Youth

ഇതര മതങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം ?

” (നബിയേ)പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന)ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികള്‍ എന്നിവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട (ദിവ്യസന്ദേശം)തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്‌ കീഴ്പെട്ടവരാകുന്നു. (ഖുർആൻ 3:84 ) ”

ഖുർആനിലെ ഈ ദൈവകല്പന പ്രകാരം, മനുഷ്യരാശിക്കയച്ച ദൈവത്തിൻറെ എല്ലാ മുൻപ്രവാചകന്മാരിലും മുസ്‌ലിംകൾ വിശ്വസിക്കണം.അതായത് ഏതെങ്കിലും പ്രവാചകനോടോ അദ്ദേഹം പഠിപ്പിച്ച മതത്തോടോ അനാദരവ് കാണിക്കാൻ അവർക്ക് അനുവാദമില്ല.

ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം, ഒരു വ്യക്തിയുടെ സ്വതാൽപര്യത്താലുണ്ടാകേണ്ട ഒന്നാണ് മതവിശ്വാസം. കാരണം, മതത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള ബലപ്രയോഗവും ഉപയോഗിക്കരുതെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നു :

” മതത്തിന്റെ കാര്യത്തില്‍ ഒരു ബലപ്രയോഗവും ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു.
(ഖുർആൻ 2:256 ) ”

മതം എന്നാൽ അതിന്റെ അനുയായികളുടെ ദൃഢവിശ്വാസമാണ്, മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. അത് ഭൂമിയിൽ അതിന്റെ ധാർമ്മിക ശക്തി സ്ഥാപിക്കുന്നു. മുഹമ്മദ്‌ നബി (സ) യുടെ ജീവിതത്തിലും, പ്രവൃത്തിയിലും, മദീനയിലെ ബഹു-മത സമൂഹവുമായി അദ്ദേഹം രൂപവത്കരിച്ച ഭരണഘടനയിലും പ്രകടമായ ഒരു തത്വമാണിത്‌. അല്ലാഹുവിന്റെ മേൽപറഞ്ഞ വചനം ഭൂമിയിലുള്ള എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഖുർആനിന്റെ ഈ ആദർശമാണ് അതിന്റെ എല്ലാ ഗ്രാഹ്യ വായനക്കാരുടെയും ഹൃദയങ്ങളിൽ പ്രകാശിക്കുന്നത് : സഹിഷ്ണുതയുടെയും വിവേകത്തിന്റെയും ആദർശം.

Also read: കൊറോണ കാലത്തെ നമസ്കാരം

പരസ്‌പരം അറിയാനും ദയാപൂര്‍വ്വവും ഉദാരതയിലും ഇടപഴകുവാനുമായാണ് ആളുകളെ ജനതകളും ഗോത്രങ്ങളുമാക്കി താൻ സൃഷ്ടിച്ചതെന്ന് അല്ലാഹു ഖുർആനിൽ പറയുന്നു :

” ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
(ഖുർആൻ 49:13) ”

ഇസ്ലാമിൽ മതത്തിന്റെയും നിറത്തിന്റെയും ദേശത്തിന്റെയും പേരിലുള്ള അസഹിഷ്ണുത, ദുരാഗ്രഹം, വർഗീയത എന്നിവയ്ക്ക് സ്ഥാനമില്ലെന്ന് പ്രസ്തുത വചനത്തിൽ അല്ലാഹു ഊന്നിപറയുന്നു. ഇസ്‌ലാമിനോടുള്ള ഈ സഹിഷ്ണുത ജീവിതത്തിന്റെ എല്ലാ മേഖലകൾക്കും, മുസ്‌ലിംകളുടെ എല്ലാ കാര്യങ്ങൾക്കും ബാധകമാണ്.

ജൂതന്മാരെയും ക്രിസ്ത്യാനികളെയും (ഖുർആനിൽ വേദക്കാർ എന്ന് പരാമർശിക്കപ്പെടുന്നു) ഉൾക്കൊണ്ട മുസ്‌ലിംകൾ സത്യസന്ധമായ ഒരു മത സമൂഹത്തെ വ്യക്തമാക്കുന്നു :

” വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌ – അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. (ഖുർആൻ 29:46) ”

തങ്ങൾക്കിടയിലും മറ്റുള്ളവരുമായിട്ടും ഉണ്ടായേക്കാകുന്ന തർക്കങ്ങളും കോപങ്ങളും മറ്റ് നിഷേധാത്മക വികാരങ്ങളും ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഈ വാക്യം മുസ്‌ലിംകളോട് പറയുന്നു.

