Current Date

Search
Close this search box.
Search
Close this search box.

മൂന്നിലധികം കുട്ടികള്‍ വേണ്ട; മുന്നറിയിപ്പുമായി ഈജിപ്ത് പ്രസിഡന്റ്

കെയ്‌റോ: ഒരു കുടുംബത്തില്‍ മൂന്നിലധികം കുട്ടികളുണ്ടാവുന്നതിന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. ഈജിപ്ത് നേരിടുന്ന ഏറ്റവും വലിയ രണ്ട് വെല്ലുവിളികള്‍ ഭീകരതയും ജനസംഖ്യാ വര്‍ധനവുമാണ്. നാല് മക്കള്‍ക്ക് ജന്മം നല്‍കുന്നവര്‍ അതിന്റെ പേരില്‍ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ നേരിടേണ്ടി വരും. നാല് മക്കളുള്ള ഒരാള്‍ക്ക് അവരെ തീറ്റിപ്പോറ്റാന്‍ കഴിവില്ലെങ്കില്‍ അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ ചോദ്യംചെയ്യപ്പെടും. അതിന്റെ പേരില്‍ അവര്‍ വിചാരണ നേരിടേണ്ടി വരും. കാരണം അയാള്‍ അവരോട് അതിക്രമം കാണിച്ചിരിക്കുകയാണ്. എന്ന് സീസി പറഞ്ഞു.
അലക്‌സാണ്ടറിയ പ്രവിശ്യയില്‍ തിങ്കഴാഴ്ച്ച യുവാക്കള്‍ക്കായി സംഘടിപ്പിച്ച നാലാമത് സമ്മേളനത്തിലാണ് സീസി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ശരീഫ് ഇസ്മാഈല്‍ അടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ ടെലിവിഷന്‍ അത് സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.  
നിലവിലെ ജനസംഖ്യാ വര്‍ധനവ് തുടര്‍ന്നാല്‍ 2030ഓടെ ഈജിപ്തിലെ ജനസംഖ്യ 12 കോടിയിലെത്തുമെന്ന് ഈജിപ്ത് ആരോഗ്യമന്ത്രി അഹ്മദ് ഇമാദുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. കുടുംബാസൂത്രണ പദ്ധതികള്‍ നടപ്പാക്കാനും അത് പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും രാജ്യം ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ മേയില്‍ സീസി പറഞ്ഞിരുന്നു. അതിന് പുറമെ കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കരുതെന്ന് സീസി ഈജിപ്തുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും ‘അറബി-21’ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles