Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഹമദ് : വ്യത്യസ്തനായ ഗള്‍ഫ് ഭരണാധികാരി

‘ഇപ്പോള്‍ നാം യോജിക്കുന്നില്ലെങ്കില്‍ ഇനിയെപ്പോഴാണ് അതുണ്ടാവുക?’ – ഗസ്സയിലെ ഇസ്രാഈല്‍ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ 2009 ജനുവരി 16-നു ദോഹ ഷെറടോണ്‍ ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത അടിയന്തിര ഉച്ചകോടിയില്‍ ആമുഖ പ്രസംഗം നടത്തവെ, ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ചോദിച്ചത,് എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ നോക്കാതെ തല ഉയര്‍ത്തി കൊണ്ടായിരുന്നു- സമ്മേളനം ചേരാന്‍ അറബ് ലീഗിനോട് നടത്തിയ നിരന്തര അഭ്യര്‍ഥന നിരസിക്കപ്പെടുകയും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വരെ അവസാന നിമിഷം പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടും ശൈഖ് ഹമദിന്റെ ആത്മാര്‍ഥ ശ്രമം കൊണ്ടുമാത്രമാണ് ആ ഇരകളുടെ ഉച്ചകോടി നടന്നത്. അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭയുടെ പ്രതിനിധികള്‍ ആ സമയത്ത് അറബ് ഭരണാധികാരികളെ കാണാന്‍ പ്ലാനിട്ടപ്പോള്‍ അതിനായി ഗവണ്‍മെന്റ് വക വിമാനം നല്‍കി അദ്ദേഹം സഹകരിച്ചു. ഹുസ്‌നി മുബാറക് അന്ന് പണ്ഡിതന്മാരെ കാണാന്‍ പോലും വിസമ്മതിച്ചിരുന്നു. അതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പെ നടന്ന ആറാമത് അന്താരാഷ്ട്ര ഖുദുസ് സമ്മേളനത്തില്‍ അദ്ദേഹം ആരോഗ്യ- വിദ്യാഭ്യാസ- പാര്‍പ്പിട സൗകര്യങ്ങള്‍ക്കായി ഒരു കോടി റിയാല്‍ സംഭാവന നല്‍കിയിരുന്നു.

ഹമാസ് നേതാക്കള്‍ക്ക് പല അറബ്-ഗള്‍ഫ് രാജ്യങ്ങളിലും വിലക്കുള്ളപ്പോഴും ഖാലിദ് മിശ്അലിന് ‘അബൂ മിശ്അല്‍’ എന്നു വിളിപേരുള്ള ശൈഖ് ഹമദിന്റെ നാടിന്റെ വാതിലുകള്‍ എന്നും തുറന്നുവെച്ചിട്ടാണുള്ളത്. പുതുതായി ആരംഭിച്ച ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പേരിലുള്ള സ്റ്റേറ്റ് മസ്ജിദില്‍ പ്രധാനമന്ത്രി ഇസ്മാഈള്‍ ഹനിയ്യ വെള്ളിയാഴ്ച പ്രസംഗം നടത്തുമ്പോള്‍ മുന്‍നിരയിലെ ശ്രോതാവായി അമീര്‍ ഉണ്ടായിരുന്നു- മുര്‍സി ഭരണകൂടം അധികാരമേറ്റ ശേഷം അദ്ദേഹം നടത്തിയ ഗസ്സ യാത്ര പലനിലക്കും ലോകശ്രദ്ധ നേടുകയുണ്ടായി. അവിടെ ചെയ്ത പ്രസംഗവും ഉപരോധം മൂലം ദുരിതം നേരിടുന്ന ജനങ്ങളുടെ പ്രയാസം നീക്കാന്‍ നല്‍കിയ സംഭാവനകളും മറ്റ് പല നേതാക്കളെയും പ്രചോദിപ്പിക്കുകയുണ്ടായി. തുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും അരങ്ങേറിയ വസന്ത വിപ്ലവങ്ങള്‍ക്ക് കാരണം അവിടുത്തെ ഭരണാധികാരികള്‍ സാധാരണക്കാരെ വിസ്മരിച്ചതാണെന്ന് പല തവണ തുറന്നടിച്ച അദ്ദേഹം ആ രാജ്യങ്ങളുടെ വികസന പദ്ധതികള്‍ക്ക് കയ്യയച്ച സംഭാവനകളും നില്‍കി വരുന്നു.

1995-ല്‍ അധികാരമേറ്റത് മുതല്‍ ഖത്തറിനെ ഒരാധുനിക പുരോഗമന രാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭരണഘടന നടപ്പില്‍ വരുത്തുകയും വ്യവസ്ഥാപിതമായ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തുകയും ലോകശ്രദ്ധ പിടിച്ചുപറ്റിയ അല്‍ജസീറ ചാനല്‍ സ്ഥാപിക്കുകയും ലോകവ്യാപാര സംഘടനയുടെതടക്കം അനേകം അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കുകയും, 2022-ലെ വേള്‍ഡ് കപ്പില്‍ ആതിഥ്യം നേടിയെടുക്കുകയും ചെയ്തത് ശൈഖ് ഹമദിന്റെ നേട്ടങ്ങളാണ്.

മരണം വരെ ഭരണത്തില്‍ തുടരുക എന്ന പതിവ് അറബ്-ഗള്‍ഫ് ശീലത്തില്‍ നിന്നു മാറി പുതുതലമുറക്ക് അധികാരം കൈമാറിയതും അദ്ദേഹത്തിന്റെ സവിശേഷതയായി വിലയിരുത്താം.

Related Articles