Current Date

Search
Close this search box.
Search
Close this search box.

ഐസിസിന്റെ സൃഷ്ടിപ്പില്‍ എനിക്കും പങ്കുണ്ട്

vincent.jpg

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്തുടനീളമുള്ള ആളുകള്‍ ചോദിക്കുകയുണ്ടായി, ‘എവിടെ നിന്നാണ് ഐസിസ് ഉത്ഭവമെടുത്തത്?’ വിശദീകരണങ്ങള്‍ പലതായിരുന്നു. ഭൗമരാഷ്ട്രീയം (അമേരിക്കന്‍ ആധിപത്യം), മതപരം (സുന്നി-ശിയ), പ്രത്യയശാസ്ത്രപരം (വഹാബിസം), അല്ലെങ്കില്‍ പാരിസ്ഥിതികം (കാലാവസ്ഥാ അഭയാര്‍ത്ഥികള്‍) തുടങ്ങിയ കാരണങ്ങളിലാണ് വിശദീകരണങ്ങളില്‍ പലതും ഊന്നിയത്. മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ള നിരീക്ഷകരൊക്കെ തന്നെ ഇറാഖ് യുദ്ധമാണ് ഐ.എസ്.ഐ.എസ്, ഐ.എസ്.ഐ.എല്‍, ദാഇഷ് തുടങ്ങിയ ശക്തികളുടെ ഉത്ഭവത്തിന് പ്രഥമ കാരണമെന്ന് വളരെ കൃത്യമായി പറഞ്ഞിരുന്നു. ചിന്തോദ്ദീപകമായ ചില കാര്യങ്ങള്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

2003-2005 കാലയളവില്‍ ഇറാഖിലെ ഫസ്റ്റ് ബറ്റാലിയന്‍, സെവന്‍ത്ത് മറൈന്‍സ് എന്നിവയുടെ കൂടെ ഞാനും തമ്പടിച്ച കാലത്ത്, ഈ യുദ്ധത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ഒരു തിരിച്ചടിയുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. പ്രതികാരം ചെയ്യല്‍, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അടിക്ക് തിരിച്ചടി, ലോകത്തുടനീളം (ഇറാഖ്, അഫ്ഗാനിസ്ഥാന്‍, യമന്‍, ഈജിപ്ത്, ലബനാന്‍, സിറിയ, ഫ്രാന്‍സ്, തുനീസിയ, കാലിഫോര്‍ണിയ അങ്ങനെ തുടങ്ങി) നമുക്ക് കാണാന്‍ കഴിയുന്നത് അതാണ്. ഇതെവിടെ അവസാനിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല.

അന്ന്, ഒരുപാട് വഷളത്തരങ്ങള്‍ക്കും തെമ്മാടിത്തരങ്ങള്‍ക്കും ഞാന്‍ ദിനേന സാക്ഷിയായി, അവയില്‍ പങ്കെടുക്കുകയും ചെയ്തു. തീര്‍ച്ചയായും, യുദ്ധത്തിന്റെ ക്രൂരമുഖം പാശ്ചാത്യ ലോകം ശരിക്കും തിരിച്ചറിഞ്ഞിട്ടില്ല. ഇറാഖ് യുദ്ധത്തിന്റെ ഭയാനകതയെല്ലാം തന്നെ യുദ്ധവിരുദ്ധ സംഘടനകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും, 21-ാം നൂറ്റാണ്ടിലെ ഏറ്റവും കൊടിയ യുദ്ധകുറ്റത്തെ കുറിച്ച് ഗൗരവപൂര്‍വ്വം അന്വേഷിക്കാന്‍ പാശ്ചാത്യലോകത്തെ രാഷ്ട്രീയ-കോര്‍പ്പറേറ്റ് ശക്തികളും, മുഖ്യധാരാ മാധ്യമങ്ങളും അനുവദിച്ചില്ല.

ഇറാഖിലെ വിശാലമായ അല്‍അന്‍ബാര്‍ പ്രവിശ്യയിലൂടെ പ്രട്രോളിംഗ് നടത്തിയിരുന്നത് ഞാനോര്‍ക്കുന്നു. ഒന്നിനും കൊള്ളാത്ത ഭക്ഷണപൊതികളാണ് ചുറ്റും കൂടുന്ന കുട്ടികളുടെ ഇടയിലേക്ക് ഞങ്ങള്‍ എറിഞ്ഞു കൊടുത്തിരുന്നത്. ചരിത്ര പുസ്തകങ്ങളില്‍ ഞങ്ങള്‍ എവ്വിധമായിരിക്കും അടയാളപ്പെടുത്തപ്പെടുക എന്നതിനെ കുറിച്ച് ഞാനന്ന് ആലോചിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, യൂണിവേഴ്‌സിറ്റിയിലെ പാശ്ചാത്യ നാഗരികതയുടെ ചരിത്രം പഠിപ്പിക്കുന്ന ക്ലാസില്‍ ഇരുന്ന്, നാഗരികതയുടെ തൊട്ടിലിനെ സംബന്ധിച്ച് പ്രൊഫസര്‍ സംസാരിക്കുന്നത് കേട്ടിരിക്കുമ്പോള്‍, മെസൊപ്പൊട്ടാമിയന്‍ മരുഭൂമിയിലേക്ക് എറിഞ്ഞു കൊടുത്ത ഒന്നിനും കൊള്ളാത്ത ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിറച്ച പൊതികള്‍ എന്റെ ചിന്തയിലേക്ക് കടന്ന് വന്നു.

സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതിനെ കുറിച്ച് പരിശോധിക്കുമ്പോള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ട് എന്റെ സഹപ്രവര്‍ത്തകര്‍ എറിയാറുണ്ടായിരുന്ന ആ ചെറിയ കുട്ടികളെ ഓര്‍ക്കാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. മിഠായികള്‍ മാത്രമല്ല അന്ന് കുട്ടികള്‍ക്ക് നേരെ ഞങ്ങള്‍ എറിഞ്ഞിരുന്നത് : മൂത്രം നിറച്ച കുപ്പികള്‍, പാറക്കഷ്ണങ്ങള്‍, അവശിഷ്ടങ്ങള്‍ അതുപോലെയുള്ള തികച്ചും വൃത്തികെട്ട വസ്തുക്കള്‍ ഞങ്ങള്‍ അവര്‍ക്ക് നേരെ എറിഞ്ഞിരുന്നു. ഇതെല്ലാം തന്നെ ഐ.എസ്.ഐ.എസ് പോലെയുള്ള ഭീകരവാദ സംഘടനകള്‍ മനസ്സില്‍ വെച്ച് കാണില്ലെ?

അതിനേക്കാളുപരി, ടെനെസ്സെ, ന്യൂയോര്‍ക്ക്, ഒറിഗോണ്‍ എന്നിവിടങ്ങളിലെ കൗമാരക്കാരെ സ്റ്റാഫുകളായി നിയമിച്ച തടവറകളില്‍ നാം പിടിച്ചു കൊണ്ട് വന്ന് പീഢിപ്പിച്ച നൂറുണകണക്കിന് തടവുകാരെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. തടവറകളില്‍ ജോലി ചെയ്യേണ്ട ദൗര്‍ഭാഗ്യം എനിക്ക് വന്നിട്ടില്ല, പക്ഷെ അവിടെ അരങ്ങേറിയ സംഭവങ്ങള്‍ എനിക്കോര്‍മ്മയുണ്ട്. ഇടി, അടി, തുടങ്ങി ഇറാഖികള്‍ക്ക് മേല്‍ പ്രയോഗിച്ചിരുന്ന വ്യത്യസ്ത മര്‍ദ്ദനമുറകളെ കുറിച്ച് മറൈനുകള്‍ എന്നോട് പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ലൈംഗിക പീഢനങ്ങളുടെ കഥകളും ഞാന്‍ ഓര്‍ക്കുന്നു. ഇറാഖികളായ പുരുഷന്‍മാരുടെ കഴുത്തില്‍ കത്തിവെച്ച് കൊണ്ട് അവരോട് പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറയുമായിരുന്നു. ചിലസമയങ്ങളില്‍ അവരുടെ ഗുദദ്വാരങ്ങളില്‍ ബാറ്റണുകള്‍ കയറ്റുകയും ചെയ്യും.

പീഢനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ്, ഞങ്ങള്‍ കരസേന യൂണിറ്റ് അംഗങ്ങള്‍ക്ക് രാത്രി കാലങ്ങളില്‍ ഇറാഖികളെ പിടിച്ച് വട്ടത്തില്‍ നിര്‍ത്തുന്ന ഒരു വിനോദമുണ്ടായിരുന്നു. കൈകള്‍ ബുന്ധിച്ച്, മുഖം കറുത്ത കവര്‍ കൊണ്ട് മൂടി അവരെ ഞങ്ങള്‍ ഹമ്മറുകളുടെയും ട്രക്കുകളുടെയും പിറകിലേക്ക് വലിച്ചെറിയും. അപ്പോള്‍ അവരുടെ ഭാര്യമാരും കുട്ടികളും ദയനീയമായി അപേക്ഷാപൂര്‍വ്വം നിലവിളിക്കുന്നുണ്ടാകും. ചിലപ്പോള്‍ പകല്‍ സമയത്തായിരിക്കും അവരെ ഞങ്ങള്‍ കൊണ്ടുപോവുക. അവരില്‍ ഭൂരിഭാഗവും ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കാറില്ല. മറൈനുകള്‍ ചില തടവുകാരുടെ മുഖത്ത് ആസന്നം കൊണ്ടിടിക്കുമ്പോള്‍ അവര്‍ തടയാറുണ്ട്. തടങ്കല്‍ പാളയത്തില്‍ എത്തിയാല്‍ പിന്നെ ചിലപ്പോള്‍ ദിവസങ്ങള്‍, ആഴ്ച്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ വരെ അവരെ അവിടെ പാര്‍പ്പിക്കും. കുടുംബക്കാരെയൊന്നും അറിയിക്കില്ല. മോചിപ്പിക്കുന്ന സമയത്ത്, അവരുടെ വീടുകളില്‍ നിന്നും മൈലുകള്‍ അകലെയുള്ള മരുഭൂമിക്ക് നടുവില്‍ ഇറക്കിവിടും.

ഇങ്ങനെ ഇറക്കിവിടുന്ന സമയത്തും ഞങ്ങള്‍ വെറുതെ ഇരിക്കില്ല. മറൈനുകള്‍ ചുറ്റും വെടിയുതിര്‍ത്ത് അവരെ വിരട്ടാന്‍ തുടങ്ങും. എന്നിട്ടാര്‍ത്ത് ചിരിക്കും. ഇറാഖികളില്‍ അധികവും കരഞ്ഞ് കൊണ്ട് ഓടാറാണ് പതിവ്. എന്തോ സ്വാതന്ത്ര്യം അവരെ കാത്തിരിക്കുന്നത് പോലെ. അവര്‍ മരിച്ചോ ജീവിച്ചോ എന്ന് പിന്നാരും അന്വേഷിക്കാറില്ല. ഇതിനെയെല്ലാം അതിജീവിച്ച ഒരു മുന്‍ തടവുകാരനെ ഞങ്ങള്‍ക്കറിയാം: അബൂ ബക്കര്‍ അല്‍ ബാഗ്ദാദി, അതെ ഐ.എസ്.ഐ.എസ്സിന്റെ നേതാവ്.

മരിച്ച് വീഴുന്ന ഇറാഖികളുടെ ഫോട്ടോ പകര്‍ത്തിയും, മൃതദേഹങ്ങള്‍ വികൃമാക്കിയുമൊക്കെയാണ് അമേരിക്കന്‍ മറൈനുകള്‍ സമയം പോക്കിയിരുന്നത്. മൃതദേഹങ്ങള്‍ ചിലര്‍ തട്ടികളിക്കുമായിരുന്നു. ആ സമയത്ത് ഐഫോണുകളൊന്നും തന്നെ അവിടെ ലഭ്യമായിരുന്നില്ല. മറൈനുകളില്‍ ചിലര്‍ ഡിജിറ്റല്‍ കാമറകളുമായാണ് ഇറാഖിലേക്ക് വന്നിരുന്നത്. ലോകം മറക്കണമെന്ന് പാശ്ചാത്യലോകം ആഗ്രഹിക്കുന്ന, ഇറാഖ് യുദ്ധത്തിന്റെ പറയപ്പെടാത്ത ചരിത്രമാണ് ആ കാമറകള്‍ വഹിക്കുന്നത്. ഇറാഖികള്‍ ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത അനേകം കൂട്ടക്കൊലകളുടെയും മറ്റു യുദ്ധകുറ്റങ്ങളുടെയും ദൃശ്യങ്ങള്‍ ആ കാമറകള്‍ക്കുള്ളിലുണ്ട്. വട്ടമിട്ട് നിര്‍ത്തലും, പീഢനവും, തടവും മാത്രമല്ല ഇറാഖില്‍ നടന്നിരുന്നത്, മറിച്ച് മില്ല്യണ്‍ കണക്കിന് നിരപരാധികളായ മനുഷ്യരാണ് കത്തിച്ചാമ്പലായത്.

ഇറാഖികള്‍ക്ക് മാത്രമേ അവരുടെ രാഷ്ട്രത്തെ ബാധിച്ച പൈശാചികമായ ദുരന്തത്തെ മനസ്സിലാക്കാന്‍ സാധിക്കൂ. ഇറാഖും ഇറാനും തമ്മില്‍ നടന്ന എട്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ പാശ്ചാത്യരാഷ്ട്രങ്ങളുടെ പങ്കെന്തായിരുന്നെന്ന് അവര്‍ക്ക് നല്ല ഓര്‍മയുണ്ട്; 1990-കളില്‍ ഇറാഖിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ ബില്‍ ക്ലിന്റനെയും, അനേകം സ്ത്രീകളും കുട്ടികളുമടക്കം 500000-ത്തിലധികം ഇറാഖികള്‍ മരിക്കാനിടയാക്കിയ ക്ലിന്റന്റെ നയങ്ങളെയും ഇറാഖികള്‍ ഒരിക്കലും മറക്കില്ല. പിന്നീട് 2003-ല്‍ പാശ്ചാത്യര്‍ അവരുടെ പണി പൂര്‍ത്തിയാക്കി. ഇന്ന്, ഇറാഖ് പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. വിഷബാധയേറ്റവരും, അംഗവൈകല്യങ്ങള്‍ സംഭവിച്ചവരുമായ മനുഷ്യരാണ് അവിടെ ജീവിക്കുന്നത്. യൂറേനിയം ബോംബുകളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വിഷരാസവസ്തുക്കളാല്‍ അന്തരീക്ഷമാകെ വീഷം തീണ്ടിയിരിക്കുന്നു. ഭീകരവാദത്തിനെതിരായ പതിനാല് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഒരു കാര്യം വ്യക്തമായിരിക്കുന്നു: ഭീകരവാദത്തെയും തീവ്രവാദത്തെയും ഉല്‍പ്പാദിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതും പാശ്ചാത്യ രാഷ്ട്രങ്ങള്‍ തന്നെയാണ്.

ചെറുബാല്യക്കാരായ ആ ഇറാഖി കുട്ടികളുടെ ഊഷ്മളമായ ചില്ലുകണ്ണുകള്‍ എന്നെ നിരന്തരമായി പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഞാന്‍ കൊന്നുതള്ളിയവരുടെ മുഖങ്ങള്‍ എന്റെ ചിന്തകളില്‍ നിന്നും എളുപ്പം മാഞ്ഞുപോകില്ല. ഞാന്‍ കാണുന്ന ദുഃസ്വപ്ങ്ങളും, എന്റെ ചിന്തകളുമെല്ലാം തന്നെ എവിടെ നിന്നാണ്, എങ്ങനെയാണ് ഐ.എസ്.ഐ.എസ് ഉത്ഭവമെടുത്തതെന്നും, എന്തു കൊണ്ടാണ് അവര്‍ നമ്മെ വെറുക്കുന്നതെന്നും എന്നെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അവരുടെ വെറുപ്പ് വരാനിരിക്കുന്ന വര്‍ഷങ്ങളിലും ദശാബ്ദങ്ങളിലും പാശ്ചാത്യലോകത്തെ വേട്ടയാടുക തന്നെ ചെയ്യും. ഇതല്ലാതെ മറിച്ചെന്തെങ്കിലും നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ?

മിഡിലീസ്റ്റില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ വരുത്തിവെച്ച നാശനഷ്ടത്തിന്റെ തോത് വികസിത രാജ്യങ്ങളില്‍ ജീവിക്കുന്ന ബഹുഭൂരിഭാഗം ആളുകളെ സംബന്ധിച്ചിടത്തോളം സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല. ഇത് അതിശയോക്തിയല്ല. കാരണം പാശ്ചാത്യര്‍ നിരന്തരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘എന്തുകൊണ്ടാണ് അവര്‍ നമ്മെ വെറുക്കുന്നത്?’.

യുദ്ധങ്ങളും, വിപ്ലവങ്ങളും, പ്രതിവിപ്ലവങ്ങളും സംഭവിക്കുന്നു, അതിന്റെ ഫലങ്ങളുമായി തലമുറകള്‍ ജീവിക്കുകയും ചെയ്യുന്നു: നാഗരികതകള്‍, സമൂഹങ്ങള്‍, സംസ്‌കാരങ്ങള്‍, ജനതകള്‍, വ്യക്തികള്‍ തുടങ്ങിയവ അതിജീവിക്കുന്നു അല്ലെങ്കില്‍ നശിക്കുന്നു. ഇങ്ങനെയാണ് ചരിത്രം മുന്നോട്ട് പോകുന്നത്.

സി.ഐ.എ അട്ടിമറികള്‍, രഹസ്യയുദ്ധങ്ങള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, തീവ്രവാദ വിരുദ്ധ കാമ്പയിനുകള്‍, സാമ്പത്തിക യുദ്ധങ്ങള്‍ തുടങ്ങിയ എല്ലാവിധത്തിലുള്ള പാശ്ചാത്യ സൈനിക അധിനിവേശ അതിക്രമങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കുന്നതിലൂടെ മാത്രമേ ഭാവിയില്‍ ഐ.എസ്.ഐ.എസ് പോലെയുള്ള സംഘടനകളുടെ വളര്‍ച്ചക്ക് തടയിടാന്‍ കഴിയൂ.

ഒരുകാര്യം കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, ഇറാഖിലെ സൈനിക അധിനിവേശത്തിലും വംശഹത്യയിലും കൂട്ടക്കുരുതിയിലും നേരിട്ട് പങ്കെടുത്ത ഞങ്ങളെല്ലാം തന്നെ യുദ്ധം മനസ്സിനേല്‍പ്പിച്ച ആഘാതങ്ങളുമായാണ് ഇനിയുള്ള കാലം കഴിക്കുക.
(ഇറാഖിലേക്ക് നിയോഗിക്കപ്പെട്ട അമേരിക്കന്‍ സൈനികരില്‍ ഒരാളാണ് ലേഖകന്‍)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles