Current Date

Search
Close this search box.
Search
Close this search box.

സ്ത്രീവസ്ത്രധാരണം സദാചാര പ്രശ്‌നമോ?

സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അംഗം ആശാ മിര്‍ജെയുടെ പ്രസ്താവന പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മാനഭംഗത്തിന്റെ ഉത്തരവാദികള്‍ ഒരു പരിധി വരെ സ്ത്രീകള്‍ തന്നെയാണെന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണവും പെരുമാറ്റവും അനുചിതമായ സ്ഥലങ്ങളിലേക്ക് അവര്‍ പോകുന്നതും ഇത്തരം അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ഒരു പ്രസ്താവന പോലും വിവാദമായിരിക്കുന്നത് നമ്മുടെ ചുറ്റുപാടിന്റെ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അല്‍പ വസ്ത്രധാരികളായ താരറാണിമാരാണ് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നതിലെ പ്രധാനഘടകമെന്ന മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ശ്രീദേവിയുടെ വാക്കുകളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ശരീരം തുറന്നിട്ട് നടക്കലാണ് സ്വാതന്ത്ര്യവും സംസ്‌കാരവും എന്ന് ധരിച്ചിരിക്കുന്ന ഒരു വിഭാഗം നമുക്കു ചുറ്റും ഉണ്ടെന്നതിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. മാന്യമായി ശരീരം മറച്ചു നടക്കുന്നവര്‍ അവരുടെ കാഴ്ച്ചപ്പാടില്‍ അപരിഷ്‌കൃതരും യാഥാസ്ഥിതികരുമാണ്.

പീഡനങ്ങളും മാനഭംഗങ്ങളും വര്‍ധിക്കുന്നതില്‍ വസ്ത്രങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. മാന്യമായി വസ്ത്രം ധരിക്കുന്നവരും പീഡനത്തിന് ഇരകളാവുന്നുണ്ടല്ലോ എന്ന് ചോദിക്കുന്നവരുണ്ടാകാം. ചോദ്യം ന്യായമാണെന്ന് ഒറ്റയടിക്ക് കേള്‍ക്കുന്നവര്‍ക്കും തോന്നാം. സ്ത്രീകളുടെ സൃഷ്ടിപ്പിന്റെ ഭാഗമായ സ്‌ത്രൈണത തന്നെയാണ് അവളുടെ ആകര്‍ഷണീയത. പുരുഷന്‍മാരെ അവളിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും അതു തന്നെയാണ്. തന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്‍ തെറ്റുകാരനല്ലെന്ന് പറയുകയല്ല. ‘നിശ്ചയം നോട്ടമെന്നത് പിശാചിന്റെ വിഷം പുരട്ടിയ അമ്പുകളില്‍ ഒന്നാണെന്നാണ് പ്രവാചകന്‍ മുഹമ്മദ്(സ) പഠിപ്പിച്ചിട്ടുള്ളത്. തന്റെ സൗന്ദര്യത്തിന്റെ ഓരോ അംശവും എങ്ങനെയെല്ലാം പ്രദര്‍ശിപ്പിക്കാം എന്ന് ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന സ്ത്രീകള്‍ അതിന് കാരണക്കാരികളായി മാറുകയാണ് ചെയ്യുന്നത്. ‘വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റം സംസ്‌കൃതമായ നടപടി.’ എന്നു പുരുഷന്‍മാരോട് കല്‍പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ അടുത്ത സൂക്തത്തില്‍ സ്ത്രീകളെ ഉണര്‍ത്തുന്ന കാര്യം അവരുടെ സൗന്ദര്യം മറച്ചു വെക്കാനാണ്. ‘വിശ്വാസിനികളോടും പറയുക : അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൗന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ.’

പൊതുസ്ഥലങ്ങളില്‍ മാത്രമല്ല ആഭാസകരമായ രീതിയില്‍ സ്ത്രീകളെ നാം കാണുന്നത്. കാലഘട്ടത്തിന്റെ മാധ്യമങ്ങള്‍ക്കും ഇത്തരം ഒരു സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട്. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും ചരിത്രങ്ങളും വിളമ്പുന്ന ചാനലുകളും വെബ്‌സൈറ്റുകളും പത്രങ്ങളുമെല്ലാം അതില്‍ പങ്കുവഹിക്കുന്നു. ഇതെല്ലാം നയിക്കുന്നത് സമൂഹത്തെ തെറ്റായ ചിന്തയിലേക്കും സംസ്‌കാരത്തിലേക്കുമാണ്. നിരന്തരം ഇതെല്ലാം കാണുന്ന ഒരാള്‍ക്ക് സ്ത്രീ തന്റെ ഒരു ഉപഭോഗവസ്തുവാണെന്ന തോന്നലുണ്ടാകുന്നു. എന്നാല്‍ എല്ലാ തോന്നലുകളും ചിന്തകളും കുറ്റകൃത്യങ്ങളായി പരിണമിക്കണമെന്നില്ല. അതുകൊണ്ടാണ് മാന്യമായി വസ്ത്രം ധരിക്കാത്ത എല്ലാ സ്ത്രീകളും പീഡനിത്തിന് ഇരയാകാത്തും മാന്യമായി വസ്ത്രം ധരിക്കുന്ന പലരും ഇരകളാക്കപ്പെടുന്നതും. പ്രലോഭിപ്പിക്കുന്ന തരത്തില്‍ മോശമായി വസ്ത്രം ധരിച്ച സ്ത്രീ ഒരാളില്‍ ഉണ്ടാക്കുന്ന മോഹം മിക്കപ്പോഴും അവളിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. എന്നാല്‍ അവന്റെ ഉള്ളില്‍ അവശേഷിക്കുന്ന മോഹം അതിന് അനുകൂല സാഹചര്യവും അവസരവും വരുമ്പോള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും കുറ്റകൃത്യമായി പുറത്തു വരികയും ചെയ്യുന്നു. അതിന് ഇരയാക്കപ്പെടുന്നത് മാന്യമായി വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യുന്നവരും ആയേക്കാം. വസ്ത്രധാരണ രംഗത്തെ ഇസ്‌ലാമികാധ്യാപനങ്ങള്‍ കാറ്റില്‍ പറത്തി ഫാഷനൊപ്പം സഞ്ചരിക്കുന്ന മുസ്‌ലിം സ്ത്രീകളും അവര്‍ക്കതിന് പ്രോത്സാഹനം നല്‍കുന്ന സമുദായത്തിലെ പുരുഷന്‍മാരും ഇത്തരം ഒരു സാഹചര്യത്തിന്റെ സൃഷ്ടിപ്പിന് ഉത്തരവാദികളാണ്.

ഇസ്‌ലാമിനെയും ഇസ്‌ലാമിക വസ്ത്രധാരണ രീതികളെയും പഴഞ്ചനും അപരിഷ്‌കൃതവുമായി മുദ്രകുത്താന്‍ വെമ്പുന്നവര്‍ അവയെ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ഇസ്‌ലാം ഒരു തിന്മയെ ഇല്ലായ്മ ചെയ്യുന്നതിന് അതിന് കടുത്ത ശിക്ഷ നിര്‍ണയിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. അതോടൊപ്പം അതിലേക്കുള്ള വാതിലുകളെല്ലാം അടക്കുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാം വ്യഭിചാരത്തെ നിരോധിച്ചപ്പോള്‍ അതിലേക്ക് നയിക്കുന്ന എല്ലാ വഴികളും അടച്ചിട്ടാണത് ചെയ്തത്. ശരീരം പ്രദര്‍ശിപ്പിക്കുന്നത് വിലക്കുന്നതിന് മുമ്പ് അന്യസ്ത്രീകളെ നോക്കുന്നതും ഇസ്‌ലാം വിലക്കി. അന്യ സ്ത്രീപുരുഷന്‍മാര്‍ ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങളുടെ അനൗചിത്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. അന്യരായ സ്ത്രീയും പുരുഷനും ഒറ്റക്കാകുമ്പോള്‍ അവിടെ മൂന്നാമനായി പിശാചിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. അപ്രകാരം മദ്യം നിരോധിച്ചപ്പോള്‍ മദ്യം നിര്‍മിക്കാനും ശേഖരിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ വരെ നിരോധിച്ചത് അവയൊന്നും മദ്യപിച്ചിരുന്നവര്‍ക്ക് ഒരു തിരിച്ചു പോക്കിന് പ്രലോഭനമാകരുത് യുക്തിയായിരിക്കാം. സമൂഹത്തിന്റെ സംസ്‌കരണത്തിന് ഇസ്‌ലാം മുന്നോട്ടു വെച്ചതിനേക്കാള്‍ നല്ല ഒരു മാര്‍ഗരേഖ മറ്റാരും മുന്നോട്ടു വെച്ചിട്ടില്ലെന്ന് അഭിമാനത്തോടെ പറയാന്‍ വിശ്വാസികള്‍ക്കും സാധിക്കണം.

Related Articles