Current Date

Search
Close this search box.
Search
Close this search box.

Views

മൗന നൊമ്പരങ്ങളോടെ ഖറദാവി 87ലേക്ക്

ദോഹ : 1926 സപ്തംബര്‍ ഒമ്പതിന് ഈജിപ്തിലെ സിഫ്ത് തുറാബ് എന്ന കുഗ്രാമത്തിലെ ദരിദ്ര കര്‍ഷക കുടുംബത്തില്‍ പിറന്ന് അവിടുത്തെ ഓത്തുപള്ളി മുതല്‍ അല്‍ അസ്ഹര്‍ വരെയുള്ള സ്ഥാപനങ്ങളില്‍ പഠിച്ച് വിശ്വ പ്രശസ്തനായി മാറിയ മഹാ പണ്ഡിതന് ഇന്ന് 87 തികയുന്നു. അറിവിന്റെ ആഴങ്ങളില്‍ മുങ്ങിത്തപ്പുന്ന കാലത്തുതന്നെ സാമ്രാജ്യത്വ ശക്തികള്‍ക്കും, അധര്‍മ്മ ഭരണത്തിനുമെതിരെ പോരാടിയതിന്റെ പേരില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന ഡോ. യൂസുഫുല്‍ ഖറദാവി ഇപ്പോഴും മൗന നൊമ്പരങ്ങളുമായി അല്‍ജസീറ ചാനല്‍ വഴിയും പള്ളി മിമ്പറുകളിലൂടെയും മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നു.

അമേരിക്കന്‍ – ഇസ്രായേല്‍ ലോബി മുഖ്യ ശത്രുവായി പ്രഖ്യാപിച്ച അദ്ദേഹം ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു ആവേശം പകരുന്ന നേതാവുകൂടിയാണ്. ബാല്യ കാലത്തു തന്നെ പിതാവ് നഷ്ടപ്പെട്ട യൂസുഫ് ഓത്തുപള്ളിയിലും പ്രൈമറി സ്‌കൂളിലും പഠിക്കുമ്പോള്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്നു. ഗ്രാമത്തിലെ പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ അദ്ദേഹത്തെ ആളുകള്‍ ശൈഖ് യൂസുഫ് എന്നു വിളിച്ചതിനാല്‍ സമപ്രായക്കാരെപ്പോലെ കളിച്ചുനടക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്തതിനാല്‍ ഉപരി പഠനത്തിനുള്ള ദാഹം മനസ്സിലൊതുക്കി കൃഷിയിലും വ്യാപാരത്തിലും മുഴുകിയെങ്കിലും വിധി ഒടുവില്‍ അദ്ദേഹത്തെ അല്‍ അസ്ഹറിലെത്തിച്ചു.

17-ാം വയസ്സില്‍ തന്നെ പ്രഭാഷകനും എഴുത്തുകാരനുമായി പേരെടുത്ത അദ്ദേഹം ഇമാം ഹസനുല്‍ ബന്ന നേതൃത്വം നല്‍കിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സജീവ പ്രവര്‍ത്തകനായി. അക്കാരണത്താല്‍ സെക്കന്ററി പഠനകാലത്ത് രണ്ട് തവണ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. രണ്ടു റമദാനുകളില്‍ തടവറയില്‍ കഴിച്ചുകൂട്ടേണ്ടി വന്ന ഖറദാവി 35-ാം വയസ്സിലാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ച് ദോഹയിലെത്തുന്നത്.

റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനും ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ശരീഅ കോളേജിന്റെ പ്രഥമ സാരഥിയും പ്രവാചക പഠനകേന്ദ്രത്തിന്റെ സ്ഥാപകനുമൊക്കെയായി കഴിഞ്ഞ 52 വര്‍ഷങ്ങള്‍ക്കിടയില്‍ 120 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. അഗാധ പണ്ഡിതന്‍ എന്നതിലുപരി അന്താരാഷ്ട്ര വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന ആക്ടിവിസ്റ്റ് എന്ന നിലക്കാണ് ഖറദാവി ഏറെ ശ്രദ്ദേയനാകുന്നത്. ഇതര അറബ് – ഗള്‍ഫ് നാടുകളില്‍ നിന്ന് വ്യത്യസ്തമായി ഫലസ്തീന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ വച്ചുപുലര്‍ത്തുന്ന നയനിലപാടുകള്‍ക്കു പിന്നില്‍ ഖറദാവിയുടെ സ്വാധീനമാണെന്ന് വിലയിരുത്തപ്പെടുന്നു.

ശൈഖ് അഹ്മദ് ബിന്‍ അലി ആല്‍ ഥാനിയുടെ ഭരണകാലത്ത് ഖത്തറില്‍ വന്ന ഖറദാവിക്ക്, പിന്നീട് വന്ന ശൈഖ് ഖലീഫ, ശൈഖ് ഹമദ്, ശൈഖ് തമീം എന്നിവരും മാന്യമായ സ്ഥാനമാണ് നല്‍കിയത്. ഈജിപ്ത് ഭരണകൂടത്തിന്റെ ‘ ഇടങ്ങേറുകള്‍’ ഒഴിവാക്കാന്‍ ശൈഖ് ഖലീഫ അദ്ദേഹത്തിന് ഖത്തര്‍ പൗരത്വവും പാസ്‌പോര്‍ട്ടും നല്‍കി ആദരിച്ചു. ഇറാഖ്, അഫ്ഗാന്‍, ഫലസ്തീന്‍ ആക്രമണങ്ങളുട പേരില്‍ അമേരിക്കയേയും ഇസ്രായേലിനെയും നിശിതമായി വിമര്‍ശിച്ച അദ്ദേഹം പ്രവാചക നിന്ദ നടത്തിയ ഡെന്‍മാര്‍ക്കിനെതിരെ നടത്തിയ ബഹിഷ്‌കരണാഹ്വാനവും വിശ്വാസികള്‍ നെഞ്ചേറ്റി.

അറബ് നാടുകളില്‍ അരങ്ങേറിയ വസന്ത വിപ്ലവങ്ങള്‍ക്ക് പള്ളി മിമ്പറുകളിലൂടെയും ചാനലുകളിലൂടെയും ഇന്ധനം പകര്‍ന്നു. താന്‍ വിയര്‍പ്പും കണ്ണീരുമൊഴുക്കി വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ നയിച്ച വിപ്ലവത്തിന്റെ വിജയ വേളയില്‍ തഹരീര്‍ സ്‌ക്വയറിലെ ജുമുഅക്ക് നേതൃത്വം നല്‍കാനും നിയോഗമുണ്ടായി. എന്നാല്‍ അവിടെ നടക്കുന്ന നീതീകരണമില്ലാത്ത കൊടും ക്രൂരതകള്‍ക്കെതിരില്‍ ഗര്‍ജിക്കാനും ഒറ്റയാള്‍ പട്ടാളം പോലെ ഖറദാവി മാത്രമേ കാര്യമായി രംഗത്തുള്ളൂ. ശൈഖുല്‍ അസ്ഹര്‍ മുതല്‍ ചില അറബ് ഭരണാധികാരികള്‍ വരെ പട്ടാള അട്ടിമറിയെ ന്യായീകരിക്കുന്നതിനാല്‍ കുറ്റത്തില്‍ പങ്കാളികളാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു.

Related Articles