Current Date

Search
Close this search box.
Search
Close this search box.

‘അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ദീനീ വിജ്ഞാനങ്ങൾ’; ക്രോഡീകരിക്കപ്പെടാത്ത വൈജ്ഞാനിക ശാഖ

ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമിലെ  ചർച്ചയാണ് രംഗം. ഒരാളെ കാഫിറാക്കുന്ന കാര്യങ്ങൾ എന്തൊക്കെ എന്നതാണ് ചർച്ച. സംഭാഷണ മധ്യേ ഞാൻ പറഞ്ഞു: ”ദീനിൽ അനിവാര്യമായും  അറിഞ്ഞിരിയ്ക്കേണ്ട അഥവാ എല്ലാവരും പൊതുവേ അംഗീകരിക്കുന്ന  കാര്യങ്ങൾ ഒരാൾ നിഷേധിച്ചാൽ അയാൾ കാഫിറാകുമെന്നാണ് പണ്ഡിതമതം”. അതു കേട്ട് ഒരാൾ ചോദിച്ചു: ”അത്തരം കാര്യങ്ങൾ ക്രോഡീകരിക്കപ്പെട്ട ഏതെങ്കിലും പുസ്തകങ്ങൾ ലഭ്യമാണോ?”. പെട്ടെന്നാണ് ഞാനത് ആലോചിക്കുന്നത്. എത്ര ചിന്തിച്ചിട്ടും തദ്വിഷയകമായി ഒരു ഗ്രന്ഥമോ ഏതെങ്കിലും ചെറു കൃതികളോ എനിക്ക് കണ്ടെത്താനായില്ല. പിന്നീട് ഈ വിഷയത്തിലെ വിദഗ്ദരോട് അന്വേഷിച്ചെങ്കിലും അത്തരമൊരു കൃതിയെക്കുറിച്ച് നിരാശയായിരുന്നു ഫലം.

എല്ലാവരാലും അംഗീകരിക്കപ്പെട്ട, ദീനിൽ അറിയൽ നിർബന്ധമായ ഇത്തരം വിഷയങ്ങൾ ഒരാളുടെ വിശ്വാസത്തെയോ നിഷേധത്തെയോ നിർണയിക്കുന്ന കാര്യങ്ങളാണല്ലോ. ആ നിലയ്ക്ക് അവ സംഗ്രഹിക്കുകയോ ക്രോഡീകരിക്കുകയോ ചെയ്യുന്ന ശ്രമങ്ങൾ ഇതുവരെയും ഉണ്ടാകാതിരുന്നത് എന്തുകൊണ്ടായിരിക്കും. ‘സർവാത്മനാ അംഗീകരിക്കപ്പെട്ട ദീനീ തത്വങ്ങളെ നിഷേധിക്കുന്നത് ദീനിൻ്റെ തന്നെ നിഷേധമാണെന്ന പ്രസ്താവനകൾ അഖീദയുടെയും ഫിഖ്ഹിൻ്റെയും ഗ്രന്ഥങ്ങളിൽ കാണാനാകുമെങ്കിലും വിഷയത്തിൻ്റെ ഗൗരവത്തിനൊത്ത പരിഗണന ഇതിന് കിട്ടിയിട്ടില്ലെന്നതാണ് വസ്തുത. 

വിശ്വാസ- കർമശാസ്ത്ര വിഷയങ്ങളിലെ അനവധി നിയമങ്ങൾ ഇതിനകം ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ  സാങ്കേതിക നാമങ്ങളും നിർവചനങ്ങളും നിബന്ധനകളുമെല്ലാം നിർണയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത്യന്തം ഗൗരവതരമായ ഈ വിഷയം കൈകാര്യം ചെയ്യുന്ന സമഗ്രമായ പഠനങ്ങളോ രചനകളോ ഉണ്ടായിട്ടില്ല. നിഷേധിച്ചാൽ മതഭ്രഷ്ടിന് കാരണമാകുന്ന ദീനിലെ സുസമ്മതമായ കാര്യങ്ങൾ എന്നാൽ എന്തെണെന്നതിലേക്ക് വെളിച്ചം വീശുന്ന ഏതാനും ചില സമകാലിക പഠനങ്ങൾ മാത്രമാണിതിന് അപവാദം. 

നമുക്കറിയാം നിർണിതമായ ലിഖിത ഭരണഘടന ഇല്ലാത്ത രാഷ്ട്രങ്ങൾ ആധുനിക സമൂഹത്തിലുണ്ട്. എന്നാൽ നിർണായക ഘട്ടങ്ങളിൽ ഭരണഘടനാപരമായി വിധി പറയാൻ സാധിക്കുന്നവരെ ആശ്രയിച്ച് പരിഹാരം കാണാൻ ആ രാജ്യങ്ങൾക്ക് സാധിക്കുന്നു. അതേസമയം എന്താണ് ദീനീ കാര്യങ്ങളുടെ അവസ്ഥ? നിത്യജീവിതത്തിൽ നടക്കുന്ന വിശ്വാസപരവും കർമശാസ്ത്രപരവുമായ വിഷയങ്ങളിൽ ഒരു തീർപ്പ് കൽപിക്കാൻ പോയാൽ പ്രസ്തുത വിഷയം സുസമ്മതമായ കാര്യമാണോ അഭിപ്രായാന്തരങ്ങൾക്ക് പഴുതുള്ളതാണോ എന്ന് എങ്ങനെയാണ് അറിയാനാവുക? അതിനുള്ള കൃത്യമായ മാനദണ്ഡം എവിടുന്നാണ് ലഭിക്കുക? 

അറിയൽ നിർബന്ധമായ ‘സർവ്വാംഗീകൃതമായ ദീനീ കാര്യങ്ങൾ’ ഒരാളുടെ വിശ്വാസ-അവിശ്വാസ പ്രശ്നം മാത്രമല്ല. പ്രത്യുത, ഫിഖ്ഹീ ഗവേഷണ (ഇജ്തിഹാദ്) വുമായി ബന്ധപ്പെട്ട വിഷയം കൂടിയാണത്. ‘ഇജ്മാഇ’ ‘(അഭിപ്രായ ഏകോപനം) നെ കുറിച്ച് പറയുന്നിടത്ത് സർവ്വാംഗീകൃതമായ കാര്യങ്ങളിലേ ഇജ്മാഅ് സംഭവിക്കൂ എന്ന്  നിദാനശാസ്ത്ര പണ്ഡിതർ പറയുന്നത് കാണാം. ഇമാം ശാഫിഈ തൻ്റെ ‘രിസാല’യിൽ പങ്കുവെക്കുന്ന ഈ നിരീക്ഷണം പൗരാണികരായ ഇബ്നുൽ വസീർ, ഇബ്നു റുഷ്ദ് , ഇബ്നു ഹസം എന്നിവരും  ആധുനികരായ ശൈഖ് അഹ്മദ് ശാക്കിർ, ശൈഖ് മുഹമ്മദ് ശൽതൂത് എന്നിവരും ഉദ്ധരിക്കുന്നുണ്ട്. 

അനിവാര്യമായും അറിയേണ്ട ദീനീ കാര്യങ്ങൾ എന്ന വിഷയം പരിഗണിക്കുമ്പോൾ ഒന്നാമതായി നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി അതിനു കൃത്യമായ ഒരു നിർവചനം നൽകുക എന്നതാണ്. പഴയതും പുതിയതുമായ പല നിർവചനങ്ങളും കാണാമെങ്കിലും വിഷയത്തിൻ്റെ ഗൗരവം നോക്കുമ്പോൾ അവയൊന്നും സമഗ്രമായി മനസ്സിലാക്കാവുന്നതല്ല. ഇമാം ഇബ്നു ഹജറുൽ ഹൈതമിയുടെ ഒരു നിർവചനം ഇങ്ങനെയാണ്: ദീനിലെ ഖണ്ഡിതവും സുപ്രസിദ്ധവുമായ കാര്യങ്ങളാണവ. പ്രമാണങ്ങളെ നിർധാരണം ചെയ്യാതെയും കാര്യമായി ചിന്തിച്ച് മനസിലാക്കാതെയും ദീനീ വിഷയങ്ങളിൽ ജാഗ്രതയുള്ള സാധാരണക്കാർക്ക് സ്വതവേ ധാരണയുള്ള കാര്യങ്ങളായിരിക്കും  അവ.

ശൈഖ് ശൻഖീതി അതിൻ്റെ നിർവചനം പറയുന്നത് ഇങ്ങനെയാണ്: ‘ ദീനിൽ പണ്ഡിത – പാമര ഭേദമന്യേ ജനങ്ങൾക്കറിയുന്ന കാര്യങ്ങളാണവ. ഒരു നിലയ്ക്കും അത്തരം വിഷയങ്ങളിൽ സംശയങ്ങൾക്ക് പഴുതുണ്ടാവില്ല’. ഇതേ നിർവചനം പങ്കുവെച്ച ശൈഖ് അത്താർ ഏതാനും ഉദാഹരണങ്ങൾ കൂടി പറയുന്നുണ്ട്. ”നിസ്കാരം, നോമ്പ് എന്നിവയുടെ നിർബന്ധത്തെയോ വ്യഭിചാരം, മദ്യപാനം എന്നിവയുടെ നിഷിദ്ധതയോ ഒരാൾ നിഷേധിച്ചാൽ അയാൾ തികഞ്ഞ നിഷേധിയായി മാറുന്നു. കാരണം ഇവ നിരസിക്കുന്നത് പ്രവാചകാധ്യാപനങ്ങളുടെ കൂടി നിരാസമാണ്”.  

ആധുനികരിൽപ്പെട്ട ശൈഖ് അൽബാനി പറയുന്നത് കാണുക: ‘അനിവാര്യമായും അറിയേണ്ട ദീനീ കാര്യങ്ങളുടെ ഒരു പ്രത്യേകതയെന്നത് അവ ഖുർആനിൽ വ്യക്തമായി പരാമർശിക്കപ്പെടുകയോ സ്ഥിരപ്പെട്ട ഹദീസുകളിൽ കൈകാര്യം ചെയ്യപ്പെടുകയോ ചെയ്ത അഭിപ്രായ ഐക്യമുള്ള കാര്യങ്ങളാണ്. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളെ നിഷേധിക്കുന്നത് വഴി ഒരാൾ ‘നിഷേധി’ ആവുകയില്ല. അത്തരം സന്ദർഭങ്ങളിൽ തെളിവുകൾ അയാൾക്കെതിരാണെങ്കിൽ ‘തെറ്റ് സംഭവിച്ചിരിക്കുന്നു’ എന്നേ പരമാവധി പറയാനാകൂ. 

ചുരുക്കത്തിൽ ഈ വിഷയത്തിൽ നിർവചനങ്ങളും വിശദാംശങ്ങളും പറഞ്ഞുള്ള ശ്രമങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും അവയിൽ കൃത്യതയോ സൂക്ഷ്മതയോ പൂർണമായി അവകാശപ്പെടാനാവില്ല എന്നതാണ് സത്യം.

മുൻകാല ശ്രമങ്ങൾ

ദീനിലെ ഖണ്ഡിതമായ വിധിവിലക്കുകൾ (അൽ ഖതഇയ്യാത്ത്) എന്ന പേരിൽ ഇമാം ഇബ്നു ഹജറുൽ ഹൈത്തമി ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതായി നമുക്ക് കാണാം. ‘ദീനിലെ ഖണ്ഡിതമായ കാര്യങ്ങൾ’ (അൽ ഇഅലാം ബി ഖവാതിഇൽ ഇസ്ലാം) എന്ന പേരിൽ ഒരു കൃതി തന്നെ അദ്ദേഹത്തിനുണ്ട്. അത്തരം വിഷയങ്ങളെ പരാമർശിക്കുമ്പോൾ വിശാലമായ സമീപനമാണ് അദ്ദേഹം വെച്ചുപുലർത്തിയത്. ഒരു വിശ്വാസിയെ നിഷേധിയാക്കും എന്ന് പൂർണമായും പറയാൻ പറ്റാത്ത പല കാര്യങ്ങളും ‘ഖണ്ഡിതമായ കാര്യങ്ങ’ളിൽ അദ്ദേഹം ഉൾപ്പെടുത്തി. വൻ പാപങ്ങളെ ക്രോഡീകരിക്കുന്ന പണ്ഡിതന്മാരുടെ രചനകൾ ഈ വിഷയത്തിൽ പരിഗണിക്കാമെങ്കിലും ആ വിഷയത്തിലെ അതിവിശാലതയും പണ്ഡിതന്മാരുടെ അഭിപ്രായവ്യത്യാസങ്ങളും എല്ലാം ഈ വിഷയത്തിന്റെ ഗൗരവത്തെ കുറയ്ക്കുന്നതായിരുന്നു. അഥവാ വൻപാപമായി ഒരു പണ്ഡിതൻ എണ്ണിയ പലതും മറ്റൊരാളുടെ വീക്ഷണത്തിൽ വൻപാപം ആവില്ല. 

അദ്ദേഹത്തിന് മുമ്പ് ഇമാം ഇബ്നുൽ മുൻ‍ദിർ ഇജ്മാഇനെ കുറിച്ചുള്ള തൻ്റെ ഗ്രന്ഥത്തിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നതായി കാണാൻ സാധിക്കും. മുൻഗാമികളും സമകാലികരുമായ പണ്ഡിതന്മാരുടെ സുസമ്മതമായ വിധിവിലക്കുകളെ ക്രോഡീകരിക്കാനാണ് അദ്ദേഹം അതിൽ ശ്രമിച്ചത്. പക്ഷേ പല അഭിപ്രായ വ്യത്യാസങ്ങളും അതിലും കാണാം. പരിമിതികൾ ഉണ്ടെങ്കിലും സർവാംഗീകൃതമായ ദീനീ കാര്യങ്ങൾ എന്ന വിഷയത്തിൽ പരിഗണനീയമായ ഗ്രന്ഥം തന്നെയാണത്. 

 

ദീനിലെ സർവാംഗീകൃതമായ തത്വങ്ങൾ എന്ന വിഷയത്തിന്റെ ക്രോഡീകരണവും അതിര് നിർണയവും വലിയ ഗവേഷണ ശ്രമങ്ങൾ അനിവാര്യമാണെന്ന കാര്യമാണ് ഇത് സൂചിപ്പിക്കുന്നത്. കാരണം ഇത് ഏതെങ്കിലും ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നല്ല.  മറിച്ച് അഖീദ, ഫിഖ്ഹ്, ഹദീസ് നിദാനശാസ്ത്രങ്ങൾ അടക്കമുള്ള വൈവിധ്യമാർന്ന വിഷയങ്ങളെ ഉൾക്കൊള്ളുന്നതാണത്. സൈദ്ധാന്തികവും പ്രായോഗികവുമായ പഠനങ്ങളിലൂടെ മാത്രമാണ് ഇതിലെ പരിഹാരം കണ്ടെത്താനാവുക. വിവിധ വൈജ്ഞാനിക കൂട്ടായ്മകളുടെയും സർവ്വകലാശാലകളുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രം സാധ്യമാകുന്ന ഭാരിച്ച പദ്ധതിയാണത്.

സർവ്വാംഗീകൃതമായ ദീനീ കാര്യങ്ങളുടെ ക്രോഡീകരണം, ഓരോ ഗവേഷകനായ മുസ്ലിമിനും ഏതെല്ലാം വിഷയങ്ങളിൽ  ചർച്ച ചെയ്യാനാകും, നിഷേധിക്കാനുമുള്ള അവകാശം ഏതിലൊക്കെ, ചർച്ച ചെയ്യൽ നിഷിദ്ധമായ മേഖലകൾ, അപകടകരമായ മേഖലകൾ, അതിൽ തന്നെ എത്രത്തോളം ചർച്ചകൾ അനുവദനീയമാണ്, എന്നീ കാര്യങ്ങൾ വേർതിരിക്കുന്ന ഒരു ഭരണഘടനയായി ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ കാര്യം. ദൗർഭാഗ്യവശാൽ ഇന്നേ വരെ ഫലപ്രദമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ലാത്ത ദൗത്യമായി ഈ മേഖല തുടരുന്നു. 

 

വിവ: ബിലാൽ നജീബ്

Related Articles