Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബി സാധിച്ച വിപ്ലവം

ഓരോ മതക്കാരും ഓരോ ജനവിഭാഗവും അവരവരുടെ ആചാര്യന്മാരെയും നേതാക്കന്മാരെയും അതിശയോക്തിപരമായി ഉയർത്തിക്കാട്ടുകയെന്നത് അസാധാരണമായ സംഭവമല്ല. നിറക്കൂട്ടുള്ള ചായങ്ങളിൽ കൊത്തിയെടുത്ത ഇത്തരം വിഗ്രഹ ശിൽപങ്ങൾ സാധാരണക്കാരന്റെ വീരാരാധനാ മനസ്സിനെ തൃപ്തിപ്പെടുത്താനും ഭക്തജനങ്ങളിൽ വികാരാവേശം വളർത്താനും ആവശ്യമായിരിക്കാം. സത്യ സന്ധമോ വൈചാരികമോ അല്ലാത്ത ഈ സാമാന്യ രീതിയിൽ നിന്ന് ഭിന്നമായി മഹദ് വ്യക്തിത്വങ്ങളെ വിലയിരുത്തുന്നേടത്ത് മാത്രമേ മാനുഷ്യകത്തിന് അനുകരണീയമായ ജീവിത മാതൃകകൾ ഉരുത്തിരിഞ്ഞു വരികയുള്ളൂ. ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകന്മാർ പോലും ഇതിന്നപവാദമാകേണ്ടതില്ല. എന്നാൽ, ഇവിടെ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നതും അവർ തന്നെയാണ്. നബിമാരുടെ മദ്ഹ്’ പറയുന്നവരും പൈശാചിക വചനങ്ങൾ’ എഴുതുന്നവരും കുറവല്ല. എന്നാൽ, അവർ ആരായിരുന്നു വെന്നോ, അവർ സാധിച്ച വിപ്ലവം എന്തായിരുന്നുവെന്നോ, വസ്തുനിഷ്ഠമായി കണ്ടെത്താനുള്ള ശ്രമം മാത്രമേ നടക്കാതുള്ളൂ.

ഇങ്ങനെയൊരു സാഹചര്യത്തിൽ മുഹമ്മദ് നബി സാധിച്ച വിപ്ലവത്തിന്റെ അർഥതലങ്ങൾ അന്വേഷിച്ചറിയുകയും അതിന്റെ ആഴവും പരപ്പും കണ്ടെത്തുകയും ചെയ്യുക എളുപ്പമല്ല.

ഏകമാനവികത
മനുഷ്യ സമൂഹത്തെ ഒന്നായും, ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദരസഹോദരങ്ങളായും കണ്ട് എല്ലാ മനുഷ്യർക്കും വേണ്ടി സംസാരിച്ച ആദ്യത്തെ വിപ്ലവകാരി (അവസാനത്തെ വിപ്ലവകാരിയും) മുഹമ്മദ് നബിയാണ്. അതുവരെയുള്ള, ദൈവ നിയുക്തരായ പ്രവാചകന്മാരുടെ പ്രബോധനങ്ങൾ തത്ത്വത്തിൽ മനുഷ്യരാശിക്ക് പൊതുവായുള്ളതു തന്നെയെങ്കിലും അതതുകാലത്തെ നാഗരികവും ഭൂമിശാസ്ത്രപരവും മറ്റുമായ പരിമിതികളാൽ ഫലത്തിൽ സ്വന്തം ജനതക്കും നാട്ടുകാർക്കും മാത്രമേ ബാധകമായിരുന്നുള്ളൂ. അതായിരുന്നു പ്രായോഗികവും. എന്നാൽ, മുഹമ്മദ് നബിക്ക് അവതരിച്ച പ്രഥമ ദിവ്യബോധനം തന്നെ മനുഷ്യ നെയാണ് സംബോധന ചെയ്യുന്നത് (ഖുർആൻ, അധ്യായം 96). നബി കൊണ്ടുവന്ന ഗ്രന്ഥത്തിന്റെ പ്രാരംഭം (അൽഫാതിഹ) തന്നെ സർവ ലോകങ്ങളുടെ നാഥനും കരുണാമയനുമായ ദൈവത്തിനുള്ള കൃതജ്ഞതയോടു കൂടിയാണ്. തിരുനബിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് അറബികളുടെ നബിയെന്നോ, മുസ്ലിംകളുടെ നബിയെന്നോ അല്ല, ലോകാനുഗ്രഹിയായ പ്രവാചകനെന്നാണ്. മനുഷ്യനാണ് ഖുർആന്റെ ഇതിവൃത്തം. മനുഷ്യനോടാണ് ഖുർആന്റെ സംബോധന. മാനവതയുടെ വിമോചകനാണ് പ്രവാചകൻ.

അതുകൊണ്ടുതന്നെ, എല്ലാ തരത്തിലും തലത്തിലുമുള്ള മനുഷ്യർ ജാതി-മത വർണ-വർഗ, ദേശ-ഭാഷാ വിവേചനമ പ്രവാചകന്റെ പ്രബോധനത്തിൽ ആകൃഷ്ടരാവുകയെന്നത് തികച്ചും സ്വാഭാവികമായിരുന്നു. ക്രൈസ്തവനായ റോമക്കാരൻ സുഹൈബ്, അഗ്നിയാരാധകനായ പേർഷ്യക്കാരൻ സൽമാൻ, ആഫ്രിക്കയിലെ തൊലികറുത്ത നീഗ്രോ അടിമ ബിലാൽ, ഉന്നത കുലജാതരായ അബൂബക്കർ, ഉമർ മുതൽപേർ, പണക്കാരായ ഉസ്മാൻ, അബ്ദുർറഹ്മാനുബ്നു ഔഫ്, പാവപ്പെട്ടവരായ അബൂദർറ്, അബൂഹുറയ്റ, ചെറുപ്പക്കാരനായ അലി, വനിതാ വിഭാഗത്തിൽനിന്ന് ആദ്യമായി ഖദീജ, മക്കക്കാരായ മുഹാജിറുകൾ, മദീനക്കാരായ അൻസ്വാറുകൾ, പരസ്പരം ശത്രുത പുലർത്തിയിരുന്ന ഔസ്, ഖസ്റജ് ഗോത്രങ്ങൾ… അങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാവവൈവിധ്യങ്ങളെയും സംസ്കാര നാഗരികതകളുടെ എല്ലാ ഭിന്നവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന മാതൃകാ വ്യക്തിത്വങ്ങൾ പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാമികാദർശത്തിന്റെ സാർവ ലൗകികതയുടെ സമതലത്തിൽ തോളുരുമ്മി നിൽക്കുന്നതായി നാം കാണുന്നു.

ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച കാട്ടറബിയെ ഭരണകൂടത്തിന്റെ ചെങ്കോലേന്തിക്കുക മാത്രമല്ല നബി ചെയ്തത്; മദ്യലഹരിയിലും മദാലസകളിലും മതിമറന്ന അപരിഷ്കൃത മനുഷ്യനെ ജീവിത വിശുദ്ധിയുടെ ഉത്തുംഗശ്രേണികളിലേക്കുയർത്തുക കൂടി ചെയ്തു ആ മഹാപരിഷ്കർത്താവ്.

മുഹമ്മദ് നബിക്കു ശേഷമാകട്ടെ ലോകം മഹാവിപ്ലവകാരികളെന്ന് വാഴ്ത്തുന്നവരെല്ലാം തന്നെ മനുഷ്യനു വേണ്ടി മനുഷ്യനെ സംബോധന ചെയ്തവരായിരുന്നില്ല എന്നതാണ് സത്യം. ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളെയോ, തൊഴിലാളി-മുതലാളി വർഗങ്ങളെയോ, കിഴക്ക് പടിഞ്ഞാറ് ദിക്കുകളെയോ, വെളുപ്പ് കറുപ്പ് വർണങ്ങളെയോ ആണ്, മനുഷ്യരെയല്ല അവർ കണ്ടത്. സാക്ഷാൽ കാൾ മാർക്സ് പോലും കവിഞ്ഞാൽ ഒരു സാമ്പത്തിക വർഗത്തിന്റെ നേതാവേ ആകുന്നുള്ളൂ. അവിടെയാണ് പ്രവാചക വിപ്ലവത്തിന്റെ തനിമയും പുതുമയും.

സമഗ്രത, സമ്പൂർണത
മുഹമ്മദ് നബി സാധിച്ച വിപ്ലവത്തിന്റെ രണ്ടാമത്തെ സവിശേഷത അതിന്റെ സമഗ്രതയും സമ്പൂർണതയുമാണ്. എല്ലാ മനുഷ്യരെയുമെന്ന പോലെ, മനുഷ്യന്റെ എല്ലാ വശങ്ങളെയും ജീവിതത്തിന്റെ എല്ലാ തുറകളെയും അതുൾക്കൊള്ളുന്നു. മനുഷ്യനെ ഉള്ളും പുറവും പാടെ മാറ്റി പുതിയൊരു മനുഷ്യനാക്കുകയായിരുന്നു പ്രവാചകൻ. ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച കാട്ടറബിയെ ഭരണകൂടത്തിന്റെ ചെങ്കോലേന്തിക്കുക മാത്രമല്ല നബി ചെയ്തത്; മദ്യലഹരിയിലും മദാലസകളിലും മതിമറന്ന അപരിഷ്കൃത മനുഷ്യനെ ജീവിത വിശുദ്ധിയുടെ ഉത്തുംഗശ്രേണികളിലേക്കുയർത്തുക കൂടി ചെയ്തു ആ മഹാപരിഷ്കർത്താവ്. പ്രവാചക ശിഷ്യന്മാരെക്കുറിച്ച് പ്രതിയോഗികൾ നടത്തിയ ഒരു വിലയിരുത്തൽ ഇവിടെ ശ്രദ്ധേയമാണ്. “പകൽ സമയത്തെ പടയാളികൾ, പാതിരാവിൽ പ്രാർഥനാനിരതർ എന്നായിരുന്നു മുസ്ലിം ജവാന്മാർക്ക് അവർ നൽകിയ സാക്ഷ്യപത്രം.

തീ തുപ്പുന്ന മഹാവിപ്ലവകാരികൾ സ്വകാര്യജീവിതമെന്ന് സൗകര്യപൂർവം ഒഴിച്ചുനിർത്തുന്ന ജീവിതത്തിന്റെ രഹസ്യ മേഖലകൾ പോലും പ്രവാചകൻ നേടി യെടുത്ത പരിഷ്കരണ പരിധിക്ക് പുറത്തായിരുന്നില്ല. അതുകൊണ്ട് തന്നെ നബിയുടെ മാതൃകാ ജീവിതത്തിന്റെ എല്ലാ ഉള്ളറകളും അനുയായികൾക്ക് പഠന വിഷ യമായിരുന്നു. ഏത് അന്ധനും വായിക്കാവുന്ന തുറന്ന ഗ്രന്ഥമായിരുന്നു പ്രവാചക ജീവിതം.

മധ്യമാർഗം
ജീവിതത്തിന്റെ ഭിന്നഭാവങ്ങളെയും വിരുദ്ധ താൽപര്യങ്ങളെയും തികച്ചും സന്തുലിതമായ ഒരു മധ്യമാർഗത്തിൽ സമന്വയിപ്പിച്ചുവെന്നതാണ് നബിയുടെ വിപ്ലവത്തിന്റെ വിസ്മയജനകമായ മൂന്നാമത്തെ സവിശേഷത. വ്യക്തി സമൂഹം, നിയമം-ധർമം, ആത്മാവ്-പദാർഥം, ഇഹലോകം-പരലോകം, മതം-രാഷ്ട്രം, ആരാ ധന-ആയോധനം, സ്വാർഥം-പരാർഥം, അവകാശം-ബാധ്യത, സ്ത്രീ-പുരുഷൻ, പ്രാചി പ്രതീചി എന്നിത്യാദി വൈവിധ്യങ്ങൾക്കെല്ലാം അനുയോജ്യവും നീതിയുക്തവുമായ ഒരു സമന്വയമാണ് പ്രവാചകൻ കണ്ടെത്തിയത്. ആ സന്തുലിത ജീവിത മാർഗത്തെയാണ് വിശുദ്ധ ഖുർആൻ, തികച്ചും ശരിയായി, മധ്യമാർഗമെന്ന് വിശേഷിപ്പിച്ചതും.

മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധി
നബിയുടെ വിപ്ലവ ദർശനത്തിന്റെ നാലാമത്തെ സവിശേഷത, മനുഷ്യന് തന്റെ സ്ഥാനവും നിലപാടും കണിശമായി നിർണയിച്ചു കൊടുത്തുവെന്നതാണ്. ദൈവത്തിന്റെ ദാസൻ, ഭൂതലത്തിൽ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് ആ നിലപാട്. മനുഷ്യൻ എന്തുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ദൈവഹിതം മാനിച്ച് മാത്രമാകണം. സൃഷ്ടികൾക്ക് പാടുള്ളതും പാടില്ലാത്തതും പറയേണ്ടത് സൃഷ്ടികർത്താവാണ്. ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിന്റെ നീതി. അതാണ് ശരി. ആ വലിയ ശരിയെ പിൻപറ്റി മാത്രം ജീവിക്കാൻ മനുഷ്യൻ ജന്മനാ ബാധ്യസ്ഥനും പ്രതിജ്ഞാബദ്ധനുമാണ്.

എന്നാൽ, ദൈവഹിതമാകുന്ന നിയന്ത്രണരേഖയുടെ വിശാലമായ നാഴികക്കുറ്റികൾക്കു നടുവിൽ ഒട്ടേറെ സ്വാതന്ത്ര്യം മനുഷ്യന് നൽകപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയിൽ, ഭൂതലമാകുന്ന ദൈവിക സാമ്രാജ്യത്തിലെ സ്വയം ഭരണാധികാരമുള്ള അസ്തിത്വമാണ് മനുഷ്യൻ. അടിമത്തത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാവങ്ങൾ പ്രാതിനിധ്യമെന്ന സംഗമ ബിന്ദുവിൽ സന്ധിക്കുന്നേടത്ത്, മനുഷ്യൻ അവനെത്തന്നെ തിരിച്ചറിയുന്നു.

അബ്ദുല്ലായുടെ മകൻ മുഹമ്മദിന് 40 വയസ്സുവരെ സാധിക്കാത്തത്, അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിക്ക് 40-ാം വയസ്സിൽ സാധിച്ചതും അതുകൊണ്ടാണ്. അതാണ് ഇസ്ലാം.

വിമോചനത്തിന്റെ ദൈവമാർഗം
ഭാരം ചുമക്കുന്നവന് അത്താണിയായും പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുന്ന വിമോചകനായുമാണ് വിശുദ്ധ ഖുർആൻ പ്രവാചകനെ വിശേഷിപ്പിക്കുന്നത്. മർദനത്തിന്നെതിരെ മർദിതനെ സംഘടിപ്പിച്ച് സമരോത്സുകനാക്കുകയായിരുന്നില്ല, പ്രവാചകന്റെ രീതി. മർദകനെ ശക്തിയായി സംബോധന ചെയ്തുകൊണ്ട് അവനിൽ മൗലികമായി മാറ്റമുണ്ടാക്കുകയായിരുന്നു പ്രവാചകൻ. മർദകനോട് അദ്ദേഹം ദയയും നീതിയും യാചിക്കുകയായിരുന്നില്ല. ദൈവത്തിന്റെ പേരിൽ ശക്തിയുക്തം ശാസിക്കുകയും ഗുണദോഷിക്കുകയും ഭയാനകമായ ഭവി ഷ്യത്തിനെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തുകൊണ്ട് അവനെ അടിമുടി പിടിച്ചു കുലുക്കുകയും അവനിലെ മനുഷ്യനെ ഉയിർത്തെഴുന്നേൽപ്പിക്കുകയുമാണ് ചെയ്തത്. നൂതനമായ ഈ വിമോചന പാത അപ്രായോഗികമോ അവിശ്വസനീയമോ ആയി തോന്നാമെങ്കിലും സംഭവിച്ചത് അതാണ്. അറേബ്യയിലെ ഗോത്ര മഹത്ത്വബോധം അവസാനിപ്പിച്ചത്, ധനികന്റെ ധനത്തിൽ ദരിദ്രന് ഓഹരി നിശ്ചയിച്ചത്, അടിമമോചനത്തിന് ആക്കം കൂട്ടിയത്, സ്ത്രീക്ക് സ്വത്തിലും കുടുംബത്തിലും അവകാശം നിർണയിച്ചത്, ബഹുഭാര്യത്വം നിയന്ത്രിച്ചത്, അടിമയായ സൈദിനെ കൊണ്ട് തറവാട്ടുകാരിയായ സൈനബിനെ കല്യാണം കഴിപ്പിച്ചത്, സൈദിന്റെ മകൻ ഉസാമയെ സർവ സൈന്യാധിപനായി നിയമിച്ചത് -അങ്ങനെ നൂറു നൂറു സംഭവങ്ങൾ ആ ചരിത്രസത്യത്തിനു സാക്ഷ്യം വഹിക്കുന്നു.

വിപ്ലവം ആരുടെ?
മുഹമ്മദ് നബി സാധിച്ച് മഹാവിപ്ലവത്തിന്റെ ഏറ്റവും മൗലികമായ സവിശേഷത ആ വിപ്ലവത്തിന്നാധാരമായ ജീവിതദർശനം നബിയുടേതായിരുന്നില്ല, അതിനായി നബിയെ നിയോഗിച്ചയച്ച അല്ലാഹുവിന്റേതായിരുന്നുവെന്നതാണ്. നബി നബിയാകുന്നതും അതുകൊണ്ടു തന്നെ. അബ്ദുല്ലായുടെ മകൻ മുഹമ്മദിന് 40 വയസ്സുവരെ സാധിക്കാത്തത്, അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിക്ക് 40-ാം വയസ്സിൽ സാധിച്ചതും അതുകൊണ്ടാണ്. അതാണ് ഇസ്ലാം. അതാണ് പ്രവാചകൻ. “അദ്ദേഹം സ്വേച്ഛ പ്രകാരം സംസാരിക്കുന്നില്ല, അത് ദിവ്യബോധനം മാത്രമാണ്.” (ഖു. 53: 3,4)

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

 

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

Related Articles