Current Date

Search
Close this search box.
Search
Close this search box.

അഭിനയമാണ് ജീവിതമെങ്കിൽ, വ്യക്തിത്വമോ ?

“ജീവിതമെന്നാൽ അഭിനയമാണ്” നൽകപ്പെട്ട ആയുസ്സിൽ പല പല വേഷങ്ങൾ യഥേഷ്ടം കെട്ടിയാടാനുള്ള വേദി. അരങ്ങ് തിമിർത്ത് ആടാൻ കഴിയുന്നവർക്കും അഭിനയ കലയിൽ അഭിരുചിയും വാസനയും ഉള്ളവർക്കും ജീവിക്കാൻ എളുപ്പം. അഭിനയിക്കാൻ അറിയാത്തവർക്കോ ഇവിടെ ജീവിതം ഏറെ ദുഷ്ക്കരം.ഇതെല്ലാം പലരിൽ നിന്നായി കേൾക്കാൻ ഇടയാവുന്ന ചില സംഭാഷണ ശകലങ്ങളാണ്. ഒരുപക്ഷേ കേൾക്കുന്നവനും അത് ശരിവെയ്ക്കാനെ സാധിക്കൂ. കാരണം എന്തെല്ലാം വേഷങ്ങൾ എടുത്തണിയുമ്പോഴാണ് ഒരു മനുഷ്യന് തന്റെ കർത്തവ്യങ്ങളും ധർമ്മങ്ങളും വിചാരിച്ചപോലെ പൂർത്തീകരിക്കാൻ കഴിയുന്നത്. പക്ഷെ ആടിയ വേഷങ്ങളിൽ ആനന്ദവും സംതൃപ്തിയുമുണ്ടാകുമ്പോഴേ മനുഷ്യർ കൃതാർത്ഥരും ജീവിച്ചതിന്റെ ചാരിതാർത്ഥ്യം നുകരാൻ യോഗ്യരും ആവുന്നുള്ളൂ. ആനന്ദ ലബ്ധിയ്ക്കായ് നൈമിഷിക സുഖങ്ങൾ മാത്രം തേടി അലയുന്നവർക്ക് ഇതൊക്കെയാണ്, അല്ലെങ്കിൽ ഇത് മാത്രമാണ് ഭൗതിക ലോകം നൽകുന്ന ഏറ്റവും വലിയ സുഖമെന്ന് വിശ്വസിച്ച് ലൗകിക സുഖാസ്വാദനത്തിലും ക്ഷണിക വികരങ്ങൾക്കുമൊപ്പം കണ്ണുമടച്ച് ജീവിക്കുന്നവർക്ക് ഒരുവേള തിരിച്ചറിവ് ലഭിച്ചാൽ അതായിരിക്കും ഏറെ സംതൃപ്തി നൽകുന്ന തിരിച്ചറിവ്.

നാടകമാണ് അല്ലെങ്കിൽ അഭിനയമാണ് ജീവിതമെന്നത് ദ്വയാർത്ഥത്തിൽ എടുക്കാൻ സാധിക്കും. ആലങ്കാരികമായി പറയുമ്പോൾ അതിൽ തെറ്റൊന്നും കാണാനില്ല. അതല്ലായെങ്കിൽ ഇത്തരം പ്രയോഗങ്ങൾ ഒരു വ്യക്തിത്വത്തിൽ കാണുന്ന അശുഭലക്ഷണമാണ്. നിഷേധാത്മക ചിന്താഗതിയുടെ ലാഞ്ഛന ആ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. നന്നായി അഭിനയിക്കാൻ പഠിച്ചവരെ മാത്രമേ ഏവരും അംഗീകരിക്കൂ, നേരിനും സത്യത്തിനും യാതരു വിലയുമില്ല, എന്നെക്കെയുള്ള ജല്പനങ്ങൾ നെഗറ്റീവ് ഇമ്പാക്ട് ആണ് ഉണ്ടാക്കുന്നത്. അവനവന്റെ മനോഭാവം ആരിലും അടിച്ചേല്പിക്കേണ്ടതില്ലല്ലോ എന്നോർത്ത് ഒരു പുനഃപരിശോധനയാവാം. അതിനാൽ മനസ്സിലാക്കേണ്ട ഒരു കാര്യമെന്തെന്നാൽ ജീവിതത്തിൽ തനിയ്ക്ക് അഭിനയിക്കേണ്ടി വരുന്നുവെന്ന് തോന്നുന്നുവെങ്കിൽ ഒരു തരത്തിൽ പറഞ്ഞാൽ അത് ആ വ്യക്തിയുടെ നിവൃത്തികേടാണ്. മറ്റൊരർത്ഥത്തിൽ അഭിനയം മനുഷ്യന്റെ നിസ്സഹായതയും അതിലുപരി കഴിവ് കേടുമാണ്. “അഭിനയം” എന്ന വാക്ക് ഒരു തരം കാപട്യത്തിന്റെ പ്രതീകം കൂടിയാണെന്ന് മനസ്സിലാക്കാം. അവനവനോട് പോലും നീതി പുലർത്താത്തവർക്കെ അഭിനയം ഒരു ജീവിത ശൈലിയാക്കി കണ്ട്നടക്കാൻ പറ്റൂ. നാട്യങ്ങളൊന്നും ആത്മബോധത്തിലും വ്യക്തിത്വബോധത്തിലും ജീവിക്കുന്നവർക്ക് ചേരുന്നതല്ല.

പറഞ്ഞു വന്നതിന്റെ പൊരുളെന്തെന്നാൽ സത്യത്തിൽ വിശ്വസിക്കുന്ന, സ്വന്തം കഴിവുകളിലും അവനവനിലും വിശ്വാസമർപ്പിച്ച ഒരാളും ഒരിക്കലും അഭിനയിക്കേണ്ടി വരില്ല. വ്യക്തിത്വബോധത്തിലൂടെ, സ്വത്വബോധത്തിലൂടെ വളർന്ന് വരുന്ന ഒരു കുട്ടിയും കള്ളവും നുണകളും അഭിനയവും ജീവിതത്തിന്റെ ഭാഗമാക്കി എടുക്കില്ല. സ്വത്വത്തെ കളങ്കപ്പെടുത്താൻ മനസ്സ് അനുവദിക്കില്ലെന്ന് അർത്ഥം. നാം ഓരോ മനുഷ്യരിലൂടെയുമാണ് സത്യം ഇവിടെ നിലകൊള്ളേണ്ടത്. ഒരു സത്യസന്ധനായ ആത്മാഭിമാനിയ്ക്ക് കളവെന്നാൽ ആത്മവഞ്ചനയാണ്. ആദ്യം തന്നെത്തന്നെ വഞ്ചിക്കേണ്ടിയിരിക്കുന്നു മറ്റൊരാളെ വഞ്ചിക്കാൻ. സ്വത്വത്തെ മലീമസമാക്കുന്ന ഹീനമായ പ്രക്രിയയാണ് കള്ളം പറച്ചിൽ. അഭിനയത്തിലൂടെ യഥാർത്ഥ മുഖം മറച്ചുവെച്ച് കാപട്യത്തിന്റെ മുഖംമൂടി അണിയലും മറ്റൊന്നല്ല. സ്വത്വബോധമുള്ളവൻ അവന് സാധ്യമല്ലാത്ത കാര്യങ്ങളെയും ഇഷ്ടമല്ലാത്തവയെയും മറച്ചുവെയ്ക്കുന്നില്ല തുറന്ന് പറഞ്ഞു ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. അഭിനയിക്കാനുള്ള വിമുഖത മാത്രമല്ല മറ്റൊരാളുടെ ആജ്ഞാപ്രകാരം ജീവിക്കേണ്ട ഘട്ടം വന്നാൽ അവനവനോട് തന്നെ അവജ്ഞ തോന്നിത്തുടങ്ങുകയും അതിൽ നിന്ന് സ്വമേധയാ ആ വ്യക്തി പിന്തിരിയുകയും ചെയ്യും. ആർക്കൊക്കെയോ വിധേയപ്പെട്ട് ജീവിക്കുന്നത് അവരെയെല്ലാം ഉള്ളുകൊണ്ട് അടുത്തറിഞ്ഞ് കാര്യങ്ങൾ നിറവേറ്റി കൊടുക്കുന്നതിന് തുല്യമാവില്ല ഒരിക്കലും.

നാട്യങ്ങളറിയാത്ത സത്യസന്ധനായ ഒരു മനുഷ്യനെ മനസ്സിൽ സങ്കൽപ്പിക്കുക ആ മനുഷ്യനെ മനസ്സിലാക്കാൻ എത്രപേർ തയാറാവും. പങ്കാളിയായി ജീവിതത്തിൽ വന്നു എന്നാലും എത്രപേർക്ക് തിരിച്ചറിയും ആ മനസ്സിനെ. നാട്യങ്ങൾ ഇഷ്ടമില്ലാത്ത എത്രയോ മനുഷ്യർ ഈ ലോകത്തുണ്ട് അവരെയൊക്കെ കേൾക്കാനും ചേർത്ത് പിടിക്കാനും മനസ്സ് ഉണ്ടായാൽ മതി. അവരെ തങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരാളാക്കി മാറ്റാനായ് സമ്മർദ്ദം ചെലുത്തുന്നത് കടുത്ത മാനസിക പിരിമുറുക്കത്തിന് ഇടയാക്കും. അവരെ അവരായി തന്നെ തുടരാൻ അനുവദിയ്ക്കുക എന്നതാണ് അവരോട് ചെയ്യാവുന്ന പുണ്യം. തിരിച്ചും അവർ അപരനിൽ കാണാനാഗ്രഹിക്കുന്നത് മറയില്ലാത്ത, മായമില്ലാത്ത മനുഷ്യനെയാണ്. അതേ വ്യക്തി ചില കഴിവുകേടുകളും കൂടെ ആളാണെങ്കിലോ? ഉദാ: ആൾക്കൂട്ടത്തിലേയ്ക്ക് ഇറങ്ങുമ്പോൾ നേരിടുന്ന മനപ്രയാസം, നിർണ്ണായക ഘട്ടങ്ങളിൽ തീരുമാനം എടുക്കാൻ കഴിയാതെ വരിക, അല്ലെങ്കിൽ കാര്യങ്ങൾ തുറന്ന് സംസാരിച്ച് ഫലിപ്പിക്കാൻ ബുദ്ധിമുട്ട് കൂടാതെ ഇതുപോലെയുള്ള കുറവുകൾ തിരിച്ചറിഞ്ഞ് അതിന്മേൽ ആധിപത്യം സ്ഥാപിച്ച് പ്രശ്നങ്ങളെ മറികടക്കാനുള്ള അന്തരീക പ്രേരകശക്തി അല്ലെങ്കിൽ inner drive താരതമ്യേന കുറവായവർ ഇവരെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും സമസ്യകളും ജീവിതത്തെ കണക്കില്ലാത്ത വിധം സങ്കീർണ്ണമാക്കിയേക്കാം. അവരെ കൈവിടരുത്. പ്രശ്ന പരിഹാരം തേടലും തീരുമാനം എടുക്കലൊക്കെക്കെ വലിയൊരു കഴിവാണ്. എല്ലാവർക്കും കാണില്ല അത്. മനുഷ്യർ രണ്ട് വിഭാഗമാണ് ഒന്ന്: ആന്തരീക ലോകത്തിൽ നിന്നും ബാഹ്യലോകത്തിൽ നിന്നും സ്വയം പ്രചോദനം ഉൾക്കൊണ്ട് മാറ്റങ്ങൾ കൊണ്ടുവരുന്നവർ. വേറെ ചിലർ മേൽപറഞ്ഞ പോലെ അന്തരീകമായ ഉത്തേജനവും ഉൾപ്രേരണയും അത്രത്തോളം ഉണ്ടാവില്ല. ഇവർക്ക് എപ്പോഴും പിന്നിൽ നിന്ന് തള്ളാൻ ഒരാൾ വേണം അല്ലെങ്കിൽ ശക്തമായ പിന്തുണ ലഭിക്കണം ദുർബലനായ മനുഷ്യൻ പലപ്പോഴും ആരും പിന്തുണയ്ക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ പരാജയപ്പെടാറാണ് പതിവ്.

ന്യൂനതകളെ ആരുമറിയാതെ ഒളിച്ചുവെയ്ക്കാനുള്ള ശ്രമങ്ങളൊന്നും അധികനാളത്തേയ്ക്ക് വിലപ്പോവില്ല. അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയുള്ളൂ എന്നല്ലേ. കൂടെ കിടന്നാലെ രാപ്പനി അറിയൂ എന്നൊക്കെ പണ്ടുള്ളവർ പറയുന്ന പോലെ സത്യങ്ങൾ ഒരുനാൾ പുറത്തുവരും. കള്ളി വെളിച്ചത്തായാൽ പിന്നെ ആരും ഒരുനാളും വിശ്വസിക്കാൻ തയാറാവില്ലെന്ന് മാത്രമല്ല ഒറ്റപ്പെടുത്തിക്കളയും. തത്ഫലമായി ഇപ്പറയുന്ന വിഭാഗം ഒരിക്കലും ആത്മസംതൃപ്തിയറിഞ്ഞു ജീവിക്കുന്നവരാവില്ല. സ്വന്തം മനസ്സാക്ഷി അതിന് അവരെ അനുവദിക്കില്ല. മനുഷ്യർ സ്വയം ചെയ്യുന്ന ചെയ്തികൾക്കെല്ലാം സ്വന്തം മനസ്സിനകത്ത് അബോധപൂർവ്വമെങ്കിലും മാർക്ക് ഇടുന്നുണ്ട്. വേണമെങ്കിൽ അവനവനെക്കുറിച്ച് മതിപ്പ് തോന്നുന്ന പ്രവൃത്തികളിൽ അനുദിനം മുഴുകുന്ന മനുഷ്യരെ ഒന്ന് നിരീക്ഷിച്ചു നോക്കിയാൽ മതി അവരിൽ വേറിട്ടൊരു എനർജി ദൃശ്യമാവും. അവരറിയുന്ന ആത്മാനുഭൂതിയൊന്നും ആദ്യം പറഞ്ഞ വ്യക്തികളെ കാറ്റായി പോലും തഴുകിപ്പോവില്ല.

എവിടുന്നോ പറഞ്ഞുകേട്ട ഒരു കാര്യം തൊപ്പയും തൂവ്വലും വെച്ചുകെട്ടി അവതരിപ്പിക്കാനും ഓരോ നുണക്കഥകൾ മെനഞ്ഞുണ്ടാക്കി യഥാർത്ഥ സംഭവം പോലെ തനിമയോടെ വിസ്തരിച്ച് തരാൻ അവതരണ കലയിൽ കാലങ്ങളുടെ പരിചയസമ്പത്തും വൈദഗ്ധ്യവും നേടിയവർ നമുക്കിടയിൽ ഉണ്ട്. കേട്ടാൽ ആരും വിശ്വസിച്ചുപോകും ജീവിതത്തിൽ ഇനി അഭിനയ മികവിലും അവാർഡ് വല്ലതും പ്രഖ്യാപിക്കുന്നെങ്കിൽ അവരെ പരിഗണിച്ചെ തീരൂ എന്നും തോന്നും. ഇതൊക്കെ കുട്ടിക്കാലം മുതൽക്കേ ശീലിച്ചുപോയതാവാം ആർക്കും ഉപദ്രവം ചെയ്യാനോ അങ്ങനെയുള്ള ഗൂഢലക്ഷ്യങ്ങളൊന്നും കാണില്ല. പക്ഷെ.. അവരാൽ സ്വന്തം ജീവിതം നരകതുല്യമായി തീർന്ന എത്രയോ പേരുണ്ടാവും. അന്യനെക്കുറിച്ച് എന്ത് സംസാരിക്കുമ്പോഴും സൂക്ഷിച്ചെ തീരൂ. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല എന്നല്ലേ. അറിയാതെ നാം ഒരാളുടെ പതനത്തിന് കാരണമാവുന്നത് ഒരു നിമിഷം ഒന്നോർത്ത് നോക്കൂ. അതുകൊണ്ട് രക്ഷിതാക്കളും ബോധവാന്മാരാകുക. കണ്ടിട്ടില്ലാത്ത കാര്യങ്ങളും വിശ്വാസയോഗ്യമല്ലാത്ത രീതിയിലുള്ള വാർത്തകളും മറ്റൊരാളിൽ നിന്ന് കേട്ടാൽ കഴിവതും ആരോടും പങ്ക് വെയ്ക്കാതിരിക്കാൻ മക്കൾക്ക് പറഞ്ഞു കൊടുക്കാം. അന്യന്റെ രഹസ്യങ്ങൾ കേട്ടാലും പുറത്ത് പറയാനുള്ളതല്ല. കുട്ടിക്കാലം മുതൽക്കേ കളവ് പറയാനുള്ള പ്രവണത മക്കളിൽ നിന്ന് വേരോടെ പിഴുതെറിയാവുന്നതാണ്. അസ്തിത്വത്തിൽ ഊന്നി നിന്ന് മാനവീക കാഴ്ചപ്പാടോടെയും ആദർശങ്ങളോടൊപ്പവും ജീവിക്കാൻ ഉൾബോധം നൽകണം.

കുട്ടിക്കാലം നൽകുന്ന ഓരോ പാഠങ്ങളും നന്മകളും ഫലകത്തിൽ കൊത്തിവെച്ച പോലെ മക്കളുടെ മനസ്സിൽ പതിഞ്ഞുപോകണം.
വളരെ കുഞ്ഞിലെ മൂല്യാധിഷ്ഠിത ചിന്തകളാൽ രൂപംകൊണ്ട ഒരു മനസ്സിനും മനസ്സാക്ഷിയ്ക്കുമൊപ്പം ജീവിക്കാൻ മക്കളെ പഠിപ്പിക്കേണ്ട ആവശ്യകത തിരിച്ചറിയുകയും മക്കളോട് തങ്ങൾക്കുള്ള പ്രതിബദ്ധതയും കടമകളും എല്ലാ അർത്ഥത്തിലും നിറവേറ്റുന്നതിൽ വൈമുഖ്യം കാണിക്കാതെ രക്ഷകർതൃത്വമെന്ന മഹത്തായ ദൗത്യം നിർവ്വഹിക്കണം. സത്യത്തെ ഉൾക്കൊള്ളാനും നേരിടാനുമാണ് പൊതുവെ പലർക്കും ബുദ്ധിമുട്ട്. എന്നാൽ അവനവനിൽ വിശ്വാസമുള്ള, ആത്മവിശ്വാസമുള്ള വ്യക്തികൾക്ക് ഇതൊന്നും അത്ര പ്രയാസമല്ല താനും. കളവും നുണയും സ്വയം രക്ഷയ്ക്കുള്ള പഴുതായിട്ട് അവർ കാണില്ല എന്നതുമൊരു പരമാർത്ഥം തന്നെ. സ്വന്തം പിഴവുകൾ അംഗീകരിക്കാതെ, തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരരുത് എന്ന ഉദ്ദേശത്തിൽ ആത്മരക്ഷയ്ക്കായി താൻ ചെയ്ത പാതകം അപരന്റെ തലയിൽ കെട്ടിവെയ്ക്കുന്നതും പഴിചാരാൻ ശ്രമിക്കുന്നതും ബോധം വെച്ച നാൾമുതൽക്കേ ഉത്തരവാദിത്വബോധത്തിൽ നിന്നുകൊണ്ട് വളരാത്തതിന്റെ കുഴപ്പമാണ്. സ്‌കൂളിൽ സ്വന്തം മക്കൾ തെറ്റ് ചെയ്താലും മാനം രക്ഷിയ്ക്കാൻ എന്ന രീതിയിൽ അത് സമ്മതിച്ചു കൊടുക്കാത്ത മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന തെറ്റായ ചില സന്ദേശമുണ്ട്. തദവസരങ്ങളിൽ രക്ഷിതാക്കൾ എടുക്കുന്ന നിലപാട് മക്കളുടെ ജീവിതത്തിൽ വളരെ നിർണ്ണയകമാവുമെന്ന് അവർക്കും അറിയില്ല. സ്വന്തം മക്കളെ പ്രതിസ്ഥാനത്ത് നിർത്തുന്ന എന്ത് കേട്ടാലും കേട്ടപാതി കേൾക്കാത്ത പാതി നിശിതമായി എതിർക്കുകയും നിരസിക്കുകയും ചെയ്യുന്ന രക്ഷകർത്താക്കൾ മകൾക്ക് വഷളാവാൻ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ചെയ്യേണ്ടത് കുട്ടിയെ സുരക്ഷിത ബോധത്തിൽ നിർത്തി, വിശ്വാസം കൈയ്യിലെടുത്ത് സത്യം പറയിപ്പിക്കുകയും എന്നിട്ട് അദ്ധ്യാപകരുടെയും കുട്ടികളുടെയും എല്ലാവരുടെയും മുമ്പാകെ തന്റെ കുട്ടി ചെയ്ത തെറ്റിനെ അംഗീകരിച്ച് ക്ഷമാപണം നടത്തലാണ്. അങ്ങനെ സ്വന്തം മക്കൾക്ക് ഉദാത്തമായ മാതൃകയായി മാറുകയാണ് അവർ.

ജീവിതത്തോടും അവനവനോടും സഹജീവികളോടും ഇഷ്ടവും സ്നേഹവും പ്രതിപത്തിയും ഉൽക്കടമായ ആവേശവും ഒപ്പം പോസിറ്റീവ് ആയൊരു മനോഭാവവും ശക്തമായി കൂട്ടിനുണ്ടെങ്കിൽ ക്രമേണ ഉയർന്ന നിലവാരത്തിലേക്ക് ഒരു മനുഷ്യന്റെ മനോനിലവരവും മനോനിലയും ഉയർത്തപ്പെടും. പോസിറ്റീവ് ആയൊരു മനോഭാവമെന്നത് അടിവരയിട്ട് തന്നെ പറയേണ്ടതുണ്ട്. നെഗറ്റീവ് ആയൊരു മനോഭാവമാണെങ്കിൽ ആവേശങ്ങൾക്ക് ശമനം വരുത്താൻ എന്തൊക്കെ ചെയ്യാനും ഏതറ്റം വരെ പോകാനും മടിക്കില്ല. വ്യക്തിത്വബോധമില്ലായ്‌മയാണ് പലപ്പോഴും വിനയായി മാറുന്നത്. വ്യക്തിത്വബോധത്തിൽ ജീവിക്കുന്നത് ഒരു പോസിറ്റീവ് മനോഭാവത്തിന്റെ സൂചകമാണ്. എങ്കിൽ അസന്മാർഗ്ഗികതയിലേയ്ക്കും തിന്മയിലേയ്ക്കും വഴിതെറ്റി പോകുന്നതിനെ ഒരുപരിധി വരെ തടയാം.

അതേസമയം റോളുകൾ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും അഭിനയമായിട്ടല്ല സാമൂഹ്യ മനഃശാസ്ത്രത്തിൽ അഥവ സോഷ്യൽ സൈക്കോളജിയിൽ പ്രതിപാദ്യ വിഷയത്തെ വിലയിരുത്തുന്നത്. ജനനം മുതൽ വ്യക്തിയുടെ അന്ത്യം വരെ വിവിധങ്ങളായ റോളുകൾ ഒരു മനുഷ്യൻ ചെയ്യേണ്ടതുണ്ടെന്നും ഈ റോളുകളുടെ മേൽ ചുമത്തപ്പെട്ട അനവധി പ്രതീക്ഷകൾ (expectations) ഉണ്ടെന്നും ആ expectations അതായത് പ്രതീക്ഷ അഥവ വിശ്വാസം നിറവേറിക്കൊടുക്കലാണ് റോളിൽ അധിഷ്ഠിതമാക്കപ്പെടുന്ന ഉത്തരവാദിത്വമെന്നും പറയുന്നു. അതിൽ സാന്ദർഭികമായി ഏറ്റെടുത്ത് ചെയ്യേണ്ടവ മുതൽ ഗൗരവപൂർവ്വം ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതായവ വരെ വിവിധ കഥാപാത്രങ്ങളായി വിസ്മയം പോലെ നമ്മിലേക്ക് വന്നുചേരുന്നുണ്ട് ഓരോ ഘട്ടങ്ങളിലും ഓരോ റോളുകൾ, ചിലത് സൊസൈറ്റിയിൽ ഒരു പൊസിഷ്യൻ അല്ലെങ്കിൽ സ്ഥാനമാവാം. ഉദാഹരണത്തിന് ഒരു പോലീസ് ഓഫീസർ, ടീച്ചർ, സ്റ്റുഡന്റ്, മന്ത്രിസ്ഥാനം, അല്ലെങ്കിൽ കുടുംബത്തിൽ അച്ഛൻ, മകൻ സഹോദരൻ, കാമുകൻ ഭര്ത്താവ് പെണ്ണാണെങ്കിൽ അമ്മ, മകൾ, സഹോദരി, ഭാര്യ എന്നീ റോളുകളാവാം. സാമൂഹിക മനഃശാസ്ത്ര പ്രകാരം ഏറ്റെടുത്ത റോളുകൾ ധാർമ്മിക ബോധത്തോടെ, ഉത്തരവാദിത്വത്തോടെ നിറവേറ്റാനായ് മനുഷ്യർ സ്വയമേവ മുൻകൈയെടുത്ത് പരിശീലിക്കണമെന്നാണ്.

പെരുമാറ്റമാണ് (behaviour) “വ്യക്തിത്വം” എന്നാണ് മനുഷ്യരിൽ ഭൂരിഭാഗവും ധരിച്ചുവെച്ചിരിക്കുന്നത്. അന്തരീക ഗുണമേന്മയോ, സ്വഭാവശുദ്ധിയൊന്നും ആർക്കും വലിയ വിഷയമാവാത്തത് അതാണ്. മനസ്സിന്റെ അകത്തളത്തിൽ വ്യക്തിത്വത്തിന്റെ കാതലിനെ ദുഷിപ്പിക്കുന്ന ഹീനമായ ചിന്തകളും വിചാരങ്ങളും മാലിന്യങ്ങൾ പോലെ കെട്ടിക്കിടന്നാലും പെറ്റുമാറ്റത്തിലൂടെ മാനേജ് ചെയ്യാം. സ്നേഹമൂറുന്ന ഭാവങ്ങളും പുഞ്ചിരിയുംകൊണ്ട് മിനുക്കി നിർത്തിയ ഒരു മുഖവും കേൾക്കാൻ കൊതിയൂറുന്ന വാക്കുകളുംകൊണ്ട് ആളുകളെ കൈയ്യിലെടുക്കാം അധികം ബുദ്ധിമുട്ടേണ്ടതില്ല. ഇതൊക്കെയാണ് സാമൂഹിക ബന്ധങ്ങളിലും പരിവാരങ്ങൾ സംഗമിക്കുന്നിടത്തും തന്റെ സാന്നിധ്യത്തിന് നാട്യത്തിലൂടെ നിറപ്പകിട്ടേകി കൗശലബുദ്ധിയോടെ പ്രീതിപിടിച്ചു പറ്റാൻ ഒരാൾക്ക് പ്രചോദനമായി തീരുന്നത്. അവരുടെ കൺവെട്ടത്തിൽ നിന്നൊന്ന് മാറിക്കഴിഞ്ഞാൽ ആളും മാറി.

പെരുമാറ്റം വ്യക്തിത്വവികസനത്തിലും രൂപീകരണത്തിലും വലിയൊരു ഘടകമായിട്ട് വർത്തിക്കുന്നുണ്ടെങ്കിലും അതൊന്നു മാത്രമല്ല പല ഘടകങ്ങൾ ചേർന്നാണ് വ്യക്തിത്വനിർണ്ണയം നടക്കുന്നത്. പെരുമാറ്റം നമുക്കറിയാം സംസ്ക്കാരത്തിന്റെ ഭാഗം കൂടിയാണ് അതിനാൽ പൊതു ഇടങ്ങളിൽ സംസ്ക്കാര സമ്പന്നനെപ്പോലെ മാന്യതയും മര്യാദയും പുലർത്തും വിധം വിനീതനായി ഇടപഴകുമ്പോൾ നല്ല വ്യക്തിയെന്ന സർട്ടിഫിക്കറ്റ് നൽകാൻ ആളുകൾ തയാറാവും.

Related Articles