Current Date

Search
Close this search box.
Search
Close this search box.

അടിയുറച്ച വിശ്വാസമാണ് ഗസ്സയുടെ കരുത്ത്

ഗസ്സക്ക് നേരെയുള്ള ഇസ്രയേല്‍ അതിക്രമം ഒരാഴ്ച്ച പിന്നിടുമ്പോഴും ലോകപോലീസ് ചമയുന്നവരും അന്താരാഷ്ട്ര വേദികളും കേവല അപലപിക്കലിലും ദുഖം രേഖപ്പെടുത്തലിലും കവിഞ്ഞ് ഒന്നും ചെയ്തിട്ടില്ല. മിക്ക മാധ്യമങ്ങള്‍ക്കും ഗസ്സ ഭീകരരുടെ താവളവും ഗസ്സക്കാര്‍ ഭീകരരുമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം നാടിനെ ഇസ്രയേല്‍ അധിനിവേശത്തില്‍ നിന്ന് സംരക്ഷിക്കുന്നതാണോ അവര്‍ അവര്‍ നടത്തുന്ന ഭീകരത? അതിന്റെ പേരില്‍ 2006 മുതല്‍ കടുത്ത ഉപരോധത്തിലാണ് അവര്‍ കഴിയുന്നത്. അതിനിടക്ക് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് പലതവണ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളുണ്ടായിട്ടും പരമാവധി സംയമനം പാലിക്കുകയാണ് ഗസ്സയിലെ പ്രധാന പ്രതിരോധ ഗ്രൂപ്പായ ഹമാസ് ചെയ്തത്. മറ്റ് പ്രതിരോധ ഗ്രൂപ്പുകളോട് സംയമനം പാലിക്കാനും അവര്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. തങ്ങള്‍ക്ക് മേലുള്ള ഉപരോധം ഒന്ന് ഇല്ലാതാക്കി കിട്ടാന്‍ വേണ്ടിയായിരുന്നു ഇത്രയധികം സഹനത്തോടെ അവര്‍ പ്രവര്‍ത്തിച്ചത്.

അനുരഞ്ജന സര്‍ക്കാര്‍ രൂപീകരിക്കാന്‍ റാമല്ലയിലെ ഫതഹും ഗസ്സിയിലെ ഹമാസും കൈകോര്‍ത്തതിലൂടെ സമനില തെറ്റിയ ഇസ്രയേല്‍ ഗസ്സയെ ആക്രമിക്കാന്‍ ഒരു കാരണത്തിനായി കാത്തിരിക്കുകയായിരുന്നു. മൂന്ന് ഇസ്രയേല്‍ പൗരന്‍മാരുടെ തട്ടികൊണ്ടു പോകലും കൊലപാതകവും അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഹമാസിനെതിരെയാണ് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും കൊല്ലപ്പെട്ടരില്‍ എണ്‍പത് ശതമാനവും സിവിലിയന്‍മാരാണെന്നും അതില്‍ തന്നെ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും വിവിധ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഹമാസ് കാരണമാണ് തങ്ങള്‍ ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നതെന്ന ധാരണ സാധാരണ ജനങ്ങളില്‍ വളര്‍ത്തി അവരുടെ ജനകീയ അടിത്തറ ഇല്ലാതാക്കുകയാണ് ഇസ്രയേല്‍ സിവിലിയന്‍മാരെ ലക്ഷ്യം വെക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഓരോ ആക്രമണവും ഹമാസിന്റെ ജനകീയത വര്‍ധിപ്പിക്കുന്നു എന്നതാണ് വസ്തുത.

ജന്മനാടിന് വേണ്ടി എന്തും സമര്‍പ്പിക്കാന്‍ തയ്യാറായിട്ടുള്ളവരാണ് ഹമാസിന് പിന്നില്‍ അണിനിരന്നിരിക്കുന്നത്. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം മാത്രമാണ് അവര്‍ക്ക് അതിന് പ്രചോദമാകുന്നതെന്നും അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തവണത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ‘അല്‍-ബത്ശ്’ എന്ന കുടുംബത്തിലെ 18 പേരാണ് രക്തസാക്ഷികളായത്. അതിന് പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിന്റെ പേരില്‍ അലമുറയിട്ട് കരയുന്നതിനും ഹമാസിനെ പഴിചാരുന്നതിനും പകരം അവര്‍ അല്ലാഹുവിനെ സ്തുതിക്കുന്നതാണ് നാം കാണുന്നത്. ‘ഞങ്ങള്‍ അല്ലാഹുവെ സ്തുതിക്കുന്നു, ഈ ഭവനത്തില്‍ നിന്ന് 18 രക്തസാക്ഷികളെ നല്‍കി അവന്‍ അനുഗ്രഹിച്ചിരിക്കുന്നു. സര്‍വസ്തുതിയും നന്ദിയും ലോക രക്ഷിതാവായ അവന് മാത്രം.’ പരിക്കേറ്റ് അശ്ശിഫാ ഹോസ്പറ്റലില്‍ കഴിയുന്ന ബത്ശ് കുടുംബത്തിലെ മുത്തശ്ശി ഉമ്മു അസ്സാമിന്റെ വാക്കുകളാണിത്. എന്തു തന്നെ സംഭവിച്ചാലും ഭരമേല്‍പ്പിക്കാന്‍ അല്ലാഹുവുണ്ടെന്ന ഉറച്ച വിശ്വാസമാണ് ഈ വാക്കുകള്‍ പ്രകടമാക്കുന്നത്.

ഇത്തരത്തില്‍ ഉറച്ച വിശ്വാസത്തോടെ ജീവിക്കുന്ന ജനങ്ങളെ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഒരിക്കലും ഹമാസില്‍ നിന്നകറ്റുകയില്ല, മറിച്ച് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുക. രക്തസാക്ഷിത്വത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുത്ത ഒരു സമൂഹം പിന്നിലുള്ളപ്പോള്‍ ഹമാസിനെയും അതിന്റെ പ്രതിരോധത്തെയും ഇല്ലാതാക്കാന്‍ ഇസ്രയേലിനെന്നല്ല ലോകത്തെ ഒരു ശക്തിക്കും സാധിക്കില്ല.

Related Articles