Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വയെയാണ് ചോദ്യം ചെയ്യുന്നത് ഹിന്ദു മതത്തെയല്ല: സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരവാദികളെ ബൊകോ ഹറം, ഐസിസ് ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിനെതിരെയുള്ള സംഘ്പരിവാര്‍ ആക്രമണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ഖുര്‍ഷിദിന്റെ വീട് സംഘ്പരിവാര്‍ ആക്രമികള്‍ തീയിട്ടിരുന്നു. അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.

അതേസമയം, തന്റെ വിമര്‍ശനം ഹിന്ദുത്വത്തിനെതിരെയാണെന്നും ഹിന്ദു മതത്തിന് നേരെയല്ലെന്നും ഖുര്‍ഷിദ് വീണ്ടും ആവര്‍ത്തിച്ചു. തന്റെ പുസ്തകത്തില്‍ ഹിന്ദു മതത്തെ പിന്തുണക്കുകയും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത് വിവാദമല്ല, സത്യമാണ്. ബി.ജെ.പി പറയുന്നത് ഏറ്റുപറയാനുള്ളതല്ല കോണ്‍ഗ്രസെന്നും അങ്ങിനെ വന്നാല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമാകുമെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. 350 പേജുള്ള പുസ്തകത്തിലെ ഒരു വരിയെടുത്താണ് ബി.ജെ.പി വിമര്‍ശനമുന്നയിക്കുന്നത്. ബി.ജെ.പി തള്ളിപ്പറയുന്നത് സുപ്രീം കോടതി വിധിയെയാണെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.

‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകത്തില്‍ ഹിന്ദുത്വ തീവ്രവാദം ഇസ്ലാമിക് സ്‌റ്റേറ്റിനെയും ബൊകോ ഹറമിനെയും പോലെയാണെന്നാണ് ഖുര്‍ഷിദ് പുസ്തകത്തില്‍ പറയുന്നത്. പിന്നാലെ ബി.ജെ.പിയും സംഘ്പരിവാര്‍ നേതാക്കളും സല്‍മാനെതിരെയും പുസ്തകത്തിനെതിരെയും വര്‍ഗ്ഗീയ ആരോപണമുന്നയിച്ച് രംഗത്തുവന്നു. കഴിഞ്ഞ ദിവസം ഖുര്‍ഷിദിന്റെ വസതിക്കുനേരെ കല്ലേറും തീവെപ്പുമുണ്ടായി.

തീയിട്ടതിന്റെ ദൃശ്യങ്ങള്‍ സല്‍മാന്‍ ഖുര്‍ഷിദ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇങ്ങനെയൊരു കാളിങ് കാര്‍ഡിന്റെ ആവശ്യമില്ലായിരുന്നു, അല്ലാതെ തന്നെ ഈ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കുമായിരുന്നു. ഇതല്ല ഹിന്ദൂയിസം എന്ന് ഇപ്പോഴും പറയുന്നത് തെറ്റാണോ? എന്ന തലക്കെട്ടോടെയാണ് ഖുര്‍ഷിദ് തീയിട്ടതിന്റെ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles