Current Date

Search
Close this search box.
Search
Close this search box.

ഹസന്‍ ബസ്വരി -1

തന്റെ കൂട്ടുകാരി ഖൈറ ഒരു ആണ്‍കുഞ്ഞിന് ജന്മമേകിയിരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത പ്രവാചകപത്‌നി ഉമ്മു സലമയെ തേടിയെത്തി. അവരുടെ ഹൃദയത്തില്‍ സന്തോഷം ചിറകടിച്ചു. വിനയവും, ബുദ്ധിസാമര്‍ത്ഥ്യവും നിറഞ്ഞ ആ മുഖത്ത് ആനന്ദം പ്രകടമായി. മാതാവിനെയും കുഞ്ഞിനെയും കൊണ്ട് വരാന്‍ അവര്‍ അപ്പോള്‍ തന്നെ ആളയച്ചു. പ്രസവാനന്തര ദിവസങ്ങള്‍ തന്റെ വീട്ടില്‍ കഴിച്ചുകൂട്ടാമെന്നും അവര്‍ ആ മാതാവിനെ അറിയിച്ചു.

ഉമ്മുസലമക്ക് ഖൈറയോട് അങ്ങേയറ്റത്തെ പ്രിയമുണ്ടായിരുന്നു. അവരുടെ ഉറ്റസഖിയായിരുന്നു അവര്‍. അതിനാല്‍ തന്നെ തന്റെ പ്രിയതോഴിക്ക് പിറന്ന കുഞ്ഞിനെ കാണാന്‍ ഉമ്മുസലമക്ക് അതിയായ ആകാംക്ഷയുണ്ടായിരുന്നു.

ഏതാനും സമയത്തിനകം തന്റെ കുഞ്ഞിനെ കൈയ്യില്‍ വെച്ച് ഖൈറ അവിടെയെത്തി. ഉമ്മുസലമ ആ കുഞ്ഞിനെ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു. അതിനോട് പ്രത്യേക ഇണക്കവും, അടുപ്പവും തോന്നി അവര്‍ക്ക്. കുഞ്ഞ് വളരെ സുന്ദരനായിരുന്നു. നല്ല പ്രശോഭിതമായ മുഖവും, പരിപൂര്‍ണമായ ഘടനയും കൊണ്ട് കാണുന്നവര്‍ക്ക് ആനന്ദം പകരുന്ന, അവരുടെ ഹൃദയത്തെ റാഞ്ചുന്ന പ്രകൃതമായിരുന്നു അവന്റേത്.
ഉമ്മു സലമ തന്റെ കൂട്ടുകാരിയോട് ചോദിച്ചു. ‘നീ നിന്റെ മകന് പേര് നല്‍കിയോ?’
-‘ഇല്ല, ഉമ്മാ, അക്കാര്യം ഞാന്‍ നിങ്ങള്‍ക്ക് വിട്ടിരിക്കുന്നു, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് അവന് നല്‍കുക.’
-‘നമുക്കവനെ ഹസന്‍ എന്ന് വിളിക്കാം’ ശേഷം ഇരുകരങ്ങളും ആകാശത്തേക്കുയര്‍ത്തി അവര്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ചു.

ഹസന്റെ ജനനം ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമയുടെ വീട്ടില്‍ മാത്രമല്ല സന്തോഷം വിടര്‍ത്തിയത്. മറിച്ച് മദീനയിലെ മറ്റൊരു വീട്ടിലും ആ കുഞ്ഞ് ആഹ്ലാദത്തിന്റെ പ്രഭ പരത്തുകയുണ്ടായി. പ്രവാചന്റെ വഹ്‌യ് എഴുത്തുകാരനും സന്തതസഹചാരിയുമായിരുന്ന സൈദ് ബിന്‍ സാബിതിന്റെ കൊച്ചുവീടായിരുന്നു അത്. കുട്ടിയുടെ പിതാവ് യസാര്‍ അദ്ദേഹത്തിന്റെ കൂട്ടുകാരനായിരുന്നു. അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരനും, ഉറ്റകൂട്ടുകാരനുമായിരുന്നു യസാര്‍.
പ്രവാചക പത്‌നിയുടെ വസതിയില്‍ ഹസന്‍ ബിന്‍ യസാര്‍ വളര്‍ന്ന് വന്നു. പ്രവാചക പത്‌നി ഉമ്മുസലമയുടെ മടിത്തട്ടില്‍ അവന് ഇടം ലഭിച്ചു. അറബ് സ്ത്രീകളില്‍ കൂര്‍മബുദ്ധിയും, മഹത്വവും, ദൃഢനിശ്ചവുമുള്ള സ്ത്രീയായിരുന്നു ഉമ്മുസലമ. പ്രവാചക പത്‌നിമാരില്‍ വിജ്ഞാനം കൊണ്ട് അറിയപ്പെട്ടവരിലും, ധാരാളമായി ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരിലും അവരുണ്ടായിരുന്നു. നബി തിരുമേനി (സ)യില്‍ നിന്നും 387 ഹദീസ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ജാഹിലിയ്യാ കാലത്ത് എഴുത്ത് നടത്താറുണ്ടായിരുന്ന അപൂര്‍വം ചില സ്ത്രീകളില്‍ ഒരാളായിരുന്നു അവര്‍. ഹസന്‍ ബിന്‍ യസാറെന്ന ആ കുഞ്ഞും പ്രവാചക പത്‌നി ഉമ്മുസലമയും തമ്മിലുള്ള ബന്ധം ഇതുകൊണ്ട് അവസാനിക്കുന്നില്ല. മറിച്ച ഖൈറ തന്റെ ആവശ്യങ്ങള്‍ക്കായി പുറത്ത് പോവുമ്പോള്‍, വിശപ്പ് കാരണം ആ കുഞ്ഞ് പൊട്ടിക്കരയും. കരച്ചില്‍ ശക്തമാവുമ്പോള്‍ കുഞ്ഞിനെ മടിയിലെടുത്ത് മുലയൂട്ടാറുണ്ടായിരുന്നു പ്രവാചക പത്‌നി.

ആ കുഞ്ഞിനോടുള്ള അതീവ വാല്‍സല്യം കാരണം അവന്റെ കുഞ്ഞുവായിലേക്ക് പാല്‍ നന്നായൊഴുകുകയും ആ കുഞ്ഞ് ആര്‍ത്തിയോടെ അത് കുടിച്ച് നിശബ്ദമാവുകയും ചെയ്തു. ഇതോടെ ഉമ്മുസലമ ഹസന്‍ ബിന്‍ യസാറിന് രണ്ടര്‍ത്ഥത്തില്‍ മാതാവായിത്തീര്‍ന്നു. ഉമ്മുല്‍ മുഅ്മിനീന്‍ എന്നര്‍ത്ഥത്തിലും, മുലയൂട്ടിയ മാതാവും.

പ്രവാചക പത്‌നിമാര്‍ക്കിടയിലുണ്ടായിരുന്ന ശക്തമായ ബന്ധവും, അവരില്‍ ചിലരുടെ വീടുകള്‍ വളരെ അടുത്തായതും കാരണം അവിടെയൊക്കെ ഇടക്കിടെ സന്ദര്‍ശിക്കാനും, അവരുടെ മഹനീയ സ്വഭാവഗുണങ്ങള്‍ ആര്‍ജിക്കാനും അവരുടെ മാര്‍ഗത്തില്‍ ചരിക്കാനും ഹസന്‍ ബിന്‍ യസാറിനെ സഹായിച്ചു. അവന്റെ ചലനങ്ങളും കളികളും വികൃതികളും ആ വീടുകളെ സജീവമാക്കുകയും ഉണര്‍വുള്ളതാക്കുകയും ചെയ്തു. മുകളിലേക്ക് ചാടി പ്രവാചക പത്‌നിമാരുടെ വീടുകളുടെ മേല്‍ക്കൂര തൊടാന്‍ ശ്രമിക്കുകയെന്നത് അവന്റെ പ്രിയവിനോദമായിരുന്നു.

പ്രവാചകത്വ സുഗന്ധം അടിച്ച് വീശിയിരുന്ന ആ അന്തരീക്ഷത്തില്‍, അവയില്‍ വെട്ടിത്തിളങ്ങി ഹസന്‍ വളര്‍ന്നു തുടങ്ങി. പ്രവാചക പത്‌നിമാര്‍ പാനം ചെയ്‌തെടുത്ത ആ മധുവൂറും ഉറവയില്‍ നിന്ന് തന്നെ വിജ്ഞാനം നുകര്‍ന്നു. പ്രവാചക പള്ളിയില്‍, പ്രഗല്‍ഭരായ സഹാബാക്കളുടെ ശിഷ്യത്വം സ്വീകരിച്ചു. ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍, അലി ബിന്‍ അബീത്വാലിബ്, അബൂമൂസാ അല്‍അശ്അരി, അബ്ദുല്ലാഹ് ബിന്‍ സുബൈര്‍, അബ്ദുല്ലാഹ് ബിന്‍ അബ്ബാസ്, അനസ് ബിന്‍ മാലിക്, ജാബിര്‍ ബിന്‍ അബ്ദില്ലാഹ് (റ) തുടങ്ങിയവരില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ അലി(റ) യോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ അടുപ്പം തോന്നിയത്. ദൈവിക ദീനിലെ അദ്ദേഹത്തിന്റെ ഉറച്ച് നില്‍പ്പും, ആരാധനകളിലെ പൂര്‍ണതയും, ഇഹലോക ആര്‍ഭാടങ്ങളില്‍ നിന്നുള്ള വിരക്തിയും ഹസനെ വല്ലാതെ ആകര്‍ശിച്ചു. ആശയസമ്പുഷ്ടമായ അദ്ദേഹത്തിന്റെ വിശദീകരണങ്ങളും, അര്‍ത്ഥവത്തായ തത്വങ്ങളും, അളന്ന് മുറിച്ച പദപ്രയോഗങ്ങളും, ഹൃദയത്തെ പിടിച്ച് കുലുക്കുന്ന ഉപദേശങ്ങളും ഹസന്റെ മനസ്സിനെ കീഴടക്കി.

ആരാധനയിലും ദൈവഭക്തിയിലും അദ്ദേഹത്തെ മാതൃകയാക്കി അവന്‍ വളര്‍ന്നു. സംസാരത്തിലും, വിശദീകരണത്തിലും അദ്ദേഹത്തിന്റെ ശൈലി സ്വീകരിച്ചു. പതിനാല് വയസ്സെത്തിയപ്പോള്‍ അവന്‍ മാതാപിതാക്കളുടെ കൂടെ ബസറയിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കി. അവിടെ വെച്ചാണ് അദ്ദേഹം ഹസന്‍ ബസ്വരി എന്ന് അറിയപ്പെട്ട് തുടങ്ങിയത്.

ഇസ്‌ലാമിക രാഷ്ട്രത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക കേദാരമായിരുന്നു അക്കാലത്ത് ബസ്വറ. അവിടത്തെ പള്ളി സുപ്രസിദ്ധമായിരുന്നു. പ്രമുഖരായ പ്രവാചകാനുചരന്മാരും, താബിഉകളും ധാരാളമായി അവിടം സന്ദര്‍ശിക്കാറുണ്ടായിരുന്നു. വൈജ്ഞാനിക സദസ്സുകള്‍ കൊണ്ട് നിബിഢമായിരുന്നു ആ പള്ളിയും അതിന്റെ മുറ്റവും.

ഹസന്‍ ബസ്വരിയും പള്ളിക്കൂഠത്തില്‍ ചേര്‍ന്നു. ഈ ഉമ്മത്തിലെ പണ്ഡിതനായ അബ്ദുല്ലാഹ് ബിന്‍ അബ്ബാസ് (റ) ആയിരുന്നു ഗുരുനാഥന്‍. തഫ്‌സീര്‍, ഹദീസ്, ഖുര്‍ആനിന്റെ പാരായണവൈവിധ്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം പഠിച്ച് മനസ്സിലാക്കി. കൂടാതെ ഫിഖ്ഹ്, ഭാഷ, സാഹിത്യം തുടങ്ങിയവ മറ്റുള്ളവരില്‍ നിന്നും പഠിച്ചെടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശ്വസ്തതയും ദീനില്‍ അവഗാഹവുമുള്ള സമ്പൂര്‍ണ പണ്ഡിതനായി അറിയപ്പെട്ടു. നിറഞ്ഞ് തുളുമ്പുന്ന അദ്ദേഹത്തിന്റെ വൈജ്ഞാനിക ഉറവയില്‍ നിന്നും ജനങ്ങള്‍ ചുറ്റുംകൂടി. കഠിനഹൃദയങ്ങളെപ്പോലും നിര്‍മലമാക്കുന്ന, കുറ്റവാളിയുടെ കണ്ണുകളെ കരയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അവര്‍ സാകൂതം ശ്രവിച്ചു. ബുദ്ധിയെ ഇരുത്തിച്ചിന്തിപ്പിക്കുന്ന അദ്ദേഹത്തിന്റെ തത്വങ്ങളും, കസ്തൂരിയേക്കാള്‍ പരിമളം പകര്‍ന്ന അദ്ദേഹത്തിന്റെ സ്വഭാവ ചര്യയും അവര്‍ മുറുകെ പിടിച്ചു.

ഹസന്‍ ബസ്വരി രാജ്യത്ത് അറിയപ്പെട്ടു, അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമായി. ഖലീഫമാരും, നേതാക്കളും അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കാനും, അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും തുടങ്ങി.

അറബികളിലെ പ്രസിദ്ധ ഭാഷാപണ്ഡിതനായിരുന്ന ഖാലിദ് ബിന്‍ സ്വഫ്‌വാന്‍ പറയുന്നു. അമവിയ്യാക്കളുടെ നേതാവും പോരാളിയുമായിരുന്ന മസ്‌ലമ ബിന്‍ അബ്ദില്‍ മലികിനെ ഞാന്‍ ഹീറയില്‍ വെച്ച് കണ്ടുമുട്ടുകയുണ്ടായി. അദ്ദേഹം എന്നോട് പറഞ്ഞു. ‘ഹസന്‍ ബസ്വരിയെക്കുറിച്ച് എനിക്ക് പറഞ്ഞ് തന്നാലും. മറ്റാര്‍ക്കും അറിയാത്ത വിധത്തില്‍ താങ്കള്‍ക്ക് അദ്ദേഹത്തെ അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’
ഞാന്‍ പറഞ്ഞു. ‘ശരിയാണ്, അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഏറ്റവും അനുയോജ്യന്‍ ഞാന്‍ തന്നെയാണ്. അദ്ദേഹമെന്റെ അയല്‍ക്കാരനും, അദ്ദേഹത്തിന്റെ സദസ്സിലെ ശിഷ്യനും, ബസ്വറക്കാരില്‍ അദ്ദേഹത്തെക്കുറിച്ച് നന്നായറിയുന്നവനുമാണ്.’
-‘എങ്കില്‍ താങ്കള്‍ പറയൂ’ അദ്ദേഹം ആവശ്യപ്പെട്ടു.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
-‘രഹസ്യജീവിതം പരസ്യജീവിതത്തോട് തുല്യമായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും ഒരു പോലെയാണ്. അദ്ദേഹം ഒരു നന്മ കൊണ്ട് കല്‍പിച്ചാല്‍ അത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക അദ്ദേഹം തന്നെയായിരിക്കും. ഒരു തിന്മ വിരോധിച്ചാല്‍ ആദ്യമത് വെടിയുന്നതും അദ്ദേഹമായിരിക്കും. ജനങ്ങളില്‍ നിന്ന് അദ്ദേഹം ഒന്നും ആഗ്രഹിച്ചില്ല. അവരുടെ സമ്പത്തിലും സുഖത്തിലും വിരക്തി കാണിക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷെ, ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കയ്യിലുള്ളത് വേണമായിരുന്നു. അവര്‍ വിജ്ഞാനം തേടി അദ്ദേഹത്തിന്റെ അടുത്തേക്കൊഴുകി.’
ഇത്രയും കേട്ട മസ്‌ലമ പറഞ്ഞു.
-‘മതി, ഖാലിദ്, ഇനി മതി… ഇത്തരമൊരാളുടെ സാന്നിദ്ധ്യമുള്ള സമൂഹമെങ്ങനെ വഴി തെറ്റാനാണ്?’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles