Current Date

Search
Close this search box.
Search
Close this search box.

മൗലാനാ ജലാലുദ്ദീൻ ഉമരി; അവസാന നാൾ വരെയും സജീവമായ ജീവിതം

പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതൻ. എഴുത്തുകാരൻ, പ്രഭാഷകൻ, ഗവേഷകൻ, സംഘാടകൻ തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച ഇസ്‌ലാമിക നേതാക്കളിലൊരാളായിരുന്നു സയ്യിദ് ജലാലുദീൻ ഉമരി. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയെ മൂന്ന് പ്രവർത്തന കാലയളവുകളിലായി 12 വർഷമാണ് അദ്ദേഹം നയിച്ചത്.

തമിഴ്നാട്ടിലെ പുത്തഗ്രാം എന്ന ഗ്രാമത്തിൽ സയ്യിദ് ഹുസൈന്റെയും സൈനബിന്റെയും മകനായി 1935-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജന്മനാടായ പുത്തഗ്രാമിൽ നിന്നുമായിരുന്നു. പിന്നീട് തമിഴ്നാട്ടിലെ പ്രശസ്ത ഇസ്‌ലാമിക കലാലലമായ ജാമിഅ ദാറുസ്സലാം ഉമറാബാദിൽ നിന്നും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദവും അലിഗഡ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പേർഷ്യൻ ഭാഷാ സാഹിത്യത്തിലും അദ്ദേഹം ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

1954 മുതൽ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയോടൊപ്പമായിരുന്നു ഉമരിയുടെ ജീവിതയാത്ര. സാഹിത്യകാരനും ഗവേഷണ തല്പരനുമായിരുന്ന ഉമരി തന്റെ പ്രവർത്തന മണ്ഡലമായി ജമാഅത്തെ ഇസ്‌ലാമിയെ തെരഞ്ഞെടുത്തത് തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലായിരുന്നു. 1956-ൽ ജമാഅത്ത് അംഗത്വമെടുത്ത അദ്ദേഹം അലിഗഢിൽ പ്രാദേശിക അമീറായി പത്ത് വർഷവും സിന്ദഗി നൗ പത്രത്തിന്റെ എഡിറ്ററായി 5 വർഷവും സേവനമനുഷ്ടിച്ചു. അലിഗഢിലെ ഇദാറെ തഹ്ഖീഖ് വ തൻസീഫെ ഇസ്‌ലാമിയുടെ ചെയർമാൻ കൂടിയായിരുന്നു ഉമരി.

മർഹൂം മൗലാനാ സിറാജുൽ ഹസൻ സാഹിബിന്റെ ഇമാറത്തിൽ അസിസ്റ്റൻറ് അമീറായിരുന്ന ഉമരി 2007 ലാണ് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1972-ൽ രൂപീകൃതമായ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോസ് സ്ഥാപകാംഗമായിരുന്ന അദ്ദേഹം പിന്നീട് ദീർഘകാലമായി ബോഡ് വൈസ് ചെയർമാൻ പദവിയും വഹിച്ചുവരുന്നു. 1985 മുതൽ പ്രസിദ്ധീകരിക്കുന്ന തഹ്ഖീഖാതെ ഇസ്‌ലാമി എന്ന ഉറുദു മാഗസിന്റെ പത്രാധിപ പദവി കഴിഞ്ഞ 25 വർഷമായി അദ്ദേഹമാണ് വഹിച്ചുവരുന്നത്. അസംഗഢിലെ ജാമിഅത്തുൽ ഫലാഹ്, അന്ധ്രാപ്രദേശിലെ വാറങ്കൽ ജാമിഅത്തുസ്സുഫ്ഫ എന്നീ ഇസ്‌ലാമിക കലാലയങ്ങളുടെ ചാൻസലറും അലിഗഢിലെ സിറാജുൽ ഉലും കോളേജിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്നു ജലാലുദ്ദീൻ ഉമരി. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന മർഹൂം മൗലാനാ സ്വദ്‌റുദ്ദീൻ ഇസ്‌ലാഹിയുടെ സഹായിയായാണ് രചനാ രംഗത്തേക്ക് ഉമരി കടന്നുവന്നത്.

ബഹുമുഖ വ്യക്തിത്വമായിരുന്ന മൗലാന ദീനീ വിജ്ഞാനീയങ്ങളിലും ഭൗതിക വിഷയങ്ങളിലും തികഞ്ഞ അവഗാഹമുള്ള പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിച്ച മികച്ച സംഘാടകനും നായകനുമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തെ തന്റെ പാണ്ഡിത്യ ഗരിമയും നേതൃപാടവും കൊണ്ട് നീണ്ട 12 വർഷം അദ്ദേഹം നയിച്ചു. മുസ്‌ലിം സംഘടനാ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉമരി ജമാഅത്തെ ഇസ്‌ലാമിയെ മുസ്‌ലിം മുഖ്യധാരയിൽ നിറ സാനിധ്യമാക്കുന്നതിൽ വലിയ സംഭാവനകളർപ്പിച്ച വ്യക്തിത്വമാണ്. ദയൂബന്ദ് ഉലമാക്കൾക്കിടയിൽ പ്രസ്ഥാനത്തെ കുറിച്ച് നിലനിന്നിരുന്ന തെറ്റുദ്ധാരണകൾ ഭൂരീകരിക്കാനും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാക്കളുമായി ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന്റെ ഇമാറത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഉറുദു ഭാഷയിൽ ഒട്ടേറെ ഗവേഷണാധിഷ്ടിത ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തുർക്കി എന്നീ ഭാഷകളിലേക്കും ഇതര ഇന്ത്യൻ ഭാഷകളിലേക്കും അദ്ദേഹത്തിന്റെ വിവിധ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഉറുദുവിൽ 33 പുസ്തകങ്ങളും ഇതര ഭാഷകളിൽ ഇരുപതോളം പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എഴുത്തുകാരനും കവിയും നോവലിസ്റ്റുമായിരുന്ന മാഹിറുൽ ഖാദിരിയുടെ പ്രോത്സാഹനവും അഭിനന്ദനങ്ങളും ജലാലുദ്ദീൻ ഉമരിയുടെ രചനാശേഷിയെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രശസ്ത പണ്ഡിതൻ മർഹൂം അബുൽ ഹസൻ അലി നദ്‌വിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വത്തിന്റെയും പാണ്ഡിത്യത്തിന്റെയും ഉടമയായിരുന്നു മൗലാനാ ജലാലുദ്ദീൻ ഉമരി.

ഖിദ്മതെ ഖൽഖ് കി ഇസ്‌ലാമി തസ്വവ്വുർ, ബച്ചെ ഔർ ഇസ്‌ലാം, ഇൻസാൻ ഔർ ഉസ്‌കെ മസാഇൽ, ഇസ്‌ലാമീ ദഅ്‌വത്, ഔറത് ഇസ്‌ലാമി മുആശറ മേം, ഖുദാ ഔർ റസൂൽ കാ തസ്വവ്വുർ ഇസ്‌ലാമി തഅ്‌ലീമാത് മേ, മഅ്‌റൂഫ് വ മുൻകർ, ഇസ്‌ലാം കി ദഅ്‌വത്, ഔറത്ത് ഔർ ഇസ്‌ലാം, മുസൽമാൻ ഖവാതീൻ കി ദഅ്‌വതി ദിമ്മെദാരിയാം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. രോഗവും ആരോഗ്യവും, ജനേസവനം, കുഞ്ഞുങ്ങളും ഇസ്‌ലാമും എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്തവയാണ്. Islamic Solution to Human Issues, Ma’roof-o-Munkar, Inviting to Islam, Woman and Islam, Muslim Woman: Role and Responsibilities, The Rights of Muslim Woman – An Appraisal, The Concept of Social Service in Islam, Islam and Unity of Mankind, Islam: The Religion of Dawah എന്നിവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പ്രധാന പുസ്തകങ്ങളാണ്.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ധിഷണാശാലിയായ നേതാവായിരുന്നു ഉമരി. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് മാത്രമല്ല, മുസ്‌ലിം സമുദായത്തിനൊന്നടങ്കം നഷ്ടമാണ്. ഇസ്‌ലാം ഒരേസമയം മാറ്റങ്ങളില്ലാത്ത അടിസ്ഥാന ഘടങ്ങളും മാറുന്ന ലോകത്തിന്റെ സാധ്യതകളും ആവശ്യങ്ങളും പരിഗണിച്ച് വികസിക്കാനും മാറ്റങ്ങളെ ഉൾക്കാനും സാധിക്കും വിധം ഇലാസ്തികതയുമുള്ള ജീവിത ദർശനമാണെന്നും തദടിസ്ഥാനത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെയും പുതിയ കാലത്തിന്റെ ഭൗതിക സാധ്യതകളെയും ആവശ്യകതകളെയും സമന്വയിപ്പിച്ച് മാറുന്ന ലോകത്ത് ഇസ്‌ലാമിന്റെ പ്രതിനിധാനം നിർവഹിക്കുവാനും അതിനനുസരിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തെ സെറ്റ് ചെയ്യുവാനും പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ഇമാറത്തിൽ നിന്നും 2019-ൽ അദ്ദേഹം ഒഴിവായതിന് ശേഷം പ്രസ്ഥാനത്തിന് കീഴിൽ നിലവിൽവന്ന ശരീഅ കൗൺസിൽ ചെയർമാൻ പദവിയാണ് അദ്ദേഹം വഹിച്ചുവന്നിരുന്നത്. കോവിഡ് കാലത്തെ സങ്കീർണ്ണമായ മുൻഅനുഭവങ്ങളില്ലാത്ത വിവിധ വിഷയങ്ങൾ ഉൾപ്പെടെ ഇക്കാലയളവിൽ ശരീഅത്ത് കൗൺസിലിന്റെ ഫത്‌വകളും ഗവേഷണങ്ങളും മുസ്‌ലിം സമുദായത്തിന് മാത്രമല്ല, പണ്ഡിത നേതൃത്വങ്ങൾക്ക് വരെ ദിശാബോധം നൽകുന്നതായിരുന്നു.

അല്ലാഹു അദ്ദേഹത്തിന്റെ സംഭവബഹുലമായ കർമജീവിതം പൂർണ്ണമായും സ്വീകരിക്കുകയും ജന്നാത്തുൽ ഫിർദൗസിൽ അമ്പിയാക്കൾ, സ്വിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ എന്നിവരോടൊപ്പം ഉന്നത പദവി നൽകി ആദരിക്കുമാറാകട്ടെ, ആമീൻ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles