Current Date

Search
Close this search box.
Search
Close this search box.

ഭൂകമ്പത്തിന് ഒരാഴ്ചയാകുമ്പോള്‍, തുര്‍ക്കിയെയും സിറിയയെയും കൈവിടാതെ 14 അറബ് രാഷ്ട്രങ്ങള്‍

തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന് ഒരാഴ്ചയാകുമ്പോള്‍, വിനാശകരമായ ദുരന്തത്തെ നേരിടാന്‍ അറബ് രാഷ്ട്രങ്ങളുടെ പിന്തുണ തുടരുകയാണ്. ഉദ്യോഗസ്ഥ സന്ദര്‍ശനവും ഔദ്യോഗിക, ജനകീയ സംഭാവനകളുടെ പ്രഖ്യാപനവുമായി അറബ് രാഷ്ട്രങ്ങള്‍ തുര്‍ക്കിക്കും സിറിയക്കുമൊപ്പമാണ്. ഫെബ്രുവരി ആറിന് പുലര്‍ച്ചെ, റിക്ടര്‍ സ്‌കെയിലില്‍ 7.7 ഡിഗ്രി രേഖപ്പെടുത്തിയ വടക്കന്‍ സിറിയയിലും തെക്കന്‍ തുര്‍ക്കിയിലും വിനാശം വിതച്ച ഭൂകമ്പത്തെ തുടര്‍ന്ന് 34000ത്തിലധികം പേര്‍ മരിക്കുകയും പതനായിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തേക്ക് രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അദാന, അദിയാമാന്‍, ദിയാര്‍ബാകിര്‍, ഗാസിയാന്‍ടെപ്, ഹാതേയ്, കഹ്‌റമന്‍മാരാസ്, കിലിസ്, മലത്യ, ഉസ്മാനിയെ, സാന്‍ലിയൂര്‍ഫ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സിറിയന്‍ പ്രതിപക്ഷവുമായി ബന്ധമുള്ള സിവില്‍ ഡിഫന്‍സ് വടക്കന്‍ സിറിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു.

ഭൂകമ്പത്തിന് ശേഷം തുര്‍ക്കിക്ക് പിന്തുണ അറിയിച്ച് ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ഈജിപ്ത്, ലബനാന്‍, അള്‍ജീരിയ, ജോര്‍ദാന്‍, ബഹ്‌റൈന്‍, ലിബിയ, തുനീഷ്യ, ഫലസ്തീന്‍, ഇറാഖ് മൗറിത്താനിയ, സുഡാന്‍, ഒമാന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ രംഗത്തുവന്നു. അറബ് രാഷ്ട്രങ്ങളുടെ സഹായം തുര്‍ക്കിയിലേക്കും സിറിയയിലേക്കും ഒഴുകുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച 50 ദശലക്ഷം റിയാല്‍ നല്‍കുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി അറിയിച്ചിരുന്നു. 45 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് അള്‍ജീരിയയും പ്രഖ്യാപിച്ചിരുന്നു. ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ 99 രാജ്യങ്ങള്‍ ഇതിനകം സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles