Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളെല്ലാം ഹിസ്ബുല്ലയോടൊപ്പമാണ്

ഓരോ ദിവസവും എന്റെ മാതാപിതാക്കള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കൊപ്പമാണ് ഞാന്‍ ജീവിച്ചത്. ഒരിക്കല്‍ അതേക്കുറിച്ച് ആകാംക്ഷാപൂര്‍വം പിതാവിനോട് ചോദിച്ച എനിക്ക് കിട്ടിയ മറുപടി ‘എന്നോടതിനെക്കുറിച്ച് സംസാരിക്കരുത്’ എന്നായിരുന്നു. ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ കുട്ടിയായി വളരുക എന്തുപോലെയാണെന്ന് നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാവില്ല. അഭയാര്‍ത്ഥികളെന്നാണ് അവര്‍ വിളിക്കപ്പെട്ടിരുന്നത്. നിങ്ങളുടെ മാതാപിതാക്കള്‍ ഹോളോകോസ്റ്റ് അതിജീവിച്ചവരാണെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളെ കാണുന്നത് ആടുകളെപ്പോലെ അടുപ്പിലേക്ക് പോയവരുടെ കുട്ടി എന്ന തരത്തിലായിരിക്കും. ജൂതന്മാര്‍ ഹോളോകോസ്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരാറുണ്ട്. യഥാര്‍തഥത്തില്‍ നിങ്ങളെന്താണ് അനുഭവിച്ചത്? നിങ്ങള്‍ക്കെന്താണ് അതേക്കുറിച്ചറിയാവുന്നത്? ഒരു പ്രവാചകനോ വിശുദ്ധനോ ആയി നടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ പരിമിതികളെക്കുറിച്ച് ഞാന്‍ തീര്‍ത്തും ബോദ്ധ്യവാനാണ്. എന്നാല്‍ നുണ പറയല്‍ എന്റെ ശീലമല്ല. ഇസ്രായേല്‍ മനുഷ്യാവകാശ ലംഘനമൊന്നും നടത്തിയിട്ടില്ലെന്ന് തെളിയിക്കാന്‍ ദെര്‍ഷോവിസ് (Dershowitz)പതിനായിരക്കണക്കിന് റിപ്പോര്‍ട്ടുകളിലൂടെ കടന്ന് പോവുമ്പോള്‍ ഞാന്‍ പറയുന്നു- ഇത് സത്യമല്ല, സത്യമല്ല, സത്യമല്ല. ജൂതന്‍മാരോടുള്ള എന്റെ വ്യക്തിപരമായ വികാരങ്ങള്‍ക്ക് ഈ അഭിപ്രായരൂപീകരണത്തില്‍ സ്വാധീനമൊന്നുമില്ല.

ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നത്തില്‍ എന്റെ നിലപാടുകള്‍ ഇടതുപക്ഷമെന്നോ റാഡിക്കലെന്നോ നിങ്ങള്‍ വിളിക്കുന്നവയല്ല. അന്താരാഷ്ട്ര നിയമങ്ങളുടെ പിന്‍ബലത്തോടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ നാം നിയമവ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തണം. രണ്ട് രാജ്യം എന്ന ഒത്തുതീര്‍പ്പും അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കാണണം. ജനങ്ങളുടെ ഹിതം പരിഗണിക്കാതെയുള്ള നീക്കങ്ങള്‍ക്ക് ഞാന്‍ തുനിയുന്നില്ല. തങ്ങളുടെ പരമാധികാരത്തെ പ്രധിരോധിക്കാനും വിദേശശക്തികളെ നേരിടാന്‍ സായുധസേനയെ ഉപയോഗിക്കാനുമുള്ള പരിപൂര്‍ണ അവകാശം ലബനാനിലെ ജനങ്ങള്‍ക്കുണ്ട്. ഒരു പ്രഭാതത്തില്‍ ഞാന്‍ കാണുന്ന കാഴ്ച ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ ചിതറിക്കിടക്കുന്ന ലബനാനിനെയാണ്. കോണ്‍സന്ററേഷന്‍ ക്യാമ്പുകളില്‍ എന്റെ മാതാപിതാക്കള്‍ ജീവിച്ചുമരിക്കുമ്പോള്‍ ലോകം അവലംബിച്ച മൗനം എത്രത്തോളം കുറ്റകരമായിരുന്നു എന്നെനിക്കറിയാം. അതുകൊണ്ടു തന്നെ എഴുന്നേറ്റു നിന്ന് ശബ്ദമുയര്‍ത്തേണ്ടത് അത്യാവശ്യമാണ് – ‘ഞങ്ങളെല്ലാം ഹിസ്ബുല്ലയോടൊപ്പമാണ’് ‘(we are all Hizbulla)’.

അറബ് വസന്തത്തിന്റെ ഇപ്പോഴും  അതിന്റെ പ്രവര്‍ത്തനദശയിലാണ്. അറബ് വസന്തത്തിന്റെ ആദ്യഘട്ടം പല തരത്തിലും ധൈര്യം പകരുന്നതായിരുന്നു, സമകാലിക സ്ഥിതിയേക്കാള്‍. ഈ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടതിലേക്ക് നയിച്ചേക്കാം. എന്തായാലും സമകാലിക സ്ഥിതിയെക്കുറിച്ച് എനിക്ക് പറയാനാവുക ജനാധിപത്യം ഒരുതരം പിന്‍വാങ്ങലിലാണ് എന്നാണ്. യു. എസ് പിന്തുണയോടു കൂടി ഖത്തര്‍- സൗദി അച്ചുതണ്ട് വിജയകരമായിത്തന്നെ ഈ പിന്നോട്ടു തള്ളലില്‍ ഇടപെടുന്നുണ്ട്. ഈയടുത്ത മാസങ്ങളില്‍ ഈജിപ്തില്‍ നടന്ന സംഭവവികാസങ്ങള്‍ ഒട്ടും പ്രത്യാശാജനകമല്ല. ഖത്തറില്‍ നിന്ന് മുസ്‌ലിം ബ്രദര്‍ഹുഡിലേക്കൊഴുകുന്ന പണം ഒരു നല്ല സൂചനയാവാന്‍ വഴിയില്ല. സിറിയയില്‍ ബശ്ശാറിന്റെ ഏകാധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അറബ് വസന്തത്തിന്റെ തുടര്‍ച്ചയെന്നോണം സമാധാനപരമായാണ് തുടങ്ങിയതെങ്കിലും ഒരു സിവില്‍ യുദ്ധം എന്ന് വിളിക്കാവുന്ന അവസ്ഥയിലാണ് അത് എത്തിനില്‍ക്കുന്നത്. അതൊരു സിവില്‍ യുദ്ധമാണെന്ന് എനിക്ക് തോന്നുന്നില്ല, കാരണം തടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ അവിടത്തെ ആഭ്യന്തരജനതക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ല. സൗദി അറേബ്യയും ഖത്തറും തുര്‍ക്കിയും ഇറാനുമടങ്ങുന്ന പ്രാദേശിക ശക്തികളുള്‍പ്പെടെ മറ്റു പല പകരക്കാരുടെയും ആഗോള ഭീമന്മാരുടെയും യുദ്ധമായി അത് രൂപാന്തരപ്പെട്ടിരിക്കുന്നു. ഒരു ഭാഗത്ത് റഷ്യയുടെയും മറുഭാഗത്ത് അമേരിക്കയുടെയും കരങ്ങളാണ് ഇതില്‍ ഏറ്റവും ശക്തമായ കൈകടത്തലുകള്‍ നടത്തുന്നത്. തീര്‍ച്ചയായും ബ്രിട്ടനും ഫ്രാന്‍സും ഉണ്ട്. അതുകൊണ്ട് തന്നെ സിറിയയില്‍ നിന്ന് ഇനി പ്രതീക്ഷിക്കാവുന്നത് ചെറുതല്ലാത്ത ദുരന്തങ്ങള്‍ മാത്രമാണ്.

ശുഭസൂചനകളുമായി ആരംഭിച്ച അറബ് വസന്തം ഇപ്പോള്‍ ഒരു പിന്‍വാങ്ങലിലൂടെ കടന്ന് പോവുകയാണ്. ഈജിപ്തിന്റെയും തുര്‍ക്കിയുടെയും പുതിയ ഇടപെടലുകള്‍ ഇസ്രായേലിനു മേല്‍ പരിധികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. 2008 ലോ 2009 ലോ നടത്തിയതു പോലുള്ള കൂട്ടക്കുരുതികള്‍ ആവര്‍ത്തിക്കാന്‍ ഇസ്രായേലിന് കഴിയാതായി. അത്തരം നീക്കങ്ങളുണ്ടായാല്‍ തങ്ങള്‍ വെറുതെ നോക്കിനില്‍ക്കില്ലെന്ന് ഈജിപ്തും തുര്‍ക്കിയും വാഷിംഗ്ടണിലേക്ക് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇസ്രായേലിന്റെ പുതിയ ഓപറേഷനുകള്‍ നിയന്ത്രിതമാവുകയും സൈനികമായി മുന്‍കൈ ആര്‍ജിക്കാന്‍ അവര്‍ അശകതരാവുകയുമായിരുന്നു. പലസ്തീനികള്‍, ഏറ്റവും കുറഞ്ഞത്  ഗസ്സക്കാരെങ്കിലും ഇസ്രായേലിന്റെ ഓപ്പറേഷനുകളെ ഫലപ്രദമായി നേരിടുന്നതില്‍ വിജയിച്ചു. ആ അര്‍ത്ഥത്തില്‍ അറബ് വസന്തത്തിന് ഇസ്രയേല്‍-പലസതീന്‍ പ്രശ്‌നത്തെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അധിനിവേശം മുഴുവനായി അവസാനിപ്പിക്കുന്ന കാര്യത്തിലോ ഈജിപ്തിലുണ്ടായതു പോലുള്ള ഒരു മുന്നേറ്റത്തിനായി ജനങ്ങളെ സമരരംഗത്തിറക്കാനോ അറബ് വസന്തം തുനിഞ്ഞില്ല. പലസ്തീന്‍ ജനതക്ക് ഒന്നിച്ച് അണിനിരക്കാവുന്ന ഒരു ഏകീകൃത നേതൃത്വത്തിന്റെ അഭാവവും ഇവിടെ വില്ലനാണ്.

1948 ല്‍ പ്രസിഡന്റ് ട്രൂമാന് തെരഞ്ഞെടുപ്പ് വിജയം ഉറപ്പുവരുത്താന്‍ ജൂത വോട്ടും പണവും വേണമായിരുന്നു. അക്കാരണങ്ങളാണ് 1947 ലെ വിഭജന പ്രമേയത്തെ പിന്തുണക്കാനും 1948 ല്‍ ഇസ്രായേലിനെ അംഗീകരിക്കാനും അദ്ദേഹത്തിന് പ്രചോദനമായത്. ആ സമയത്ത് മദ്ധ്യേഷ്യയില്‍ അമേരിക്കക്കുണ്ടായിരുന്ന ഏക താല്‍പര്യം സൗദി അറേബ്യയിലെ നിക്ഷേപങ്ങളിലും എണ്ണ വ്യവസായത്തിലും മാത്രമായിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ജൂത സയണിസ്റ്റ് ലോബിയെ പിന്തുണച്ചുകൊണ്ട് ട്രൂമാന്‍ ജൂതരാഷ്ട്രത്തെ അംഗീകരിച്ചു. ഇപ്പോഴത്തെ ഈജിപ്ത് ഗവണ്‍മെന്റ് അമേരിക്കയുമായി നല്ല ബന്ധം നിലനിര്‍ത്താനാഗ്രഹിക്കുന്നു. വിദേശസഹായം അഥവാ സൈനിക സന്നാഹങ്ങള്‍, ഐ. എം. എഫ് ലോണ്‍ ഇവയൊക്കെ അമേരിക്കയുമായി നല്ല രീതിയില്‍ മുന്നോട്ടു പോവാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ആദര്‍ശപരമായ കാരണങ്ങളാലും ജനകീയ പിന്തുണ ഉറപ്പു വരുത്താനും ഇസ്രായേല്‍ വിഷയത്തിലേക്ക് വരുമ്പോള്‍ അവര്‍ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നു. അതുകൊണ്ടു തന്നെ മുബാറക് നല്‍കിയതു പോലെ ഇവര്‍ ഇസ്രായേലിന് പിന്തുണ നല്‍കില്ല.  എന്നാല്‍ പലസ്തീനെ പിന്തുണക്കുന്ന കാര്യത്തില്‍ ഇവര്‍ക്കു വ്യക്തമായ പരിമിതികളുണ്ട് താനും.

വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ പുതിയ അധിനിവേശ ഭീഷണിയെ ചെറുക്കാന്‍ നമുക്ക് ഒരുപാടൊന്നും ചെയ്യാനാവില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. അതിന് പലസ്തീനികള്‍ തന്നെ മുന്‍കൈയെടുക്കണം. തീര്‍ച്ചയായും ഇസ്രായേലിന് മേല്‍ നിയന്ത്രണങ്ങളുണ്ട്. യൂറോപ്പ് ഏറ്റവും കുറഞ്ഞത് വാക്കുകള്‍ കൊണ്ട് ഇസ്രായേലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്, അമേരിക്കയും. ഇത് അധിനിവേശം വ്യാപിപ്പിക്കാനുള്ള നീക്കത്തെ നിയന്ത്രിച്ചേക്കാം. തീര്‍ച്ചയായും അതൊരു നല്ല കാര്യമാണ്. പക്ഷേ ആത്യന്തികമായി ഇതിനൊരു അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അധിനിവേശ പലസ്തീന്‍ മേഖലകളില്‍ ആഗോള ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ഒരു വന്‍ ജനകീയ മുന്നേറ്റം ഉണ്ടാകുവോളം ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇവിടെ മാന്ത്രികമായ പരിഹാരങ്ങളൊന്നുമില്ല. സംഘടിക്കുക, ഉദ്ബുദ്ധരാവുക, ബഹിഷ്‌കരിക്കുക തുടങ്ങി ജനങ്ങള്‍ മുമ്പ് അവലംബിച്ച മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുക. നമുക്ക് ഒരു സഹായസേന ആവാനേ കഴിയൂ. പലസതീനെ വിമോചിപ്പിക്കാന്‍ കഴിയില്ല, അതൊരു നല്ല കാര്യമാവില്ല താനും. നിങ്ങള്‍ മറ്റൊരാളെ വിമോചിപ്പിക്കുമ്പോള്‍ അവര്‍ മറ്റൊരു കൂട്ടരുടെ ഇരയായി മാറുന്നു. മനുഷ്യര്‍ സ്വയം വിമോചനത്തിന്റെ വഴി കണ്ടെത്തണം. എന്നെന്നും നിലനില്‍ക്കേണ്ടുന്ന അവധാനതയുടെ ചോദ്യമാണത്. അല്ലെങ്കില്‍ ഏതൊരാള്‍ക്കും നിങ്ങളെ പെട്ടെന്ന് അധീനതയിലൊതുക്കാനും അടിമപ്പെടുത്താനുമാവും. അതുകൊണ്ടു തന്നെ നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഒരു സഹായ സേന ആവുക എന്നതു തന്നെയാണ്.

വിവ : നാജിയ പി.പി.

Related Articles