Current Date

Search
Close this search box.
Search
Close this search box.

എന്താണ് റാഗിംഗിന്റെ അര്‍ഥം?

ഓഫീസില്‍ വന്നപ്പോള്‍ കൂട്ടുകാരിയൊരു കാര്യം  പറഞ്ഞു. അഞ്ചാം ക്ലാസ്സുകാരിയായ അവളുടെ മകളുടെ ഒരു സംശയത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. പത്രം വായിച്ച മോളുടെ സംശയം റാഗിംഗ് എന്നാലെന്താണെന്നായിരുന്നു. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളെജിലെ വിദ്യാര്‍ഥിയെ റാഗിംഗിന് വിധേയമാക്കിയ പത്രവാര്‍ത്ത കണ്ടായിരുന്നു അവള്‍ ചോദിച്ചത്. അക്ഷരവെളിച്ചം തേടി കലാലയത്തിലെത്തുന്ന വിദ്യാര്‍ഥിയെ അന്ധനാക്കുന്ന സമ്പ്രദായമാണ് റാഗിംഗ് എന്ന് വെറും അഞ്ചാം ക്ലാസ്സുകാരിയായ അവളോട് പറയേണ്ടതില്ലെങ്കിലും ആ വാര്‍ത്ത കണ്ട്  അവള്‍ ഞെട്ടിയതുകൊണ്ടായിരിക്കാം അങ്ങനെ ചോദിച്ചതെന്ന് തോന്നി.    

റാഗിംഗും അതിനെ തുടര്‍ന്നുള്ള കോലാഹലങ്ങളും ആദ്യത്തേതല്ല.  അവസാനത്തേതുമാകാന്‍ തരമില്ല. കാരണം നമ്മുടെ വ്യവസ്ഥിതിയും നയങ്ങളും പുതിയ പഠനരീതിയുമെല്ലാം അങ്ങനെയാണ്. കല്ലടി കോളെജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥി ഒറ്റപ്പാലം അമ്പലപ്പാറ മുഹമ്മദ് മുഹ്‌സിന്‍ എന്ന പത്തൊമ്പതുകാരനാണ് ഇപ്പോള്‍ റാഗിംഗിനെ തുടര്‍ന്ന് കണ്ണിന് ഗുരുതരമയി പരിക്കേറ്റത്. മിടുക്കുകൊണ്ടും കഠിനാധ്വാനം കൊണ്ടും നേടിയ മാര്‍ക്കിന്റെ ബലത്തില്‍ കോളെജിലേക്ക് വരുന്ന നവാഗതരെ സ്വീകരിക്കാനും പരിചയപ്പെടാനും വേണ്ടി സീനിയര്‍ വിദ്യാര്‍ഥികളാല്‍ നടത്തപ്പെടുന്ന ചടങ്ങിനാണ് റാഗിംഗ് എന്നുപറയുന്നത്.  ഈ കോളെജ് രസങ്ങള്‍ ആഭാസവും അപരിഷ്‌കൃതവുമായി മാറുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടേയിരിക്കുന്നത്.

സ്റ്റെതസ്‌ക്കോപ്പുകള്‍ കഴുത്തിലണിയാന്‍ മോഹിച്ചുവരുന്ന കുട്ടികളുടെ കഴുത്തില്‍ കൊലക്കയര്‍ എറിഞ്ഞുകൊടുക്കുന്ന സമ്പ്രദായമായി റാഗിംഗ് മാറി. പ്രതീക്ഷയോടെ കോളെജുകളില്‍പോകുന്ന വിദ്യാര്‍ഥികളുടെയും കണ്ണും കരളും നല്‍കി അവരെ പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെയും സ്വപ്‌നങ്ങളെ കീഴ്‌മേല്‍ മറിക്കുകയാണ് ചില ദുഷ്ടജന്മങ്ങല്‍ ഈ അത്യാചാരത്തിലൂടെ. സര്‍ക്കാര്‍ കോളെജുകളെക്കാള്‍ കൂടുതല്‍ മാനേജ്‌മെന്റ് സ്വാശ്രയ സ്ഥാപനങ്ങളിലാണ് ഈ ക്രുരത കൂടുതലും അരങ്ങേറുന്നത്. പ്രതികളധികവും സമ്പന്നരുടെ മക്കളുമാണ്. അടുത്ത അധ്യയനവര്‍ഷത്തിലെ കോഴ സീറ്റുകള്‍ മുന്നില്‍ കണ്ട് സമ്പന്നമക്കളുടെ ഈ വീരകൃത്യം പുറം ലോകമറിയിക്കാതെ മൂടിവെക്കുന്നതാണ് ഇത് ആവര്‍ത്തിക്കാന്‍ കാരണം. ഇന്നലെയുണ്ടായ വിഷയത്തില്‍ കോളെജ് മാനേജ്‌മെന്റ് തക്ക നടപടിയെടുത്തു എന്നത് ആശ്വാസകരം തന്നെയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് വോയ്‌സ് ഓഫ് മെന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടന നടത്തിയ പഠനത്തില്‍ 135ലധികം സ്ഥാപനങ്ങളില്‍ റാഗിംഗ് നടന്നിട്ടുണ്ട്. റാഗിംഗ് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പഠിക്കാനും വേണ്ടി നിയമിച്ച കമ്മിറ്റിയായിരുന്നു രാഘവന്‍ കമ്മറ്റി. റാഗിംഗ് അവസാനിപ്പിക്കാനുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചതുമാണ്. റാഗിംഗിനെതിരെ നടപടിയെടുക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുക, യു.ജി.സി ഗ്രാന്റ് തടയുക, ബന്ധപ്പെട്ട കുട്ടികളെ കോളെജില്‍ നിന്നും പുറത്താക്കുക എന്നിവയായിരുന്നു നിര്‍ദ്ദേശം.

പക്ഷേ അടിക്കടി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുപോലും ഏതെങ്കിലും കോളെജിന്റെ അംഗീകാരം റദ്ദാക്കിയതായോ ഗ്രാന്റ് തടഞ്ഞതായോ അറിവില്ല. അവകാശങ്ങള്‍ക്കു വേണ്ടി വീറുറ്റ ശബ്ദം മുഴക്കുന്ന വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ നിശബ്ദരാണ്. പലപ്പോഴും കോളെജിലെ കുട്ടിനേതാക്കന്മാര്‍ പ്രതികളാണിക്കാര്യത്തില്‍ എന്നതാണ് സത്യം.

വിദ്യാര്‍ഥികളും മാനേജ്‌മെന്റും വിദ്യാഭ്യാസസമ്പ്രദായങ്ങളും  രക്ഷിതാക്കളെക്കൂടി ഉള്‍ക്കൊള്ളുന്ന പൊതുസമൂഹവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അര്‍ഥവും മാറ്റിപ്പണിതുകൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്ന വീഴ്ചകളാണ് ഇത്തരം ക്രൂരതക്ക് കാരണം. മാനവികതയെയും മനുഷ്യത്വതെയും നിരാകരിക്കുന്ന പാഠഭാഗങ്ങള്‍ക്ക് മനുഷ്യനെ അറിവുള്ളവനാക്കാനേ കഴിയൂ, വിവേകമുള്ളവനാക്കാനാവില്ല എന്നതിന് അക്ഷര മുറ്റങ്ങള്‍ തന്നെ സാക്ഷിയാവുകയാണ് റാഗിംഗ് ക്രൂരതകളിലൂടെ. ടെക്‌നോളജിയുടെ വികാസവും ശാസ്ത്രത്തിന്റെ  കുതിപ്പും മുന്നില്‍ കാണുന്ന വിദ്യാര്‍ഥിസമൂഹത്തിന് സ്‌നേഹവും കരുണയും ആര്‍ദ്രതയും ഉള്‍ച്ചേര്‍ന്ന മാനവികതയുടെ പാഠവും ലഭിക്കേണ്ടതുണ്ട്. അത് നല്‍കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കും അധ്യാപകനും സമൂഹത്തിനും കൂടിയാണ്.

ഒരുപാട് നിയമങ്ങളാല്‍ നിയമപുസ്തകം നിറച്ചതുകൊണ്ട് പ്രബുദ്ധതയുടെ പാഠങ്ങള്‍ ആരും പഠിക്കുകയില്ല. ബോധവല്‍ക്കരണവും ശക്തമായ നടപടികളുമാണ് ഇക്കാര്യത്തില്‍ ആവശ്യം. റാഗിംഗ് പോലുള്ള ക്രൂരതകളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിക്കണം.

കല്ലടി കോളെജിലെ റാഗിംഗ് കോളെജ് അധ്യായന തുടക്കത്തില്‍ പോലുമല്ല ഉണ്ടായത്. അതുകൊണ്ടുതന്നെ ഇതൊരു തമാശക്കുവേണ്ടി ചെയ്തത് കളികാര്യമായി എന്നരൂപത്തില്‍ എടുക്കേണ്ട സംഗതിയുമല്ല. പ്രലോഭനങ്ങല്‍ക്കപ്പുറം നിന്ന് പ്രതികളായവര്‍ക്ക് തക്ക ശിക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ യ്യാറാകുന്നതിലൂടെയേ ഇത്തരം അതിക്രമം ഇല്ലാതാക്കാന്‍ കഴിയൂ.

Related Articles