Current Date

Search
Close this search box.
Search
Close this search box.

വിവാഹ ധൂര്‍ത്ത് ; പ്രസ്താവനകളില്‍ ഒതുങ്ങാതിരിക്കട്ടെ

വിവാഹ രംഗത്ത് വര്‍ധിച്ചു വരുന്ന ധൂര്‍ത്തിനെയും പൊങ്ങച്ചത്തെയും കുറിച്ച് സമുദായവും നേതൃത്വവും സജീവമായ ചര്‍ച്ചകള്‍ നടത്തുന്ന വേളയാണിത്. ഇത്തരം അനിസ്‌ലാമിക പ്രവണതകള്‍ ഏറ്റവുംമധികം കാണുന്നത് മുസ്‌ലിം സമുദായത്തിനുള്ളില്‍ തന്നെയാണെന്നും നേതൃതലത്തിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെതിരെ ജനങ്ങളെ ബോധവല്‍കരിക്കാനുള്ള പൊതുസമ്മേളനങ്ങളും സെമിനാറുകളും പ്രസ്താവനകളും ഒന്നുകൂടി സജീവമായിരിക്കുകയാണ്. ഇത്തരത്തിലുള്ള ബോധവല്‍കരണ ശ്രമങ്ങളെല്ലാം നടക്കേണ്ടത് തന്നെയാണ്. എന്നാല്‍ അതുകൊണ്ട് മാത്രം വിവാഹ ധൂര്‍ത്ത് തുടച്ച് നീക്കാമെന്നുള്ളത് തീര്‍ത്തും വ്യാമോഹമാണ്.

സ്ത്രീധന വിവാഹങ്ങളും പൊങ്ങച്ചത്തിന്റെ പ്രതീകമായി നടത്തുന്ന ആഢംബര വിവാഹങ്ങളും ഇല്ലാതാക്കണമെന്നതില്‍ സമുദായ നേതൃത്വത്തിന് ഏകാഭിപ്രായം തന്നെയാണുള്ളത്. എന്നാല്‍ മഹത്തായ ഈ ആശയം എങ്ങനെ പ്രായോഗികമായി നടപ്പാക്കുമെന്നതിലാണ് ആശങ്കള്‍ നിലനില്‍ക്കുന്നത്. മുസ്‌ലിം സമുദായത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ തുടച്ചു നീക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ സാധിക്കുക മഹല്ല് സംവിധാനങ്ങള്‍ക്കും സമുദായ നേതാക്കള്‍ക്കുമാണ്. അതില്‍ സംഭവിക്കുന്ന വീഴ്ച്ചകളാണ് ഇത്തരം തിന്മകള്‍ ഇന്നും നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണം. മിക്കയിടത്തും മഹല്ലുകളുടെ നിയന്ത്രണം സ്ഥലത്തെ മുതലാളിമാരുടെയും പ്രമാണിമാരുടെയും കൈകളിലാണെന്നതാണ് വസ്തുത. മഹല്ലിലെ ഖതീബും ഖാദിയും എന്ത് നിലപാടെടുക്കണമെന്ന് നിശ്ചയിക്കുന്നത് പലപ്പോഴും അവരാണ്. അതുകൊണ്ട് തന്നെ അവരുടെ അനിഷ്ടത്തിന് കാരണമാകുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ ഖതീബ്മാരും മഹല്ല് നേതൃത്വവും മടിക്കുന്നു. സ്ത്രീധന തുകയുടെ നിശ്ചിത ശതമാനം സംഭാവനയായി സ്വീകരിക്കുന്ന പള്ളിക്കമ്മറ്റികള്‍ക്ക് സ്ത്രീധനത്തിനെതിരെ ക്രിയാത്മകമായ എന്ത് നിലപാടാണ് എടുക്കാന്‍ സാധിക്കുക? അത്തരം വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കില്ലെന്ന് മഹല്ലുകള്‍ തീരുമാനിച്ചാല്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പരസ്യമായ വിലപേശലെങ്കിലും ഇല്ലാതാക്കാന്‍ കഴിയും. പൊങ്ങച്ചത്തിന്റെ വേദികളായി മാറുന്ന വിവാഹങ്ങള്‍ക്കും സ്ത്രീധന വിവാഹങ്ങള്‍ക്കും സാക്ഷികളാവില്ലെന്ന് തീരുമാനിക്കാന്‍ സമുദായ നേതാക്കള്‍ക്കും സാധിക്കേണ്ടതുണ്ട്.

വിവാഹം വളരെ ആഢംബരത്തോടെ നടത്തുന്ന സമ്പന്നര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ടാവും. താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തല്ലേ ചെലവഴിക്കുന്നത്, സമൂഹത്തിലെ എന്റെ നിലയും വിലയും കാത്തു സൂക്ഷിക്കേണ്ടതില്ലേ എന്നൊക്കെ അവര്‍ക്ക് ചോദിക്കാം. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍ എന്നു പറഞ്ഞ ഖുര്‍ആന്റെ തൊട്ടടുത്ത കല്‍പന ‘നിങ്ങള്‍ ധൂര്‍ത്തടിക്കാതിരിക്കുവിന്‍, ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.’ എന്നാണെന്ന് നാം പ്രത്യേകം ഓര്‍ക്കണം. ഒറ്റ ദിവസത്തെ വിവാഹ മാമാങ്കത്തിന് നാം കോടികള്‍ പൊടിക്കുമ്പോള്‍ തൊട്ടടുത്ത് തല ചായ്ക്കാന്‍ ഇടമില്ലാത്തവനും, മാരക രോഗം ബാധിച്ച് ചികിത്സക്ക് പണം കണ്ടെത്താന്‍ ഞെട്ടോട്ടമോടുന്നവനും, പുരനിറഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടികളുമുണ്ടെന്ന് പ്രത്യേകം ഓര്‍ക്കണം. അയല്‍ക്കാരന്‍ പട്ടിണിയാണെന്നറിഞ്ഞ് വയര്‍ നിറച്ച് കിടക്കുന്നവന് വിശ്വാസമില്ലെന്ന് പഠിപ്പിച്ച ഒരു ദര്‍ശനത്തിന്റെ വക്താക്കളാണെന്ന ബോധമാണ് വളരേണ്ടത്. ഇത്തരം ഒരു ബോധം ഉണ്ടാക്കുന്നതില്‍ വിജയിച്ചാല്‍ ധൂര്‍ത്തിനും പൊങ്ങച്ചത്തിനും ചെലവഴിക്കുന്ന പണം സമുദായത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി വഴിതിരിച്ചു വിടാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

Related Articles