Current Date

Search
Close this search box.
Search
Close this search box.

സൗദി പെട്രോളിയം നിര്‍ത്തലാക്കിയതിന് വോട്ടെടുപ്പുമായി ബന്ധമില്ല: സീസി

കെയ്‌റോ: സൗദി ഈജിപ്തിന് നല്‍കിയിരുന്ന പെട്രോളിയം ഈ മാസം നിര്‍ത്തലാക്കിയതും സിറിയന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ റഷ്യയുടെയും ഫ്രാന്‍സിന്റെയും പ്രമേയങ്ങളിലെ വോട്ടെടുപ്പില്‍ ഈജിപ്ത് സ്വീകരിച്ച സമീപനവും തമ്മില്‍ ബന്ധമില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. ഈജിപ്ത് സായുധ സേന സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടാക്കിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്രോളിയം ഉല്‍പന്നങ്ങള്‍ എത്തിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത് സമ്മര്‍ദം നേരിടുന്നുണ്ടെന്നും സ്വതന്ത്ര രാഷ്ട്രങ്ങള്‍ അവയുടെ തീരുമാനങ്ങളുടെ പേരില്‍ പ്രയാസം അനുഭവിക്കുമെന്നും സീസി സൂചിപ്പിച്ചു. ഈജിപ്ത് അല്ലാഹുവിന് മുന്നില്‍ മാത്രമേ കുനിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സൗദി ആരാംകോ കമ്പനി തങ്ങള്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയാണെന്ന് ഈജിപ്ത് പെട്രോളിയം കോര്‍പറേഷനെ ഈ മാസം അദ്യത്തില്‍ വാക്കാല്‍ അറിയിച്ചിരുന്നു. സിറിയന്‍ വിഷയത്തില്‍ റഷ്യ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഈജിപ്ത് വോട്ടു ചെയ്ത സന്ദര്‍ഭത്തിലായിരുന്നു അത്. നാല് രാഷ്ട്രങ്ങള്‍ മാത്രമായിരുന്നു പ്രസ്തുത വോട്ടെടുപ്പില്‍ റഷ്യയെ പിന്തുണച്ചത്. സൗദിയും ഖത്തറും അതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. റഷ്യന്‍ പ്രമേയത്തെ പിന്തുണച്ച ഈജിപ്തിന്റെ നടപടി വേദനാജനകമാണെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി പ്രതിനിധി അബ്ദുല്ല അല്‍മുഅല്ലിമി വിശേഷിപ്പിച്ചിരുന്നു. അറബ് നിലപാടിനോട് ഈജിപ്തിനേക്കാള്‍ കൂടുതല്‍ അടുത്ത സമീപനം സ്വീകരിച്ചത് സെനഗലും മലേഷ്യയുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles