Current Date

Search
Close this search box.
Search
Close this search box.

മാണിക്യമലരായ പൂവി മഹതിയാം ഖദീജ ബീവി..

Manikya...jpg

ഈ പാട്ടാണല്ലൊ വിവാദം. റിപ്പോര്‍ടര്‍ ടിവി യിലെ ചര്‍ച്ച കേട്ടപ്പോള്‍ തമാശയാണു തോന്നിയത്. സംവിധായകന്‍ ഉമറും പാട്ട് ചിട്ടപ്പെടുത്തിയ ഷാന്‍ റഹ്മാനും സിനിമയില്‍ നിന്ന് ഈ പാട്ട് ഒഴിവാക്കാന്‍ പോകുകയാണ് എന്നാണ് ചര്‍ച്ചയില്‍ പറയുന്നത്. സത്യത്തില്‍ ഈ വിവാദം കൊണ്ട് സിനിമ ശ്രദ്ധിക്കപ്പെട്ടു എന്നല്ലാതെ അതില്‍ ഒരു കഴമ്പുമുണ്ടെന്ന് തോന്നുന്നില്ല.

ഒന്നാമതായി, കേരളത്തില്‍ ഇറങ്ങുന്ന ഈ സിനിമക്കെതിരെ മലയാളികളായ മുസ്ലിം മത പണ്ഡിതന്മാരൊന്നും രംഗത്ത് വന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. വര്‍ഷങ്ങളായി പ്രചാരത്തിലുള്ള ഈ മാപ്പിള പാട്ടില്‍ പ്രവാചക പത്‌നിയായ ഖദീജയെ, അവരും പ്രവാചകനും തമ്മില്‍ നടന്ന വിവാഹത്തെയാണ് വര്‍ണിക്കുന്നത്. നബിപത്‌നിയെ അലങ്കരിച്ചെഴുതിയ വരികളുടെ പേരില്‍ പ്രണയാതുരമായ ഇശലുകളുള്ള ഈ പാട്ട് ഒരിക്കലും വിവാദമായിട്ടില്ല. ഇതുപോലെ പ്രവാചക പത്‌നിമാരെ പുതുനാരികളായി അണിയിച്ചൊരുക്കുന്ന ഒട്ടേറെ പാട്ടുകള്‍ ഒപ്പനപ്പാട്ടുകളില്‍ വേറെ ഉണ്ടുതാനും.

ഇനി പാട്ട് വന്ന സിനിമയുടെ പ്രമേയം ആണോ വിവാദ ഹേതു? റസൂലേ എന്ന പ്രസിദ്ധമായ സിനിമാ ഗാനത്തില്‍ പ്രവാചക ചരിത്രമാണോ പ്രമേയം? ധാരാളം മുസ്ലിം ഗാനങ്ങള്‍ സിനിമയില്‍ വന്നിട്ടുള്ളതൊക്കെ കേവലം ഉദ്‌ബോധന സിനിമകളില്‍ ആണോ? അല്ലല്ലൊ. അതൊക്കെ നിരോധിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടും ഇല്ലല്ലൊ.

സിനിമ മതപരമായി നിഷിദ്ധമാണെന്ന് വാദിക്കുന്ന പണ്ഡിതന്മാരുണ്ട്. അവര്‍ സിനിമയില്‍ ഈ പാട്ട് വന്നതിനെ എതിര്‍ക്കുന്നുവെങ്കില്‍ അത് സിനിമയോട് തന്നെയുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് കരുതേണ്ടത്. പ്രവാചക ചരിത്രം ആവിഷ്‌കരിച്ചിട്ടുള്ള സിനിമകളോട് പോലും അവര്‍ക്ക് ഈ എതിര്‍പ്പുണ്ട്. അത് വിഷയം മറ്റൊന്നാണ്.

സ്‌കൂള്‍ കലോല്‍സവത്തിലും സ്‌റ്റേജ് ഷോകളിലും ഒക്കെ സ്ഥിരമായി പാടാറുള്ള ഈ പാട്ട് ഒരു സിനിമാ രംഗത്തില്‍ വന്നതിന്റെ പേരില്‍ മതം വ്രണപ്പെട്ടു എന്ന് വിശ്വസിക്കുന്നവരെ തര്‍ക്കിച്ചു തോല്‍പിക്കാനാകില്ല. അത്തരം ജല്‍പനങ്ങളെ വലിയ സംഭവമാക്കി വിവാദമാക്കുന്ന പ്രവണതയാണ് അതിലേറെ സഹതാപമര്‍ഹിക്കുന്നത്!.

Related Articles