ചരിത്ര പശ്ചാത്തലം

ഡോ. വില്യം ബേക്കർ “ഇസ്‌ലാമിനും ക്രിസ്തുമതത്തിനും ഇടയിലുള്ള പാലം” എന്ന തന്റെ പുസ്തകത്തിൽ തോറയെയും (ജൂതർക്ക്‌ ദൈവം സീനായ്‌ മലയിൽ നിന്ന്‌ കൊടുത്ത കല്‌പനകൾ), ബൈബിളിലെ പുതിയനിയമത്തെയും ദൈവത്തിന്റെ പ്രചോദനാത്മക വെളിപ്പെടുത്തലുകളായി മുസ്‌ലിംകൾ എങ്ങനെ കാണുന്നുവെന്നും, ഇസ്‌ലാം യഹൂദന്മാരെയോ യഹൂദമതത്തെയോ ലക്ഷ്യമാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

“ഇസ്‌ലാമിന്റെയും ജൂതന്മാരുടെയും പ്രവാചകൻ: പെരുമാറ്റം, സ്വീകാര്യത, ബഹുമാനം, സഹകരണം എന്നിവയുടെ അടിസ്ഥാനം” എന്ന തന്റെ ലേഖനത്തിൽ ഫൈസൽ ബുർഹാൻ ഡോ. ബേക്കറിന്റെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട് :
” മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ യഹൂദന്മാർ പീഡിപ്പിക്കപ്പെടുമ്പോൾ സ്പെയിനിലെ മുസ്‌ലിംകൾക്കിടയിലാണ് അവർ സമാധാനവും ഐക്യവും സ്വീകാര്യതയും കണ്ടെത്തിയിരുന്നത് എന്നത് ചരിത്രത്തിന്റെ ഒരു വസ്തുതയാണ്. വാസ്തവത്തിൽ, ഇതുതന്നെയായിരുന്നു യഹൂദന്മാർ സ്വയം വിശേഷിപ്പിച്ച “സുവർണ്ണകാലം” എന്ന യഹൂദ ചരിത്രത്തിലെ യുഗം. ”

Also read: നിന്റെ കൂടെ പരിശുദ്ധാത്മാവുണ്ട്

ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഖുർആൻ പരിഭാഷയുടെ രചയിതാവ് മാർമഡ്യൂക്ക് പിക്താൽ ഈ വിഷയത്തിൽ അഭിപ്രായപെട്ടത് ഇപ്രകാരമാണ് :
“ഉമയ്യാദുകൾക്ക്‌ കീഴിലുള്ള സ്പെയിനിലും , അബ്ബാസി ഖലീഫയുടെ കീഴിലുള്ള ബാഗ്ദാദിലും മുസ്ലീങ്ങൾക്കൊപ്പം ക്രിസ്ത്യാനികളെയും ജൂതന്മാരെയും സ്കൂളുകളിലും സർവ്വകലാശാലകളിലും പഠിക്കാൻ അനുവദിച്ചുവെന്നുമാത്രമല്ല ഭരണകൂടത്തിന്റെ ചിലവിൽ അവരെ ഹോസ്റ്റലുകളിൽ പാർപ്പിക്കുകയും ചെയ്തു. ”

പതിനെട്ടാം നൂറ്റാണ്ടിൽ എൻ‌സൈക്ലോപീഡിയകൾ കണ്ടുപിടിക്കുന്നത് വരെ പാശ്ചാത്യ ക്രിസ്ത്യാനികൾ മുസ്ലിംകൾ എന്താണ് വിശ്വസിക്കുന്നതെന്നോ,കിഴക്കൻ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടുകൾ എന്തെന്ന് അറിയുകയോ അറിയാൻ താല്പര്യപ്പടുകയോ ചെയ്തിരുന്നില്ല.

ക്രിസ്ത്യൻ സഭ ഇതിനകം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. അവസാനം, കിഴക്കൻ ക്രിസ്ത്യാനികളെ റോമൻ കാത്തലിക്കായി മാറ്റിനിർത്തുകയും അവിടെ നിന്ന് അവരെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്ത സഹക്രിസ്ത്യാനികളുടെ ഭരണത്തേക്കാൾ സ്വന്തം മതം പിൻപറ്റുവാനും അതോടൊപ്പം അവരുടെ ആചാരങ്ങൾ പാലിക്കുവാനും അനുവദിച്ച മുസ്ലിം ഭരണത്തെയാണ് അവർ തെരഞ്ഞെടുത്തത്.

ക്രൈസ്‌തവലോകത്തെക്കുറിച്ച് മുസ്‌ലിംകൾക്ക് അറിയാമായിരുന്നതുപോലെ യൂറോപ്പിൽ ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ അറിയാമായിരുന്നുവെങ്കിൽ, മതപരമായ
സാഹസികമെന്നും ധീരതയെന്നും അറിയപ്പെടുന്ന കുരിശുയുദ്ധം എന്ന മതഭ്രാന്ത് പൊട്ടിപ്പുറപ്പെടുമായിരുന്നില്ല. കാരണം, അവ പൂർണ്ണമായും തെറ്റിദ്ധാരണ
അടിസ്ഥാനമാക്കിയുള്ളതാണ് .

പാശ്ചാത്യ രാജ്യങ്ങൾ അവരുടെ മതനിയമത്തിൽ നിന്ന് പിന്മാറിയപ്പോഴെല്ലാം അവർ ക്ഷമിച്ച് നിന്നു. എന്നാൽ, മുസ്‌ലിംകൾ കൂടി അവരുടെ മതത്തിൽനിന്ന് അകന്നുപോയപ്പോഴാണ് അവർ സംസ്കാരം മറന്നതും അവരുടെ ക്ഷമ നശിച്ചതും. ഇസ്‌ലാം വരുന്നതിനുമുമ്പ് അത് ഒരിക്കലും അവരുടെ മതത്തിന്റെ ഭാഗമായിപ്പോലും ഗണിക്കപ്പെട്ടിരുന്നില്ല.

പ്രവാചകന്റെ ബഹുസ്വര ഭരണഘടന

ഒരു പുതിയ മതം പഠിപ്പിക്കുമെന്ന് ഖുർആൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. മുമ്പ് ഇറക്കപ്പെട്ട എല്ലാ ഗ്രന്ഥങ്ങളിലെയും സത്യം ഒന്നുകൂടി ഉറപ്പാക്കാൻ വേണ്ടി, അല്ലാഹു അയച്ച അനേകം പ്രവാചകന്മാരിൽ ഒടുവിലത്തെ പ്രവാചകനാണ് മുഹമ്മദ് നബി (സ്വ) എന്ന് വ്യക്തമാക്കുകയാണ് ഖുർആൻ. പ്രവാചകൻ മറ്റു മതക്കാരോട് കാണിച്ച ബഹുമാനത്തിൽ ഇത് വ്യക്തമാണ്.

Also read: വൃത്തിയും മഹാമാരികളില്‍ നിന്നുള്ള സുരക്ഷയും

നൂഹ്‌ നബി(അ), ഇബ്രാഹിം നബി(അ), മൂസ നബി(അ), ഈസ നബി(അ), ദാവൂദ് നബി(അ) എന്നിവരുടെ ശുദ്ധമായ മതം പുനസ്ഥാപിക്കുക എന്നതായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ ദൗത്യം. മുൻമതങ്ങളെക്കുറിച്ചുള്ള ഇസ്ലാമിന്റെ വീക്ഷണം ഖുർആനിലെ ഇനിപ്പറയുന്ന ആയത്തിൽ നിന്ന് വ്യക്തമാണ് :

” നൂഹിനോട്‌ കല്‍പിച്ചതും നിനക്ക്‌ നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട്‌ നാം കല്‍പിച്ചതുമായ കാര്യം (ഖുർആൻ 42:13) ”

മക്കയിലെ ഖുറൈശി ഗോത്രത്തിനിടയിൽ പതിമൂന്ന് വർഷക്കാലം ഇസ്ലാം പ്രചരിപ്പിച്ചതിന് ശേഷമാണ് എ.ഡി 622 ൽ പ്രവാചകൻ മദീനയിലെത്തുന്നത്‌. അദ്ദേഹത്തെ സ്വീകരിക്കാനും തന്റെ ദൗത്യത്തിൽ സഹായിക്കാനും തയ്യാറായ നിരവധി പേരെ
അദ്ദേഹം മദീനയിൽ കണ്ടെത്തി.

അക്കാലത്ത് ധാരാളം ജൂത, അറബ് ഗോത്രങ്ങളിലെ ആളുകൾ മദീന നഗരത്തിലും പരിസരപ്രദേശങ്ങളിലുമായ്‌ താമസിച്ചിരുന്നു. റോമാക്കാർ, പേർഷ്യക്കാർ, എത്യോപ്യക്കാർ എന്നീ വംശജരും അവിടെ നിലകൊണ്ടിരുന്നു.

ബഹു-മത പശ്ചാത്തലമുള്ള ഈ സമൂഹത്തിന്റെ പ്രതീക്ഷകളും അഗ്രഹങ്ങളുമെല്ലാം കണക്കിലെടുത്ത് മുഹമ്മദ് നബി(സ്വ) ഒരു ബഹുസ്വര ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക്‌ രൂപം നൽകി. മാത്രമല്ല, നിയമത്തിനുമുന്നിൽ ഓരോ പൗരന്റെ അവകാശങ്ങളും തുല്യതയും ഉറപ്പാക്കുകയും, മതസ്വാതന്ത്ര്യവും, വ്യാപാര – സംസാര സ്വാതന്ത്ര്യവും നൽകുകയും ചെയ്തു.

ഈ ഭരണഘടന ജൂതന്മാരുടെയും മുസ്‌ലിംകളുടെയും സുരക്ഷയ്‌ക്കെതിരായി
വരുന്ന എല്ലാ ആപത്തുകളിൽ നിന്നും പരസ്പരം സംരക്ഷിക്കുന്നതിനും നല്ല പെരുമാറ്റവും ന്യായമായ ഇടപാടുകളും ഉയർത്തിപ്പിടിക്കുന്നതിനും ആവശ്യമായ എല്ലാ രാഷ്ട്രീയ അവകാശങ്ങളും കടമകളും വ്യക്തമാക്കി.

നിരവധി വംശക്കാരും ദേശക്കാരും വസിക്കുന്ന ഒരു പ്രദേശത്തിന്റെ
നിയമമായിരുന്നു മുഹമ്മദ് നബി(സ്വ) നിർദ്ദേശിച്ച ചരിത്ര രേഖയായ മദീനയിലെ ഭരണഘടന. എല്ലാ മതത്തിലെയും നിറത്തിലെയും വംശത്തിലെയും വംശപരമ്പരയിലെയും ആളുകൾക്കിടയിലും സഹകരണവും സാഹോദര്യവും ഈ ഭരണഘടന ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതോടൊപ്പം നീതിയുടെ മാനദണ്ഡം വിവേചനത്തിന്റെ അടിത്തറയായി നിശ്ചയിക്കുകയും ചെയ്തു.

ഒരു മനുഷ്യാത്മാവ്

മദീനയിൽ നിയമനിർമ്മാണത്തിനു പുറമേ, തന്റെ ദൈനംദിന ജീവിതത്തിൽ മറ്റു മതക്കാരോട് സ്വീകാര്യതയും ആദരവും പ്രവാചകൻ പ്രകടിപ്പിച്ചിരുന്നു. മുസ്‌ലിംകൾക്ക് പുറമെ ജൂതന്മാരിലെ രോഗികളെയും അദ്ദേഹം സന്ദർശിക്കാറുണ്ടായിരുന്നു. ഒരു സന്ദർഭത്തിൽ ഒരു യഹൂദന്റെ മൃതശരീരം അദ്ദേഹത്തിന്റെ മുൻപിലൂടെ പോയപ്പോൾ മരിച്ചയാളോടുള്ള ബഹുമാനസൂചകമായി അദ്ദേഹം എഴുന്നേറ്റുനിന്നു. അതുകണ്ട് അദ്ദേഹത്തോട് സ്വഹാബിമാർ ചോദിച്ചു :
” ഒരു ജൂതന്റെ മൃതദേഹം കണ്ടപ്പോൾ താങ്കൾ എഴുന്നേറ്റത് എന്തിനാണ് ? ”
അദ്ദേഹം അവർക്ക് മറുപടി നൽകിയത് ഇങ്ങനെയാണ് :
” ഇത് ഒരു മനുഷ്യാത്മാവല്ലേ? “(അൽ ബുഖാരി)

ജാതി വേർതിരിവുകളും മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും നടക്കുന്ന ഈ കാലഘട്ടത്തിൽ പ്രവാചകന്റെ ഈ മനോഭാവം തികച്ചും പാരത്രികമായി തോന്നാം.

വിവ. തഫ്‌സീല സി.കെ

Facebook Comments
Related Articles
Show More
Close
Close