Current Date

Search
Close this search box.
Search
Close this search box.

ഹുത്തിനി ഹാലിട്ട ലിത്താപ്പോ.. സഞ്ചിനി ബാലിക ലുട്ടാപ്പീ…

അണ്ഡകടാഹത്തിലെ സര്‍വചരാചരങ്ങളെയും സ്‌നേഹിച്ച്, അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമേ അനന്തമായ സമയം ഉള്ളൂ എന്ന് ആവര്‍ത്തിച്ചെഴുതിയ വൈക്കം മുഹമ്മദ് ബഷീര്‍ സുന്ദരമായ ഈ ഭൂഗോളം വിട്ടുപോയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം തികയുന്നു. അക്ഷരങ്ങള്‍ കൊണ്ട് മായാജാലം സൃഷ്ടിക്കുന്നതില്‍ ബഷീറിന് തുല്ല്യനായി ബഷീര്‍ മാത്രമേ ഉള്ളൂ. ‘ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാര്‍ന്നു’ യിലെ നായകന്‍ നിസാര്‍ അഹ്മദ് അനുജത്തി ആയിഷക്ക് എഴുതി കൊടുത്ത് അവള്‍ വഴി നായിക കുഞ്ഞുപാത്തുമ്മ കേള്‍ക്കുന്ന ഹുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ചിന ബാലിക ലുട്ടാപ്പീ എന്ന വരികള്‍ എഴുതാന്‍ മറ്റാര്‍ക്കാണ് കഴിയുക?

ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന് എന്ന് പറഞ്ഞു ബഷീര്‍ ഗണിത ശാസ്ത്രത്തിലും തിരുത്ത് വരുത്തുകയായിരുന്നല്ലോ? ആഖ്യയും ആഖ്യാതവും ഇല്ലാത്ത വാചകങ്ങളെഴുതിയതിന് ഗുണദോഷിച്ച മലയാള അധ്യാപകനായ അനുജനോട് പോ ബടുക്കേ നിന്റെ കെട്ടിയോള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ മലയാള ഭാഷ? എനിക്കിഷ്ടമുള്ളത് പോലെ ഞാനെഴുതും എന്ന് പറഞ്ഞത് മുഴുവന്‍ ‘ഭാഷാ മൗലികവാദികള്‍’ക്കുമുള്ള മറുപടിയാണ്.

കൗമാരക്കാലത്ത് വായിച്ച പുസ്തകങ്ങളിലെ ‘മേത്തന്‍മാര്‍’ മുഴുവന്‍ ദുഷ്ട-പരിഹാസ്യ കഥാപാത്രങ്ങളായി കണ്ട് മനസ്സ് വേദനിക്കുകയും അമര്‍ഷം കൊള്ളുകയും ചെയ്ത ബഷീര്‍ സ്വന്തം സമുദായത്തിലെ നന്മകള്‍ പ്രൊജക്ട് ചെയ്യണമെന്നത് ഒരു വ്രതമായി എടുക്കുകയായിരുന്നു. അന്ധവിശ്വാങ്ങളും അനാചാരങ്ങളും വര്‍ണിക്കുമ്പോഴും വീട് പൊളിക്കുന്ന ശത്രുവിന്റെയല്ല, കേട് വന്ന ചുവര്‍ വെള്ള പൂശണമെന്ന മനസ്സാണ് അദ്ദേഹത്തിന്റേത്.

പത്ത് കൊല്ലത്തോളം അവിഭക്ത ഭാരതത്തിലെയും ആഫ്രിക്കന്‍ – അറേബ്യന്‍ രാജ്യങ്ങളിലെയും ഗ്രാമങ്ങളും നഗരങ്ങളും ദേവാലയങ്ങളും മരുഭൂമികളും ഗുഹകളും താണ്ടുകയും പലതരം മനുഷ്യരുമായും ഇടപഴകുകയും ചെയ്തത് മലയാള ഭാഷക്ക് തന്നെ അനുഗ്രഹമായി. വൈക്കം സത്യാഗ്രഹികളെ കാണാനെത്തിയ മഹാത്മജിയെ കണ്ടതും തൊട്ടതുമാണ് ഒരു മാറ്റത്തിന്റെ തുടക്കമായത്. ഇരുളിന്റെ ഏകാന്തതയില്‍ നിന്നു വീട്ടില്‍ നിന്നിറങ്ങിപ്പോയ അദ്ദേഹം കണ്ടതും കേട്ടതും അക്ഷരസ്‌നേഹികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. സ്വാതന്ത്ര്യ സമരത്തില് പങ്കെടുത്തതിനാല്‍ അനേകം ജയിലുകളില്‍ കിടന്ന് അടിയും ഇടിയും ഏറ്റുവാങ്ങി. ഭാഷയുള്ള കാലത്തോളം നിലനില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ച ബഷീറിന്റെ വാക്കുകള്‍ പലതും പഴമൊഴികളും ശൈലികളും ക്ലീഷേയുമായി മാറി. മനുഷ്യ നന്മയുടെ ഗാഥകള്‍ രചിച്ച് മനസ്സുകളില്‍ ശുഭപ്രതീക്ഷയുടെയും വിശ്വമാനവികതയുടെയും വിത്തിട്ട് വളര്‍ത്തിയ അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാത്രമേ മണ്ണിനടിയിലേക്ക് പോയിട്ടുള്ളൂ.

Related Articles