Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള യുദ്ധത്തിലെ ഒളിയജണ്ടകള്‍

കഴിഞ്ഞ ദിവസം ജിദ്ദയില്‍ ജോണ്‍ കെറിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റിനെ തകര്‍ക്കാനുള്ള അമേരിക്കന്‍ പദ്ധതിക്ക് മധ്യപൗരസ്ഥ്യ രാഷ്ട്രങ്ങളുടെ പിന്തുണ നേടുന്നതിനും ചര്‍ച്ച നടത്തുന്നതിനും വേണ്ടി ചേര്‍ന്ന ഒന്നായിരുന്നു അത്. പത്ത് അറബ് രാഷ്ട്രങ്ങളും – ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, ബദ്ധവൈരികളായ സഊദിയും ഖത്തറും അടക്കമുള്ള ആറ് ജി.സി.സി രാഷ്ട്രങ്ങളും – തുര്‍ക്കിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ക്ഷണം ഇല്ലാത്തതിനാല്‍ മൊറോക്കോയും സഊദി വിരോധത്താല്‍ ഇറാനും അതില്‍ നിന്ന് വിട്ടു നിന്നു.

2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം സൃഷ്ടിച്ച ദുരന്തത്തിന് പരിഹാരം തേടാനുള്ള ശ്രമമായി മധ്യപൗരസ്ഥ്യ പ്രദേശത്ത് ഒരു പുതിയ യുദ്ധ പ്രഖ്യാപനത്തിനുള്ള മുന്നൊരുക്കമായിരുന്നു പ്രസ്തുത മീറ്റിങ്. ഇറാഖിലെ വിഭാഗീയ സംഘട്ടനങ്ങളെ അതിന്റെ ഉച്ചിയില്‍ എത്തിക്കുകയും അതിന്റെ ദേശീയതയും അഖണ്ഡതയും പിച്ചിചീന്തുകയും ചെയ്തതിന്റെ മുഖ്യ പങ്ക് അമേരിക്കന്‍ അധിനിവേശത്തിനാണ്.

മൂന്ന് തരത്തില്‍ അമേരിക്ക നടത്താനുദ്ദേശിക്കുന്ന ഈ യുദ്ധം മൂന്ന് രൂപത്തില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്ന്, യുദ്ധവിമാനങ്ങളും പൈലറ്റില്ലാ ഡ്രോണുകളും ഉപയോഗിച്ച് അമേരിക്ക വ്യോമാക്രമണം ശക്തിപ്പെടുത്തും. ഒരു ദീര്‍ഘകാല പദ്ധതിയായിരിക്കുമത്. ചില കണക്കുകൂട്ടലുകള്‍ പറയുന്നത് അത് മൂന്ന് വര്‍ഷം വരെ നീണ്ടേക്കാമെന്നാണ്. രണ്ട്, ആയിരത്തോളം അമേരിക്കന്‍ സൈനിക ഉപദേശകരെ ഉപയോഗപ്പെടുത്തി പ്രദേശത്തെ സൈന്യത്ത പരിശീലിപ്പിക്കുകയും അവര്‍ക്ക് ആയുധം നല്‍കുകയും ചെയ്യുക. അതില്‍ ആദ്യ പരിഗണന ലഭിക്കുക ഇറാഖി സൈന്യത്തിനും ഖുര്‍ദുകളുടെ പെഷ്‌മെര്‍ഗ സൈന്യത്തിനുമായിരിക്കും. സിറിയയില്‍ ‘മിത സമീപനം’ സ്വീകരിക്കുന്ന സായുധ ഗ്രൂപ്പുകള്‍ക്ക് സഊദിയിലും ജോര്‍ദാനിലും സാധ്യമാകുന്ന മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും വെച്ച് പരിശീലനം നല്‍കുകയായിരിക്കും ചെയ്യുക. അല്‍-ഖാഇദയെ തുടച്ചു നീക്കാന്‍ അമേരിക്കന്‍ ജനറലായ ഡേവിഡ് പെട്രായുസ് തയ്യാറാക്കിയ ‘നവോത്ഥാന’ ഗ്രൂപ്പുകളെ പുനര്‍ തയ്യാറാക്കുകയെന്നതാണ് മൂന്നാമത്തെ കാര്യം. (അത് ആത്യന്തികമായി പരാജയമായിരുന്നുവെന്ന് നമുക്കെല്ലാം അറിയാം)

