Current Date

Search
Close this search box.
Search
Close this search box.

കനൽ പഥങ്ങൾ താണ്ടിയ സമര ജീവിതം

ഇസ് ലാമിൽ ഊന്നി നിന്നുകൊണ്ട് സാമൂഹിക/രാഷ്ട്രീയ രംഗങ്ങളിൽ അവർഗീയമായി ഇടപെടുകയെന്ന ദീനിന്റെ ഋജു പരതയിലാണ് മൗദൂദി സാഹിബ് തന്റെ പ്രവർത്തനപഥം രൂപപ്പെടുത്തിയത്.

അതിമഹത്തായ ലക്ഷ്യങ്ങൾക്കു വേണ്ടി ജീവിച്ച വിപ്ലവകാരികളെല്ലാം കടുത്ത പരീക്ഷണങ്ങൾക്കു വിധേയമായിട്ടുണ്ട്. സയ്യിദ് മൗദൂദിയും ഇതിൽ നിന്നു ഭിന്നനായിരുന്നില്ല. അനീതികൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ മൂന്ന് ഘട്ടങ്ങളിലായി മൗദൂദി സാഹിബ് 43 മാസക്കാലം ജയിലിലടക്കപ്പെട്ടിട്ടുണ്ട്! മാപ്പപേക്ഷ നൽകിയാൽ തടവിൽ നിന്ന് രക്ഷപ്പെടാമെന്ന ഓഫർ അദ്ദേഹം അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. “തെറ്റു ചെയ്യാത്തവർ മാപ്പു പറയുന്നതെന്തിന്?” എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായമായ ചോദ്യം. മൂത്രാശയരോഗം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ചു കൊണ്ട് ഈമാൻ പകർന്ന ദൃഢചിത്തതയോടെ മൗലാനാ മൗദൂദി ധർമ പക്ഷത്ത് ഉറച്ചു നിന്നു.

മാത്രമല്ല, യൂസുഫ് (അ) യുടെ പൈതൃകത്തെ ഓർമ്മപ്പെടുത്തുമാറ് ജയിൽ ജീവിതത്തെ പഠനമനനങ്ങൾക്കൊണ്ട് ധന്യമാക്കുകയും “തഫ്ഹീമുൽ ഖുർആൻ ” എന്ന വിശിഷ്ട പരിഭാഷ പൂർത്തീകരിക്കാൻ കാരാഗൃഹവാസം ഉപയോഗപ്പെടുത്തു കയും ചെയ്തു. (തഫ്ഹീം ഒന്നാം ഭാഗത്തിന്റെ ആമുഖത്തിനു കീഴെ നാം വായിക്കുന്നുണ്ട്: ന്യൂ സെൻട്രൽ ജയിൽ, മുൾട്ടാൻ! )

മൗദൂദിയെ കുറിച്ച തികഞ്ഞ മുൻ വിധിയോടെ അദ്ദേഹത്തിൽ തീവ്രവാദ പട്ടം ആരോപിക്കുന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്:
അടപടലം വ്യവസ്ഥാ മാറ്റത്തിന് യത്നിച്ച വിപ്ലവകാരി എന്ന നിലയിൽ ജീവിതം മുഴുവൻ ഭരണകൂട ഭീകരതക്കിരയായ മഹാ വ്യക്തിത്വമായിരുന്നു മൗദൂദി. വധശിക്ഷ പോലും അതിജീവിച്ചിട്ടുണ്ട് അദ്ദേഹം!

പ്രവാചകത്വ പരിസമാപ്തി എന്ന ഇസ് ലാമിന്റെ മൗലികാശയത്തിൽ വിശ്വസിക്കാതിരിക്കുകയും എന്നാൽ മുസ് ലിംകളാണെന്ന് നടിക്കുകയും ചെയ്തവരായിരുന്നു ഖാദിയാനികൾ. ഈ വിതണ്ഡവാദക്കാർ ഇസ് ലാമിക വൃത്തത്തിൽ നിന്ന് പുറത്താണെന്ന് സ ലക്ഷ്യം സ്ഥാപിച്ചതിൽ മൗദൂദിയോട് കൂടിപ്പകപുലർത്തിയ ഖാദിയാനികൾ നടത്തിയ ഗൂഢാലോചനയെ തുടർന്ന് “ഖാദിയാനി മസ് അല ” എന്ന കൃതിയുടെ മറവിൽ മൗലാനാ മൗദൂദിയെ ജയിലിലടക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു! മൗദൂദി പക്ഷെ കുലങ്ങിയില്ല. “വിധി നടക്കുന്നത് ആകാശത്താണ് ” എന്ന വിശ്രുത വചനത്തോടെ അല്ലാഹുവിന്റെ സഹായത്തിലുള്ള അചഞ്ചല വിശ്വാസത്തിൽ അദ്ദേഹം ഉറച്ചു നിന്നു!

ആഗോള ഇസ് ലാമിക പണ്ഡിതരും രാഷ്ട്ര നേതാക്കളും ഇടപെട്ടപ്പോൾ ഭരണകൂടം അദ്ദേഹത്തെ വിട്ടയക്കാൻ നിർബന്ധിതരാവുകയായിരുന്നു!

1963 ൽ മൗദൂദിക്കെതിരെ വധശ്രമം ഉണ്ടായി. ഭരണകൂടത്തിന്റെ പിണിയാളുകളും മറ്റ് ശത്രുക്കളും ചേർന്ന് സയ്യിദ് മൗദൂദിക്കും പ്രസ്ഥാനത്തിനും മുന്നിൽ വൻ പ്രതിസന്ധികൾ തീർത്തു കൊണ്ടിരുന്ന സമയമായിരുന്നു അത്. ലാഹോറിൽ നടന്ന അഖില പാകിസ്ഥാൻ ജമാഅത്തെ ഇസ് ലാമി സമ്മേളനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരക്രമി മൗദൂദിക്കു നേരെ വെടി ഉതിർത്തു! പക്ഷെ മൗദൂദി അദ്ഭുതകരമായി രക്ഷപ്പെട്ടു. യോഗം ഗുണ്ടകൾ കയ്യേറി. ഒരു ജമാഅത്ത് പ്രവർത്തകൻ വെടിയേറ്റു മരിച്ചു. അന്ന് മൗദൂദിയുടെ നേർക്ക് വെടിയുണ്ട ചീറി വന്നേപ്പോൾ ഇരിക്കാൻ ആവശ്യപ്പെട്ട സഹപ്രവർത്തകരോട് മൗദൂദി ഉയർത്തിയ വിഖ്യാതമായ ചോദ്യം ചരിത്രത്തിൽ കാണാം: “ഞാൻ ഇരുന്നാൽപ്പിന്നെ ആരുണ്ട് എഴുന്നേൽക്കാൻ..?”

സുന്നത്ത് നിഷേധ പ്രവണതയാണ് മൗദൂദി നേരിട്ട മറ്റൊരു കർമ മേഖല. ഗുലാം അഹ്മദ് പർവേസ് എന്ന ആൾ ഉയർത്തിയ ബാലിശവാദങ്ങളെ മൗദൂദി തന്റെ നാവും തൂലികയും കൊണ്ട് ചെറുത്തു തോൽപ്പിച്ചു. ( “സുന്നത്തിന്റെ പ്രാമാണികത” എന്ന കൃതി രചിച്ചത് ഈ പശ്ചാത്തലത്തിലാണ് )

മൗദൂദിയുടെ “അർദുൽ ഖുർആൻ” പര്യടനം പ്രസിദ്ധമാണ്. വിശുദ്ധ ഖുർആൻ ചരിത്രപരമായി പരാമർശിച്ച സ്ഥലങ്ങൾ നേരിൽ കാണാൻ 1959 ലാണ് പര്യടനം നടത്തിയത് ( ഇക്കാലത്ത് ഇത് എളുപ്പമാവാം)

കൂടാതെ മൗദൂദി സാഹിബ് നിരവധി അന്താരാഷ്ട്ര വേദികളിലും ഇസ് ലാമിക് കോൺഫ്രൻസുകളിലും പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനു വേണ്ടി കൈറോ, അമ്മാൻ, ഇസ്തംബൂൾ, ലണ്ടൻ, ന്യൂയോർക്ക്, ടൊറണ്ടോ, ഡമാസ്കസ്, റബാത്ത്, മക്ക, മദീന, ജിദ്ദ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.

വേൾഡ് ലീഗിന്റെ (റാബിത്വ ) സ്ഥാപക സമിതി അംഗമാണ് മൗദൂദി. വിശ്വ പ്രശസ്തമായ മദീനാ യൂനിവേഴ്സിറ്റിക്ക് പാഠ്യപദ്ധതി തയ്യാറാക്കിയത് മൗദൂദിയാണ്. മാത്രമല്ല രൂപീകൃതമായതു മുതൽ യൂനി: അക്കാദമി കൗൺസിൽ അംഗമാണ്. മദീനയിലെ ഇസ് ലാമിക് നിയമ ഗവേഷണ അക്കാദമി മെമ്പറുമാണ്.

ചിന്തയിലും പോരാട്ടത്തിലും തികഞ്ഞ മധ്യമാവസ്ഥയും സന്തുലിതത്വവും സൂക്ഷിച്ച നവോത്ഥാന നായകനാണ് സയ്യിദ് മൗദൂദി. തീവ്രവാദം ഇല്ലാത്ത പോലെ തന്നെ ക്ഷമാപണമനസ്സും അദ്ദേഹത്തിൽ തൊട്ടു തെറിപ്പിച്ചിട്ടില്ല. സുശക്തമായ ഒരു പ്രസ്ഥാനം കൈയിലുണ്ടായിട്ടും മൗദൂദി സമാധാന മാർഗം വെടിഞ്ഞില്ല!

മനുഷ്യ സ്നേഹം വഴിഞ്ഞൊഴുകുന്നതാണ് മൗദൂദിയുടെ ഗ്രന്ഥങ്ങളത്രയും. സങ്കുചിത സാമുദായികതയുമായി വിട്ടുവീഴ്ച ചെയ്യാതിരുന്ന മൗദൂദി ആദർശ ബന്ധം മുറുകെ പിടിക്കുന്നതിൽ പ്രശംസാർഹമാംവിധം ശുഷ്കാന്തി കാട്ടി. ഇന്ത്യൻ മുസ് ലിംകളുടെ ഭാവിയെ കുറിച്ച് വിങ്ങിപ്പൊട്ടുന്ന ഹൃദയം സൂക്ഷിച്ചിരുന്നു സയ്യിദ് മൗദൂദി!

ആത്മീയതയും ഭൗതികതയും സമന്വയിച്ച സമഗ്രതയിലാണ് “മൗദൂദിയൻ തോട്ട് ” കാലുറപ്പിക്കുന്നത്. ചിന്തകനും വിപ്ലവകാരിയും എന്ന പോല ഉയർന്ന ആത്മജ്ഞാനിയുമായിരുന്നു സയ്യിദ് മൗദൂദി. ഇസ് ലാമിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോഴും ആത്മീയത കൈവിടാൻ മൗദൂദി ഒരുക്കമായിരുന്നില്ല. (ശൈഖ് ഹുജ് വീരിയുടെ വിഖ്യാതമായ സ്വൂഫീ ഗ്രന്ഥം – കശ്ഫുൽ മഹ്ജൂബ് – മിയാൻ തുഫൈൽ ഉർദുവിലേക്ക് വിവർത്തനം ചെയ്തത് മൗദൂദിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ജമാഅത്തിന്റെ ഔദ്യോഗിക പ്രസാധനാലയം, മർകസിമക്തബെ ഇസ് ലാമിയാണ് പ്രസ്തുത ഗ്രന്ഥം പ്രസിദ്ധീകരിച്ചത് )

1979 സെപ്റ്റംബർ 22 നാണ് സംഭവ ബഹുലമായ ആ ജീവിതം അവസാനിച്ചത്. അമേരിക്കയിൽ വെച്ചായിരുന്നു അന്ത്യം. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ വൻകരകളിൽ ഇമാം മൗദൂദിക്കുവേണ്ടി ജനാസ നമസ്കാരം നിർവഹിക്കപ്പെട്ടു. ലാഹോറിൽ നടന്ന അവസാനത്തെ നമസ്കാരത്തിൽ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്! നേതൃത്വം നൽകിയത് വിഖ്യാത പണ്ഡിതൻ ശൈഖ് ഡോ: യൂസുഫുൽ ഖറദാവിയും! ( അവസാനിച്ചു )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles