Current Date

Search
Close this search box.
Search
Close this search box.

വൈകാരികതയിൽ നിന്നും രൂപംകൊള്ളുന്ന വ്യക്തിത്വം

മനുഷ്യരിലെ വികാരങ്ങളും വിചാരങ്ങളും മിക്കപ്പോഴും വിവിധ ഭാവത്തിലും വിവിധ രൂപത്തിലും വിവിധ തലത്തിലും പ്രകടമാകാറുണ്ട്. വികാരങ്ങൾക്കെല്ലാം അതിന്റേതായ എടുത്തു പറയത്തക്ക ചില പൊതുസ്വഭാവങ്ങൾ കാണുമെങ്കിലും ചുറ്റിലുമുള്ള മനുഷ്യരിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അതിലെ വ്യതിയാനങ്ങളും വൈജാത്യങ്ങളും ദൃശ്യമാകും. സസൂക്ഷ്മം പരിശോധിച്ചാൽ ഓരോരോ വിധത്തിലാണ് വൈകാരികത ഓരോ മനുഷ്യനിലും പ്രത്യക്ഷമാകുന്നതും പ്രകടമാക്കപ്പെടുന്നതും അവർക്ക് അനുഭവപ്പെടുന്നതും അവരിൽ നിന്ന് പ്രതിധ്വനിക്കുന്നതുമെല്ലാം. ഏവരിലും സന്തോഷമെന്ന വികാരം പകരുന്നത് ആഹ്ലാദകരമായ നിമിഷങ്ങളാണ്, അതേസമയം ദുഃഖം വേദനാജനകവും സങ്കടകരമായതും നിരാശാപരവുമാണ്. വൈകാരികതയുടെ പ്രതിപ്രവർത്തനവും അതിന്റെ പരിണിതഫലവും പ്രത്യാഘാതങ്ങളും ഓരോ മനുഷ്യന്റെ ജീവിതത്തിലും വ്യത്യസ്തമായി ഭവിക്കുന്നതിനും മതിയായ കാരണങ്ങൾ ഉണ്ട്. അവയെല്ലാം വിശദമായി ചർച്ച ചെയ്യപ്പെടേണ്ടവ തന്നെ.

ഉയർച്ചയ്ക്കും ഉന്നതിയ്ക്കും അതിജീവനത്തിനും വേണ്ടി തന്റേതായ യുക്തിയും വിവേചനബുദ്ധിയും, വിവേകവും പക്വതയും മൂലധനമാക്കി സ്വരൂപിച്ച് വെച്ചുകൊണ്ട് അതിജീവന ദൗത്യമെന്ന പേരിൽ നിരന്തരം ജീവിതവുമായി മല്ലടിച്ചുകൊണ്ട് തഴക്കവും വഴക്കവും വന്ന മനുഷ്യന് സ്വന്തം ചിന്തകൾക്കപ്പുറം എപ്പോഴും അയാളെ മനുഷ്യനാക്കി നിർത്തുന്നതിന്റെ പിന്നിൽ വൈകാരികതയ്ക്കുള്ള പങ്ക് അത്രത്തോളം ചെറുതല്ല. ഇരുപത്തി ഏഴോളം ഇമോഷൻസ് (വികാരങ്ങൾ) ആണ് മൊത്തത്തിൽ മനുഷ്യരിൽ കാണപ്പെടുന്നത് അതല്ല 32 ഇമോഷൻസ് ഉണ്ട് എന്നും തർക്കം നിലനിൽക്കുന്നു. അവയിൽ അത്യധികം ശക്തവും വ്യക്തിത്വത്തെ പ്രതികൂലമായും സാരമായും ബാധിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതുമായ വികാരം ഭയമാണ്. ഭീതി, ഉത്കണ്ഠ, പരിഭ്രാന്തി ഇവയെല്ലാം ഭയം എന്ന വികാരത്തിന്റെ വ്യത്യസ്തമായ പതിപ്പുകളാണ്. ജീവിക്കുന്ന പരിതസ്ഥിതിയെ അല്ലെങ്കിൽ ആളുകളെ അനുനിമിഷം ഭയന്ന് ജീവിക്കേണ്ടി വരുന്ന അവസ്‌ഥ അതിദയനീയവും ഭയാനകവും തന്നെ. അതേപോലെ ജീവിതസാഹചര്യങ്ങളെ ഉൾഭയം മൂലം അഭിമുഖീകരിക്കാൻ പ്രയാസ്സപ്പെടുന്ന ഒരു മനുഷ്യന്റെ ജീവിതം ഒട്ടും സുഖകരമാവില്ല, ആ വ്യക്തിയോടൊപ്പം ജീവിതം പങ്കിടുന്നവരെയും ചെറിയ തോതിലെങ്കിലും ഭയം വേട്ടയാടിക്കൊണ്ടിരിക്കും.

അസ്വസ്ഥതയും അസ്ഥിരതയും വിതക്കുന്ന ജീവിതത്തോടൊപ്പം ഒറ്റപ്പെടലിന്റെയും സങ്കടത്തിന്റെയും നീറ്റലിൽ നിന്നും നുരഞ്ഞുപൊന്തുന്ന അരക്ഷിതാവസ്ഥ ഒരാളിൽ കടുത്ത ഭീതി നിറക്കും. ദുർബലവും പ്രതിരോധശേഷി കുറഞ്ഞതുമായ മനസ്സാണെങ്കിൽ നാളുകൾ ചെല്ലവെ അയാളുടെ മനോനില തകരാറിലാവാനുള്ള സാധ്യതയും ഏറെയാണ്. മിക്ക കേസുകളിലും അത്തരക്കാരുമായി അടുത്തിടപഴകുന്ന ആളുകളിലേക്കും ഇപ്പറയുന്ന വിഭ്രാന്തിയും നിഷേധാത്മക മനോഭാവവും പടർന്നുപിടിക്കുന്നതും ഒരു സ്ഥിരകാഴ്ചയാണ് . ഒരു തരം പകർച്ചവ്യാധിയെ പോലെയാണ് ഇത്, നെഗറ്റീവ് എനർജിയുടെ മൂർത്തിരൂപമായി മാറുന്ന ഒരാളിൽ നിന്ന് പടർന്ന് പിടിക്കുന്ന ജ്വരം പോലെ. അയാളും കുടുംബവും സമൂഹത്തെ വരെ ഭീതിനിറഞ്ഞ കണ്ണിലൂടെ നോക്കിക്കാണുന്ന സ്ഥിതിവിശേഷവും, നിലനിൽപ് അതീവ ദുഷ്ക്കരമായിത്തീരുകയും ചെയ്യും. അല്ലെങ്കിൽ അനുയോജ്യമായ ചികിത്സയോ കൗണ്സിലിംഗോ നൽകി അവരെ രക്ഷിയ്ക്കാൻ കുടുംബാംഗങ്ങൾ ശ്രമിക്കണം.

പേടി അല്ലെങ്കിൽ ഭയം മനുഷ്യനിൽ കടന്ന് കൂടിയാൽ സകലതിൽ നിന്നും ഉൾവലിഞ്ഞ് ജീവിക്കാനായ് അത് അവരെ പ്രേരിപ്പിക്കുകയും, അനന്തരം മറ്റുള്ളവരെ പോലെയുള്ള സാധാരണ ജീവിതവും സാമൂഹിക ജീവിതവും അവർക്ക് വെറുമൊരു സ്വപനം മാത്രമായി തീരുകയും ചെയ്യുന്നു. ഇത്തരക്കാർ ദാരിദ്ര്യത്തിലും കഷ്ടപ്പാടിന്റെ നേരിപ്പൊടിലും കഴിക്കുന്നവരും കൂടെയെങ്കിൽ അവരെ നിർദയം ചൂഷണം ചെയ്യാൻ വിക്രബുദ്ധിയും കുടിലചിന്തകളുമായി അവർക്ക് ചുറ്റിനും വട്ടമിട്ട് പറക്കുന്ന ദുഷ്ടമനസ്സുകൾ കുറെ ഉണ്ടാകും. സുഖഭോഗങ്ങളിൽ മതിമറന്ന് ശയിക്കാനും ആഡംബരപൂർണ്ണമായ ഒരു ജീവിതവും ലാക്കാക്കി അതിനിഷ്ഠൂരം പാവങ്ങളെ ഇപ്പറയുന്ന സ്വാർത്ഥലാഭ മോഹികൾ മുതലെടുപ്പ് നടത്തുന്നത് ഇന്നത്തെ ലോകത്തിന്റെ നേർക്കാഴ്ചയാണ്. ആത്മാവിശ്വാസക്കുറവ് വലിയൊരു പ്രശ്‌നമാണ്. അവനവനിൽ ഒട്ടും വിശ്വാസമില്ലായ്‌മ ഉള്ളിൽ ഭീതി ജനിപ്പിക്കുന്നതിനും ധൈര്യകുറവിനും ഹേതുവാക്കപ്പെടാറുണ്ട്.

ഇമോഷൻസിന് 34000ത്തിലധികം വരുന്ന വെരിയേഷൻസ് ഉണ്ടെന്നും ഇവയെല്ലാം അനുഭവിച്ചറിയാൻ ചില മനുഷ്യർക്കെങ്കിലും കഴിയുമെന്നും ഇമോഷണൻസിനെ കുറിച്ച് പഠനം നടത്തിയ വാട്കിൻസ് എന്ന സൈക്കോളജിസ്റ്റ് പറയുന്നു. വികാരങ്ങൾ പലപ്പോഴും ചിന്തകളുടെ മേൽ പല വിധത്തിലും ആധിപത്യം സ്ഥാപിക്കുകയും അവയിൽ അതിയായ സമ്മർദ്ദം ചെലുത്തുകയും അങ്ങനെ
സ്വാഭാവിക ചിന്തകൾക്ക് അതീതമായി പ്രവൃത്തിക്കാൻ മനസ്സ് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം വൈകാരികതയ്ക്ക് വഴിപ്പെട്ടും കീഴടങ്ങിയും ജീവിക്കുന്ന മനുഷ്യന്റെ തലച്ചോറിൽ യുക്തി വർക്ക് ഔട്ട് ആവാതെ പോകുന്നു എന്നത് വലിയൊരു സത്യമാണ്. ആ മനുഷ്യന്റെ അധഃപതനത്തിന് ഹേതുവാക്കപ്പെടുന്നത് മറ്റാരുമല്ല അയാളും അയാളിലെ അമിത വൈകരികതയും തന്നെയായിരിക്കും. വികാരങ്ങളെ നിയന്ത്രിക്കാൻ മനുഷ്യർ നിർബ്ബന്ധമായും പഠിച്ചിരിക്കണം. കുട്ടികളെ പരിശീലിപ്പിക്കേണ്ടതും മനസ്സിലാക്കിക്കൊടുക്കേണ്ടതും അവരുടെ സ്വന്തം അച്ഛനമ്മമാർ ആണ്. പലപ്പോഴും അച്ഛനമ്മമാരോട് കയർത്ത് സംസാരിക്കുന്നതും അവരുടെ വാക്കുകളെ തട്ടിത്തെറിപ്പിച്ചും അജ്ഞത മൂലം കുട്ടികളിലെ വൈകാരികത അനിയന്ത്രിതമാകുന്നത് കാണാം. ഇത്തരം അവസരങ്ങളിൽ മാതാപിതാക്കളിൽ കാണുന്ന ഈഗോ സങ്കീർണ്ണത സൃഷ്ടിക്കും.

“ഫോബിയ” എന്നൊരു വാക്ക് പലരും കേട്ടിട്ടുണ്ടാകും. ഫോബിയ എന്നാൽ എന്തിനോടെങ്കിലും ഏതെങ്കിലും വിധത്തിൽ ഉണ്ടാകുന്ന ഭയത്തെയാണ് സൂചിപ്പിക്കുന്നത്. ഓരോ മനുഷ്യനിലും ഏതെങ്കിലും വിധത്തിലുള്ള ഒരു ഫോബിയ കണപ്പെടുമെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. ഫോബിയ നേരിടുന്നവർക്ക് അതിൽ നിന്ന് മോചനം നേടത്തക്ക വഴികൾ ഉണ്ട്. ഒരു സൈക്കോളജിസ്റ്റിനെ കണ്ടാൽ മതി. നിർഭയരാവാനും ശക്തമായൊരു വ്യക്തിത്വം വാർത്തെടുക്കാനും കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകിണം. സധൈര്യം എന്തിനെയാണോ ഭയക്കുന്നത് അത് ചെയ്യാൻ മനസ്സിനെ തയാറാക്കിയെടുക്കണം. സഭാകമ്പം, പൊക്കത്തിൽ നിന്ന് താഴേയ്ക്ക് നോക്കുമ്പോൾ, പാലം കടക്കുമ്പോൾ, ആഴമുള്ള ജലാശയം, ചില ജീവികൾ, വാഹനങ്ങൾ എന്നിവയോടൊക്കെ ഉള്ളിൽ തോന്നുന്ന ഭീതി ആകറ്റിയെടുക്കാവുന്നതെ ഉള്ളൂ.

ജീവശാസ്ത്രത്തിന് വഴിത്തിരിവായി മാറിയ പരിണാമ സിദ്ധാന്തം ലോകത്തിന് മുന്നിൽ സമർപ്പിച്ച, പ്രകൃതി ശാസ്ത്രപണ്ഡിതൻ ചാൾസ് ഡാർവിൻ മനുഷ്യരുടെ മുഖത്ത് പ്രകടമാകുന്ന വികാരങ്ങൾ അടിസ്ഥാനപരമായി ഏഴ് എണ്ണമാണെന്ന് കണ്ടെത്തുകയും കൂടാതെ ദേശ, ഭാഷ, വർഗ്ഗ ഭേദമന്യേ ലോകത്താകമാനം കാണുന്ന മനുഷ്യരിലെല്ലാം പൊതുവായതും സാർവ്വജനീനവുമായ facial expressions ആണ് ഇപ്പറയുന്ന ഏഴ് വികരങ്ങൾക്കും എന്നതും അദ്ദേഹം നിരീക്ഷണത്തിലൂടെ മനസ്സിലാക്കുകയുമുണ്ടായി.

അവ ഏതൊക്കെയെന്ന് നോക്കിയാൽ…
1: സന്തോഷം, 2: ദുഃഖം, 3: ഭയം,
4: വെറുപ്പ്/മുഷിപ്പ്, 5: ദേഷ്യം,
6: പുച്ഛം, 7: ആശ്ചര്യം/അത്ഭുതം ഇവയൊക്കെയാണ്. സത്യത്തിൽ ഇവയൊന്നും രുചിച്ചറിയാത്ത മനുഷ്യർ ഉണ്ടാവുമോ എന്നത് സംശയമല്ലേ. വികാരങ്ങൾ സമാസമം ചേർത്ത് രുചിക്കൂട്ടോടെ വിളമ്പാൻ ചിലർക്കുള്ള കഴിവ് വലുതായിരിക്കും. ബന്ധങ്ങൾക്ക് ജീവനേകുന്നത് വികാരങ്ങളുടെ കൈമാറ്റ പ്രക്രിയയിലൂടെയാണ്. വൈകാരികത പ്രകടിപ്പിക്കുന്ന നിമിഷങ്ങൾ ഒരിക്കലും ചുറ്റിലുള്ള മനുഷ്യരെ വ്രണപ്പെടുത്തും വിധമോ, ഉപദ്രവിക്കും വിധമോ ആവാതെ നോക്കണം. പലരെയും അത് പ്രതികൂലമായും ബാധിച്ചേക്കും എന്ന ബോധം ഉണ്ടാവണം. വായിൽ തോന്നിയത് പരസ്യമായി വിളിച്ചു പറയുന്നത് വൈകാരികത അനിയന്ത്രിതമാവുമ്പോഴാണ്.

ഒറ്റപ്പെടുമോ എന്ന ഭയമാണ് ബഹുഭൂരിഭാഗം മനുഷ്യരെയും അലട്ടുന്നത്. ഒറ്റപ്പെടാൻ ഇവിടെ ആരും തന്നെ ആഗ്രഹിക്കുന്നില്ല എന്നത് നഗ്നമായൊരു സത്യവും. കുടുംബം സമൂഹം ഇതൊക്കെ അവരവരുടെ സുരക്ഷിതത്വത്തിന്റെ ഭാഗമാണ്. എല്ലാവരെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുമ്പോൾ ഒറ്റപ്പെടുന്നത് എങ്ങനെ? സ്നേഹവും അതിശക്തമായൊരു വികാരമാണ്. സാവകാശവും സമയവും എടുത്ത് മറ്റൊരാളിലേക്ക് അത് പകരുവാൻ മനസ്സ് ഉണ്ടെങ്കിൽ മാത്രമേ സ്നേഹമെന്ന നിർമല വികാരത്തിന് ഉടലേകാൻ സാധിക്കുള്ളൂ.

അയൽ രാജ്യങ്ങളിൽ നിന്ന് സുരക്ഷ നേടാനും ആക്രമണത്തെ പ്രതിരോധിക്കാനും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഓരോ രാജ്യത്തിന്റെയും രഹസ്യക്കലവറയിൽ മാരകായുദ്ധങ്ങളുടെയും പടക്കോപ്പുകളുടെയും ഒരു സംഭരണി സൂക്ഷിച്ചു വെയ്ക്കുന്നത് മറ്റൊന്നുമല്ല, രാജ്യത്തെ സംരക്ഷിക്കാൻ അതിർത്തിയിൽ സായുദ്ധ സേനയെ നിർത്തുന്നതും അടിസ്ഥാനപരമായി മനുഷ്യരിൽ കണ്ടുവരുന്ന ഇപ്പറയുന്ന ഭീതി, അതായത് ഏത് നേരവും വേണമെങ്കിൽ അക്രമിക്കപ്പെട്ടേക്കാമെന്ന ഭയം തന്നെ കാരണം.

പുരുഷനെ അപേക്ഷിച്ച് സ്ത്രീയിലാണ് വൈകാരികതയുടെ തോതും ആഴവും കൂടുതലെന്ന് തോന്നുന്നത് സ്വാഭാവികം. അതേപോലെ വൈകരികതയിൽ നിയന്ത്രണവും സ്ത്രീകൾക്ക് തന്നെയാണ്. സ്ത്രീ പുരുഷനേക്കാൾ എത്രയോ മടങ്ങ് എക്സ്പ്രെസ്സിവ് ആണ് എന്നുള്ളത് ശരിയാണ് എന്നുവെച്ച് പുരുഷനിൽ വൈകാരികത കുറവെന്നൊന്നും വാദിക്കാൻ ആർക്കും സാധ്യമല്ല. ഒരുപക്ഷേ ഏത് വികാരവും അവനേക്കാൾ ഭംഗിയായി/ശക്തമായി പ്രകടിപ്പിക്കുന്നത് അവളാണ്, അവളിൽ പ്രകൃതി വർത്തിക്കുന്നത് അങ്ങനെയാണ്. മാത്രമല്ല സ്ത്രീകൾ മറ്റുള്ളവരുടെ വികാരങ്ങളെ എളുപ്പം ആഗിരണം ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. മറ്റൊരാളുടെ വേദനകളെ, ദുഃഖത്തെ, സ്നേഹത്തെ, പ്രണയത്തെ അതേപോലെ തന്നിലേക്ക് പകർത്തിയെടുക്കുന്നതിൽ സ്ത്രീകൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. സ്ത്രീയിൽ പ്രകൃത്യാ തന്നെ കനിവ്, ദയ, അനുകമ്പ, സ്നേഹം എന്നീ വികാരങ്ങളുടെ സ്വാധീനം കൂടുതലായതിനാൽ അവളെ കബളിപ്പിക്കാനും മുതലെടുക്കാനും ചൂഷണം ചെയ്യാനും ആർക്കും എളുപ്പം കഴിയുന്നു. ലോലഹൃദയരാണ് അവർ. ബുദ്ധികൂർമ്മതയും, മനക്കരുത്തുമാർജ്ജിച്ച സ്ത്രീകളോട് അത് നടക്കില്ല എന്നതിനാൽ സ്ത്രീകളെയും പെണ്കുട്ടികളെയും ജാഗരൂകരാക്കി നിർത്താനുള്ള വഴികൾ കണ്ടെത്താം.

പ്രായത്തിനൊപ്പം പാകപ്പെട്ടേ തീരൂ മനുഷ്യർ. തന്നിലെ ചിന്തകളെ, വികരങ്ങളെയെല്ലാം തന്റെ നിയന്ത്രണ പരിധിയിലേക്ക് കൊണ്ടെത്തിക്കാൻ സാവകാശമെടുത്ത് പരിശീലിക്കണം. കാലക്രമേണ (Gradually) സ്വന്തം കടിഞ്ഞാൺ സ്വന്തം കൈകളിൽ തന്നെ വന്നുചേരും. കുട്ടികൾ പ്രകോപിതാരാവുന്ന ഘട്ടത്തിൽ മാതാപിതാക്കൾ സംയമനം പാലിക്കുകയും ക്ഷമയോടെ തിരുത്തിക്കൊടുക്കുകയും വേണം.. കുഞ്ഞുമനസ്സുകൾ വളരെയധികം മൃദുലവും അതിലോലവുമായിരിക്കും. മാതാപിതാക്കൾ തമ്മിലുണ്ടാവുന്ന കലഹങ്ങളും മൽപിടുത്തങ്ങളും വാക്ശരങ്ങളും തർക്കങ്ങളും അവരിൽ ഏൽപ്പിക്കുന്ന മുറിവിന്റെ ആഘാതമൊന്നും താങ്ങാൻ പിഞ്ചുമനസ്സുകൾക്ക് കഴിഞ്ഞെന്നു വരില്ല. വളരെ കുഞ്ഞുപ്രായത്തിൽ നേരിടുന്ന പല ഇൻസിഡന്റസും മരണം വരെ മറവിയിലേക്ക് മായാതെ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. ഉപബോധ മനസ്സിന്റെ വിക്രിയകളാണ് ഇവയൊക്കെ. മനസ്സിൽ മായാതെ കിടക്കുന്ന ഇത്തരം അനുഭവങ്ങൾ വളർന്നു വരുന്ന മക്കളുടെ വ്യക്തിത്വത്തെയും കുട്ടികളുടെ ഭാവിയെയും പല വിധത്തിലും പല അർത്ഥത്തിലും ബാധിക്കും. രക്ഷിതാക്കൾ ഒരിക്കലും ഇതൊന്നും വിസ്മരിക്കാതിരിക്കും.

Related Articles