ തരത്തിലുമുള്ള വ്യഭിചാരത്തിനെതിരെയാണ് യൂറോപ്യന്‍ വനിതകള്‍ രംഗത്തിറങ്ങിയത്. അതൊക്കെ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മറ്റൊരു തരത്തിലായിരുന്നല്ലോ കാമ്പയിന്‍. ബലപ്രയോഗം നടത്തിയുള്ള ലൈംഗികാക്രമണങ്ങള്‍ക്കെതിരെ മാത്രമാണ് നമ്മുടെ നാട്ടില്‍ പ്രതിഷേധമുയര്‍ന്നത്. ഉഭയകക്ഷി സമ്മതത്തോടെയാണെങ്കില്‍ ഇവിടെ ആര്‍ക്കുമത് പ്രശ്‌നമല്ല. പണത്തിന് വേണ്ടിയോ, മറ്റു കാര്യ സാധ്യങ്ങള്‍ക്ക് വേണ്ടിയോ, വിവാഹം ചെയ്യാമെന്ന് മോഹിപ്പിച്ചോ ആണ് ലൈംഗിക വൃത്തിയെങ്കില്‍ അതിനും കുഴപ്പമില്ല. ഉഭയസമ്മതമുണ്ടോ എങ്കില്‍ എല്ലാം സമ്മതം. എന്നാല്‍, യൂറോപ്പിലെ വനിതകള്‍ ലൈംഗിക ചൂഷണത്തിന്റെ ഈ എല്ലാ രൂപങ്ങളെയും നിരാകരിക്കുന്നു. അവര്‍ പറയുന്നത് ഇതാണ്: ‘വ്യഭിചാരം അതിക്രമത്തിന്റെ ഒരു രൂപമാണ്, ലിംഗസമത്വത്തിന് തടസ്സമാണ്, വ്യവസ്ഥാപിത അതിക്രമങ്ങള്‍ക്ക് അത് വഴിവെക്കും…അതിനാല്‍  പ്രലോഭിപ്പിച്ചോ മറ്റോ നടത്തുന്ന ഏത് തരത്തിലുള്ള ലൈംഗിബന്ധങ്ങളും കുറ്റകൃത്യമായി പ്രഖ്യാപിക്കേണ്ടതാണ്. ഈ തൊഴിലില്‍ കുടുങ്ങിപ്പോയ സ്ത്രീകളെ മോചിപ്പിക്കേണ്ടതും പുനരധിവസിപ്പിക്കേണ്ടതുമാണ്’ (ബിബിസി ഓണ്‍ലൈന്‍ 2012 ഡിസംബര്‍ 4). യൂറോപ്പ് മുഴുക്കെ ഈ കാമ്പയിന്‍ നടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന്റെ ശക്തി നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു.

പാശ്ചാത്യനാടുകളില്‍ കെട്ട്പഴകിയതിനെയൊക്കെ നമ്മുടെ നാട്ടില്‍ കൊട്ടും കുരവയുമായി വരവേല്‍ക്കുന്നു എന്ന് പറയാറുണ്ട്. പാശ്ചാത്യര്‍ പരീക്ഷിച്ച് മടുത്തത് നമ്മള്‍ ഇന്ത്യക്കാര്‍ ആവേശത്തോടെ പുല്‍കും. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും അനിയന്ത്രിതമായ ലൈംഗിക ബന്ധങ്ങളും ഉടലെടുത്തത് പാശ്ചാത്യ ദേശത്താണ്. പുരുഷന്റെ കാമപൂര്‍ത്തിക്കുള്ള ഉപകരണമായി സ്ത്രീ മാറി എന്നതാണ് യഥാര്‍ത്തില്‍ അതുകൊണ്ടൊക്കെ സംഭവിച്ചത്. കച്ചവടക്കാരും വ്യവസായികളും അവളുടെ ശരീരം വില്‍പ്പന നടത്തുകയും ചെയ്തു. ‘വനിതാ അവകാശ പ്രസ്ഥാനങ്ങളാ’യാണ് അവയത്രയും മുദ്ര കുത്തപ്പെട്ടത്. ഈ പ്രസ്ഥാനങ്ങള്‍ എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പാശ്ചാത്യ വനിതകള്‍ തിരിച്ചറിയുകയും അവരതിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു എന്നതാണ് പുതിയ സംഭവ വികാസം. പക്ഷേ നമ്മുടെ നാട്ടില്‍ ‘ഒന്നിച്ച് ജീവിക്കാന്‍’ എന്ന പേരില്‍ ലൈംഗിക അരാജകത്വത്തിന് പൂര്‍ണ അനുവാദം നല്‍കിയിരിക്കുകയാണ്. കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏത് തരത്തിലുള്ള ലൈംഗിക അടുപ്പത്തിനും തടസ്സങ്ങളില്ലെന്ന് വന്നിരിക്കുന്നു. ഉഭയ സമ്മതത്തിന് പ്രായപരിധിയെത്ര എന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുള്ളത്. സ്വവര്‍ഗ ലൈംഗികതക്കും നല്‍കിയിരിക്കുന്നു നിയമപരമായ അനുവാദം. അതുകൊണ്ട്, ഡല്‍ഹിയില്‍ ഈയിടെ ഒരു സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന തീയും പുകയും സ്ത്രീയുടെ യഥാര്‍ഥ അന്തസ്സും മാനവും സംരക്ഷിക്കാനാണെന്ന് കരുതേണ്ടതില്ല. സ്ത്രീയോട് ബലാല്‍ക്കാരമായി ഒന്നും ചെയ്യരുതന്നേയുള്ളൂ. സ്ത്രീയുടെ അനുവാദമുണ്ടെങ്കില്‍ എന്തുമാവാം. ഗവണ്‍മെന്റിനോ സമൂഹത്തിനോ ഒരു പ്രശ്‌നവുമില്ല.

ലൈംഗിക അരാജകത്വത്തിനെതിരെ യൂറോപ്പില്‍ നടക്കുന്ന പ്രക്ഷോഭത്തെ നയിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇരുനൂറില്‍ പരം സംഘടനകളാണ്. യൂറോപ്യന്‍ വിമന്‍സ് ലോബി(EWL)യാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ ഗ്രൂപ്പ് ഫെമിനിസത്തിന് എതിരാണോ എന്ന് ബിബിസി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമല്ല. എല്ലാ തരം വഴിവിട്ട ലൈംഗികവേഴ്ചകളെയും അവര്‍ എതിര്‍ക്കുന്നുണ്ടോ എന്നും മനസ്സിലാവുന്നില്ല. അവര്‍ ബദല്‍ മാര്‍ഗമായി നിര്‍ദേശിക്കുന്നത് എന്താണ്? പക്ഷേ ഇതുവരെയുള്ള ലക്ഷണം വെച്ച് പറഞ്ഞാല്‍ അവര്‍ ആധുനിക ഫെമിനിസത്തിനെതിരെ പ്രത്യക്ഷമായി രംഗത്ത് വരും എന്നാണ് മനസ്സിലാക്കേണ്ടത്. അപ്പോള്‍ ലൈംഗികതയുടെ സ്വാഭാവികമായ വഴി വിവാഹമാണെന്ന് അവര്‍ക്ക് അംഗീകരിക്കേണ്ടിവരും. ഇപ്പോഴത് വ്യക്തമായില്ലെങ്കില്‍ പിന്നീട് വ്യക്തമാവും. പാശ്ചാത്യ സ്ത്രീ യഥാര്‍ഥ സ്വാതന്ത്ര്യത്തിലേക്കും അവളുടെ യഥാര്‍ഥ പ്രകൃതത്തിലേക്കും നടന്നടുക്കുന്നു എന്നാണതിന്റെ അര്‍ഥം. യുവാക്കള്‍ ഈ പുതിയ പ്രസ്ഥാനത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും കൂടുതല്‍ വിവരങ്ങള്‍ അതെക്കുറിച്ച നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയാണ്.
(ദഅ്‌വത്ത് ത്രൈദിനം 4. 4. 2013)

വിവ : അശ്‌റഫ് കീഴുപറമ്പ്

Related Articles