Current Date

Search
Close this search box.
Search
Close this search box.

ബീഫ് കഴിക്കുന്നത് സ്വയം നിയന്ത്രിച്ചൂടെ എന്ന് കോടതി

അഹ്‌മദാബാദ്: ബീഫ് കഴിക്കുന്നത് താല്‍ക്കാലികമായി സ്വയം നിയന്ത്രിച്ചു കൂടെയെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ചോദ്യം. കശാപ്പു ശാല അടച്ചിടുന്നതുമായി ബന്ധപ്പെട്ട ഹരജി പരിശോധിക്കവെയാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹരജിക്കാരനോട്
ഒന്നോ രണ്ടോ ദിവസം ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് സ്വയം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടത്.

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എ.എം.സി) ജൈന ഉത്സവത്തോടനുബന്ധിച്ച് നഗരത്തിലെ ഏക അറവുശാല അടച്ചുപൂട്ടാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കുല്‍ ഹിന്ദ് ജമിയത്ത്-അല്‍ ഖുറേഷ് ആക്ഷന്‍ കമ്മിറ്റിക്കു വേണ്ടി ഡാനിഷ് ഖുറേഷി റസാവാല ആണ് എ.എം.സി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഓഗസ്റ്റ് 18ലെ പ്രമേയത്തെ ചോദ്യം ചെയ്ത് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഓഗസ്റ്റ് 24 നും 31 നും ഇടയില്‍ പരയൂഷന്‍ പര്‍വ്, സെപ്റ്റംബര്‍ 5, 9 തീയതികളിലെ അനുബന്ധ ആഘോഷങ്ങള്‍ എന്നിവ കാരണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അറവുശാല അടച്ചിടാന്‍ ആണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്താണ് ഹരജിക്കാര്‍ കോടതിയിലെത്തിയത്.

വാദം കേള്‍ക്കുന്നതിനിടയില്‍, ജസ്റ്റിസ് സന്ദീപ് ഭട്ട് കോടതി തുടക്കത്തില്‍ തന്നെ ‘…ഒന്നോ രണ്ടോ ദിവസം ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാം..’ എന്ന് പറയുകയായിരുന്നു.

 

Related Articles