Current Date

Search
Close this search box.
Search
Close this search box.

ബുദ്ധിയില്ലാത്തവരുടെ ഗുണമാണോ മാതൃത്വം?

എല്ലാ സംസ്‌കാരങ്ങളും ദര്‍ശനങ്ങളും ഉന്നതമായ സ്ഥാനമാണ് മാതാവിന് വക വെച്ചു നല്‍കിയിട്ടുള്ളത്. എന്നാല്‍ മാതൃത്വത്തിന്റെ മഹത്വത്തെയും എതിര്‍ക്കുന്നവരുണ്ടെന്നാണ് വിവാദ എഴുത്തുകാരി തസ്‌ലിമ നസ്‌റിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. സാമൂഹ്യപുരോഗതിയില്‍ ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച അമ്മമാരെ അവാര്‍ഡ് നല്‍കി ആദരിക്കാനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തോടുള്ള അവരുടെ പ്രതികരണം ആരോടുള്ള എന്തിനോടുള്ള വിരോധമാണെന്ന് മനസിലാകുന്നില്ല. ‘ഫ്രീ തോട്ട് ബ്ലോഗ്‌സ്’ എന്ന തന്റെ ബ്ലോഗില്‍ അവര്‍ പറയുന്നകാര്യങ്ങള്‍ വളരെ വിചിത്രം തന്നെ. ‘മാതൃത്വത്തെ മഹത്വവല്‍കരിക്കുന്നത് അവര്‍ അവസാനിപ്പിക്കണം. വിദ്യാഭ്യാസം നേടിയ ബുദ്ധിയുള്ള സ്വതന്ത്ര വനിതകളൊന്നും വിവാഹിതരാകാനും കുട്ടികളുണ്ടാകാനും ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് തന്നെയായിരിക്കട്ടെ അവളുടെ ശരീരത്തിന്റെ പൂര്‍ണ നിയന്ത്രണം. തങ്ങളുടെ ഗര്‍ഭപാത്രം കൊണ്ട് എന്ത് ചെയ്യണമെന്ന് സ്ത്രീകള്‍ തന്നെ തീരുമാനിക്കട്ടെ. ഒരു അമ്മയാകാന്‍ തലച്ചോര്‍ ആവശ്യമില്ല, അതിന് ലൈംഗിക ബന്ധം നടന്നാല്‍ മതി….’ എന്നിങ്ങനെ പോകുന്നു എഴുത്തുകാരിയുടെ വാക്കുകള്‍.

മാതൃത്വം മഹത്വവല്‍ക്കരിക്കപ്പെടേണ്ട ഒന്നല്ലെന്ന് പറയുന്ന തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നതിനവര്‍ സ്വീകരിച്ചിരിക്കുന്ന ന്യായങ്ങളും തികച്ചും പരിഹാസ്യം തന്നെയാണ്. ‘മാതൃ ദേവോഭവ’ എന്നും മാതൃത്വം മഹനീയമാണെന്നുമാണ് ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്. ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ അടുക്കല്‍ ജനങ്ങളില്‍ ഞാന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ആരോടാണ് എന്ന് ചോദിച്ചു വന്ന അനുയായോട് നിന്റെ മാതാവിനോട് എന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്. പിന്നെയും അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മൂന്നു തവണയും പറഞ്ഞത് നിന്റെ മാതാവിനോട് എന്ന് തന്നെയായിരുന്നു. മാതാവിന് എത്രത്തോളം മഹത്വമുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ആ മഹത്തം നാം അംഗീരിക്കേണ്ടതുണ്ട്. എല്ലാ ഉത്കൃഷ്ട സംസ്‌കാരങ്ങളും ദര്‍ശനങ്ങളും അത് വകവെച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ മൃഗങ്ങളുടെ നിലവാരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയാന്‍ സാധിക്കുകയില്ല. അവര്‍ മാതാവിനെ കാണുന്നത് കേവലം പ്രസവിക്കുന്ന ഒരു യന്ത്രമായിട്ട് മാത്രമാണ്. എന്നാല്‍ പ്രസവിക്കുന്നത് കൊണ്ട് മാത്രം ഒരു സ്ത്രീക്ക് നല്ല മാതാവാകാന്‍ കഴിയുകയില്ല എന്ന് തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. സാമൂഹിക പുരോഗതിയിലും രാഷ്ട്രപുരോഗതിയിലും മാതാവിന്റെ പങ്ക് ഒരിക്കലും അവഗണിക്കാനാവില്ല. നല്ല പൗരന്‍മാര്‍ വളര്‍ന്നു വന്നാല്‍ മാത്രമേ സമൂഹത്തിലും രാഷ്ടത്തിലും അതിന്റെ ഫലം കാണുകയുള്ളൂ. അത്തരം നല്ല പൗരന്‍മാരെ വാര്‍ത്തെടുക്കുന്ന സുപ്രധാനമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നത് മാതാക്കളല്ലാതെ മറ്റാരുമല്ല. എപ്പോഴെല്ലാം മാതാക്കള്‍ അതില്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടോ അതിന്റെ തിക്തഫലം സമൂഹം അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ‘മാതാവ് ഒരു വിദ്യാലയമാണ്, അവളെ സജ്ജമാക്കുന്നതിലൂടെ ഉത്തമ സ്വഭാവഗുണങ്ങളുള്ള ഒരു തലമുറയെയാണ് സജ്ജമാക്കുന്നത്.’ എന്ന നൈലിന്റെ കവി ഹാഫിദ് ഇബ്‌റാഹീമിന്റെ വരികള്‍ തികച്ചും അര്‍ത്ഥവത്താണ്. അമ്മയാകാന്‍ തലച്ചോര്‍ ആവശ്യമില്ല എന്നതാണ് എഴുത്തുകാരിയുടെ വാദം. മൃഗങ്ങളെ സംബന്ധിച്ചടത്തോളം ഈ പ്രസ്താവന ശരിയായിരിക്കാം. എന്നാല്‍ ഗര്‍ഭം ചുമന്ന് പ്രസവിക്കുന്നതോടെ ഒരു മാതാവിന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാവുന്നില്ല. മക്കളെ സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്നവനാക്കി വളര്‍ത്തുക എന്ന അതിലേറെ ഭാരിച്ച ഉത്തരവാദിത്തം അവര്‍ക്ക് നിര്‍വഹിക്കാനുണ്ട്. അതിന് ബുദ്ധിയും യുക്തിയും ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കുടുംബവും കുടുംബബന്ധവുമെല്ലാം പഴഞ്ചനാണ് കാലഘട്ടത്തിന് യോജിച്ച സംവിധാനമല്ല എന്നു ചിന്തിക്കുന്നവരാണ് മാതൃത്വത്തിന്റെ മഹത്വത്തെയും തള്ളിപറയുന്നത്. അത്തരക്കാര്‍ക്കിടയില്‍ പ്രസവിക്കുന്നതോടെ മാതാവിന്റെ ദൗത്യവും പൂര്‍ത്തിയായി. ശക്തമായ കുടുംബ സംവിധാനങ്ങള്‍ ഇല്ലാത്തിന്റെ ജീര്‍ണത അത്തരം സമൂഹങ്ങളില്‍ പ്രകടമായി തന്നെ കാണാവുന്നതാണ്. കുറ്റകൃത്യങ്ങളും അരക്ഷിതാവസ്ഥയുമായിരിക്കും അവയുടെ പൊതുവായ മുഖം.

ബുദ്ധിയും സ്വാതന്ത്ര്യവുമുള്ള സ്ത്രീകളൊന്നും വിവാഹിതരാകാനും അമ്മമാരാകാനും ഇഷ്ടപ്പെടുന്നില്ല എന്ന എഴുത്തുകാരിയുടെ വാദം മാതാക്കളുടെ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിങ്ങള്‍ക്കൊന്നും ബുദ്ധിയില്ല, വിദ്യാഭ്യാസമില്ല അതുമല്ലെങ്കില്‍ സ്വാതന്ത്ര്യമില്ല എന്നാണതിലൂടെ വിളിച്ചു പറയുന്നത്. പൊതുവെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹവും ശക്തിയും ഒരു മാതാവാകുക എന്നതാണ്. അവള്‍ക്ക് മാത്രം പടച്ചവന്‍ കനിഞ്ഞരുളിയ അനുഗ്രഹമാണത്. അത് വേണ്ടന്ന് വെക്കുന്ന എഴുത്തുകാരിയെ പോലുള്ള ഒരു വളരെ ചുരുക്കം പേര്‍ എല്ലാ സമൂഹങ്ങളിലും ഉണ്ടായേക്കാം. എന്നാല്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന ഒന്നിനെ സമാന്യവല്‍കരിച്ച് ഒരു ന്യായമായി ഉദ്ധരിക്കുന്നതാണിവിടെ കാണുന്നത്. ബന്ധങ്ങളെ ബന്ധനങ്ങളായി ചിത്രീകരിച്ച് കുടുംബ ബന്ധങ്ങളെ തകര്‍ക്കുകയും അതോടൊപ്പം കുത്തഴിഞ്ഞ ബന്ധങ്ങള്‍ വളര്‍ത്തി ധാര്‍മികവും സാംസ്‌കാരികവുമായി അധപതിച്ച ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇത്തരം വാദങ്ങള്‍ സമൂഹത്തെ കൊണ്ടു പോവുകയെന്ന് തിരിച്ചറിയേണ്ടതുണ്ട്.

Related Articles