Current Date

Search
Close this search box.
Search
Close this search box.

ശുദ്ധ ഇസ്‌ലാമാണ് തീവ്രവാദത്തിനുള്ള മരുന്ന്

amreeka.jpg

അമേരിക്കക്കാരിയായ എന്റെ മകള്‍ ജിഹാദിനെ കുറിച്ച് മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവള്‍ അത് മനസ്സിലാക്കേണ്ടത് ഫേസ്ബുക്കില്‍ നിന്നോ ട്വിറ്ററില്‍ നിന്നോ യൂട്യൂബില്‍ നിന്നോ അല്ല. എന്നാല്‍ എന്റെ ഇളയ മകള്‍ക്ക് ഇതൊന്നും മനസ്സിലാവാനുള്ള പ്രായമായിട്ടില്ല. എന്നാല്‍ ഇന്നത്തെ മുസ്‌ലിം യുവ സമൂഹത്തിന്റെയും അവസ്ഥ ഏതാണ്ട് അവളെ പോലെ തന്നെയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് പലരും ഇത്തരം തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നത്. പെണ്‍കുട്ടികളും ഇതിന്റെ ഭാഗമാവുന്നു. അടുത്തിടെ, മൂന്ന് അമേരിക്കന്‍ മുസ്‌ലിം കൗമാരക്കാരികളെ സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ ജര്‍മനിയിയല്‍ വെച്ച് പിടികൂടുകയുണ്ടായി. ഐ.എസില്‍ ചേരാനായിരുന്നു അവരുടെ യാത്ര. ചെറുപ്പക്കാരികളായ മുസ്‌ലിം പെണ്‍കുട്ടികള്‍ വരെ ഇത്തരം തീവ്രവാദ ഗ്രൂപ്പുകളുടെ വലയില്‍ പെടുന്നത് ഖേദകരമാണ്.

ഐ.എസില്‍ ചേര്‍ന്ന ഒരു പെണ്‍കുട്ടി ഒരിക്കല്‍ ട്വിറ്ററില്‍ കുറിച്ചത്, ”ഒരു മുജാഹിദിന്റെ ഭാര്യയാവുക എന്ന സന്തോഷം വിവരണാതീതമാണ്.” എന്നാണ്. ഇങ്ങനെ തീവ്രവാദ ഗ്രൂപ്പുകളില്‍ അഭയം കണ്ടെത്തുന്ന പല മുസ്‌ലിംകളും ഇസ്‌ലാമിനെ കുറിച്ച് ശരിയായ ജ്ഞാനമില്ലാത്തവരാണ്. സ്വന്തം സാഹചര്യങ്ങലും സമ്മര്‍ദ്ദങ്ങളുമൊക്കെയാണ് ഇത്തരമാളുകളെ തീവ്രവാദികളാക്കുന്നത്. എന്റെ മകളെ ഞാനൊരു അമേരിക്കന്‍-ഇസ്‌ലാമിക സ്‌കൂളിലേക്ക് അയക്കാനുള്ള കാരണവും ഇതാണ്. ശരിയായ ഇസ്‌ലാമിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ അമേരിക്കയിലെ യുവ മുസ്‌ലിം സമൂഹത്തെ ദിശാബോധത്തോടെ വളര്‍ത്താനാവൂ.

അമേരിക്കന്‍ മുസ്‌ലിംകള്‍ തങ്ങള്‍ തീവ്രവാദികളെന്ന് മുദ്രകുത്തപ്പെടുന്നതിനെ ഭയപ്പെടുന്നവരാണ്. അമേരിക്കയില്‍ വസിക്കുന്ന 60% മുസ്‌ലിംകളും തങ്ങള്‍ക്കു നേരെ വരുന്ന ഇസ്‌ലാം ഭീതിയുടെ വിഷനാവുകളില്‍ ഭയംപൂണ്ട് കഴിയുന്നവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണകൂടവും തങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും അവര്‍ക്ക് തോന്നുന്നു. അത് ഒരു തോന്നല്‍ മാത്രമല്ല, ഏറെക്കുറെ യാഥാര്‍ത്ഥ്യമാണ്. ഒരിക്കലെങ്കിലും നിയപരമല്ലാത്ത ഒരു പ്രവൃത്തി ചെയ്യാത്തവര്‍ക്ക് പോലും തങ്ങള്‍ തീവ്രവാദികളല്ലെന്ന് തെളിയിക്കേണ്ട ബാധ്യത വരുന്നതും ഇതിനാലാണ്. മീഡിയകളാലും ഭരണകൂടത്താലും വേട്ടയാടപ്പെടുന്ന അവസ്ഥ ഇന്ന് അമേരിക്കന്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ സര്‍വസാധാരണമായി. അമേരിക്കന്‍ സെനറ്റ് അംഗമായ ജോണ്‍ ബെനറ്റ് പറയുന്നത്, ”പാശ്ചാത്യന്‍ നാഗരികതയെ തകര്‍ക്കുക എന്നതാണ് എല്ലാ മുസ്‌ലിംകളുടെയും ലക്ഷ്യം. രാജ്യത്ത് നിന്ന് വെട്ടിമാറ്റേണ്ട ഒരു അര്‍ബുദമായി അത് രൂപാന്തരം പ്രാപിച്ചിരിക്കുന്നു.” ഭരണകൂട വേട്ടയോടൊപ്പം തന്നെ വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും ഇനിയും കുറേ കാലം ഇസ്‌ലാം ഭീതി അമേരിക്കയില്‍ തന്നെ തുടരുമെന്നതിനുള്ള കനത്ത സൂചനകളാണ്.

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം തികച്ചും ആശയപരമായിരിക്കണം. ശരിയായ ഇസ്‌ലാമിക വിദ്യാഭ്യാസം തന്നെയാണ് അതിനുള്ള ഒന്നാമത്തെ പോംവഴി. ഇസ്‌ലാം സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മതമാണെന്ന പാഠം തന്നെ യഥാവിധി പഠിക്കുകയാണെങ്കില്‍ ആര്‍ക്കും തീവ്രവാദിയാവാന്‍ സാധിക്കില്ല. യുദ്ധത്തെ കുറിച്ചും സമാധാനത്തെ കുറിച്ചുമുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ മനസ്സിലാക്കപ്പെടണം. ദീനില്‍ അവഗാഹമുള്ള കഴിവുറ്റ പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസ രീതികള്‍ കൊണ്ട് സാധിക്കണം. ഇത് ഒരു വിജ്ഞാന ഉല്‍പാദനം മാത്രമല്ല, ഒരു ജനതയുടെ സ്വത്വ സംരക്ഷണം കൂടിയാണ്. അമേരിക്കയില്‍ നിലവില്‍ 2100-ഓളം മസ്ജിദുകളും 235-ലധികം ഫുള്‍ ടൈം ഇസ്‌ലാമിക് മദ്രസകളുമുണ്ട്. ഇവയിലൊന്നും തൃപ്തി തോന്നാത്തവര്‍ക്ക് ഓണ്‍ലൈന്‍ മദ്രസകളിലോ ഹോം ട്യൂഷനുകളിലോ അഭയം തേടാം. ഇസ്‌ലാം ഭീതിയെ മറികടക്കാന്‍ മതേതരമാവുകയല്ല ഒരു മുസ്‌ലിം ചെയ്യേണ്ടത്, കൂടുതല്‍ ഇസ്‌ലാമികമാവുകയാണ്. യഥാര്‍ത്ഥ ഇസ്‌ലാമിനെ പ്രസരിപ്പിക്കാന്‍ നമുക്ക് സാധിച്ചാല്‍ ആര്‍ക്കും അതിനെ തീവ്രവാദമെന്നോ മൗലികവാദമെന്നോ വിളിക്കാന്‍ സാധിക്കില്ല.

വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെടുന്ന മുസ്‌ലിം കൂട്ടായ്മകളില്‍ അംഗമാവുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. അഥവാ ഞാന്‍ മുസ്‌ലിമാണെന്ന സ്വത്വബോധവും അതിലുപരി ഇസ്‌ലാമിക ബോധവും കാത്തുസൂക്ഷിക്കാന്‍ അത് ഏറെ സഹായകമാണ്. മുസ്‌ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ അതിന് ഉദാഹരണമാണ്. അതുപോലെ നമ്മില്‍ സംശയാസ്പദമായി കാണപ്പെടുന്ന ഏതൊരാളെയും വ്യക്തിപരമായി കണ്ട് സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും വിഘടന മനസ്സുള്ളവരെ സംഘടനാ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കണം. അതിനുള്ള ഉദാഹരണങ്ങള്‍ അടുത്തിടെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കേള്‍ക്കുകയുണ്ടായി. മൂന്നാമതായി, അമുസ്‌ലിം സമൂഹവുമായി മികച്ച ബന്ധം സ്ഥാപിക്കാനും സാംസ്‌കാരികമായും അവരോട് യോജിച്ചു പ്രവര്‍ത്തിക്കാനാവുന്ന കൂട്ടായ്മകള്‍ രൂപീകരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ മാത്രമേ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കാനും പ്രതിസന്ധി ഘട്ടങ്ങളില്‍ പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.

എന്നാല്‍ ഇത്തരത്തില്‍ ചെറുപ്രായത്തിലേ നമ്മുടെ മക്കളെ സജ്ജരാക്കുക എന്നതാണ് മാതാപിതാക്കള്‍ക്ക് ചെയ്യാനുള്ള ജോലി. പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നമ്മുടെ മക്കള്‍ ”റബ്ബേ, നീ എനിക്ക് വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ” എന്നു പ്രാര്‍ത്ഥിക്കുന്ന കൈകള്‍ കൊണ്ട് തന്നെ സ്വന്തം രാജ്യത്തിന്റെ പതാക നെഞ്ചോടു ചേര്‍ക്കുന്നവരാവുകയും വേണം.

വിവ: അനസ് പടന്ന

Related Articles