Columns

നിയ്യത്ത് മനസ്സിന്റെ അടിസ്ഥാന ഇബാദത്ത്

ഇസ്‌ലാമിന്റെ മൗലികാടിത്തറയില്‍ പെട്ടതും, മനുഷ്യനെ മനുഷ്യനാക്കി നിലനിര്‍ത്തുന്നതുമായ അതുല്യ പുണ്യകര്‍മമത്രെ നിയ്യത്ത്-അഥവാ ഉദ്ദേശ്യം.
മിക്ക ഇസ്‌ലാമിക ചിന്തകരുടെയും ബ്രഹദ് ഗ്രന്ഥങ്ങള്‍ ആരംഭിക്കുന്നത് നീയ്യത്ത് എന്താണെന്ന് വ്യക്തമാക്കുന്ന അധ്യായം കൊണ്ടാണ്.

‘നിങ്ങള്‍ പറയുന്നതല്ല നിങ്ങള്‍, നിങ്ങള്‍ ചിന്തിക്കുന്നതാണ് നിങ്ങള്‍ ‘ എന്ന മഹദ് വചനത്തില്‍ നിന്ന് നിയ്യത്തിന്റെ അദ്വിതീയ സ്ഥാനം ആര്‍ക്കും ഊഹിക്കാം.

നിയ്യത്തിന്റെ പ്രഭവകേന്ദ്രം മനുഷ്യമനസ്സാണ്. നമ്മുടെ ബാഹ്യ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രേരകശക്തി ഉള്ളിലാണ്. ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കണമെന്ന ഭീകരമായ തീരുമാനം ആദ്യം ഉദിച്ചത് ഒരു അമേരിക്കക്കാരന്റെ മനസ്സിലായിരുന്നു. തിരിച്ച് എത്രയോ മനുഷ്യര്‍ക്ക് ജീവിതം നല്‍കണമെന്ന നല്ല പ്രവര്‍ത്തനങ്ങളും ആദ്യം നാമ്പെടുക്കുന്നത് ഏതാനുംചില മനുഷ്യരുടെ ഹൃദയത്തിലാണ്.ലോകത്തെ തന്നെ മാറ്റിമറിക്കുന്ന നല്ലതും ചീത്തയുമായ മുഴുവന്‍ കാര്യങ്ങളിലും ഇങ്ങനെ മനുഷ്യ മനസ്സ് അനിഷേധ്യമായ പങ്കു വഹിക്കുന്നു.

ഉള്ളിലെ നിയ്യത്ത് നോക്കിയിട്ടേ അല്ലാഹു നമ്മുടെ ഏത് പ്രവര്‍ത്തനങ്ങളും സ്വീകരിക്കുകയുളളൂ. ‘ഇന്നമല്‍ അ അമാലുബിന്നിയ്യാത്ത് ‘
(നിശ്ചയം ഉദ്ദേശ്യം കൊണ്ടല്ലാതെ പ്രവര്‍ത്തനങ്ങള്‍ ഇല്ല) എന്ന നബിവചനം വിശ്രുതമാണല്ലോ.

നമസ്‌കരിക്കുമ്പോഴും നോമ്പെടുക്കുമ്പോഴുമൊക്കെ നാം ചെയ്യുന്ന ‘നിയ്യത്ത് ‘അല്ല ഇവിടെ ഉദ്ദേശിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ ജീവിതത്തെ മൊത്തം മുന്നോട്ടു ചലിപ്പിക്കുന്ന പ്രേരകം എന്ത്? എന്നതാണ് മൗലികമായചോദ്യം. അതു കൊണ്ടാണ് ഈ നിയ്യത്തിനെ വെറും മാനസിക ഇബാദത്ത് എന്നു പറയുന്നതിനു പകരം അടിസ്ഥാനമാനസിക ഇബാദത്ത് എന്നു തന്നെ പറയുന്നത്.

അന്ത്യനാളില്‍ അല്ലാഹു ആദ്യം ചെയ്യുക ‘മനസ്സിലുള്ളതിനെ പുറത്തെടുക്കലാണ്’ വ ഹുസ്സില മാഫിസ്വുദൂര്‍ ‘ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അകം ചികഞ്ഞ് മൗലികനിയ്യത്ത് പരിശോധിക്കപ്പെടും. ഒരാളുടെ മൊത്തമായ ജീവിതം അയാള്‍ / അവള്‍ എന്തിനു വേണ്ടി ചെലവഴിച്ചു എന്നതിന്റെ ആന്തരിക പ്രേരണകള്‍ വിലയിരുത്തപ്പെടും.

അതിനാല്‍ ആദര്‍ശ വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍, കുടുംബ ജീവിതം, സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍…തുടങ്ങി ജീവിതത്തിന്റെ മുഴുമേഖലകളിലും അല്ലാഹുവിന്റെ തൃപ്തിയും പരലോക വിജയവും എന്ന ചിന്ത എപ്പോഴും നമ്മെ ഭരിക്കണം.

മറ്റൊരു വിധം പറഞ്ഞാല്‍ നാം മനസ്സില്‍ ഉറപ്പിച്ച് നാവുകൊണ്ട് വെളിവാക്കി പറഞ്ഞ് പ്രവര്‍ത്തനം കൊണ്ട് ദൃഢീകരിച്ചു കൊണ്ടിരിക്കുന്ന ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന തൗഹീദീവചനം വെറും ആരാധനയല്ലെന്നും അനുസരണവും കീഴ്‌വണക്കവും ആരാധനയും അല്ലാഹുവിനു മാത്രമാക്കുന്ന പ്രക്രിയയാണെന്നുമുള്ള ബോധം സദാനമ്മെ ഭരിക്കണം.ആ ചിന്ത അനുനിമിഷം മനസ്സിലുണ്ടായാല്‍ പിന്നെ നമ്മുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ( മനസാ-വാചാ-കര്‍മണായുള്ള) മുഴുവന്‍ കാര്യങ്ങളും നിശ്ചയം തൗഹീദീവചനത്തിനൊത്ത് രൂപപ്പെടുക തന്നെ ചെയ്യും. അഥവാ അകം വിശുദ്ധ ചിന്തകളാല്‍ നിറയും. സദാ നല്ലനിയ്യത്തോടെ ജീവിക്കാന്‍ പറ്റും.

Facebook Comments
Show More

Related Articles

Leave a Reply

Your email address will not be published.

Close
Close