ഈ യുദ്ധത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ പങ്ക് മുഖ്യമാണ്. രണ്ട് സുപ്രധാന കാര്യങ്ങള്‍ അവര്‍ നിര്‍വഹിക്കുമെന്നാണ് ധാരണയായിട്ടുള്ളത്. ഒന്ന്, മൂന്ന് വര്‍ഷത്തോളം നീളുന്ന കാമ്പയിന്റെ സാമ്പത്തിക ബാധ്യത വഹിക്കുക. കോടിക്കണക്കിന് ഡോളര്‍ ചെലവ് വരുന്ന ഒന്നാണിത്. രണ്ടാമതായി എല്ലാ സൈനിക വിമാനത്താവളങ്ങളും യു.ഐ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ വ്യോമ താവളങ്ങള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ആസ്ഥാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്ന അമേരിക്കന്‍ വിമാനങ്ങള്‍ക്കായി തുറന്ന് കൊടുക്കുക. നാല് അമേരിക്കന്‍ യുദ്ധകപ്പലുകള്‍ ഇപ്പോള്‍ തന്നെ പ്രദേശത്ത് വ്യന്യസിച്ചിട്ടുണ്ട്. അമേരിക്കയുടെ എയര്‍ക്രാഫ്റ്റ് വാഹിനിയായ ജോര്‍ജ് എച്.ഡബ്ല്യൂ ബുഷും കഴിഞ്ഞ് ദിവസം അവിടെ എത്തിയിരിക്കുന്നു.

ഈ പുതിയ സഖ്യത്തില്‍ നിന്ന് ഇറാനെ അകറ്റി നിര്‍ത്താന്‍ സഊദിയും സഖ്യകക്ഷികളും സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നത് വളരെ വ്യക്തമാണ്. സിറിയന്‍ ഭരണകൂടവുമായി ഒരു സഹകരണവും പാടില്ലെന്നും അവര്‍ നിബന്ധന വെച്ചു. അപ്രകാരം ഇത് ഒരു അറബ് – അമേരിക്കന്‍ സഖ്യം മാത്രമായി നിലനിര്‍ത്തണമെന്നും ഇസ്‌ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ പരിമിതപ്പെടുത്തരുതെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. അമേരിക്കന്‍ പദ്ധതിയനുസരിച്ച് ഇറാഖില്‍ കാര്യങ്ങള്‍ നടന്നതിന് ശേഷം സിറിയന്‍ ഭരണകൂടത്തിനെതിരെ നീക്കം നടത്താണ് അവരുദ്ദേശിക്കുന്നത്. അത് എത്രത്തോളം നടക്കുമെന്നത് സംശയത്തില്‍ മോചിതമായിട്ടില്ല.

നാറ്റോ അംഗരാഷ്ട്രമായ തുര്‍ക്കി ഇതില്‍ നിന്ന് പിന്നോട്ടടിച്ചിരിക്കുകയാണ്. ഈ സംഖ്യം തങ്ങള്‍ക്ക് തന്നെ ദോഷം വരുത്തുമെന്ന് അവര്‍ക്കറിയാം. കാരണം ഈ സഖ്യം കുര്‍ദുകളെ ശക്തിപ്പെടുത്തുകയും അവര്‍ക്ക് ആയുധം നല്‍കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന അത്യാധുനിക ആയുധങ്ങള്‍ കുര്‍ദിസ്താന്‍ വര്‍കേഴ്‌സ് പാര്‍ട്ടിയിലേക്ക് എത്താനുള്ള സാധ്യത ഏറെയാണ്. അങ്കാറ ഭരണകൂടത്തെ സംബന്ധിച്ചടത്തോളം അനുകൂലമായ ഒന്നല്ല ഇത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ബന്ധികളാക്കിയിരിക്കുന്ന തങ്ങളുടെ നയതന്ത്രരുടെ ജീവന്‍ അപകടത്തിലാകുന്നതിലും അവര്‍ക്ക് ശ്രദ്ധ വെക്കേണ്ടതുണ്ട്. അതിലേറെ വലിയ അപകടമാണ് തങ്ങളുടെ ടൂറിസം വ്യവസായത്തിന് നേരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഉയര്‍ത്തിയിരിക്കുന്ന ഭീഷണി. പ്രതിവര്‍ഷം 35 ബില്ല്യണ്‍ ഡോളറിന്റെ വരുമാനമാണ് തുര്‍ക്കിക്ക് ടൂറിസത്തിലൂടെ ലഭിക്കുന്നത്. സൈനിക ഓപറേഷനില്‍ തങ്ങള്‍ പങ്കാളികളാവില്ലെന്ന് തുര്‍ക്കിയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സൈനികോപകരണങ്ങള്‍ എത്തിക്കുന്നതിനായി രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ഇന്‍ക്രിലിക് വ്യോമതാവളം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

തുര്‍ക്കി നിലപാട് ഞെട്ടലുണ്ടാക്കുന്നതാണെങ്കിലും, അതിലേറെ അത്ഭുതപ്പെടുത്തുന്നതാണ് ജര്‍മനിയുടെയും ബ്രിട്ടന്റെയും നിലപാട്. വ്യോമാക്രമണത്തില്‍ പങ്കാളികളാകാന്‍ അവര്‍ വിസമ്മതിച്ചിരിക്കുകയാണ്. വാഷിങ്ടണിന്റെ മുഖ്യ സഖ്യമായ ഫ്രാന്‍സും ‘ആവശ്യമെങ്കില്‍’ പങ്കാളിയാവാമെന്നാണ് പറയുന്നത്. ഈ വിട്ടുനില്‍ക്കല്‍ സഖ്യത്തിന്റെ വിജയത്തിന്റെ മുന്നിലെ ചോദ്യമായിരിക്കുകയാണ്.

ഇസ്‌ലാമിക് സ്‌റ്റേറ്റിനെയും അതിന്റെ അപകടത്തെയും ഇല്ലാതാക്കാനുള്ള ഈ സഖ്യത്തിന്റെ വിജയസാധ്യതക്ക് കടലാസ്സുകളില്‍ ഒട്ടും കുറവില്ല. എന്നാല്‍ പ്രായോഗിക തലത്തിലേക്ക് പ്രവേശിക്കുമ്പോല്‍ തികച്ചും വ്യത്യസ്തമായ പ്രതികരണമായിരിക്കും ഉണ്ടാകുക. യുദ്ധം നീണ്ടു പോയാല്‍ സഖ്യത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ഇറാന്‍ സിറിയ പോലുള്ള രാജ്യങ്ങള്‍ ഈ ശ്രമത്തെ അട്ടിമറിക്കാനുള്ള സാധ്യതയുമുണ്ട്.

തുടക്കത്തില്‍ തന്നെ ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള ആക്രമണത്തെ ഇറാന്‍ സ്വാഗതം ചെയ്തിരുന്നു. ഐ.എസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുണ്ടാക്കുന്ന സഖ്യത്തില്‍ സിറിയയും പങ്കാളിയാകുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രിയും പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ‘ശത്രുക്കളെ’ സഖ്യത്തില്‍ ഉള്‍പ്പെടുത്താനാവാത്തത് കൊണ്ട് അവര്‍ അതിന്റെ പുറത്ത് നിര്‍ത്തപ്പെട്ടിരിക്കുകയാണ്. ‘അസദ് പ്രശ്‌നത്തിന്റെ ഒരു ഭാഗമാണ്, പരിഹാരത്തിന്റെ ഭാഗമല്ലെ’ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സെപ്റ്റംബര്‍ 4-ന് വ്യക്തമായി തന്നെ പറയുകയും ചെയ്തു.

എന്നാല്‍ സിറിയന്‍ മണ്ണില്‍ തങ്ങളുടെ അംഗീകാരമില്ലാതെ നടത്തുന്ന ഏത് പ്രവര്‍ത്തനവും ആക്രമണമായി കണക്കാക്കുമെന്നാണ് ഇപ്പോള്‍ സിറിയന്‍ ദേശീയ അനുരഞ്ജന മന്ത്രി അലി ഹൈദര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യ ഇക്കാര്യത്തില്‍ സിറിയക്ക് പിന്തുണ പ്രഖ്യാപിക്കുകയും സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിശദീകരിക്കുകയും ചെയ്തു. റഷ്യന്‍ നിര്‍മിത ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ ഉപയോഗിച്ചാണ് സിറിയക്ക് മുകളില്‍ വെച്ച് അമേരിക്കന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയതെന്ന് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

‘മിഡിലീസ്റ്റിലെ ജനങ്ങള്‍ക്ക് വേണ്ടി’യുള്ള അമേരിക്കയുടെ മറ്റൊരു യുദ്ധം കൂടി അടുത്തെത്തിയിരിക്കുന്നു. അത് ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരാണെന്നാണ് പറയുന്നതെങ്കിലും അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കലും എണ്ണ സമ്പത്തിന്റെ നിയന്ത്രം തങ്ങളുടം വരുതിയിലാക്കലുമാണ്. എന്നാല്‍ ഇത്തവണ ഇരകളാകുന്നവര്‍ എല്ലാം അറബികളും മുസ്‌ലിംകളുമായിരിക്കുമെന്നത് ഉറപ്പാണ്. മുന്‍ യുദ്ധങ്ങളെ പോലെ അമേരിക്കന്‍ സൈനികന്‍ ഇതില്‍ മണ്ണിലിറങ്ങുന്നില്ല എന്നത് തന്നെ കാരണം. ഇതില്‍ അറബികള്‍ തന്നെയാണ് അറബികളോട് യുദ്ധം ചെയ്യുന്നത്.

വിവ : നസീഫ്‌

Related Articles