Current Date

Search
Close this search box.
Search
Close this search box.

കൗമാരമെന്ന പടിഞ്ഞാറൻ കള്ളം

മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം (Adolescence). വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായമെന്നാണ് പാശ്ചാത്യൻ നമ്മെ പഠിപ്പിക്കുന്നത്. 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ് ലോകാരോഗ്യസംഘടനയുടെ (WHO) നിർവ്വചനമനുസരിച്ച് കൗമാരമെങ്കിലും പൊതുവെ 13 മുതൽ 19 വരെയാണ് Adolescence/ teenage ആയി യൂറോപ്യൻ രാജ്യങ്ങളിൽ കൊണ്ടാടപ്പെടുന്നത്. മാറിയ കാലഘട്ടത്തിൽ അറബുനാടുകളിലും ഇർഹാഖ് (തലവേദന ) ഉണ്ടാക്കുന്ന പ്രായമായി മുറാഹഖ: (مراهقة) മാറിയിരിക്കുന്നു എന്നതാണ് സമകാലിക വസ്തുത. അതുകൊണ്ടാവണം 19/20 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട അറബി കൃതികളിൽ മുറാഹഖയെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നു. പഴയകാലത്ത് ചെറുപ്പം കഴിഞ്ഞാൽ നേരെ പക്വതയെത്തിയ പൗരന്മാരായി അവർ മാറുകയായിരുന്നുവെന്നാണ് പുരാതന ഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാവുന്നത്.

إذا بَلَغَ الفِطامَ لَنا صَبِيٌّ تَخِرُّ لَهُ الجَبابِرُ ساجِدِينا

നമ്മുടെ ഒരു കുഞ്ഞിന്റെ മുലകുടിമാറുകയാണെങ്കിൽ, ശക്തരായ രാജാക്കന്മാർ പോലും സാഷ്ടാംഗം നമിക്കുമെന്ന് മഹാകവി അംറുബ്നു കുൽസൂം പറഞ്ഞത് അക്കാലത്തെ കൗമാരക്കാരെ കുറിച്ചാണ് . ഇന്നിന്റെ ഭാഷയിൽ ടീൻ സർക്കിളുകാരനായ അദ്ദേഹമായിരുന്നു തന്റെ ഗോത്രമായ തഗലിബിന് ആവേശം പകർന്ന് മുന്നിൽ നിന്ന് യുദ്ധം നയിച്ചത്. അഥവാ വെറും ഗെയിമും സ്റ്റാറ്റസ് അപ്ഡേഷനുമായി കഴിയുന്നവരായിരുന്നില്ല അന്നത്തെ ടീനേജുകാരെന്ന് സാരം. വിനോദങ്ങളിൽ മുഴുകി മുഖം താഴ്ത്തി (മുകിബ്ബൻ അ’ലാ വജ്ഹിഹി ) എന്ന ഖുർആനിക ചിത്രീകരണം ഇന്നത്തെ കൗമാരക്കാർക്കു കൂടി ഫിറ്റാവുമെന്ന് പലപ്പോഴും തോന്നാറുണ്ട്. പൗരാണിക അറബി ഗ്രന്ഥങ്ങളിൽ ഈ ഘട്ടത്തെ പ്രതിനിധീകരിക്കുന്ന യാതൊരു പരാമർശവും കണ്ടെത്തുവാൻ കഴിയില്ല.അഥവാ ബാല്യത്തിന് തൊട്ടുടനെ ചലനത്തിന്റേയും ജ്വലനത്തിന്റേയും രൂപകമായി ഓടുന്ന കുതിരകണക്കെയോ കത്തുന്ന അഗ്നി കണക്കെയോ അക്ഷരാർത്ഥത്തിൽ ശബാബ്(യുവത്വം)ആയിമാറുകയായിരുന്നു അക്കാലത്തെ പതിവ്.നമ്മുടെ ചരിത്രത്തിന്റെ നിർമ്മാതക്കളെല്ലാം ഇപ്രായക്കാരായിരുന്നു. ചില ഉദാഹരണങ്ങൾ മാത്രം നോക്കാം.

മുഹമ്മദ് നബി(സ) ചെറുപ്പത്തിൽ മക്കത്ത് നടന്ന പ്രമാദമായ ഫിജാർ യുദ്ധത്തിലും തുടർന്ന് നടന്ന സന്ധിസംഭാഷണമായ ഫുദൂൽ സഖ്യത്തിലും പങ്കെടുക്കുമ്പോൾ നാമീ പറഞ്ഞ കൗമാരപ്രായക്കാരനായിരുന്നു.

വർഷങ്ങൾക്ക് ശേഷം മുഹമ്മദ് നബി (സ) മുഅത: പ്രദേശത്തേക്ക് നിയോഗിച്ച വിദഗ്ധ സേനയുടെ തലവൻ ഉസാമ: ബിൻ സയിദിന് 18 വയസ്സ് മാത്രമായിരുന്നു പ്രായം. ആസൈന്യനിയോഗത്തിന്റെതൊട്ടുടനെയായിരുന്നു നബി (സ) യുടെ വഫാത് .തുടർന്ന് ഒന്നാം ഖലീഫ അബൂബക്ർ (റ) യുടെ ജനകീയ ഇടപെടലുകളുടെ ആദ്യ മാതൃക കൂട്ടത്തിൽ ജൂനിയറായ ഉസാമ:യുടെ സൈന്യത്തെ അയക്കുക എന്നതായിരുന്നു. വളരെ സീനിയറായ സ്വഹാബികളുള്ള ആ സൈന്യത്തെ അങ്ങേയറ്റത്തെ മന:സാന്നിധ്യത്തോടെയാണ് ടീനേജുകാരനായ ഉസാമ: നയിച്ചത്.

അബ്ദുൽ റഹ്മാൻ നാസിർ ദാഖിൽ ആയിരുന്നു നമ്മുടെ വിനിഷ്ട സ്വർഗമായിരുന്ന ( Paradise lost ) സ്പെയിന്റെ ശില്പി. ഈ ജൈത്രയാത്രയുടെ കാലത്ത് അദ്ദേഹത്തിന്റെ പ്രായം 20 ൽ താഴെയായിരുന്നു. അദ്ദേഹത്തിന്റെ യുഗം അന്ദുലുസിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു എന്നതാണ് സത്യം. സ്പെയിനിന്റെ ചരിത്രത്തിലെ ശാന്തിയുടെയും ഉയർച്ചയുടേയും, സമാനതകളില്ലാത്ത മറ്റു ശാസ്ത്ര പുരോഗതിയുടേയും ഏറ്റവും ശക്തമായ രാജ്യമായി മാറാൻ ക്രിസ്താബ്ദം 7/8 നൂറ്റാണ്ടുകളിലെ മുസ്ലിം സ്പെയിനിന് കഴിഞ്ഞിരുന്നുവെന്ന് യൂറോപ്പിലെ ചരിത്രകാരന്മാർ പോലും രേഖപ്പെടുത്തിയിട്ടുണ്ട്.

നബി (സ) വാഗ്ദാനം ചെയ്ത ഗസ്വതുൽ ഹിന്ദ് എന്ന മഹാ വിജയത്തിന് ക്രിസ്താബ്ദം 7-ാം നൂറ്റാണ്ടിൽ നേതൃത്വം നൽകുമ്പോൾ മുഹമ്മദുൽ ഖാസിമിന് 17 വയസായിരുന്നു. അദ്ദേഹമാണ് സിന്ധ് പ്രവിശ്യ മുഴുവൻ കീഴടക്കിയത്. അദ്ദേഹത്തിന്റെ കാലത്ത് സൈന്യത്തിൽ അദ്ദേഹത്തിന്റെ ഇരട്ടിയും മൂന്നിരട്ടിയും പ്രായമുള്ള സഹ സൈനികരുണ്ടായിരുന്നിട്ടും ആ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് ഈ ടീനേജ്കാരൻ മുഹമ്മദുൽ ഖാസിമിനായിരുന്നു.

സഅദ് ബിൻ അബീ വഖാസ്വ് (റ) സ്വർഗം കൊണ്ട് വാഗ്ദാനം ലഭിച്ച പ്രവാചക ശിഷ്യൻ.ആദ്യമായി സത്യത്തിന് വേണ്ടി അമ്പെറിഞ്ഞ വ്യക്തിയായ സഅദിനന്ന് 17 വയസ്സ് മാത്രം പ്രായം. ഏറെക്കാലം ശൂറാംഗവും ഖലീഫ: ഉമറി(റ)ന്റെ ഭരണകാലത്ത് മുഖ്യ സൈന്യാധിപനായിരുന്നു സഅദ്. മുഹമ്മദ് നബിയുടെ അമ്മാവനായിരുന്ന സഅദിനെ ചൂണ്ടി തിരുമേനി പറഞ്ഞിരുന്നത് : ഇത് എന്റെ കുഞ്ഞമ്മാവനാണ്, എല്ലാവരും അവരവരുടെ അമ്മാവന്മാരെ കാണിച്ചു തരൂ എന്നായിരുന്നു. അഥവാ അദ്ദേഹത്തിന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും ധൈര്യവും നബി ബോധപൂർവ്വം പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് സാരം.

അർഖം ബിൻ അബീ അർഖം (റ) ,16 വയസ്സുള്ള അദ്ദേഹമായിരുന്നു തന്റെ വീട് നേതാവിനുള്ള കാര്യാലയമായി മാറ്റിക്കൊടുത്തത്.
തുടർച്ചയായി 13 വർഷം ഒരു വാടകയും വാങ്ങാതെ , ശത്രുഭയമേതുമില്ലാതെ ഇസ്ലാമിന് വേണ്ടി തട്ടകമൊരുക്കി കൊടുത്തത് ആ കുമാരനായിരുന്നു.

ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ആദരണീയരായ അറബികളിൽ ഒരാളായിരുന്ന ത്വൽഹ ബിൻ ഉബൈദില്ല (റ)യ്ക്ക് ഉഹുദ് യുദ്ധവേളയിൽ വെറും16 വയസ്സ് . യുദ്ധത്തിൽ പലരും പകച്ച് പിന്തിരിഞ്ഞപ്പോഴും സത്യത്തോടുള്ള കൂറ് കാരണം നബിയുടെ കവചമായി നിന്ന ത്വൽഹ സ്ഥേയസിന്റെ രൂപകമായി ഇന്നും അനുസ്മരിക്കപ്പെടുന്നു. സ്വന്തം കരങ്ങൾ യുദ്ധത്തിൽ പ്രവാചക സംരക്ഷണത്തിന് സമർപ്പിച്ച അദ്ദേഹത്തിന്റെ പ്രവാചക സ്നേഹത്തിന്റെ അടുത്ത് വരുമോ എ.സി പള്ളിയിലിരുന്ന് പ്രവാചക പ്രകീർത്തന കാവ്യങ്ങൾ ചൊല്ലുന്ന ഈ സമുദായമൊന്നടങ്കം !

സുബൈറു ബിൻ അവ്വാം (റ) തന്റെ 15-ാം വയസ്സിലാണ് ആദ്യമായി തന്റെ വാൾ വശം പൊട്ടുവോളം ദൈവിക മാർഗത്തിൽ പോരാടിയത്. സഅദിനെ പോലെ തന്നെ നബിയുടെ അടുത്ത ബന്ധുവും ശൂറാംഗവും സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട സ്വഹാബിയുമായിരുന്നു സുബൈറും.നബിയുടെ ഹവാരി (അനുയായി ) എന്ന് ചരിത്രം അടയാളപ്പെടുത്തിയ സുബൈർ നമ്മുടെ കൗമാരക്കാരെ പോലെ ചോക്ലേറ്റ് പിള്ളയായിരുന്നില്ല എന്ന് ചുരുക്കം.

മദീനയിലെത്തിയ രണ്ടാം വർഷം നടന്ന ബദ്ർ യുദ്ധത്തിൽ ബഹുദൈവാരാധകരുടെ നേതാവായിരുന്ന അബൂ ജഹലിനെ വകവരുത്തിയ പോരാളികളായ മുആദ് ബിൻ അംറും (റ) മുഅവ്വിദ് ബിൻ അഫ്രയും (റ) ടീനേജിന്റെ തുടക്കത്തിലുള്ളവരായിരുന്നു എന്ന് ചരിത്രം .

നബി (സ) യുടെ വഹ്യ് എഴുത്തുകാരിൽ പ്രസിദ്ധനായ സൈദ് ബിൻ ഥാബിത് 13 വയസ്സുള്ളപ്പോഴാണ് ആ വലിയ ദൗത്യം ഏറ്റെടുത്തത്. 17 ദിവസങ്ങൾ കൊണ്ട് സിറിയക്, ഹിബ്രു ഭാഷകൾ പഠിച്ച് വിദേശ ടെക്സ്റ്റുകളുടെ വിവർത്തകനായി ഇസ്ലാമിനെ സേവിക്കുമ്പോഴും അദ്ദേഹം കൗമാരം പിന്നിട്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന് ഖുർആൻ ക്രോഡീകരണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

അത്താബു ബിൻ ഉസൈദ് (റ) നബി തിരുമേനിയുടെ മക്കാ വിജയത്തിന്റെ ഘട്ടത്തിലാണ് ഇസ്ലാം സ്വീകരിക്കുന്നത്. തുടർന്ന് ഇടക്ക് മക്കത്ത് നിന്ന് പുറത്തു പോയപ്പോൾ 18 വയസ്സുകാരനായ അത്താബിനെയാണ് മക്കയുടെ ചാർജ് നബി (സ) ഏല്പിച്ചിരുന്നത്.

ഇമാം മാലിക് ബിൻ അനസ് (റഹ്) മദീനയുടെ ഇമാം, പ്രവാസ നാടിന്റെ മുഫ്തി എന്നെല്ലാം അറിയപ്പെട്ടിരുന്ന അദ്ദേഹം മദീനയുടെ ഔദ്യോഗിക മുഫ്തിയായി 17-ാo വയസ്സിൽ നിയമിക്കപ്പെടുമ്പോൾ 70 ലേറെ മഹാഗുരുക്കൾ ആ ചടങ്ങിന് സാക്ഷികളായിരുന്നു.

നമ്മുടെ ചുറ്റുമുള്ള ഇപ്പ്രായക്കാരോട് (13-19) അവരുടെ പൂർവ്വികരെ മറക്കാതിരിക്കാൻ ഇടക്കിടക്ക് ഇത്തരം ചരിത്രങ്ങൾ ഓർമ്മിപ്പിക്കുക. ഇല്ലെങ്കിൽ വെറും മൊബൈൽ ലോകത്ത് ഫാന്റസികളിൽ മാത്രം കഴിച്ചുകൂട്ടുന്നവരായി അവർ മാറും. ഓർമ മർത്യന് ആയുസ് കൂട്ടും; പക്വതയും . നമ്മുടെ മക്കൾ ബാല്യത്തിൽ നിന്ന് നേരെ കർമാവേശത്തിന്റെ യൗവ്വനത്തിലേക്ക് കടന്നുവന്നില്ലെങ്കിൽ ഈയടുത്തൊന്നും നമ്മളിന്നനുഭവിക്കുന്ന തലമുറാ വിടവ് നികത്താൻ കഴിയില്ല.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles