Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ത്ഥ ശത്രുവിനെ ജനം തിരിച്ചറിഞ്ഞു

രാജ്യസ്ഥാനിലെ ഹിന്ദു ജനസംഖ്യ 90 ശതമാനമാണ് മധ്യപ്രദേശില്‍ 90 ശതമാനവും ഛത്തീസ്ഗഡില്‍ 93 ശതമാനവും തെലുങ്കാനയില്‍ 85 ശതമാനവുമാണ്.
ഇന്ന് തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളില്‍ നാലെണ്ണത്തില്‍ ന്യൂനപക്ഷങ്ങളുടെ ശതമാനം 7,10,14 എന്നിങ്ങനെയാണ്. അതായത് ഭൂരിപക്ഷം തന്നെയാണ് ഫാസിസത്തെ മാറ്റി നിര്‍ത്തിയതും അല്ലെങ്കില്‍ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചതും. ഇതുവരെ നമ്മെ ഭരിച്ചവര്‍ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്ത് ഇന്ത്യക്കാര്‍ എന്ന് വിളിച്ചു. മോഡി സര്‍ക്കാരും സംഘ പരിവാറും ഇന്ത്യക്കാരെ ഹിന്ദുവെന്നും മുസ്ലിമെന്നും വിളിച്ചു. ആ വിളി ഇന്ത്യയിലെ ഭൂരിപക്ഷത്തെ കൂടുതല്‍ സന്തോഷിപ്പിക്കും എന്നായിരുന്നു അവര്‍ മനസ്സിലാക്കിയത്.

അത് കൊണ്ടാണ് തിരഞ്ഞെടുപ്പ് സമയത്തു അമ്പലവും പള്ളിയും മുഖ്യ ചര്‍ച്ചകളാക്കി കൊണ്ട് വരാന്‍ അവര്‍ ശ്രമിച്ചതും. കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ അഴിമതി പറഞ്ഞാണ് സംഘ പരിവാര്‍ അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ കുത്തക പ്രീണന നയം കാരണം സാധാരണക്കാരന്റെ ജീവിത നിലവാരം താഴോട്ടു പോയിരുന്നു. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പാലൊഴുക്കും എന്നായിരുന്നു സംഘ പരിവാര്‍ മുന്നോട്ടു വെച്ച മുദ്രാവാക്യം. അഴിമതിയും ജീവിത നിലവാരത്തിലെ താളപ്പിഴകളും കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്താന്‍ ജനത്തിനെ പ്രേരിപ്പിച്ചു. തങ്ങള്‍ ഉയര്‍ത്തിയ വര്‍ഗീയതയാണ് ജനത്തിന്റെ പിന്തുണ നേടാന്‍ കാരണം എന്ന് സംഘ പരിവാര്‍ തെറ്റിദ്ധരിച്ചു. അത് കൊണ്ടാണ് ഭരണത്തില്‍ വന്നാല്‍ ചെയ്യാമെന്നേറ്റ പലതും അവര്‍ അവഗണിച്ചപ്പോള്‍ വര്‍ഗീയതയും ന്യൂനപക്ഷ പീഡനവും രൂക്ഷമാക്കാന്‍ അവര്‍ ശ്രമിച്ചു. ഓരോ നേതാവും ആ വിഷയത്തില്‍ പരസ്പരം മത്സരിച്ചു.

ജനാധിപത്യ രാജ്യത്തിന് പറ്റിയ പ്രധാനമന്ത്രിയല്ല താനെന്നു മോഡി നിരന്തരം തെളിയിച്ചു കൊണ്ടിരുന്നു. ലവ് ജിഹാദിന്റെ പേരിലും പശുവിന്റെ പേരിലും മുസ്ലിംകളെയും ദലിതരെയും പച്ചക്കു കത്തിച്ചും മര്‍ദിച്ചും ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കാന്‍ മാത്രം വിദ്വേഷം സംഘ പരിവാര്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറി. ഹിന്ദുക്കളെ കുറിച്ച് തെറ്റായ ധാരണയാണ് സംഘ പരിവാര്‍ വെച്ച് പുലര്‍ത്തിയിരുന്നത്. സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ടോ മറ്റോ ജനം കൂടെ നില്‍ക്കില്ല എന്ന ബോധം അവര്‍ക്കുണ്ടായില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത്. മനുഷ്യന് ഏറ്റവും ആവശ്യം സമാധാനമാണ്. അത് നല്‍കാന്‍ സംഘ പരിവാറിന് കഴിയില്ല എന്ന് ജനം തിരിച്ചറിഞ്ഞു.

ഹിന്ദുക്കളുടെ തന്നെ ശത്രു പക്ഷത്താണ് സംഘ പരിവാര്‍ നില കൊള്ളുന്നത്. ഹിന്ദുക്കളുടെ പേരില്‍ രാഷ്ട്രീയം കളിയ്ക്കാന്‍ പോകുന്നവര്‍ക്ക് ഹിന്ദുക്കളുടെ തന്നെ പിന്തുണയില്ല. ഹിന്ദുവെന്ന വികാരം കൊണ്ട് കഴിഞ്ഞു കൂടാം എന്നതിനും ഇത് നല്ല മറുപടിയാണ്. ഇന്ത്യയിലെ മനുഷ്യരുടെ വിഷയം അവരുടെ നിത്യ ജീവിതമാണ്. ഹിന്ദു-മുസ്ലിം എന്ന വിഭജനം സംഘ പരിവാറില്‍ മാത്രമായി അവശേഷിക്കും. ഫാസിസമാണ് യഥാര്‍ത്ഥ ശത്രു എന്ന് ഇന്ത്യന്‍ ജനത തിരിച്ചറിയുന്നു എന്നതിന്റെ കൂടി വിജയമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

Related Articles