Current Date

Search
Close this search box.
Search
Close this search box.

ചാറ്റ് ജിപിടി: വിവര്‍ത്തന മേഖലയ്ക്ക് വെല്ലുവിളിയാകുമോ?

2022 നവംബറിലാണ് മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയുള്ള ചാറ്റ് ജിപിടിക്ക് ഓപണ്‍ എഐ ആരംഭം കുറിക്കുന്നത്. ലോകമെമ്പാടും വലിയ സ്വീകാര്യത നേടിയ ചാറ്റ് ജിപിടി മനുഷ്യ നിര്‍മിതിക്ക് സമാനമായ ടെക്സ്റ്റുകളും സംഭാഷണങ്ങളും സൃഷ്ടിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യയെയാണ് കാര്യമായും അവലംബിക്കുന്നത്.

ചാറ്റ് ജിപിടി ഓണ്‍ലൈന്‍ 3 പോലെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നോട്ടുവെക്കുന്ന ആപ്ലിക്കേഷനുകള്‍, വിവര്‍ത്തന മേഖലയടക്കം നിരവധി വൈജ്ഞാനിക വ്യവഹാരങ്ങളുടെയും വ്യാവസായിക മേഖലകളുടെയുമെല്ലാം സ്വഭാവത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും, ഇത്തരം ആപ്ലിക്കേഷനുകളുടെ യഥാര്‍ഥ പരിണിതിയും സ്വാധീനവും എന്തായിരിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. എന്താണ് ചാറ്റ് ജിപിടി? ഭാഷാ സേവന മേഖലയുടെ ഭാവിയെ ഇതെങ്ങനെ ബാധിക്കും? എന്നീ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലൂടെ വിവര്‍ത്തന മേഖലയില്‍ ഇത്തരം ആപ്പുകള്‍ക്ക് എത്രമാത്രം സാമര്‍ഥ്യം കാണിക്കാനാകുമെന്ന് നിരീക്ഷിക്കുകയാണ് ഈ ലേഖനം.

എന്താണ് ചാറ്റ് ജിപിടി?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി സങ്കീര്‍ണ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും കൃത്യമായ പ്രതികരണവും ഉത്തരവും നല്‍കാന്‍ കഴിയുന്ന ഒരു ചാറ്റ്‌ബോട്ട് എന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ചാറ്റിംഗ് ആപ്ലിക്കേഷനാണ് ചാറ്റ് ജിപിടി (ജെനെറേറ്റീവ് പ്രീ-ട്രെയ്‌നര്‍ ട്രാന്‍സ്‌ഫോമര്‍).

സാധാരണ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ വരുന്ന തെറ്റുകള്‍ തിരുത്തുക, ലേഖനമെഴുത്ത്, കവിതാ രചന തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് പല വ്യക്തികളും കമ്പനികളും ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. യഥാര്‍ഥത്തില്‍, ചാറ്റ് ജിപിടി ഭാഷാ സേവന മേഖലയിലേക്കുള്ള അതിന്റെ കടന്നുകയറ്റം പതിയെ സാധ്യമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. നിലവിലുള്ള എല്ലാ വിവര്‍ത്തന സാങ്കേതിക വിദ്യകളെയും മനുഷ്യന്റെ സര്‍വ കഴിവുകളെയും മറികടക്കുംവിധം സെക്കന്റുകള്‍ക്കുള്ളിലാണ് ഉദ്ദിഷ്ട ഉള്ളടക്കം ചാറ്റ് ജിപിടി വിവര്‍ത്തനം ചെയ്തു തരുന്നതെന്നത് ആശങ്ക വളര്‍ത്തുന്നു.

ചാറ്റ് ജിപിടി വിവര്‍ത്തന മേഖലയെ ബാധിക്കുമോ?

സമീപ ഭാവിയില്‍തന്നെ ചാറ്റ് ജിപിടി വിവര്‍ത്തന മേഖലയെ വലിയ രീതിയില്‍ ബാധിക്കുമെന്നതില്‍ തെല്ലും സംശയിക്കാനില്ല. വിവര്‍ത്തകരെയും ഭാഷാ നിപുണരെയും ആവശ്യമുള്ള കമ്പനികള്‍ക്ക് ചാറ്റ് ജിപിടി നല്‍കുന്ന നേട്ടങ്ങള്‍ നിരവധിയാണ്:

1- അതിവേഗ റിസല്‍ട്ട്
വിവര്‍ത്തന മേഖലയിലെ വേഗതയാണ് ഈ സാങ്കേതിക വിദ്യയുടെ പ്രധാന നേട്ടം. മനുഷ്യനെ സംബന്ധിച്ചിടത്തോളം, ടെക്സ്റ്റിന്റെ വലിപ്പത്തിനും സങ്കീര്‍ണതക്കുമനുസരിച്ച് വിവര്‍ത്തനത്തിന് മണിക്കൂറുകളും ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെയും വേണ്ടി വന്നേക്കും. അതേസമയം, നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ചാറ്റ് ജിപിടി വിവര്‍ത്തനം നടത്തുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ ഒരു വെബ്‌സൈറ്റോ അല്ലെങ്കില്‍ ഒരു പുസ്തകം മുഴുവനോ വിവര്‍ത്തനം ചെയ്യാന്‍ അതിനാകും.

2- കൂടുതല്‍ വിവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നു
ഈ സാങ്കേതിക വിദ്യയിലൂടെ വിവര്‍ത്തനം കൂടുതല്‍ പ്രാപ്യമായ ഒന്നായിത്തീരും. പ്രൊഫഷണല്‍ ഭാഷാ വിവര്‍ത്തന സേവനങ്ങളുടെ ചെലവുകളിലും ജിപിടി വലിയ രീതിയിലുള്ള ആശ്വാസം പകരും. ചാറ്റ് ജിപിടിയുടെ വേഗതക്കനുസരിച്ച് വിവര്‍ത്തനവും വേഗതയിലാകും. ഓരോ പ്രൊജക്റ്റും കുറഞ്ഞ വിലയില്‍തന്നെ ചെയ്യാനും മനുഷ്യന്‍ വിവര്‍ത്തനത്തിനെടുക്കുന്ന സമയത്തെക്കാള്‍ കൂടുതല്‍ സമയം ലാഭിക്കാനുമാകും.

ചാറ്റ് ജിപിടിയുടെയും പ്രൊഫഷണലുകളുടെയും വിവര്‍ത്തനങ്ങള്‍ തമ്മിലെ വ്യത്യാസം

ചാറ്റ് ജിപിടിക്ക് നിലവില്‍ നല്‍കപ്പെട്ടിട്ടുള്ള വിവര്‍ത്തന മെഷീന്‍ ടൂള്‍സ് പ്രകാരം ഭാഷയിലെ സൂക്ഷമമായ അര്‍ഥങ്ങളും ആശയങ്ങളും കൃത്യമായി ലഭ്യമാകണമെങ്കില്‍ മനുഷ്യന്റെ നിരന്തര ഇടപെടല്‍ അനിവാര്യമാണ്. അങ്ങനെയെങ്കില്‍, ചാറ്റ് ജിപിടി നല്‍കുന്ന വിവര്‍ത്തനം പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡുള്ളതാണെന്ന് പറയാനാകുമോ?

ചാറ്റ് ജിപിടി-പ്രൊഫഷണല്‍ വിവര്‍ത്തനങ്ങളുടെ വ്യത്യസ്ത തലങ്ങള്‍

1- ഉയര്‍ന്ന സംഘടിത മേഖലകള്‍ക്കിത് അനുയോജ്യമല്ല
വിവര്‍ത്തനത്തില്‍ കൃത്യതയും വ്യക്തതയും അനിവാര്യമായ നിയമ, വൈദ്യ മേഖലകള്‍ക്കെല്ലാം ആപ്ലിക്കേഷന്‍ ഉപയോഗപ്രദമാകുമെന്നാണ് ചാറ്റ് ജിപിടി ഡെവലപ്പേഴ്‌സിന്റെ വാദം. എന്നാല്‍, ആ വാദത്തോട് ഒരിക്കലും യോജിക്കാനാകില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം, നിയമ, വൈദ്യ മേഖലകള്‍ പോലെയുള്ള വലിയ വ്യവസ്ഥാപിത സ്ഥാപങ്ങളെല്ലാം അവുരടെതായ സങ്കീര്‍ണ പദാവലികള്‍ ഉപയോഗിക്കുന്നവരാണ്. മാത്രവുമല്ല, അവര്‍ കര്‍ശനമായി സ്വീകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പലപ്പോഴും രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍തന്നെ, വിവര്‍ത്തനത്തിന് അനുസൃതമായി അതിനെ ഏകോപിപ്പിക്കുകയെന്നത് പ്രയാസമാണ്. കാരണം, വിദേശ അതോറിറ്റികള്‍ക്ക് പിന്നീടതില്‍ വലിയ രീതിയിലുള്ള തിരുത്തലുകള്‍ നടത്തേണ്ടി വരും.

ആവശ്യമായ തിരുത്തലുകള്‍ നടത്തുകയെന്നതും ചാറ്റ് ജിപിടിയെ സംബന്ധിച്ചിടത്തോളം അജ്ഞാതമാണ്. മാത്രവുമല്ല, ഇത്തരം വിവര്‍ത്തനങ്ങള്‍ക്ക് നല്ല സൂക്ഷമത അത്യാവശ്യവുമാണ്. കാരണം, വിവര്‍ത്തനത്തില്‍ വരുന്ന പിഴവുകള്‍ സാമ്പത്തികവും നിയമപരവുമായ തിരിച്ചടികള്‍ ഉണ്ടാക്കാന്‍ കാരണമായേക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രൊഫഷണല്‍ വിവര്‍ത്തകരെ അവലംബിക്കലാണ് ഏറ്റവു നല്ലത്.

2- ഡാറ്റയുടെ സുരക്ഷിതത്വവും സ്വകാര്യതയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍
ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും നന്നായി ശ്രദ്ധിക്കേണ്ടത് നമ്മുടെ സ്വകാര്യതയാണ്. ഒരു ഓപ്പണ്‍ സോര്‍സ് ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. എന്നുവച്ചാല്‍, ഈ സിസ്റ്റത്തെക്കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും അനായാസം കോഡുകള്‍ മോഡിഫൈ ചെയ്യാനും ഡാറ്റകള്‍ മോഷ്ടിക്കാനും സാധിക്കും. ഈ സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്ന ആളുകളെയെല്ലാം അത് പ്രതിസന്ധിയിലാക്കും.ഹാക്കര്‍മാര്‍ക്കും ഇതിന്റെ കോഡുകള്‍ മാറ്റാനാകും. അതുവഴി ഉപയോക്താക്കള്‍ക്ക് നേരെ സൈബറാക്രണം നടക്കാനും ബിസിനസ്, കസ്റ്റമര്‍ ഡാറ്റകളെല്ലാം മോഷ്ടിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഡിവൈസില്‍ മാല്‍വേര്‍ കയറാനും സാധ്യതയുണ്ട്. നമ്മുടെ ബിസിനസ് മുന്നേറ്റങ്ങളെയെല്ലാം ഇത് തകര്‍ത്തുകളയും.

ഇതിനെല്ലാം അപ്പുറം, ക്രമേണ സ്വകാര്യതയും സൂക്ഷ്മമായ ഡാറ്റ കൈകര്യവും ഫലപ്രദമായി ലഭിക്കുന്ന പ്രൊഫഷണല്‍ വിവര്‍ത്തനത്തോട് അനിഷ്ടവും അകല്‍ച്ചയും ചാറ്റ് ജിപിടി ഉണ്ടാക്കിത്തീര്‍ക്കുന്നുണ്ട്. സ്വകാര്യതയുടെയും ഡാറ്റ സുരക്ഷിതത്വത്തിന്റെയും വിഷയത്തില്‍ ഇരുകക്ഷികള്‍ക്കിടയിലും പ്രത്യേക നിമയമങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണ് പ്രൊഫഷണല്‍ വിവര്‍ത്തനമെന്നുകൂടി നാം ഓര്‍ക്കണം.

വിവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാറ്റ് ജിപിടിയെ എങ്ങനെ ഉപയോഗപ്പെടുത്താം?
പ്രൊഫഷണല്‍ വിവര്‍ത്തകനോളം മെച്ചമല്ല ചാറ്റ് ജിപിടി വിവര്‍ത്തനമെന്നത് ശരിതന്നെ. എങ്കിലും, ഫലപ്രദമായ രീതിയില്‍ ചാറ്റ് ജിപിടിയെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വിവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യേക ഫീച്ചറുകള്‍ നല്‍കി അത്ഭുതകരമായ വിവര്‍ത്തന ഫലങ്ങള്‍ നല്‍കുന്ന ഒരു ആപ്ലിക്കേഷനായി ചാറ്റ് ജിപിടിയെ മാറ്റിയെടുക്കാം. വിവര്‍ത്തന മേഖലയില്‍ ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താവുന്ന ചില സന്ദര്‍ഭങ്ങള്‍ താഴെ കൊടുക്കുന്നു:

1- പ്രൊഫഷണല്‍ വിവര്‍ത്തകന് തന്റെ വിവര്‍ത്തനം തുടങ്ങാന്‍ സഹായിക്കുന്ന തരത്തിലൊരു പ്രാഥമിക വിവര്‍ത്തനം നമിഷങ്ങള്‍ക്കുള്ളില്‍തന്നെ ഉണ്ടാക്കിയെടുക്കാം. പിന്നീട്, അതില്‍ ഭാഷാപരമായ മോഡിഫിക്കേഷന്‍ മാത്രം നടത്തിയാല്‍ മതിയാകും.

2- ഓരോ ഉള്ളടക്കത്തിന്റെയും ചെറുതും വലുതുമായ പതിപ്പുകള്‍ ഉണ്ടാക്കുക. വിവര്‍ത്തകന് താന്‍ ചെയ്ത വിവര്‍ത്തനത്തിലെ പദങ്ങളെയും അക്ഷരങ്ങളെയും അതുവച്ച് തുലനം ചെയ്യാനാകും.

3- കൃത്യതയും സൂക്ഷ്മതയും ചോദ്യം ചെയ്യപ്പെടുമെങ്കിലും കുറഞ്ഞ സമയംകൊണ്ടുതന്നെ വ്യത്യസ്ത ഭാഷകളിലേക്ക് വിവര്‍ത്തനം സാധ്യമാക്കാം. പ്രൊഫഷണല്‍ വിവര്‍ത്തന സേവനങ്ങളില്‍ ഇത് വളരെ കുറവാണ്.

വിവര്‍ത്തന മേഖലയുടെ ഭാവി
ചാറ്റ് ജിപിടി വിവര്‍ത്തന മേഖലയിലെ വിപ്ലവകരമായ മാറ്റമാകുമോ? ഇതുവരെ അതിന് സാധ്യമായിട്ടില്ല. മനുഷ്യനെപ്പോലെ വിവര്‍ത്തനം സാധ്യമാകണമെങ്കില്‍ ചാറ്റി ജിപിടി പോലെയുള്ള എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് ഇനിയും ഒരുപാട് കാലം മുന്നോട്ട് സഞ്ചരിക്കേണ്ടി വരും. എങ്ങനെയായിരുന്നാലും, ഭാവിയില്‍ ഇത്തരം ആപ്ലിക്കേഷനുകളില്‍ സാരമായി മാറ്റങ്ങളും അഭിവൃദ്ധിയും കാണാനാകും. അതുവരെ, വേഗതയില്‍ ലഭ്യമാകുന്ന പ്രൊഫഷണല്‍ ഭാഷാ സേവനങ്ങള്‍ അവലംബിക്കല്‍തന്നെയാണ് ഏറ്റവും നല്ലത്.

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles